ചാതുര്‍വര്‍ണ്യം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം 9

ചാതുര്‍വര്‍ണ്യം എന്നതു മുന്‍പറഞ്ഞ ബ്രാഹ്മണാദി നാലു ശബ്ദങ്ങള്‍ക്കും ഒന്നായിട്ടുള്ള പേരാകുന്നു. ചതുര്‍വര്‍ണ്ണം എന്നതുതന്നെ ചാതുര്‍വര്‍ണ്യം. ‘സ്വാര്‍ത്ഥികഷ്യഞ്’ എന്നുള്ള പ്രത്യയംകൊണ്ട് രൂപഭേദം സിദ്ധിച്ചതല്ലാതെ അതിനു വിശേഷിച്ച് അര്‍ത്ഥഭേദം ഇല്ല.

ചാതുര്‍വര്‍ണ്യത്തിനെ രണ്ടായി പിരിക്കാം. അവയില്‍ ഒന്ന് ഗുണകര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷിപൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥമായ വര്‍ണ്ണവിഭാഗം ശരിയല്ലാത്തതാണെന്നോ അതിന്‍പ്രകാരം ഇഹപരസുഖങ്ങള്‍ സാധിക്കയില്ലെന്നോ യാതൊരു വര്‍ഗ്ഗത്തിനും ഇതുമാതിരിയുള്ള ഏര്‍പ്പാടില്‍ പ്രതിബിംബഭാവത്തില്‍ എങ്കിലും അകപ്പെടാതെ ലോകത്തു ജീവിപ്പാന്‍ കഴിയുമെന്നോ പറവാന്‍ പാടില്ല; പറയുന്നുമില്ല. ഇപ്പോള്‍ ഇവിടെ നടപ്പിലിരിക്കുന്ന ചാതുര്‍വര്‍ണ്യനിയമം ഒന്നാമതായി പറഞ്ഞ ഗുണകര്‍മ്മവിഭാഗപ്രധാനമായ നിയമത്തിലുള്ളതല്ല. വിധിപ്രകാരമുള്ള ബ്രാഹ്മണക്ഷത്രിയാദി നാമങ്ങളെ മാത്രം വച്ചുംകൊണ്ട് ആ നിയമത്തിന്റെ ഉദ്ദേശത്തിനു വിപരീതമായും അതിന്റെ ശരിയായ സ്വരൂപത്തിന് മറവായും നാശകരമായും ഉള്ള രണ്ടാമത്തെ പിരിവിനെയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ആദ്യം മഹാന്മാരാല്‍ അനുഷ്ഠിക്കപ്പെട്ട ചാതുര്‍വര്‍ണ്യനിയമമല്ല എന്നു നിശ്ചയംതന്നെ. ഇതിനെ പാഷണ്ഡമതലോകായതമതമിശ്രമായ ദുര്‍വ്യവസ്ഥയെന്നോ കഷ്ടിപിഷ്ടി ചാതുര്‍വര്‍ണ്യാഭാസമെന്നോ മറ്റോ വേണം പറവാന്‍. പൂര്‍വ്വനിയമം അമൃതം: ഇതു വിഷം. അതിനെ ആചരിക്കുന്നത് മാതാവിന്റെ മുലയില്‍ നിന്നും പാലുകുടിക്കുന്നതുപോലെ: ഇതിനെ ആചരിക്കുന്നത് മുല ഛേദിച്ച് രക്തപാനം ചെയ്യുന്നതുപോലെ. ഈ വാസ്തവത്തെക്കുറിച്ചുള്ള അജ്ഞത്വം നിമിത്തം ഇതു മഹാന്മാരുടെ നിയമമാകയാല്‍ ത്യാജ്യമല്ലെന്നുള്ള അന്ധവിശ്വാസജാഡ്യത്തില്‍ നമ്മുടെ ആളുകള്‍ അകപ്പെട്ടിരിക്കയാണ്.

ഈ ചതുര്‍വിധവിഭാഗത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് മലയാളി നായര്‍വര്‍ഗ്ഗത്തില്‍ ശൂദ്രശബ്ദാരോപണം ചെയ്തിട്ടുള്ളത്. ഈ ആരോപണം അവര്‍ക്കു വലുതായ നാശത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതുകാരണം ജനസമൂഹത്തിന് അതിമൂഢത, ധനനാശം, അലസത, ദാരിദ്ര്യം, മിത്രദ്രോഹം, കുടുംബകലഹം, സ്വജനദ്വേഷം, അപമര്യാദ, ദുരാചാരം, ഭൃത്യവൃത്തി, ധര്‍മ്മഭ്രംശം, കര്‍മ്മലോപം, അനാസ്തിക്യം ഇതുകള്‍ വര്‍ദ്ധിച്ചു നിലനിന്ന് ആകപ്പാടെ ഇവര്‍ ദുരിതരൂപികളായി പരജനപരിഹാസത്തിനും ഇഹലോകപരലോകങ്ങളില്‍ നരകാനുഭൂതിക്കും പാത്രീഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ആപത്തില്‍നിന്നും രക്ഷപെടണമെങ്കില്‍ ഒന്നാമതായിട്ടു സകലദോഷങ്ങള്‍ക്കും ബീജമായ ഈ ദുര്‍വ്യവസ്ഥയില്‍നിന്ന് ഒഴിയണം. അപ്രകാരം ഒഴിയണമെങ്കില്‍ ജനസമൂഹത്തില്‍ വളരെക്കാലമായി വേരുറച്ചുകിടക്കുന്ന തെറ്റിദ്ധാരണ നിശ്ശേഷം നശിക്കണം. അങ്ങനെ നശിക്കണമെങ്കില്‍ ഋഷീശ്വരന്മാരാല്‍ സ്മൃതിമൂലം ഏര്‍പ്പെടുത്തപ്പെട്ട ശരിയായ ചാതുര്‍വര്‍ണ്ണ്യനിയമരീതികളേയും കെടുതലിനെ വര്‍ദ്ധിപ്പിച്ചു മയക്കിക്കൊണ്ടിരിക്കുന്ന ദുര്‍വ്യവസ്ഥാരീതികളേയും തല്‍കര്‍ത്താക്കന്മാരുടെ യോഗ്യതകളേയും ശരിയായിത്തന്നെ മുഴുവനും അറിയണം. ആയതു കഴിച്ചെങ്കിലേ മറ്റുള്ള ഔഷധങ്ങള്‍ ഫലിക്കു. അതുകൊണ്ടു മുന്‍പറഞ്ഞ രണ്ടുവക വ്യവസ്ഥകളേയും സംബന്ധിച്ചു വേണ്ട വിവരങ്ങള്‍ പ്രമാണയുക്ത്യനുഭവസഹിതം കാണിക്കാന്‍ തുടങ്ങുന്നു.

ആദ്യമായി ഗുണകര്‍മ്മവിഭാഗപ്രധാനമായ മതത്തെ പറയാം. അതിലേക്ക് അനുക്രമമായി താഴെ പറയുന്ന സംഗതികളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

  1. അതിന്റെ സാമാന്യനാമം
  2. അതിന്റെ പ്രത്യേകനാമം
  3. അതിന്റെ കര്‍ത്താവ്
  4. അതിന്റെ ജനനകാലം
  5. അതിന്റെ പ്രയോജനം
  6. അതിന്റെ അടിസ്ഥാനം
  7. അതിന്റെ അധികാരി
  8. അതിന്റെ നടപ്പുമുറ
  9. അതിന്റെ താരതമ്യം
  10. അതിന്റെ വ്യാപ്തി

1. സാമാന്യനാമം

‘സന്തതിഗ്ഗോത്രജനനകുലാന്യഭിജനാന്വയൗ
വംശോന്വവായസ്സന്താനോവര്‍ണ്ണാഃസ്യുര്‍ബ്രാഹ്മണാദയഃ’ (അമരകോശം)

അര്‍ത്ഥം: ‘സന്തതി, ഗോത്രം ജനനം, കുലം, അഭിജനം, അന്വയം, വംശം, അന്വവായം, സന്താനം ഈ ഒന്‍പതു ശബ്ദങ്ങളും ബ്രാഹ്മണക്ഷത്രിയാദി വര്‍ണ്ണങ്ങള്‍ക്ക് സര്‍വ്വസാധാരണമായിട്ടുളള നാമങ്ങളാകുന്നു. ഇതുകളില്‍ വര്‍ണ്ണമെന്ന ശബ്ദം ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രജാതികള്‍ക്ക് പൊതുവായിട്ടുള്ളതാകുന്നു.’

വര്‍ണ്ണസ്തുതൗ (വര്‍ണ്ണ എന്ന ധാതു സ്തുതി എന്ന അര്‍ത്ഥത്തില്‍ വരും).

വര്‍ണ്ണ്യന്തേ = ‘കപിലാരുണപീതകൃഷ്ണവര്‍ണ്ണൈഃ നിരൂപ്യന്ത ഇതി’

അര്‍ത്ഥം : കപിലനിറം (ഗോരോചനയുടെ നിറംപോലെയുള്ള നിറം) അരുണം (പ്രകാശമില്ലാത്ത ചുവപ്പുനിറം) പീതം (മഞ്ഞള്‍നിറം) കൃഷ്ണം (കറുപ്പുനിറം) ഈ വര്‍ണ്ണങ്ങള്‍കൊണ്ട് സ്‌തോത്രം ചെയ്യപ്പെടുന്നത്.

‘കപിലാശ്ചാരുണാഃ പീതാഃ
കൃഷ്ണാശ്ചേരി പൃഥക് പൃഥക്
ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാ
ശൂദ്രാശ്ചേതി വിവക്ഷിതാഃ’ (വിഷ്ണുപുരാണം)

കപിലാഃ = ബ്രാഹ്മണര്‍; അരുണാഃ = ക്ഷത്രിയര്‍; പീതാഃ = വൈശ്യര്‍; കൃഷ്ണാഃ = ശൂദ്രര്‍.

കപിലാരുണപീതകൃഷ്ണവര്‍ണ്ണങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നു പറയപ്പെടുന്നു.

2. പ്രത്യേകനാമം

‘ബ്രഹ്മക്ഷത്രിയവിട്ച്ശൂദ്രാ’ (സ്മൃതി)

അര്‍ത്ഥം: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍

‘ബ്രാഹ്മണം ക്ഷത്രിയം വൈശ്യം ശൂദ്രഞ്ച’ (സ്മൃതി)

അര്‍ത്ഥം: ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും

‘ബ്രഹ്മവാ ഇദമഗ്ര ആസീല്‍’ (ബൃ. ഉപനിഷത്ത്)

അര്‍ത്ഥം: ആദ്യം ബ്രഹ്മമെന്ന ഒരു ജാതിതന്നെ ഭവിച്ചു.

