അദ്ധ്യായം മൂന്ന്
അല്ലയോ ക്രിസ്തീയ പ്രസംഗികളെ!
യഹോവാ 1ഉപാദാനകാരണം കൂടാതെ ശൂന്യത്തില്‍നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങള്‍ പറയുന്നല്ലോ. എന്നാല്‍ സത്ക്കാരണത്തില്‍നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തില്‍ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാല്‍ (കാരകങ്ങള്‍-കര്‍ത്താവ്, കര്‍മ്മം തുടങ്ങിയവ) വ്യക്തിരൂപമായിട്ടു കാര്യമാകും. വിത്തില്‍നിന്ന് മരം എങ്ങനെയോ അതുപോലെ കാരണം കൂടാതെ കാര്യോല്പത്തി ഒരിടത്തുമില്ല. അസത്കാരണത്തില്‍ അസത്ക്കാര്യം അല്ലാതെ സത്കാര്യം ജനിക്കുകയുമില്ല. മണലില്‍നിന്ന് എണ്ണ ഉണ്ടാകയില്ല. പൊന്നില്‍നിന്ന് ഇരുമ്പുണ്ടാകുന്നില്ല. അപ്രകാരംതന്നെ എല്ലാവറ്റില്‍നിന്നും എല്ലാം ഉണ്ടാകുന്നില്ല. കുടത്തെ അപേക്ഷിച്ചു മണ്ണിനെയും തൈരിനെ അപേക്ഷിച്ചു പാലിനെയും സ്വീകരിക്കുന്നതുപോലെ അതാതു കാര്യങ്ങളെ അപേക്ഷിച്ച് കാരണങ്ങളെ സ്വീകരിക്ക എന്നുള്ളതും, കാര്യത്തില്‍ കാരണത്വം ഇരിക്കുന്നു എന്നുള്ളതും ന്യായസിദ്ധമാകയാല്‍ സത്കാര്യവാദം സാധിക്കപ്പെട്ടു. ആകയാല്‍ ഘടം മുതലായ കാര്യങ്ങള്‍ക്ക് കുലാലന് മുതലായ കര്ത്തൃകാരണവും മണ്ണ് മുതലായ ഉപാദാനകാരണവും മാറ്റമില്ലാതെ നിയതമായിരിക്കയാല്‍ കാര്യമായ ലോകത്തിന് കര്‍ത്താവും ഉപാദാനകാരണവും ആവശ്യമായിട്ടുള്ളതെന്ന് അനുമിക്കപ്പെടും. ലോകമായ ഒരു പക്ഷത്തില്‍ (പക്ഷം-സാദ്ധ്യം ഉണ്ടോ ഇല്ലയോ എന്ന് സംശയമുള്ള സ്ഥലമാണ് പക്ഷം) കാര്യത്വമായ ഒരു അനുമാനത്താല് (ഒരു പക്ഷത്തില്‍ ഹേതുവിനെ ആശ്രയിച്ച് സാദ്ധ്യമുണ്ടെന്ന് സ്ഥാപിക്കുന്ന പ്രമാണമാണ് അനുമാനം) അനുമിക്കപ്പെടുന്ന കര്‍ത്താവും ഉപാദാനകാരണവും ആയ രണ്ടു സാദ്ധ്യങ്ങളില് ഒന്നു (കര്‍ത്താവ്) സിദ്ധമാകും എന്നും മറ്റേത് അസിദ്ധമാകുമെന്നും കല്പിക്കുന്നത് ഒരുവിധത്തിലും യുക്തമാകുന്നില്ലല്ലോ.
അതല്ല, അപ്രകാരം സമ്മതിക്ക എന്നു വന്നാല്‍ അനുമാനപ്രമാണങ്ങളെല്ലാം (അനുമാനപ്രമാണത്തിന്റെ പ്രാമാണ്യം നഷ്ടപ്പെടുമെന്നര്‍ത്ഥം) അഴിഞ്ഞുപോകുന്നതാണ്.
അങ്ങനെയെങ്കില്‍ 2കാര്യത്വഹേതുവിനാല്‍ 3ദൃഷ്ടാന്തസിദ്ധഘടാദികര്ത്താക്കളില് എന്നപോലെ ദാര്ഷ്ടാന്തിക സിദ്ധലോകകര്‍ത്താവിലും അല്പജ്ഞാനം അല്പശക്തി പരവശത മുതലായ ഗുണങ്ങള്‍ ഉണ്ടായിരിക്കുമെന്നുവന്നുപോകുമല്ലോ. എന്നാല്‍ ദൃഷ്ടാന്തത്തില്‍ ഘടകര്‍ത്താവായ ജീവാത്മാവാകട്ടെ ഘടത്തെ നിവൃത്തിക്കുന്നതായ തന്റെ കാര്യത്തെക്കുറിച്ച് മുഴുവനും അറിയുന്നവനും മുഴുവനും ചെയ്യുന്നവനും സ്വതന്ത്രനും തന്റെ കാര്യനിവൃത്തിക്കുതക്കതായ ശരീരാവധിനിലയുള്ളവനും ആയിരിക്കും. അപ്രകാരംതന്നെ ഈശനും തന്റെ കാര്യത്തില്‍ പൂര്‍ണ്ണജ്ഞാനം മുതലായവയോടും കൂടിയവനായിരിക്കുമെന്ന് തീര്‍ച്ചയാകും.
