നല്ല നിലാവുള്ള ഒരു രാത്രി. വരിക്കോലില്‍ ശ്രീ.കേശവനുണ്ണിത്താനും ചിത്രമെഴുത്ത് കെ.എം.വര്‍ഗ്ഗീസും കൂടി ആണ്ടിപ്പിള്ളയുടെ വസതിയില്‍ ചെന്നുകയറി.
ശ്രീ.ആണ്ടിപിള്ള കണ്ടിയൂരമ്പലത്തില്‍ നിന്ന് അകലെയല്ലാതെയുള്ള ഒരു ഭവനത്തിലാണ് താമസിച്ചിരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ മജിസ്ട്രേറ്റ് ഉദ്യോഗമാണ് അദ്ദേഹം ഭരിച്ചിരുന്നതും.
ശ്രീ ഉണ്ണിത്താനും കൂട്ടുകാരനും കൂടി ആണ്ടിപിള്ളയുടെ ഭവനത്തിലേക്കു കയറുന്നേരം ചട്ടമ്പിസ്വാമിതിരുവടികള്‍ അകത്തുനിന്ന് എന്തിനോ പുറത്തിറങ്ങുകയായിരുന്നു. ആഗതര്‍ തിരുവടികളെ ഭക്തിപൂര്‍വ്വം വന്ദിച്ചുകൊണ്ട് നില്പായി.
“ഹേ! ദുശ്ശകനം, ഇനി പോകുന്നില്ല, വരിന് ഇരിക്കിന്” എന്നായി സ്വാമികള്‍.
അത്രയും പറഞ്ഞ് അദ്ദേഹം തിണ്ണയ്ക്ക് കയറി. ഉദ്ദേശ്ശിച്ച കാര്യത്തിനു പോയ്വരാന് സ്വാമികളോട് അവര്‍ നിര്‍ബന്ധിച്ചു നോക്കി. കൂട്ടാക്കാതെ സ്വാമികള്‍ കയറി ഇരിപ്പായി. ആഗതരേയും കയറിയിരിക്കുവാന്‍ നിര്‍ബന്ധിച്ചുതുടങ്ങി.
“സ്വാമികളുടെ നേരംപോക്കുകേട്ട് വിഷമിക്കേണ്ട കാര്യമില്ല. ഇതൊക്കെ വെറും തമാശയാണ്” എന്നു പറഞ്ഞ് ആണ്ടിപ്പിള്ള ഉണ്ണിത്താനെയും വര്‍ഗ്ഗീസിനേയും ആശ്വസിപ്പിച്ചു.
സ്വാമി തിരുവടികളുടെ പോക്ക് മുടങ്ങിയതിന് ദുശ്ശകുനക്കാരായ തങ്ങളാണല്ലോ കാരണം എന്നോര്‍ത്താണ് അവര്‍ക്ക് വിഷമമുണ്ടായത്. കൂടുതല്‍ ചിന്തിക്കുന്നതിനുമുമ്പ് സാഹിത്യസദസ്സിലെ പതിവു സാമാജികരെല്ലാം ആ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. പുതിയഉണര്വ് ആ അന്തരീക്ഷത്തില്‍ അലതല്ലി ആത്മീയവും ഭൗതികവുമായ പലതും ചര്‍ച്ചാവിഷയങ്ങളായി.
ഗംഭീരങ്ങളായ വേദാന്തതത്വങ്ങള്‍ ലളിതമായ ഭാഷയില്‍ ഉചിതമായ ഉദാഹരങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്വാമികള്‍ വിശദീകരിച്ചു.
ഇടയ്ക്ക് മനോഹരമായി പാട്ടുപാടി. മൃദംഗം തകര്‍ത്തു വായിച്ചു. അങ്ങനെ തിരുവടികള്‍ സദസ്സിനെ ആഹ്ലാദസാഗരത്തില്‍ ആറാടിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് സ്വാമികളുടെ മുഖത്ത് ഒരു ഭാവമാറ്റം!
ചമ്പ്രം പടിഞ്ഞിരിക്കുന്ന അദ്ദേഹം വികാരവിവശനായി താടിക്കു കയ്യുംകൊടുത്ത് ചിന്താഗ്രസ്തനായി മൗനമുദ്രിതനായി. നിശ്ചേഷ്ടനായി.
ഒന്നുകൊണ്ടും ഇളകാറില്ലാത്ത ആണ്ടിപ്പിള്ളക്കുപോലും സ്വാമിതിരുവടികളുടെ ആ ഭാവപകര്‍ച്ച അമ്പരപ്പുളവാക്കി.
അഞ്ചുമിനിട്ടുകഴിഞ്ഞു. പെട്ടെന്ന് സ്വാമികള്‍ ഞെട്ടിയുണര്‍ന്നു. മുന്മട്ടില് ഉത്സാഹത്തോടെ വീണ്ടും സംഭാഷണമാരംഭിച്ചു.
അമ്പലത്തിന്റെ മുന്‍വശത്ത് ഒരു കാറിന്റെ മുഴക്കം കേള്‍ക്കായി. അല്പനിമിഷത്തിനുള്ളില് രണ്ടുമൂന്നുപേര് തിടുക്കത്തില്‍ കിഴക്കുനിന്നും വീട്ടിലേക്ക് കയറിവന്നു. ‘ആരാ അത്’ എന്ന് അവരോട് ആദ്യം ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചത് സ്വാമിതിരുവടികളായിരുന്നു.
“ഞങ്ങളാണേ” എന്നായിരുന്നു മറുപടി.
“എന്താ വിശേഷം വല്ലതുമുണ്ടോ” എന്നായി സ്വാമികള്‍
“ശ്രീ നീലകണ്ഠ തീര്ത്ഥപാദസ്വാമിക്ക് അസുഖം അല്പം കൂടുതലാണ്. സ്വാമികള്‍ അങ്ങോട്ടൊന്ന് വരണം. ഞങ്ങള്‍ കാറുകൊണ്ടുവന്നിട്ടുണ്ട്” എന്നായി ആഗതര്‍.
ഉടന്‍തന്നെ അവരോടൊന്നിച്ച് സ്വാമിതിരുവടികള്‍ പോകുകയും ചെയ്തു. യഥാസമയം ലക്ഷ്യത്തിലെത്തി ശിഷ്യന് അവസാനമായി തീര്‍ത്ഥം കൊടുത്തു ജീവന്മുക്തനാക്കി. ശിഷ്യന് അന്ത്യശാസം വലിച്ചത് തന്റെ സദ്ഗുരുവിനെ കണ്ടുകൊണ്ടായിരുന്നു.
ഈ കഥ പിറ്റേദിവസമാണ് ആണ്ടിപ്പിള്ളയും ലേഖകനായ ശ്രീ.വരിക്കോലില്‍ കേശവനുണ്ണിത്താനും കെ.എം.വര്‍ഗ്ഗീസും മറ്റും അറിഞ്ഞത്.
ഉത്സാഹതിമിര്പ്പിനിടയില് ചട്ടമ്പിസ്വാമിതിരുവടികളുടെ മുഖത്ത് പെട്ടെന്നുണ്ടായ ഭാവപ്പകര്‍ച്ചയുടെ രഹസ്യം എന്താണെന്ന് അപ്പോഴാണ് അവര്‍ മനസ്സിലാക്കിയതും അത്ഭുതപ്പെട്ടതും.
അകലെ നടക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ യോഗീശ്വരന്മാര് മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും എങ്ങനെയെന്ന് ഊഹിക്കുവാന്‍ ഈ സംഭവം നമ്മെ സഹായിക്കുന്നു.