‘അസൃജത ക്ഷത്രം’ (ബൃഹദാരേണ്യോപനിഷത്ത്)

അര്‍ത്ഥം: ക്ഷത്രത്തെ (ക്ഷത്രിയനെ) സൃഷ്ടിച്ചു.

‘വിശമസൃജത്’ (ബൃ. ഉപനിഷത്ത്)

അര്‍ത്ഥം: വൈശ്യനെ സൃഷ്ടിച്ചു.

‘ശൗദ്രം വര്‍ണ്ണമസൃജത്’ (ബൃ. ഉപനിഷത്ത്)

അര്‍ത്ഥം: ശൂദ്രജാതിയെ സൃഷ്ടിച്ചു.

ഈ പ്രമാണങ്ങളെക്കൊണ്ട് ഇതിലടങ്ങിയ പ്രത്യേക നാമങ്ങള്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നതുകളാകുന്നു എന്നു സിദ്ധിക്കുന്നു.

3. ജന്മഭൂമി

‘സരസ്വതീദൃഷദ്വത്യോര്‍ദ്ദേവനദ്യോര്യദന്തരം
തം ദേവനിര്‍മ്മിതം ദേശം ബ്രഹ്മാവര്‍ത്തം പ്രവക്ഷ്യതേ’ (മനുസ്മൃതി)

അര്‍ത്ഥം: ‘സരസ്വതി’യെന്നും ‘ദൃഷദ്വതി’യെന്നും പറയപ്പെടുന്ന ദേവനദികളുടെ മദ്ധ്യദേശം ദേവന്മാരാലേര്‍പ്പെടുത്തപ്പെട്ട ബ്രഹ്മാവര്‍ത്തമെന്നു പറയപ്പെടുന്നു.

‘തസ്മിന്‍ ദേശേ യ ആചാരഃ പാരമ്പര്യക്രമാഗതഃ
വര്‍ണ്ണാനാം സാന്തരാത്മാനാം സ സദാചാര ഉച്യതേ.’ (മനുസ്മൃതി)

അര്‍ത്ഥം : ആ ദേശത്തില്‍ എപ്പോഴും മഹാന്മാര്‍ വസിക്കുന്നതിനാല്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ക്കും സങ്കരജാതികള്‍ക്കും ശിഷ്ടാചാരം അനാദിയായി അവിടത്തില്‍നിന്നും ഉണ്ടാകുന്നു.

ഈ പ്രമാണംകൊണ്ട് ചാതുര്‍വര്‍ണ്ണ്യം ഉണ്ടായത് ബ്രഹ്മാവര്‍ത്തത്തില്‍നിന്നാണെന്നു സിദ്ധിച്ചു.

4. കര്‍ത്താവ്

‘കൃതവാന്‍ പ്രഭു’ (ഗായത്രിതന്ത്രം)

അര്‍ത്ഥം: പ്രഭുവിനാല്‍ ചെയ്യപ്പെട്ടു.

‘ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം’ (ഭഗവല്‍ഗീത)

അര്‍ത്ഥം: ചാതുര്‍വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു.

ഇതുകള്‍കൊണ്ട് ചാതുര്‍വര്‍ണ്യനിയമത്തെ സൃഷ്ടിച്ചത് സച്ചിദാത്മാവായ ഭഗവാനാണെന്നു സിദ്ധമായി.

5. ജനനകാലം

വര്‍ണ്ണാശ്രമ വിഭാഗശ്ച ത്രേതായാം കൃതവാന്‍ (ഗായത്രി തന്ത്രം)

വര്‍ണ്ണാശ്രമവിഭാഗത്തെ ത്രേതായുഗത്തില്‍ ചെയ്തു എന്നതുകൊണ്ട് ഇതിന്റെ ജനനകാലം ത്രേതായുഗത്തിലാണെന്നു സിദ്ധിച്ചു.

6. പ്രയോജനം

‘ലോകാനാന്തു വിവൃദ്ധ്യര്‍ത്ഥം’ (മനുസ്മൃതി)

അര്‍ത്ഥം: ലോകങ്ങളുടെ വര്‍ദ്ധനയ്ക്കുവേണ്ടി; എന്നതുകൊണ്ട് ഇതിന്റെ പ്രയോജനം ലോകവര്‍ദ്ധന (രക്ഷ)യാണെന്നു തെളിയുന്നു.

ഹിന്ദുമതാനുസാരികള്‍ക്ക് ആദരണീയങ്ങളെന്നു സമ്മതമുള്ള പ്രമാണങ്ങളില്‍ കാണുന്നവിധം മേല്പറഞ്ഞ മൂന്നുമുതല്‍ ആറുവരെ കാര്യങ്ങളില്‍നിന്നു പ്രഭുവായിരുന്ന ഭഗവാന്‍ ഈ വര്‍ണ്ണാശ്രമവിഭാഗത്തെ ബ്രഹ്മാവര്‍ത്തത്തില്‍ വച്ചു ലോകങ്ങളുടെ വര്‍ദ്ധനയ്ക്കുവേണ്ടി ഉണ്ടാക്കി എന്നു സ്പഷ്ടമായി.

ഈ നിയമം ലോകവര്‍ദ്ധനയ്ക്കായിട്ടിരിക്കുന്ന സ്ഥിതിക്ക് ത്രേതായുഗത്തിനുമുമ്പ് കൃതയുഗത്തിലും ഈ വര്‍ദ്ധന അവശ്യം വേണ്ടതായിരിക്കാനേ തരമുള്ളൂ.

‘ആദൗ കൃതയുഗേ വര്‍ണ്ണോ
നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം)

അര്‍ത്ഥം: ആദിയില്‍ കൃതയുഗത്തില്‍ മനുഷ്യര്‍ എല്ലാവരും ഹംസന്മാര്‍ എന്നു പറയപ്പെടുന്ന ഒരു വര്‍ണ്ണം മാത്രമായിരുന്നു.

‘ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗദ്’ (ഭാരതം)

അര്‍ത്ഥം: വര്‍ണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.

‘ഏകവര്‍ണ്ണമിദം പൂര്‍വ്വം
വിശ്വമാസീദ്യുധിഷ്ഠിര’ (ഭാരതം)

അര്‍ത്ഥം: ഹേ യുധിഷ്ഠിര! പണ്ടു ലോകം വര്‍ണ്ണഭേദം കൂടാതെ ഒരേ ജാതിയായിരുന്നു.

‘ബ്രഹ്മ വാ ഇദദം അഗ്രആസീദേകമേവ’ (ബൃഹദാരണ്യകോപനിഷത്ത്)

ഈ പ്രമാണങ്ങളാലും ‘ത്രേതായാം കൃതവാന്‍ പ്രഭുഃ’ എന്നതിനാലും കൃതയുഗത്തില്‍ ഈ വിഭാഗം ഉണ്ടായിരുന്നില്ലെന്നു കാണുന്നു. കൃതയുഗത്തിലും ലോകവൃദ്ധി ആവശ്യമുള്ളതായിരുന്നിട്ടും ആ കാലത്ത് ഏര്‍പ്പെടുത്താതിരിപ്പാനും ത്രേതവരെ താമസിപ്പാനും കാരണമെന്ത്?

‘കൃതകൃത്യാഃ പ്രജാ ജാത്യാ
തസ്മാല്‍ കൃതയുഗം വിദുഃ’ (ഭാഗവതം)

അര്‍ത്ഥം: പ്രജകള്‍ ജനനാല്‍ തന്നെ കൃതകൃത്യന്മാരായിരിക്കയാല്‍ കൃതയുഗമെന്നു പറയപ്പെട്ടു.

‘ചതുഷ്പാത്സകലോ ധര്‍മ്മഃ
സത്യം ചൈവ കൃതേ യുഗേ
നാധര്‍മ്മേണാഗമഃ കശ്ചി-
ന്മനുഷ്യാന്‍ പ്രതിവര്‍ത്തതേ’ (മനുസ്മൃതി അ. 1)

അര്‍ത്ഥം: കൃതയുഗത്തില്‍ ധര്‍മ്മവും നാലു പാദമായിരുന്നു. അതില്‍ മനുഷ്യരെ അധര്‍മ്മത്തിനാലുണ്ടാകുന്ന ദുഃഖം പീഡിപ്പിക്കുന്നില്ല.

ഈ പ്രമാണങ്ങളാല്‍ കൃതയുഗത്തില്‍ ധര്‍മ്മം തികഞ്ഞു സംപൂര്‍ണ്ണമാകുംവണ്ണമുണ്ടായിരുന്നെന്നും, അതിനാല്‍ ജനങ്ങള്‍ വര്‍ണ്ണഭേദം കൂടാതെ ഒരേ ജാതിയില്‍ നിഷ്‌കളങ്കഹൃദയരും ഉപാസകരും ധര്‍മ്മിഷ്ഠന്മാരുമായിരുന്നെന്നും, അതിനാല്‍ അവര്‍ക്ക് യാതൊരുപദ്രവങ്ങളും നേരിട്ടിട്ടില്ലായിരുന്നു എന്നും, വേണ്ടുന്ന കാര്യങ്ങളെ അവരവര്‍തന്നെ നിര്‍ബാധമായി പ്രയത്‌നംചെയ്തു നിവര്‍ത്തിച്ചുപോന്നു എന്നും, ആയതുകൊണ്ട് അക്കാലത്ത് ‘ഈ വിഭാഗം’ (ചാതുര്‍വണ്ണ്യം) ആവശ്യമായിരുന്നില്ലെന്നും വെളിവാകുന്നു എന്നാല്‍,

‘ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം)

അര്‍ത്ഥം: ത്രേതായുഗത്തില്‍ (മനുഷ്യര്‍) വിപരീതബുദ്ധികളായി ഭവിച്ചു.

‘ഇതരേഷ്വാഗമാദ്ധര്‍മ്മഃ
പാദശസ്ത്വവരോപിതഃ
ചൗരികാനൃതമായാഭി-
ര്‍ദ്ധര്‍മ്മശ്ചാപൈതി പാദശഃ’ (മനുസംഹിത, അ. 1)

അര്‍ത്ഥം: മറ്റു യുഗങ്ങ(ത്രേതായുഗം മുതലായ)ളില്‍ മോഷണം, അസത്യം, വഞ്ചന ഈ കൃത്യങ്ങളെക്കൊണ്ട് ധനം, വിദ്യ മുതലായവ സമ്പാദിക്കനിമിത്തം ധര്‍മ്മം, സത്യം ഇവ ഓരോ പാദമായി കുറയുന്നു.