അങ്ങനെ എങ്കില്‍ ഘടകര്ത്താവ് (ഘടം-കുടം, പടം-വസ്ത്രം) തന്റെ കാര്യമല്ലാത്ത പടം മുതലായവയെ ചെയ്യാത്തതുപോലെ ഈശനും തന്റെ കാര്യമല്ലാത്ത വേറൊന്നിനെ ചെയ്യാത്തവനാകുമല്ലോ. എന്നാല്‍,
ഈശന്റെ കാര്യമല്ലാതെ അന്യകാര്യമില്ലാത്തതുകൊണ്ട് ഈ സംശയത്തിലേക്ക് അവസരമേ ഇല്ല, അതിനാല്‍ കാര്യത്വഹേതുവിനാല്‍ ഉപാദാനകാരണം സാധിക്കപ്പെടുന്നു.
എന്നാല്‍ ദൈവം സര്‍വ്വ സാമര്‍ത്ഥ്യംകൊണ്ട് കാരണം കൂടാതെ കാര്യത്തെ ജനിപ്പിക്കും എന്നുവരികില്‍,
അതു ചേരുകയില്ല, സര്‍വ്വസാമര്‍ത്ഥ്യമെന്നത് ശരിയായി എല്ലാവറ്റെയും തടസ്സംകൂടാതെ നടത്തുന്ന ശക്തിയാകുന്നു. ആ ശക്തി ഉണ്ടെന്നുംവച്ച് ശരിയായതിനെ അല്ലാതെ ശരിയല്ലാത്തതിനെ ചെയ്ക എന്നുള്ളത് ഒരു വിധത്തിലും സര്‍വ്വസാമര്‍ത്ഥ്യത്തെ താങ്ങുന്നതല്ല. കൃശതയും സ്ഥൂലതയും മാറാതെ ഇരിക്കവേ കടുകിനകത്ത് മലയെ കടത്തുന്നത് തക്കതല്ല. അങ്ങനെ ചെയ്യാത്തതുകൊണ്ട് സര്‍വ്വസാമര്‍ത്ഥ്യഭംഗം ഒരിക്കലും ഉണ്ടാകയില്ല. ഉണ്ടാകുമെന്നുവരികില്‍ ദൈവം തനിക്കു തുല്യനായ വേറെ ഒരു അനാദിദൈവത്തെ ഉണ്ടാക്കുന്നതിനും, തന്നെ ഇല്ലാതാക്കിക്കളയുന്നതിനും കഴിയാത്തവനാകയാല്‍ അസമര്‍ത്ഥനെന്നു വരേണ്ടതാണ്. അതു നിങ്ങള്‍ക്കു സമ്മതമല്ലാത്തതുകൊണ്ട് ഉപാദാനകാരണത്തെ അപേക്ഷിക്കയാല്‍ 4സര്‍വ്വസാമര്‍ത്ഥ്യഭംഗം ഒരിക്കലും ഉണ്ടാകുന്നതല്ല.
ഇനിയും ദൈവം താന്‍തന്നെ ഉപാദാനകാരണവും നിമിത്തകാരണവുമായിട്ടുനിന്ന് ലോകത്തെ ജനിപ്പിച്ചു എന്ന് നിശ്ചയിക്കാമല്ലോ. എങ്കില്‍,
അതും ചേരുകയില്ല, കാര്യം കാരണാത്മകം എന്നാണ് ന്യായം. ആകയാല്‍ വെളുത്ത വസ്ത്രത്തിന്റെ ഉപാദാനകാരണമായ തന്തുവും വെളുത്ത നിറത്തോടുകൂടി ഇരിക്കുന്നതുപോലെ ചേതനവും അചേതനവുമായ ലോകത്തിന് ഉപാദാനകാരണമായിരിക്കകൊണ്ട് ദൈവവും ചേതനത്വവും അചേതനത്വവും ഉള്ളവനെന്നു പറയേണ്ടിവരും. അപ്പോള്‍ അന്യോന്യം വിരുദ്ധങ്ങളായ ചേതനത്വാചേതനത്വങ്ങളെന്ന രണ്ടു ധര്‍മ്മങ്ങളും കൂടി ഒരു ധര്‍മ്മിയില്‍ ഇരിക്കുകയുമില്ലല്ലോ.