ഈ പ്രമാണങ്ങളാല്‍ ത്രേതായുഗം മുതല്‍ക്ക് ധര്‍മ്മം ക്രമേണ കുറഞ്ഞും, അധര്‍മ്മം വര്‍ദ്ധിച്ചും വന്നിരുന്നു എന്നും, ജനങ്ങളും അധര്‍മ്മിഷ്ഠന്മാരായി ഭവിച്ചു എന്നും കാണുന്നു. അതുകൊണ്ട് ആ കാലം (ത്രേതായുഗം) മുതല്‍ക്ക് ഈ വിഭാഗം (ചാതുര്‍വണ്ണ്യം) ആവശ്യമായിവന്നു. ഇതാകുന്നു കൃതയുഗത്തിലേര്‍പ്പെടുത്താതിരിപ്പാനും ത്രേതവരെ താമസിപ്പാനും കാരണം.

7. അടിസ്ഥാനം

‘ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ’ (ഭഗവത്ഗീത)

അര്‍ത്ഥം: ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു.

‘ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മഭിര്‍വര്‍ണ്ണതാം ഗതം’ (ഭാരതം)

അര്‍ത്ഥം: ബ്രഹ്മാവിനാല്‍ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കര്‍മ്മംകൊണ്ട് (പല) വര്‍ണ്ണങ്ങളെ പ്രാപിച്ചു.

‘കര്‍മ്മക്രിയാ വിശേഷേണ
ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം)

അര്‍ത്ഥം: കര്‍മ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിക്കപ്പെട്ടു. ഇതില്‍നിന്നു ചാതുര്‍വ്വര്‍ണ്യത്തിന്റെ അടിസ്ഥാനം വൃത്തിഭേദത്തെ ആശ്രയിച്ചാണെന്ന് വ്യക്തമാകുന്നു.

8. ഇന്നിന്ന ഗുണകര്‍മ്മങ്ങളുള്ളവനെ ഇന്ന വിഭാഗത്തില്‍വച്ചു എന്ന്

1’ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ തദേകം സന്‍നപ്യഭവത് ശ്രേയോ രൂപമത്യസൃജത ക്ഷത്രം യാന്യേതാനിദേവക്ഷത്രാണീന്ദ്രോവരുണഃ സോമോ രുദ്രഃ പര്‍ജ്ജന്യോ യമോ മൃത്യുരീശാന ഇതി.’ (1-4-11)

(തസ്മാല്‍ ക്ഷത്രാല്‍ പരം നാസ്തി തസ്മാല്‍ ബ്രാഹ്മണഃ ക്ഷത്രിയ മധസ്താദുപാസ്‌തേ രാജസൂയേ ക്ഷത്ര ഏവ തദ്യശോദധാതി സൈഷാ ക്ഷത്രസ്യ യോനിര്യദ് ബ്രഹ്മ തസ്മാദ്യപി രാജാ പരമതാം ഗച്ഛതി ബ്രഹ്മൈവാന്തത ഉപനിശ്രയതി സ്വാം യോനിം യ ഉ ഏനം ഹിനസ്തി സ്വാം സ യോനിമൃച്ഛതി സ പാപീയാന്‍ ഭവതി യഥാ ശ്രേയാംസംഹിംസിത്വാ) (ബൃഹദാരണ്യകോപനിഷത്ത്) (1-4-1)

അര്‍ത്ഥം: ‘ആത്മൈവേദമഗ്ര ആസീല്‍’ എന്നുള്ളെടത്ത് ആത്മശബ്ദംകൊണ്ടു വിവക്ഷിതമായിരിക്കുന്ന സ്രഷ്ട്രു ബ്രഹ്മം യാതൊന്നോ (അഗ്നിയെ സൃഷ്ടിച്ചു) ബ്രാഹ്മണജാത്യഭിമാനമുള്ള ആദ്ധ്യാത്മികമായിരിക്കുന്ന അത് ഏകം മാത്രമായിരുന്നു. പരിപാലനാദി ചെയ്യുന്നതിനുള്ള ‘ക്ഷത്ര’ത്തോടുകൂടാതെ കര്‍മ്മത്തിനായിക്കൊണ്ടു മതിയായില്ല. അതുകൊണ്ട് ആ ബ്രഹ്മകര്‍മ്മകര്‍ത്തൃത്വവിഭൂതിക്കായിട്ട് പ്രശസ്തരൂപമൊന്നു വിശേഷമായി സൃഷ്ടിച്ചു. അതായത് ‘ക്ഷത്രം’, ഇന്ദ്രന്‍, വരുണന്‍, സോമന്‍, പര്‍ജന്യന്‍ (വിദ്യുദാതികളുടെ നാഥന്‍), യമന്‍, മൃത്യുരീശാനനെന്നിങ്ങനെ യാവചിലരുണ്ടോ അവര്‍ ദേവ(ന്മാരില്‍) ക്ഷത്രിയ(ന്മാ)ര്‍.

‘സ നൈവ വ്യഭവത്സ വിശമസൃജത യാന്യേതാനി ദേവജാതാനി ഗണശ ആഖ്യായന്തേ വസവോ രുദ്രാ ആദിത്യാവിശ്വേദേവാ (1-4-12) മരുത ഇതി.’ (ബൃഹദാരണ്യകോപനിഷത്ത്)

അര്‍ത്ഥം: ബ്രാഹ്മണജാത്യഭിമാനമുള്ള ആ അഗ്നിപുരുഷന്‍ ദ്രവ്യസമ്പാദ്യക്കാരനോടുകൂടാതെ കര്‍മ്മത്തിനായിക്കൊണ്ട് മതിയാകാതെ വൈശ്യജാതിയെ സൃഷ്ടിച്ചു. ആ ദേവവൈശ്യന്മാര്‍ ഏവരെന്നാല്‍ വസുക്കള്‍, രുദ്രന്മാര്‍, ആദിത്യന്മാര്‍, വിശ്വദേവന്മാര്‍, മരുത്തുകള്‍ എന്നിങ്ങനെ വര്‍ഗ്ഗംവര്‍ഗ്ഗമായി പറയപ്പെടുന്നവര്‍തന്നെ.

‘സനൈവവ്യഭവത്സശൗദ്രംവര്‍ണ്ണമസൃജത; (1-4-13) പൂഷണമിയം വൈ പൂഷേയം ഹീദം സര്‍വ്വം പുഷ്യതി യദിദം കിഞ്ച.’ (ബൃ: ഉപനിഷത്ത്)

അര്‍ത്ഥം: ‘പിന്നീട് ഇവന്‍ (ആ അഗ്നിപുരുഷന്‍) പരിചാരകനില്ലായ്കയാല്‍ കര്‍മ്മത്തിന് ആകാതിരുന്ന് ശൂദ്രവര്‍ണ്ണം (ജാതി) സൃഷ്ടിച്ചു. പൂഷാവ് ഈ ശൂദ്രവര്‍ണ്ണത്തില്‍ ചേര്‍ന്നവനാകുന്നു. ഈ പൃഥിവിയാകട്ടെ പൂഷാവായിട്ടു ഭവിക്കുന്നു. എന്തെന്നാല്‍ ഈയുള്ള (ഭൂതജാലം) എല്ലാം പോഷിപ്പിക്കുന്നു.’

‘കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ ത്യക്തസ്വധര്‍മ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’

അര്‍ത്ഥം: വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു.

‘ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ
സ്വധര്‍മ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’

അര്‍ത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു.

‘ഹിംസാനൃതക്രിയാലുബ്ധാഃ സര്‍വ്വകര്‍മ്മോപജീവിനഃ
കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ’ (ഭാരതം)

അര്‍ത്ഥം: ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു.’

മേല്‍ കാണിച്ച പ്രമാണങ്ങളില്‍നിന്ന് ഇന്നിന്ന ഗുണങ്ങളുള്ളവര്‍ ഇന്ന ജാതിയായി എന്നു സിദ്ധിക്കുന്നു.

9. നടപ്പുമുറ

‘ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗത്
ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മണാ വര്‍ണ്ണതാം ഗതം’ (ഭാരതം)

അര്‍ത്ഥം: ‘വര്‍ണ്ണഭേദമില്ല, ലോകംമുഴുവനും ബ്രഹ്മസംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാല്‍ പൂര്‍വ്വം സൃഷ്ടിക്കപ്പെട്ടു. അവനവന്റെ കര്‍മ്മംനിമിത്തം വര്‍ണ്ണങ്ങളെ സമ്പാദിച്ചു.’

‘ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു
വിദ്യാദൈ്വശ്യാത്തഥൈവച’ (മനുസ്മൃതി)

അര്‍ത്ഥം: ‘ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.’

ഈ വിഷയം ഭാരതത്തിലെ അനുശാസനപര്‍വ്വത്തില്‍ വിസ്താരമായി കാണിച്ചിരിക്കുന്നു.

‘ഏഭിസ്തു കര്‍മ്മഭിര്‍ദ്ദേവീ
ശൂഭൈരാചരിതൈസ്തഥാ
ശൂദ്രോ ബ്രാഹ്മണതാം യാതി
വൈശ്യഃ ക്ഷത്രിയതാം വ്രജേല്‍.’

അര്‍ത്ഥം: അല്ലയോ ദേവീ! ഈ (മുന്‍ചൊന്ന) കര്‍മ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രന്‍ ബ്രാഹ്മണനാകുന്നു. വൈശ്യന്‍ ക്ഷത്രിയനാകുന്നു.

‘ഏതൈഃ കര്‍മ്മഫലൈര്‍ദ്ദേവീ! ന്യൂനജാതികുലോത്ഭവഃ
ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അര്‍ത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയില്‍ താഴ്ന്ന കുലത്തില്‍ ജനിച്ച ശൂദ്രനെന്നുവരികിലും അവന്‍ ഈ കര്‍മ്മങ്ങളുടെ ഫലത്തിനാല്‍ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

‘ബ്രാഹ്മണോ വാപ്യസദ്വൃത്തിസ്സര്‍വ്വസങ്കരഭോജനഃ
ബ്രാഹ്മണ്യം സമനുല്‍സൃജ്യ ശൂദ്രോ ഭവതി താദൃശഃ’

അര്‍ത്ഥം: അപ്രകാരം ബ്രാഹ്മണനായിരുന്നാലും ദുര്‍മ്മാര്‍ഗ്ഗിയും സങ്കരഭോജിയും ആകുന്നു എങ്കില്‍ ബ്രാഹ്മണത്ത്വത്തോടുവേര്‍പെട്ട് ശൂദ്രനായി ഭവിക്കുന്നു.

‘കര്‍മ്മഭിഃ ശുചിഭിര്‍ദ്ദേവീ! ശുദ്ധാത്മാ വിജിതേന്ദ്രിയഃ
ശൂദ്രോപി ദ്വിജവല്‍ സേവ്യഃ ഇതി ബ്രഹ്മാനുശാസനം’

അര്‍ത്ഥം: അല്ലയോ ദേവീ! കര്‍മ്മത്തിനാലും പരിശുദ്ധതയാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ ശൂദ്രനായിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം.

‘സ്വഭാവം കര്‍മ്മ ച ശുഭം യത്ര ശൂദ്രോപി തിഷ്ഠതി
വിശിഷ്ടഃ സ ദ്വിജാതേര്‍ വൈ വിജ്ഞേയ ഇതി മേ മതിഃ’

അര്‍ത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും പരിശുദ്ധങ്ങളായിരിക്കുന്നു ആ ശൂദ്രനെ ദ്വിജനെക്കാളും ഉത്തമനായി (വിശേഷവാനായി) അറിയണം; ഇത് എന്റെ അഭിപ്രായമാകുന്നു.

‘ന യോനിര്‍ന്നാപി സംസ്‌കാരോ ന ശ്രുതം ന ച സന്തതിഃ
കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം’

അര്‍ത്ഥം: ജനനം, മതാനുഷ്ഠാനം, ശാസ്ത്രപ്രയത്‌നം, കുലം, ഇവ ദ്വിജത്വം സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേക്ക് ആചാരംതന്നെ കാരണം.

‘സര്‍വേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ
വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി.’

അര്‍ത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ്വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സര്‍വ്വത്ര മേ മതിഃ
നിര്‍ഗുണം നിര്‍മ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ

അര്‍ത്ഥം: അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍.

‘ഏതത്തേ ഗുഹ്യമാഖ്യാതം യഥാ ശൂദ്രോ ഭവേദ്ദ്വിജഃ
ബ്രാഹ്മണോ വാ ച്യുതോ ധര്‍മ്മാല്‍ യഥാശൂദ്രത്വമാപ്നുതേ’

അര്‍ത്ഥം: ശൂദ്രന് ഏതുപ്രകാരം ബ്രാഹ്മണനാകാന്‍ കഴിയുമോ, ബ്രാഹ്മണന്‍ ധര്‍മ്മനാശംകൊണ്ട് എപ്രകാരം ശൂദ്രനാകുന്നോ അതിന്റെ രഹസ്യവിഷയങ്ങള്‍ നിനക്കായിട്ടു പറയപ്പെട്ടു.

ഇതുപോലെ മഹാഭാരതത്തില്‍ ഇനിയും പല സ്ഥലങ്ങളിലും കാണാവുന്നതാണ്.

‘സത്യം ദാനം ക്ഷമാശീലം ആനൃശംസ്യം തപോ ഘൃണാ
ദൃശ്യതേ യത്ര നാഗേന്ദ്ര! സ ബ്രാഹ്മണ ഇതി സ്മൃതഃ’

അര്‍ത്ഥം: സത്യം, ദാനം, ക്ഷമ, സദാചാരം, ശാന്തത, തപസ്സ്, കരുണ ഇതുകള്‍ ആരിലിരിക്കുന്നോ അല്ലയോ നാഗേന്ദ്ര! അവന്‍തന്നെ ബ്രാഹ്മണന്‍.

‘ജിതേന്ദ്രിയോ ധര്‍മ്മപരഃ സ്വാധ്യായനിരതഃ ശുചിഃ
കാമക്രോധൗ വശേ യസ്യ തം ദേവാ ബ്രാഹ്മണം വിദുഃ’

അര്‍ത്ഥം: എവന്‍ ഇന്ദ്രിയങ്ങളെ ജയിച്ചവനോ, ധര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നവനോ, വേദാധ്യയനത്തില്‍ ഇച്ഛയുള്ളവനോ, പരിശുദ്ധനോ, ഏവന് കാമക്രോധങ്ങള്‍ വശമായിരിക്കുന്നോ അവനെത്തന്നെ ദേവന്മാര്‍ ബ്രാഹ്മണനെന്ന് അറിയുന്നു.

‘യസ്യ ചാത്മസമോ ലോകോ ധര്‍മ്മജ്ഞസ്യ സമന്വിതഃ
സര്‍വ്വധര്‍മ്മേഷു ചരതസ്തം ദേവാ ബ്രാഹ്മണം വിദുഃ’

അര്‍ത്ഥം: ഏവന്‍ ലോകരെ തന്നെപ്പോലെ നിരൂപിക്കുന്നോ ധര്‍മ്മത്തില്‍ ജ്ഞാനവും പ്രശസ്തചിത്തവും ഉള്ളവനോ, മേലും ഏവന്‍ ധര്‍മ്മാനുഷ്ഠാനങ്ങളില്‍ ഇച്ഛയുള്ളവനായിരിക്കുന്നോ അവനെത്തന്നെ ദേവതകള്‍ ബ്രാഹ്മണനെന്ന് അറിയുന്നു.

മഹാഭാരതം ആരണ്യപര്‍വ്വം യക്ഷയുധിഷ്ഠിരസംവാദം എന്ന ഘട്ടത്തില്‍ ഇനിയും ഈ കാര്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

യക്ഷോവാച:-

‘രാജന്‍! കുലേന വൃത്തേന സ്വാധ്യായേന ശ്രുതേന വാ
ബ്രാഹ്മണ്യം കേന ഭവതി പ്രബ്രൂഹ്യേതല്‍ സുനിശ്ചിതം’

അര്‍ത്ഥം: അല്ലയോ രാജാവേ! ബ്രാഹ്മണത്വം, കുലത്തിനാലോ പ്രവൃത്തിയാലോ, വേദശാസ്ത്രപഠനത്തിനാലോ ഏതിനാല്‍ ഉണ്ടാകുന്നു? ഈ നിശ്ചയത്തെ നല്ലപോലെ പറഞ്ഞാലും.

യുധിഷ്ഠിരോവാച:-

‘ശൃണു യക്ഷ! കുലം താത! ന സ്വാധ്യായോ ന ച ശ്രുതം
കാരണം ഹി ദ്വിജത്വേ ച വൃത്തമേവ ന സംശയഃ’

അര്‍ത്ഥം: അല്ലയോ യക്ഷ! അങ്ങു കേട്ടാലും, ബ്രാഹ്മണ്യത്തിനു കുലം വേദശാസ്ത്രപഠനം ഇതുകള്‍ കാരണങ്ങളാകയില്ല. സദാചാരംതന്നെയാകുന്നു ദ്വിജത്വകാരണം സംശയമില്ല.

ഇതുവരെ എടുത്തുകാണിച്ച പദ്യങ്ങളാല്‍ ഒരു പ്രവൃത്തിചെയ്യുന്ന പിതൃമാതൃക്കളില്‍ ജനിച്ച ഒരുവനാകട്ടെ തന്നത്താനെ ഒരു പ്രവൃത്തിചെയ്യുന്നവനാകട്ടെ മറ്റൊരു പ്രവൃത്തിയാല്‍ വേറെ ജാതിയിലാകാമെന്നും ഇതിനാല്‍ താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിയിലും ഉയര്‍ന്നവന്‍ താഴ്ന്ന ജാതിയിലും വരുമെന്നുള്ളതുകൊണ്ട് ഇന്ന ജാതി എന്നു നിശ്ചയിക്കുന്നതിലേക്കു പ്രവൃത്തിയും ഗുണവുംതന്നെ മുഖ്യങ്ങളെന്നും തെളിയുന്നു.

10. താരതമ്യം (സ്ഥാനം) അതായത് ഉല്‍പത്തി
‘………………………..മുഖബാഹൂരുപാദതഃ’ (മനുസ്മൃതി)

അര്‍ത്ഥം: മുഖം, കൈ, തുട, പാദം ഈ സ്ഥാനങ്ങളില്‍നിന്ന്.

‘ബ്രാഹ്മണോസ്യ മുഖമാസീല്‍’ (പുരുഷസൂക്തം)

അര്‍ത്ഥം: ബ്രാഹ്മണന്‍ ഇവന്റെ മുഖമാകുന്നു.

‘ബാഹൂ രാജന്യഃ കൃതഃ’

അര്‍ത്ഥം: രാജാവ് കൈ ആകുന്നു.

‘ഊരു വൈശ്യ’ (പുരുഷസൂക്തം)

അര്‍ത്ഥം: വൈശ്യന്‍ തുടയാകുന്നു

‘പദ്ഭ്യാം ശൂദ്രോ അജായത’ (പുരുഷസൂക്തം)

അര്‍ത്ഥം: പാദങ്ങളില്‍നിന്നു ശൂദ്രന്‍ ജനിച്ചു.

ഈ പ്രമാണങ്ങള്‍കൊണ്ട് ഒരു ശരീരത്തില്‍ മുഖബാഹൂരുപാദങ്ങളുടെ മുഖ്യാമുഖ്യതകള്‍പോലെ ബ്രാഹ്മണക്ഷത്രിയാവൈശ്യശൂദ്രര്‍കളായ നാലു വര്‍ണ്ണങ്ങള്‍ക്കും ഏറ്റക്കുറച്ചില്‍ ഉണ്ടെന്നു സിദ്ധിക്കുന്നു.

‘സര്‍വ്വവര്‍ണ്ണേഷു തുല്യാസു പത്‌നീഷ്വക്ഷതയോനിഷു
ആനുലോമ്യേന സംഭൂതാ ജാത്യാ ജ്ഞേയാസ്തയൈവതേ’ (മനു. അ. 1, ശ്ലോ.5)

അര്‍ത്ഥം: ‘നാലു വര്‍ണ്ണങ്ങളിലും തന്റെ ജാതികളായും വ്യഭിചാരദോഷമില്ലാത്തവളായും ഇരിക്കുന്ന ധര്‍മ്മപത്‌നിയെ വിവാഹംചെയ്ത വരന്റെ ബീജംകൊണ്ട് ആ ധര്‍മ്മപത്‌നി പ്രസവിക്കുന്ന പുത്രന്മാര്‍ അനുലോമ്യമായി അതാതു ജാതികളെന്ന് അറിയേണ്ടതാകുന്നു.’