ഒരംശംകൊണ്ടു ചേതനത്വവും ഒരംശംകൊണ്ട് അചേതനത്വവും ഉള്ളവനെന്നു വരികില്‍, 5സാവയവത്വം ഉണ്ടായി 6ഘടപടാദികള്‍ക്ക് എന്നപോലെ 7കാര്യത്വം വന്ന് 8പരമകാരണത്വഭംഗം ഭവിക്കും. ‘യദ്യദ് സാവയവം തത്തത് കാര്യം യഥാ ഘടപടാദി’ ഏതെല്ലാം അവയവത്തോടു കൂടിയതോ അതെല്ലാം കാര്യമാകുന്നു. ഘടം പടം മുതലായവ എങ്ങനെയോ അപ്രകാരം ഇതല്ലയോ ന്യായം.
ഇനിയും ദൈവം സ്വതന്ത്രത്വമുള്ളവനാകയാല്‍ വേറൊന്നിനെ അപേക്ഷിക്കാതെ സ്വേച്ഛാപ്രകാരം ലോകത്തെ നിര്‍മ്മിച്ചുവെന്ന് അനുവദിക്കാമെങ്കില്‍, അതും ചേരുകയില്ലാ. സ്വതന്ത്രത്വം ഉള്ളതുകൊണ്ട് ന്യായത്തെ നോക്കാതെയോ നോക്കിയോ കൃത്യത്തെ ചെയ്യുന്നത്?
നോക്കാതെ ചെയ്യുമെങ്കില്‍, ജീവന്മാരുടെ പുണ്യപാപങ്ങളാകുന്ന കാരണങ്ങള്‍ വേണ്ടെന്നും തോന്നിയപോലെ നിയമംകൂടാതെ സുഖദുഃഖങ്ങളെ കൊടുക്കുമെന്നും, കാര്യത്തിനു തക്കതായ കാലം, ദേശം മുതലായ സാമാന്യകാരണങ്ങളെയും നോക്കാതെ യഥേഷ്ടം കൃത്യം ചെയ്യുമെന്നും 9ധര്‍മ്മിധര്‍മ്മഭാവസംബന്ധന്യായം (ഭൂമിക്ക് കാഠിന്യവും ഗന്ധവും, ജലത്തിന് ദ്രവത്ത്വവും രസവും, അഗ്നിക്ക് രൂപം, വായുവിന് സ്പര്‍ശം എന്നിങ്ങനെയാണ് ധര്‍മ്മിധര്‍മ്മഭാവസംബന്ധം) നോക്കാതെ കാഠിന്യമുള്ളതായ ഭൂമിയെ ദ്രവത്വമുള്ളതാക്കുകയും ദ്രവത്വമുള്ള ജലത്തെ കാഠിന്യവും ഗന്ധവും ഉള്ളതാക്കുകയും അഗ്നിയെ രസമുള്ളതാക്കുകയും വായുവിനെ രൂപമുള്ളതാക്കുകയും ഇനിയും തോന്നിയപ്രകാരമെല്ലാം ചെയ്യുമെന്നും, ന്യായം നോക്കിത്തന്നെയാണെങ്കില്‍ കാര്യകാരണസ്വഭാവസംബന്ധന്യായത്തെയും 10സല്ക്കാര്യവാദന്യായത്തെയും അനുസരിച്ച് ഉപാദാനകാരണത്തെ അപേക്ഷിച്ച് കൃത്യം ചെയ്യും എന്നല്ലയോ സമ്മതിക്കേണ്ടത്?
അങ്ങനെയാണെങ്കില്‍ ഉപാദാനകാരണം മുതലായവയെ അപേക്ഷിച്ച് കൃത്യം ചെയ്യുന്നതുകൊണ്ട് ദൈവം സ്വതന്ത്രത്വം ഇല്ലാത്തവനാകുമല്ലോ. എന്നാല്‍ അങ്ങനെ അല്ല. ദൈവത്തിന്റെ സ്വാതന്ത്ര്യമെന്നത് സ്വതന്ത്രമായ വേറെ ഒന്നിനാല്‍ പ്രേര്യമാണമല്ലാതെയിരുന്ന് സാധനം മുതലായവയെ നിയമിച്ചു നടത്തുന്ന ശക്തിയാകുന്നു. അല്ലാതെ ജീവകര്‍മ്മം മുതലായവയെ അപേക്ഷിക്കാതെ ഇരിക്കുന്നതല്ല. ഭണ്ഡാഗാരം മുതലായവയെ അപേക്ഷിച്ച് ദാനം മുതലായ കൃത്യങ്ങളെ ചെയ്യുന്ന രാജാവിനു സ്വാവധി സ്വതന്ത്രത്വം കുറയാത്തതുപോലെ, നിമിത്തം, ഉപാദാനകാരണം, ജീവകര്‍മ്മം മുതലായവയെ അപേക്ഷിച്ചു കൃത്യം ചെയ്യുന്ന ദൈവത്തിനും സ്വാതന്ത്ര്യത്തിനു യാതൊരു കുറവും ഇല്ല.