‘അനാര്യമാര്യകര്‍മ്മാണമാര്യഞ്ചാനാര്യകര്‍മ്മിണം
സ പ്രധാര്യാബ്രവീദ്ധാതാ ന സമൗ നാസമാവിതി’ (മനു. അ 10, ശ്ലോ.73)

അര്‍ത്ഥം: ബ്രാഹ്മണന്റെ തൊഴിലിനെ ചെയ്താലും ശൂദ്രന്‍ ബ്രാഹ്മണജാതിയായി ഭവിക്കുന്നതല്ല. എന്തെന്നാല്‍ അവനു ബ്രാഹ്മണജാതി തൊഴിലില്‍ അധികാരമില്ലയല്ലോ. ശൂദ്രകൃത്യത്തെ ചെയ്താലും ബ്രാഹ്മണന്‍ ശൂദ്രനായി ഭവിക്കയില്ല. എന്തെന്നാല്‍ അവന്‍ ഹീനകര്‍മ്മത്തെ ചെയ്താലും അവന്റെ ജാതി ഉയര്‍ന്നതല്ലയോ. ഇപ്രകാരംതന്നെ ഈ വിഷയങ്ങളെ ബ്രഹ്മാവും നിശ്ചയം ചെയ്തിരിക്കുന്നു.

ഇത്യാദി പ്രമാണങ്ങളാല്‍ ഈ ബ്രാഹ്മണാദി നാലു ശബ്ദങ്ങളും രൂഢങ്ങളാണെന്നും ഗുണകര്‍മ്മങ്ങള്‍ ആര്‍ക്ക് എങ്ങനെയിരുന്നാലും ബ്രാഹ്മണത്വാദികള്‍ക്ക് അതുകള്‍ സംബന്ധമായി യാതൊരു ന്യൂനതയും വരികയില്ലെന്നും ആണ് ഇദാനീന്തനന്മാ(ബ്രാഹ്മണ)രുടെ വാദം. എന്നാല്‍ ഇവരുടെ ഈ വാദത്തിന് ഈ രൂഢമെന്നത് അടിസ്ഥാനമായിരിക്കയാല്‍ ഈ രൂഢത്തേയും, ഇതിനടുത്തവയും അത്യാവശ്യങ്ങളും ആയ യോഗരൂഢാദികളേയുംപറ്റി ഒരു വിവരണം ഇവിടെ കാണിക്കാതിരുന്നാല്‍ ഇതിലുള്ള സംഗതി മുഴുവനും എല്ലാവര്‍ക്കും ധരിക്കുന്നതിന് എളുപ്പമില്ലാത്തതിനാല്‍ അതിലേക്കൊരുങ്ങുന്നു.

സംസ്‌കൃതഭാഷയില്‍ വാക്കുകള്‍, നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നിങ്ങനെ നാലുപ്രകാരത്തിലുണ്ട്. ഇവയില്‍ നാമം എന്നതു ജാതിശബ്ദം, ഗുണശബ്ദം, ക്രിയാശബ്ദം, സംജ്ഞാശബ്ദം എന്നു നാലു പ്രകാരമുണ്ട്; ഇതുകൂടാതെ ശക്തം, ലക്ഷകം, വ്യഞ്ജകം എന്ന് വേറെ മൂന്നു വിധത്തിലുണ്ട്. ഇതുകളില്‍ ശക്തമെന്നതിനെ വിവരിച്ചു കാണിക്കുന്നതിനുവേണ്ടി ശബ്ദശക്തിയുടെ ലക്ഷണത്തെ താഴെ കാണിക്കുന്നു.

‘അസ്മാച്ഛബ്ദാദയമര്‍ത്ഥോ ബോദ്ധവ്യ ഇതീശ്വരസങ്കേതശ്ശക്തിഃ’

അര്‍ത്ഥം: ‘ഇന്ന ശബ്ദത്തില്‍നിന്ന് ഇന്ന അര്‍ത്ഥത്തെ ബോധിക്കേണ്ടതാകുന്നു എന്ന ഈശ്വരസങ്കേതം (നിയമം) ആകുന്നു ശക്തി’, എന്നു ചിലരും,

‘അര്‍ത്ഥസ്മൃത്യനുകൂലപദപദാര്‍ത്ഥസംബന്ധശ്ശക്തിഃ’, ഒരു ശബ്ദത്തെ കേള്‍ക്കുമ്പോള്‍ അതിനുള്ള അര്‍ത്ഥം ഓര്‍മ്മയില്‍വരുന്നതിനു കാരണമായ പദപദാര്‍ത്ഥങ്ങളുടെ തമ്മിലുള്ള സംബന്ധമാകുന്നു ശക്തി’ എന്ന് വേറെ ചിലരും; പറയുന്നു.

ഈ ശക്തിയാകട്ടെ സമുദായശക്തിയെന്നും അവയവശക്തിയെന്നും രണ്ടുവിധം പറയപ്പെടുന്നു. ഇതുകളില്‍ സമുദായശക്തിയെ രൂഢി എന്നും അവയവശക്തിയെ യോഗം എന്നും പറയും. ഇങ്ങനെ ഏതെങ്കിലും അര്‍ത്ഥത്തെ ബോധിപ്പിക്കുന്നതിനുള്ള ശക്തിയെ വഹിച്ച ശബ്ദവിശേഷമാകുന്നു മുന്‍പറഞ്ഞ ശക്തം. ഈ ശക്തമാകട്ടെ രൂഢം, യോഗരൂഢം, യൗഗികം, യൗഗികരൂഢം എന്നിങ്ങനെ നാലുവിധം.

‘രൂഢൈ്യവ അര്‍ത്ഥബോധകഃ രൂഢഃ’

അര്‍ത്ഥം: രൂഢികൊണ്ട് അര്‍ത്ഥത്തെ ബോധിപ്പിക്കുന്നതു രൂഢം.

രൂഢലക്ഷണം: ‘അവയവശക്തിനൈരപേക്ഷ്യേണ സമുദായശക്തിമാത്രേണ ബുദ്ധ്യതേ തദ്രൂഢം.’

അര്‍ത്ഥം: യാതൊന്നില്‍ അവയവശക്തിയെ അപേക്ഷിക്കാതെ സമുദായശക്തിയെമാത്രം ബോധിപ്പിക്കുന്നുവോ ആ പദം രൂഢം. ഉദാഹരണം: പൃഥ്വി, ജലം മുതലായവ.

യോഗരൂഢലക്ഷണം: ‘യത്ര തു അവയവശക്തിവിഷയേ സമുദായശക്തിരപ്യസ്തി തദ്യോഗരൂഢം.’

അര്‍ത്ഥം: യാതൊരു ശബ്ദത്തില്‍ അവയവശക്തിക്കു വിഷയമായ പൊരുളില്‍ സമുദായശക്തിയുമിരിക്കുന്നുവോ അതു യോഗരൂഢം. ഉദാഹരണം: 1. പങ്കജം എന്ന പദം. പങ്കത്തില്‍ (ചേറില്‍)നിന്നു ജനിച്ചതെന്നുള്ള അവയവശക്തിക്കു വിഷയമായ അര്‍ത്ഥത്തെ സമുദായശക്തികൊണ്ട് ‘താമരപ്പൂ’ എന്നു ബോധിപ്പിക്കുന്നു. 2. ഷട്പദം എന്ന പദം. ഷട് = ആറ്, പദം = പാദങ്ങള്‍: ആറുകാലുള്ളത് എന്ന് അവയവാര്‍ത്ഥം. വണ്ട് എന്നു സമുദായാര്‍ത്ഥം.

യൗഗികലക്ഷണം:

‘യത്ര അവയവാര്‍ത്ഥ ഏവ ബുദ്ധ്യതേ തദ്യൗഗികം.’

അര്‍ത്ഥം: യാതൊരു ശബ്ദത്തില്‍നിന്ന് അവയവാര്‍ത്ഥം മാത്രം അറിയപ്പെടുന്നോ അതു യൗഗികം. ഉദാഹരണം; പാചകഃ എന്ന പദം തനത് ഒരു അവയവമായ ‘പച്’ എന്ന ധാതുവിന്റെ അര്‍ത്ഥമായ പാകംചെയ്കല്‍ എന്നതിനേയും ‘അക’ എന്ന പ്രത്യയത്തിന്റെ അര്‍ത്ഥമായ കര്‍ത്താവിനേയും ചേര്‍ത്തു പാകംചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തെ ബോധിപ്പിക്കുന്നതല്ലാതെ ഈ പദം മറ്റു യാതൊരര്‍ത്ഥത്തേയും ബോധിപ്പിക്കുന്നില്ലാ.

യൗഗികരൂഢലക്ഷണം:

‘യത്ര തു യൗഗികാര്‍ത്ഥരൂഢ്യര്‍ത്ഥയോസ്സ്വാതന്ത്ര്യബോധകസ്തദ്യൗഗികരൂഢം.’

അര്‍ത്ഥം: യാതൊന്നില്‍ യൗഗികാര്‍ത്ഥത്തിനും രൂഢ്യര്‍ത്ഥത്തിനും പരസ്പരസ്വാതന്ത്ര്യം (ഒന്നിനൊന്നു സഹായംകൂടാതെ) ബോധിപ്പിക്കുന്നോ അതു യൗഗികരൂഢം. ഉദാഹരണം: ‘ഉത്ഭിദ്’ എന്ന പദം ഉത്ഭേദിച്ചു(പിളര്‍ന്നു)കൊണ്ട് മേല്‌പോട്ടു പുറപ്പെട്ടുവരുന്ന വൃക്ഷലതാദികളേയും അതിന്റെ സഹായംകൂടാതെ ഒരു യാഗത്തിനേയും ബോധിപ്പിക്കുന്നു. ഇതാണ് രൂഢ്യാദിവിവരണം.

ബ്രാഹ്മണക്ഷത്രിയാദി ശബ്ദങ്ങള്‍ ഒന്നാമതായി പറയപ്പെട്ട രൂഢവകുപ്പില്‍ ചേര്‍ന്നവയാകുന്നു എന്നും അവയവാര്‍ത്ഥം ചിന്തിച്ചിട്ടു കാര്യമില്ലെന്നും ഗജതുരഗാദിശബ്ദങ്ങള്‍ പലവിധ മൃഗജാതികളെ ബോധിപ്പിക്കുന്ന നാമങ്ങളാകുന്നതുപോലെ ബ്രാഹ്മണാദിശബ്ദങ്ങളും പലവിധ മനുഷ്യജാതിയെ ബോധിപ്പിക്കുന്ന നാമങ്ങളാകുന്നു എന്നും ഈ മനുഷ്യജാതിയിലുള്ള വകഭേദങ്ങളെ സ്രഷ്ടാവായ ഈശ്വരനും പരോക്ഷജ്ഞാനശക്തരായ മഹര്‍ഷികള്‍ക്കും മാത്രമേ അറിവാന്‍ കഴിയൂ എന്നും അതിനാല്‍ ഉത്തമഗുണങ്ങളെ ലഭിച്ചതുകൊണ്ട് അധമവകുപ്പുകാര്‍ ഉത്തമവകുപ്പിലും അധമഗുണങ്ങള്‍ ഹേതുവായിട്ട് ഉത്തമവകുപ്പുകാര്‍ അധമവകുപ്പിലും ആകയില്ലെന്നും, അതാതു ജാതിയിലുള്ളവരുടെ പുത്രപൗത്രപരമ്പരകള്‍ മാത്രമേ അതാതു ജാതിയാകയുള്ളു എന്നും ആണ് ഇദാനീന്തനബ്രാഹ്മണരുടെ വാദം.

ഇവരുടെ ഈ സിദ്ധാന്തവും ഇതിന്നനുകൂലമായ സകല പ്രമാണങ്ങളും സര്‍വാബദ്ധമെന്ന് താഴെ കാണിക്കുന്നു.

പതഞ്ജലിയുടെ വ്യാകരണമഹാഭാഷ്യം 2-ാം ആഹ്നികത്തില്‍ ‘നവീനങ്ങളായേര്‍പ്പെടുത്തുന്ന ശബ്ദങ്ങളെ ന്യായാനുസരണം കല്പിക്കണ’മെന്നു പറയുന്നു. മാഹേശ്വരസൂത്രം രണ്ടാം നിരുക്തത്തിലും ശാകടായനവ്യാകരണത്തിലും ‘നാമങ്ങളെല്ലാം ധാതുക്കളില്‍നിന്നുണ്ടായവ’യെന്നു പറഞ്ഞിരിക്കുന്നു. അല്ലാതെയും, ധാതു, പ്രത്യയം ഇതുകളെക്കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്ന ആള്‍, ആ ധാതുവിന്റേയും പ്രത്യയത്തിന്റേയും അര്‍ത്ഥത്തെ ത്യജിച്ചിട്ട് ശബ്ദമാത്രംകൊണ്ട് യാതൊരുകാരണവും കൂടാതെ നാമങ്ങളെ ഏര്‍പ്പെടുത്തി എന്നു പറയുന്നത് അസംബന്ധമാകുന്നു. ഇക്കാലത്തും നിഘണ്ട്വാദികളുടെ വ്യാഖ്യാതാക്കന്മാരായ ഭാനുദീക്ഷിതര്‍ മുതലായവര്‍ ഒരു ശബ്ദത്തെ എങ്കിലും അവയവാര്‍ത്ഥം കൂടാതെ വിട്ടുകളയുന്നില്ല. അതിനാല്‍ അസ്പഷ്ടകാരണകങ്ങള്‍ അല്ലെങ്കില്‍ അജ്ഞാതകാരണകങ്ങള്‍ ആയ നാമങ്ങളെ രൂഢങ്ങളെന്നും ജ്ഞാതകാരണകങ്ങളെ യോഗരൂഢങ്ങളെന്നും പറയുന്നതുതന്നെ യുക്തമായിരിക്കും. ആയതിനാല്‍ അവയവാര്‍ത്ഥമില്ലാതെ യാതൊരു ശബ്ദവുമില്ല കാലാധിക്യം ഹേതുവായിട്ട് ചില ശബ്ദങ്ങളുടെ കാരണം അറിയാതെവന്നതിനാല്‍ അവയവാര്‍ത്ഥം സ്പഷ്ടമാകാതെ ഇരുന്നതുകൊണ്ടുമാത്രം അതുകളെ രൂഢങ്ങളെന്നു പറയുന്നു. അങ്ങനെ രൂഢങ്ങള്‍ അജ്ഞാതകാരണകങ്ങള്‍ എന്നല്ലാതെ അഭാവകാരണകങ്ങള്‍ (അവയവാര്‍ത്ഥമില്ലാത്തവ) ആണെന്ന് ഒരിക്കലും സിദ്ധിക്കുന്നില്ല.

ഇനി ഈ ബ്രാഹ്മണരുടെ സിദ്ധാന്തപ്രകാരം ബ്രാഹ്മണാദിശബ്ദങ്ങള്‍ രൂഢവകുപ്പില്‍ചേര്‍ന്നവയല്ലെന്നു കാണിക്കുന്നു.

ബ്രാഹ്മണന്‍: ബ്രഹ്മാവിന്റെ ഉത്തമാംഗത്തില്‍നിന്നും ജനിച്ചതുകൊണ്ടും ആദ്യം ഉണ്ടായതുകൊണ്ടും ബ്രഹ്മത്തെ (വേദത്തെ) ധരിച്ചതുകൊണ്ടും ‘ബ്രാഹ്മണന്‍’; (മനുസ്മൃതി).

ബ്രഹ്മാവിന്റെ പുത്രനായതുകൊണ്ടും ബ്രഹ്മത്തെ (വേദത്തെ) പഠിക്കുന്നവനല്ലെങ്കില്‍ അറിയുന്നവനാകകൊണ്ടും ‘ബ്രാഹ്മണന്‍’ (പാണിനീസൂത്രം)

ക്ഷത്രിയന്‍: ക്ഷതത്തിങ്കല്‍ (ആപത്തില്‍, മുറിവില്‍) നിന്നും ത്രാണനം ചെയ്യുന്ന(രക്ഷിക്കുന്ന)വന്‍ ‘ക്ഷത്രം’. ക്ഷത്രത്തിന്റെ സന്തതി ‘ക്ഷത്രിയന്‍’ (പാണിനീസൂത്രം 1-13-8) ഇനിയും ക്ഷത്രം എന്ന വാക്കിന്റെ പര്യായനാമമായ ‘രാജ’ എന്ന വാക്കിന് ‘ദുഷ്ടന്മാരുടെ ഉപദ്രവത്തില്‍നിന്നു നീക്കി രഞ്ജിപ്പിക്കുന്നവന്‍’ എന്നു മഹാഭാരതത്തില്‍ അര്‍ത്ഥം കാണുന്നു. ഇതുകൂടാതെയും രാജസന്‍, രാജപുത്രന്‍, ക്ഷത്രിയന്‍, ക്ഷത്രപുത്രന്‍ ഈ നാമങ്ങള്‍ സവ്വാര്‍ത്ഥനാമങ്ങളായിട്ടുതന്നെയിരിക്കുന്നു. അതിനാല്‍ ക്ഷത്രിയശബ്ദം സ്പഷ്ടകാരണകംതന്നെയെന്നും രൂഢവകുപ്പില്‍ ചേര്‍ന്നതല്ലെന്നും സിദ്ധിക്കുന്നു.

വൈശ്യന്‍: വൈശ്യന്‍ എന്ന വാക്ക് ‘വിശ’ എന്ന ധാതുവില്‍നിന്ന് ഉണ്ടായതും തൊഴിലുകളില്‍ പ്രവേശിച്ചവന്‍ എന്ന് അര്‍ത്ഥമുള്ളതുമായ ‘വിശ’ എന്നൊരു നാമം (രൂപം) കൂടിയുള്ളതും ആകുന്നു (നിഘണ്ടുവ്യാഖ്യാനം)

പിന്നെയും ഇതിന്റെ പര്യായനാമങ്ങള്‍ എല്ലാം ധനികന്‍ എന്നോ കച്ചവടക്കാരന്‍ എന്നോ ഉള്ള അര്‍ത്ഥത്തെ ബോധിപ്പിക്കുന്നതുകൊണ്ട് ഇവയും സ്പഷ്ടകാരണകങ്ങള്‍തന്നെയെന്നു തെളിയുന്നു.

ശൂദ്രന്‍: ഈ പദം ‘ശുച=ശോകേ’ എന്ന ധാതുവില്‍ നിന്നുണ്ടായതും, ശോകിക്കുന്ന, ദുഃഖിക്കുന്ന)വന്‍ എന്നര്‍ത്ഥമുള്ളതും ആകുന്നു. (വ്യാസരുടെ വേദാന്തസൂത്രം) ഇതിനെ ശങ്കരാചാര്യരുടെ ടി സൂത്രഭാഷ്യവും നിഘണ്ടുവ്യാഖ്യാനവും താങ്ങിപ്പറയുന്നു. ഇതില്‍നിന്നും ശൂദ്രന്‍ മറ്റു മൂന്നു വകുപ്പുകാ (ബ്രാഹ്മണക്ഷത്രിയവൈശ്യ)രുടെ ക്രിയകളെ ചെയ്യുന്നതിനുള്ള ബുദ്ധിയെ ലഭിക്കാത്തതുകൊണ്ടു ശോകിക്കുന്നവന്‍ അല്ലെങ്കില്‍ ശോകിക്കുന്നവിധമുള്ള താഴ്മയോടുകൂടിയവന്‍ ആണെന്നു കാരണംകൊണ്ടു വന്നതിനാല്‍ ഈ ശബ്ദവും സ്പഷ്ടകാരണകംതന്നെ. അതുകൊണ്ട് ഈ ശബ്ദങ്ങള്‍ ഒന്നുംതന്നെ അവയവാര്‍ത്ഥം ഇല്ലാതുള്ളവയല്ലെന്നും തന്നിമിത്തം രൂഢങ്ങളല്ലെന്നും സിദ്ധിക്കുന്നു.

11 ഈ നിയമത്തില്‍പ്പെട്ട ഭൂമികള്‍

‘സരസ്വതീദൃഷദ്വത്യോര്‍ദ്ദേവനദ്യോര്യദന്തരം
തന്ദേവനിര്‍മ്മിതം ദേശം ബ്രഹ്മാവര്‍ത്തം പ്രവക്ഷ്യതേ’ (മനു. 2-17)

അര്‍ത്ഥം: സരസ്വതിയെന്നും ദൃഷദ്വതിയെന്നും പറയപ്പെടുന്ന ദേവനദികളുടെ മദ്ധ്യപ്രവേശം ദേവന്മാരാല്‍ ഏര്‍പ്പെടുത്തപ്പെട്ട ബ്രഹ്മാവര്‍ത്തമെന്നു പറയപ്പെടുന്നു.

‘കുരുക്ഷേത്രഞ്ച മത്സ്യാശ്ച പാഞ്ചാലാഃ ശൂരസേനകാഃ
ഏഷ ബ്രഹ്മര്‍ഷിദേശോ വൈ ബ്രഹ്മാവര്‍ത്താദനന്തരഃ’ (മനു. 2-19)

അര്‍ത്ഥം: കുരുക്ഷേത്രം, മത്സ്യദേശം, പാഞ്ചാലദേശം, ഉത്തരമധുര ഈ ദേശങ്ങള്‍ ബ്രഹ്മര്‍ഷികള്‍ വസിക്കുന്ന ദേശങ്ങളാകുന്നു. ഈ സ്ഥലങ്ങള്‍ ബ്രഹ്മാവര്‍ത്തദേശങ്ങളോളം ശ്ലാഘ്യങ്ങളല്ല.