ഇങ്ങനെ ഉപാദാനകാരണത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.
കുറിപ്പുകള്‍
1. ഉപാദാനകാരണം: ഏതെങ്കിലും സൃഷ്ടിക്കപ്പെടുന്നതിനു ആധാരമായി നില്ക്കുന്ന വസ്തു ഉപാദാനകാരണം. നൂലിന് പഞ്ഞി ഉപാദാനകാരണമാണ്. മുണ്ടിനു നൂല് ഉപാദാനകാരണമാണ്. മുണ്ടുണ്ടാക്കുന്ന ആള് കര്തൃകാരണമാണ്. സൃഷ്ടിക്കു ഇപ്രകാരം ഉപാദാനകാരണമില്ലാതെ യഹോവാ ശൂന്യത്തില്‍നിന്നു സൃഷ്ടിനടത്തി എന്നാണ് ബൈബിള്‍ പറയുന്നത്.
2. കാര്യത്വഹേതു = സൃഷ്ടിയുടെ കാരണം.
3. ദൃഷ്ടാന്തസിദ്ധഘടാദികര്ത്താക്കള് ഈശ്വരന് ലോകത്തെ സൃഷ്ടിക്കുമ്പോള്‍ എന്താണുസൃഷ്ടിക്കേണ്ടത് എങ്ങനെ സൃഷ്ടിക്കണെ എന്നെല്ലാം അറിവുണ്ടായിരിക്കും. കുടമുണ്ടാക്കുന്ന കുലാലന് (ഘടാദികര്‍ത്താവ്) മണ്ണ് എങ്ങനെയുള്ളതായിരിക്കണം, കുടം എങ്ങനെ ഉണ്ടാക്കണം എന്നിവയെക്കുറിച്ച് നല്ല അറിവുണ്ട്. അതുപോലെ ലോകത്തെ സൃഷ്ടിച്ച ദൈവത്തിനു (ദാഷ്ടാന്തിക സിദ്ധലോകകര്ത്താവ് = സ്വന്തം ആജ്ഞകൊണ്ട് ലോകത്തെ സൃഷ്ടിക്കാന്‍ കഴിയുന്ന ആള്) ലോകസൃഷ്ടിയുടെ നാനാവശത്തെക്കുറിച്ച് നല്ല അറിവുണ്ട്. എന്നാല്‍ യഹോവ സൃഷ്ടിതുടങ്ങിയപ്പോള് ഭാവിയില്‍ വരാന്‍പോകുന്ന പലകാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവനായിരുന്നു എന്നാണ് ബൈബിള്‍വചനംകൊണ്ടു കാണുന്നത്.
4. സര്‍വ്വസാമര്‍ത്ഥ്യഭംഗം = എല്ലാം ചെയ്യാന്‍ കഴിവുണ്ട് എന്ന അവസ്ഥയുടെ ഭംഗം.
5. സാവയവത്വം = അവയവങ്ങളോടുകൂടിയ അവസ്ഥ
6. ഘടപടാദികള്‍ = കുടം, വസ്ത്രം മുതലായവ
7. കാര്യത്വം = അവയവം അഥവാ രൂപം ഉള്ള അവസ്ഥ
8. പരമകാരണത്വഭംഗം = പരമപ്രധാനമായ അഥവാ ഏറ്റവും അടിസ്ഥാനപരമായ കാരണം എന്ന തത്ത്വത്തിന്റെ ഭംഗം
9. ധര്മ്മിധര്മ്മാഭാവസംബന്ധന്യായം = വസ്തുവിനെയും അതിന്റെ ധര്‍മ്മത്തെയും നോക്കി ബന്ധിപ്പിക്കുന്ന ന്യായം. ഭൂമിയുടെ ധര്‍മ്മം കാഠിന്യവും ഗന്ധവുമാണ്, ജലത്തിന്റെ ധര്‍മ്മം ദ്രവത്വവും.
10. സല്ക്കാര്യവാദന്യായം = കാര്യകാരണബന്ധത്തിലൂടെയുള്ള തത്വാന്വേഷണം