‘ഹിമവദ്വിന്ധ്യയോര്‍മ്മധ്യം യല്‍ പ്രാഗ്വിനശനാദപി
പ്രത്യഗേവ പ്രയോഗാച്ച മധ്യദേശഃ പ്രകീര്‍ത്തിതഃ’ (മനു. 2-21)

അര്‍ത്ഥം: ഹിമവാന്‍പര്‍വ്വതത്തിനും വിന്ധ്യപര്‍വ്വതത്തിനും മധ്യമായും സരസ്വതി മറഞ്ഞ വിജനദേശത്തിനു കിഴക്കായും പ്രയാഗയ്ക്കു പടിഞ്ഞാറായും ഇരിക്കുന്ന പ്രദേശം മധ്യദേശമെന്നു പറയപ്പെടുന്നു.

‘ആസമുദ്രാത്തു വൈ പൂര്‍വ്വാദാസമുദ്രാത്തു പശ്ചിമാല്‍
തയോരേവാന്തരം ഗിര്യോരാര്യാവര്‍ത്തം വിദുര്‍ ബുധാഃ’ (മനു. 2-22)

അര്‍ത്ഥം: കിഴക്കെ സമുദ്രം തുടങ്ങി പടിഞ്ഞാറെ സമുദ്രംവരെയുള്ള മുന്‍പറഞ്ഞ പര്‍വ്വതങ്ങളുടെ മധ്യപ്രദേശം മഹാന്മാര്‍ അധിവസിക്കുന്ന ആര്യാവര്‍ത്തമെന്നു പറയപ്പെടുന്നു.

‘കൃഷ്ണസാരസ്തു ചരതി മൃഗോ യത്ര സ്വഭാവതഃ
സജ്ഞേയോ യജ്ഞിയോ ദേശോ മ്ലേച്ഛദേശസ്ത്വതഃ പരഃ’ (മനു. 2-23)

അര്‍ത്ഥം: കൃഷ്ണസാരമെന്ന മാനാകട്ടെ ഏതു സ്ഥലത്തില്‍ സ്വാഭാവികമായി സഞ്ചരിക്കുന്നോ ആ ദേശംതന്നെയാണ് യാഗംചെയ്യുന്നതിനു യോഗ്യമായത്-മറ്റുദേശങ്ങള്‍ അശുദ്ധങ്ങളായ മ്ലേച്ഛദേശങ്ങളെന്നു പറയപ്പെടുന്നു.

ഈ പ്രമാണങ്ങളാല്‍ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയുടെ ജനനഭൂമിയായ ബ്രഹ്മാവര്‍ത്തത്തില്‍ ജനങ്ങളുടെ അഭിവൃദ്ധിനിമിത്തം അവിടം തപോനുഷ്ഠാനങ്ങള്‍ക്കു മതിയാകായ്കയാല്‍ ആ ഋഷികള്‍ അടുത്തുള്ള വിജനപ്രദേശങ്ങളില്‍ വന്നു ഹിതമാകുംവണ്ണം താമസിച്ചു. അതുകൊണ്ട് ഈ പ്രദേശത്തിനു ബ്രഹ്മര്‍ഷിദേശമെന്ന സംജ്ഞ സിദ്ധിച്ചു. ഈ സ്ഥലം ബ്രഹ്മാവര്‍ത്തത്തിന്റെ അടുത്തു തെക്കുകിഴക്കായിട്ടാകുന്നു. ഇതിന്റെ വടക്കേ അറ്റം ബ്രഹ്മാവര്‍ത്തത്തിന്റെ അടുത്ത പൂര്‍വ്വദക്ഷിണഭാഗത്തുള്ള ഹസ്തിനാപുരം മുതലായതിനെ ഒരുകാലത്ത് അന്തര്‍ഭവിപ്പിച്ചുകൊണ്ടിരുന്ന കുരുക്ഷേത്രവും മധ്യത്തില്‍ പാഞ്ചാലദേശവും ശൂരസേനകവും (അതായതു മധുര അല്ലെങ്കില്‍ മുട്രായും) ദക്ഷിണത്തില്‍ മത്സ്യദേശവും ആകുന്നു. ദാര്‍ലാപ്പൂരിന്റെ പടിഞ്ഞാറും ജെയിപ്പൂരിന് 40 മൈല്‍ വടക്കുമുള്ള വിരാടം (ബൈരട്) എന്ന പ്രദേശം ഒരുകാലത്ത് ഇതിന്റെ പ്രധാന സ്ഥാനമായിരുന്നു. ഈ സ്ഥലവും ജനനിബിഡമായപ്പോള്‍ ഋഷികള്‍ കോസലം മുതലായ മധ്യദേശങ്ങളില്‍ വന്നു താമസിച്ചു. ഏകദേശം മധ്യകാലത്തുണ്ടായതുകൊണ്ടും പൂര്‍വ്വപശ്ചിമസമുദ്രങ്ങളുടെ ഇടയിലുള്ള ഭൂമിയുടെ ഏകദേശം മധ്യാന്തരത്തിലാകകൊണ്ടും അടുത്തു പറയപ്പെട്ട ബ്രഹ്മര്‍ഷിദേശം ഉള്‍പ്പെടെ കോസലം മുതലായവയ്ക്കു മധ്യദേശം എന്നു സംജ്ഞ ലഭിച്ചിരിക്കണം. ഇതിന്റെ പശ്ചിമാവധി കുരുക്ഷേത്രവും, പൂര്‍വ്വാവധി പ്രയാഗയും, ദക്ഷിണോത്തരാവധികള്‍ വിന്ധ്യഹിമാലയ പര്‍വ്വതങ്ങളുമാകുന്നു. ഇവിടെയും ഗംഗാനദിയുടെ ഉത്തരതീരത്തില്‍ ആദ്യം ഋഷികള്‍ വന്നു താമസിച്ചതിന്റെ ശേഷമാണ് മറ്റുള്ളവരും അവിടെവന്നു നിറഞ്ഞതെന്നും അതിനാല്‍ ഋഷികള്‍ ഗംഗയുടെ ദക്ഷിണതീരത്തില്‍ വസിപ്പാനാരംഭിച്ചു എന്നും, ഋഷികള്‍ താന്താങ്ങള്‍തന്നെ ധ്യാനാദികള്‍ക്കു വിജനപ്രദേശങ്ങളെ അന്വേഷിക്കുന്നവരാകകൊണ്ടും വാല്മീകിരാമായണത്തില്‍ (ബാലകാണ്ഡം) വിശ്വാമിത്രന്‍ മുതലായ ഋഷികളുടെ ആശ്രമങ്ങള്‍ ദക്ഷിണതീരത്തിലും അയോദ്ധ്യ മുതലായ സ്ഥലങ്ങള്‍ ഉത്തരതീരത്തിലും വര്‍ണ്ണിക്കപ്പെട്ടതുകൊണ്ടും ഊഹിക്കാവുന്നതാണ്. ഇങ്ങനെ കാലക്രമേണ പൂര്‍വ്വപശ്ചിമസമുദ്രങ്ങളുടേയും ഹിമാലയവിന്ധ്യപര്‍വ്വതങ്ങളുടേയും അന്തരാളഭൂമി ആസകലം ജനങ്ങളുടെ വാസസ്ഥലമായിട്ടു ഭവിച്ചു. ഈ സ്ഥലത്തു മുഴുവനും വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു. വര്‍ണ്ണാശ്രമധര്‍മ്മങ്ങളുടെ അവധിയിലുള്‍പ്പെട്ടവര്‍ക്ക് ആര്യന്മാരെന്നും മറ്റുള്ളവര്‍ക്ക് മ്ലേച്ഛന്മാരെന്നും പേരിട്ടു വ്യവഹരിച്ചുവരുന്നു. ആര്യന്‍ എന്ന വാക്കിന് (‘ഋഗതൗ ഗത്യര്‍ത്ഥാനാം ജ്ഞാനാര്‍ത്ഥത്വം’) അറിവുള്ളവന്‍ എന്നും മ്ലേച്ഛശബ്ദത്തിന് (മ്ലേച്ഛഅപശബ്‌ദേ) നല്ലവണ്ണം സംഭാഷണംചെയ്യാനറിയാത്തവന്‍ എന്നും അര്‍ത്ഥമാകുന്നു. ആര്യന്മാര്‍ വര്‍ത്തിച്ചതുകൊണ്ട് ഈ സ്ഥലത്തിന് ആര്യാവര്‍ത്തമെന്നും മറ്റുള്ളസ്ഥലങ്ങള്‍ക്ക് മ്ലേച്ഛദേശങ്ങള്‍ എന്നും പേര്‍ കിട്ടി.

ഇതില്‍നിന്നു ചാതുര്‍വര്‍ണ്ണ്യനിയമത്തിന്റെ അവധിയിലുള്‍പ്പെട്ട ഭൂമികള്‍, പൂര്‍വ്വപശ്ചിമ സമുദ്രങ്ങള്‍ക്കും വിന്ധ്യഹിമാലയ പര്‍വ്വതങ്ങള്‍ക്കും അന്തരാളഭൂമിയായ ആര്യാവര്‍ത്തമാണെന്നു സിദ്ധിച്ചു.

മേല്‍പറഞ്ഞ പ്രമാണങ്ങളാല്‍ ജഗന്നിയന്താവായിരിക്കുന്ന ഭഗവാന്‍ ബ്രഹ്മാവര്‍ത്തത്തിലിരുന്നു ത്രേതായുഗത്തില്‍ ലോകത്തിന്റെ വര്‍ദ്ധനയ്ക്കായിട്ട് ഗുണകര്‍മ്മവിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ശരീരത്തില്‍ മുഖം, ബാഹു, ഊരു, പാദം ഇതുകളുടെ താരതമ്യക്രമത്തിനു വര്‍ണ്ണമെന്നു സാമാന്യനാമത്തോടും ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരെന്ന പ്രത്യേക നാമത്തോടുംകൂടിയ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥാപനയെ ബ്രഹ്മാവര്‍ത്തം തുടങ്ങി ആര്യാവര്‍ത്തം മുഴുവനിലേക്കുമുള്ള നിയമമായിട്ട് ഏര്‍പ്പെടുത്തി എന്നു വ്യക്തമായി.

ഈ മലയാളദേശമാകട്ടെ ബ്രഹ്മാവര്‍ത്തത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും അതിര്‍ത്തിയിലുള്‍പ്പെട്ടതല്ലെന്നും, അതിനാല്‍ ഇവിടെ ചാതുര്‍വര്‍ണ്ണ്യനിയമം ആ കാലങ്ങളില്‍ നടപ്പിലായിരുന്നില്ലെന്നും ഇതില്‍നിന്നും വ്യക്തമാകുന്നു. മേല്പറഞ്ഞ അതിര്‍ത്തിക്കുപുറമേയുള്ള എല്ലാ സ്ഥലങ്ങളേയും മ്ലേച്ഛദേശങ്ങളെന്നും എല്ലാ ആളുകളേയും മ്ലേച്ഛന്മാരെന്നും ഒരുപോലെ കരുതിപ്പോന്നിരുന്ന ആര്യന്മാര്‍ തങ്ങളുടെ ചില ഗ്രന്ഥങ്ങളില്‍ മലയാളിനായന്മാരെ മ്ലേച്ഛസ്ഥാനത്തിലുപരിയായി കല്പിച്ചിരിക്കുന്നതുതന്നെ അക്കാലത്തെ നായന്മാരുടെ ബഹുമാന്യതയ്ക്ക് ഒരു മതിയായ തെളിവാകുന്നു. 2ഇങ്ങനെയിരിക്കവേ ഈ മലയാളിനായന്മാരില്‍ ശൂദ്രശബ്ദാരോപണംചെയ്‌വാന്‍, പ്രമാണയുക്ത്യാനുഭവങ്ങളാല്‍ ത്യാജ്യമായി തള്ളിയ പരമ്പരാവകാശംകൊണ്ടുപോലും ആര്‍ക്കും അര്‍ഹതയില്ലെന്നു തെളിഞ്ഞിരിക്കുന്നു.

ഇനിയും വര്‍ണ്ണവ്യത്യാസം പ്രകൃത്യനുസരണമായിരിക്കുന്നതിനാല്‍ യാതൊരു സമുദായത്തിനും മറ്റൊന്നിന്റെ മേല്‍ ജാതിശ്രേഷ്ഠത ഭാവിക്കുവാന്‍ അര്‍ഹതയില്ലെന്നുള്ളതിനു മേല്‍കാണിച്ചവകൂടാതെ താഴെപ്പറയുന്ന സംഗതികളും ഗണനീയങ്ങളാകുന്നു.

‘ഋഗ്‌ഭ്യോ ജാതം വൈശ്യവര്‍ണ്ണമാഹു; യജുര്‍വ്വേദം ക്ഷത്രിയസ്യാഹുര്‍ യോനിം; സാമവേദോ ബ്രാഹ്മണാനാം പ്രസൂതിഃ’ (തൈത്തിരീയബ്രാഹ്മണം)

അര്‍ത്ഥം: ബ്രാഹ്മണന്റെ ജന്മം സാമവേദത്തില്‍നിന്നും, ക്ഷത്രിയന്റെ ജന്മം യജുര്‍വ്വേദത്തില്‍നിന്നും വൈശ്യന്റെ ജന്മം ഋഗ്വേദത്തില്‍നിന്നും ആകുന്നു. ശൈവശാസ്ത്രത്തില്‍ ശിവന്റെ അവയവങ്ങളില്‍നിന്നും ചാതുര്‍വ്വര്‍ണ്യമുണ്ടായി എന്നും വൈഷ്ണവശാസ്ത്രത്തില്‍ വിഷ്ണുവിന്റെ അവയവങ്ങളില്‍നിന്നാണെന്നും ശാക്തേയത്തില്‍ ശക്തി (ദേവി) യുടെ അവയവങ്ങളില്‍നിന്നാണെന്നും കാണുന്നു; ആകപ്പാടെ നോക്കിയാല്‍ വര്‍ണ്ണവ്യത്യാസത്തിനുള്ള കാരണം ലോകവൃദ്ധി മാത്രമാകുന്നു. അതനുസരിച്ച് എല്ലായിടത്തും എല്ലാക്കാലത്തും പലമാതിരി സ്ഥിതിഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. (ബൃഹദാരണ്യകോപനിഷത്തില്‍നിന്നും മുമ്പില്‍ ചേര്‍ത്തിരിക്കുന്ന ഭാഗം നോക്കുക) പുരോഹിതപ്പെരുമയുടെ ദോഷഫലങ്ങളെ ഒഴിച്ചുനോക്കുകയാണെങ്കില്‍ നമ്മുടെ കര്‍മ്മഭൂമിയില്‍ത്തന്നെയും പുരാതനകാലംമുതല്‍ക്കേ ഇതിന്റെ പരമാര്‍ത്ഥം ശരിയായി അറിയപ്പെട്ടിരുന്നു എന്നു വെളിവാകുന്നതാണ്. ഉദാഹരണമായി താഴെപ്പറയുന്ന ബ്രാഹ്മണലക്ഷണം നോക്കുക.

‘അഗ്നിഹോത്രവ്രതപരാന്‍ സ്വാധ്യായനിരതാന്‍ ശുചീന്‍
ഉപവാസരതാന്‍ ദാന്താംസ്താന്‍ ദേവാ ബ്രാഹ്മണാന്‍ വിദുഃ
ക്ഷാന്തം ദാന്തം മിതക്രോധം ജിതാത്മാനം ജിതേന്ദ്രിയം
തമേവ ബ്രാഹ്മണം മന്യേ ശേഷാഃ ശൂദ്രാ ഇതി സ്മൃതഃ
…………………………………
…………………………………
ന ജാതിഃ പൂജ്യതേ രാജന്‍ ഗുണാഃ കല്യാണകാരകാഃ
ചണ്ഡാലമപിവൃത്തസ്ഥം തം ദേവാ ബ്രാഹ്മണം വിദുഃ’ (ഗൗതമസംഹിതാ)

ഇനിയും, ബ്രാഹ്മണവര്‍ണ്ണം മനുഷ്യരില്‍ മാത്രമല്ലാ ദേവന്മാരിലും ഉണ്ടെന്നുള്ളതിനു മുന്‍കാണിച്ച ബൃഹദാരണ്യോപനിഷദ് ഭാഷ്യം തെളിവായിരിക്കുന്നു; എന്നുതന്നെയുമല്ല, ഓരോ ജന്തുക്കളേയും സാധനങ്ങളേയുംപറ്റി പറയുന്നിടത്തൊക്കെ ഈമാതിരി വര്‍ണ്ണവ്യത്യാസം പണ്ടുപണ്ടേ വ്യവസ്ഥാപിതവും ആകുന്നു. ഉദാഹരണമായി ആന, സര്‍പ്പം മുതലായ ജന്തുക്കളിലും രാഗം, സ്വരം മുതലായവയിലും ചാതുര്‍വര്‍ണ്യം യോജിപ്പിച്ചു കാണുന്നുണ്ട്. ഗ്രന്ഥവിസ്തരഭയത്താലും ഈ വക സംഗതികള്‍ വായനക്കാര്‍ക്ക് ദുഷ്പ്രാപമല്ലായ്കയാലും ഇവിടെ പ്രത്യേകം വിവരിക്കുന്നില്ല.

ഇപ്രകാരം ചാതുര്‍വ്വര്‍ണ്യത്തിന്റെ നിലനില്പിന് അതിന്റെ അടിസ്ഥാനമായ ഗുണകര്‍മ്മവിഭാഗം കാരണമാകയാല്‍ അതിലിരിക്കുന്നതിന് അതാതു വര്‍ണ്ണങ്ങളിലേക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗുണകര്‍മ്മങ്ങളുള്ളവന്‍ മാത്രമേ യോഗ്യനാവൂ എന്നും അല്ലാത്തവന്‍ വര്‍ണ്ണത്തിലെ പിതൃമാതൃക്കളില്‍നിന്നു ജനിച്ചവനായാലും ആ വര്‍ണ്ണങ്ങളിലിരിക്കാന്‍ യോഗ്യനാകയില്ലെന്നും ഏതെങ്കിലും ഒരു വര്‍ണ്ണത്തില്‍ ജനിച്ചവനില്‍ ആ വര്‍ണ്ണത്തിലേക്കു വേണ്ടതായ ഗുണകര്‍മ്മങ്ങളില്ലാതിരിക്കയും മറ്റു വര്‍ണ്ണത്തിലേക്കു തക്കതായ ഗുണകര്‍മ്മങ്ങളുണ്ടായിരിക്കയും ചെയ്താല്‍ യഥായോഗ്യം മാറ്റിവെക്കാമെന്നും, അപ്രകാരം ഇന്നുവരേയും ചെയ്തുവരുന്നുണ്ടെന്നും ഇങ്ങനെ ഗുണകര്‍മ്മങ്ങളെ ആശ്രയിച്ചല്ലാതെ മറ്റേതുവിധമായാലും ഈ നിയമത്തിന് അടിസ്ഥാനമില്ലാതായി പോകുന്നതുകൊണ്ട് കാലാന്തരത്തില്‍ മുന്‍പറഞ്ഞ സകല ഏര്‍പ്പാടുകളും നശിച്ചു വര്‍ണ്ണസാംകര്യം സംഭവിച്ചുപോകുമെന്നും ചാതുര്‍വ്വര്‍ണ്യനിയമത്തിനുമുമ്പ് എങ്ങനെയിരുന്നുവോ അപ്രകാരംതന്നെ (കാലഭേദമൊഴിച്ച്) ആയിത്തീരുമെന്നും സിദ്ധിക്കുന്നു.

എന്നാല്‍ ഇപ്പോഴത്തെ നടപ്പുമുറ ഇതിന് അനുകൂലമായിട്ടാകുന്നു. അതിനെയാകുന്നു (മുമ്പില്‍ പറയപ്പെട്ട), രണ്ടാമത്തെ പിരിവായ കുക്ഷിപൂരണമതമെന്നു പറയുന്നത്, അതിന്റെ സ്വഭാവാദികളെ അടുത്ത അദ്ധ്യായത്തില്‍ വിവരിക്കുന്നു.

അടിക്കുറിപ്പുകള്‍

1. ആത്മൈവേദം’ എന്നു പാറാന്തരം.

2. ധര്‍മ്മരാജ്യം എന്ന പേരുതന്നെ സാക്ഷാല്‍ ധര്‍മ്മപുത്രര്‍ ഈ മലയാളത്തിനു കൊടുത്തിട്ടുള്ളതാണെന്ന് ഒരു ഐതിഹ്യമുണ്ട്. – പ്ര. സാ.