ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാല്‍ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടില്‍ ബ്രാഹ്മണശബ്ദവും വരുവാന്‍ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേര്‍ന്ന് 'മലയാളബ്രാഹ്മണര്‍' എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടില്‍ വളരെക്കാലമായിട്ടു നടപ്പില്‍ വന്നിരിക്കയാല്‍ ഇതിലേക്ക് ഏതെങ്കിലും മാര്‍ഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ.

നായന്മാരുടെ ഔല്‍കൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം 6

ആദ്യം ബ്രാഹ്മണരുടെ ഔല്‍കൃഷ്ട്യത്തേയും ശൂദ്രരുടെ നൈകൃഷ്ട്യത്തേയും കാണിക്കുന്നതായ അവരുടെ അന്യോന്യപെരുമാറ്റങ്ങളെ പറഞ്ഞു. അനന്തരം ശൂദ്രരുടെ ഔല്‍കൃഷ്ട്യത്തേയും ബ്രാഹ്മണരുടെ നൈകൃഷ്ട്യത്തേയും കാണിക്കുന്ന കൃത്യങ്ങളെ പറഞ്ഞു. ഇതുകളില്‍ ബ്രാഹ്മണരുടെ പെരുമയേയും (മേന്മയേയും) ശൂദ്രരുടെ താഴ്മയേയും കുറിച്ചു പറയുന്നതിനെ എല്ലാം ബ്രാഹ്മണപരമായിരിക്കുന്ന കേരളോല്പത്തികള്‍, കേരളമാഹാത്മ്യം മുതലായവ താങ്ങുന്നുണ്ട്. ശൂദ്രരുടെ മേന്മയേയും ബ്രാഹ്മണരുടെ താഴ്മയേയും കുറിച്ചു പറയുന്ന സംഗതികളെ ഒക്കെയും എല്ലാപേരും സമ്മതിച്ചിരിക്കുന്ന ആധാരപ്രമാണങ്ങളും യുക്ത്യനുഭവങ്ങളും താങ്ങുന്നുണ്ട്. ഇതുകളില്‍ ആദ്യത്തെ ഭാഗം ശരിയാണെങ്കില്‍ രണ്ടാമത്തെ (വിധവും) ഭാഗവും രണ്ടാമത്തെ ഭാഗം ശരിയായിരിക്കുന്ന പക്ഷം ആദ്യത്തെ (ഒന്നാമത്തെ) ഭാഗവും വാസ്തവമായി വരാന്‍ പാടില്ല.

ഒന്നാമത്തെ പക്ഷത്തില്‍ ചേര്‍ന്ന ഭാര്‍ഗ്ഗവബ്രാഹ്മണകീര്‍ത്തനങ്ങളും തല്‍പ്രമാണങ്ങളും ശ്രുതിയുക്ത്യനുഭവങ്ങള്‍ക്ക് ഒക്കാതെയും ഖണ്ഡിക്കപ്പെട്ടും പോയതുകൊണ്ട് ആധാരപ്രമാണങ്ങള്‍ക്കും യുക്ത്യനുഭവങ്ങള്‍ക്കും ശരിയായിട്ടിരിക്കുന്ന രണ്ടാംഭാഗത്തെത്തന്നെ വാസ്തമായുള്ളതെന്നു നിശ്ചയിക്കേണ്ടതായിരിക്കുന്നു. അപ്രകാരമാകുമ്പോള്‍ മലയാളഭൂമിയും സകല വസ്തുക്കളും നായന്മാര്‍ക്കു മാത്രമുള്ളതായിട്ടേ ഇരിക്കാന്‍ പാടുള്ളൂ. അപ്പോള്‍ മലയാളബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും സകലവും ശൂദ്രരുടെ വകയായിട്ടും അവര്‍ ഈ ബ്രാഹ്മണര്‍ക്കു കൊടുത്തതായിട്ടും തന്നെയിരിക്കണം. അല്ലെങ്കില്‍ ഈ ബ്രാഹ്മണരും ശൂദ്രര്‍തന്നെയാകുന്നു എന്നും മറ്റൊരു പ്രകാരത്തിലുമാവാന്‍ പാടില്ലെന്നുംവരും.

എന്നാല്‍ ഇനി ബ്രാഹ്മണരുടെ വസ്തുക്കളും പദവികളുംകൂടി മേല്പറഞ്ഞപ്രകാരം ശൂദ്രര്‍ക്കുള്ളതായിട്ടും അവര്‍ ഈ ബ്രാഹ്മണര്‍ക്കു കൊടുത്തതായിട്ടും തന്നെയിരിക്കുന്നോ; അല്ലാത്തപക്ഷം മലയാളബ്രാഹ്മണര്‍ എന്നു പറയപ്പെടുന്നവരും ശൂദ്രര്‍തന്നെയാണെന്നു കലാശിക്കുന്നോ? രണ്ടുപ്രകാരത്തിലേതാകുന്നു ശരി എന്നു നോക്കാം:

മലയാളബ്രാഹ്മണര്‍ എന്നാല്‍ മലയാളത്തിലെ ബ്രാഹ്മണര്‍ എന്ന് അര്‍ത്ഥമാകുന്നു. മലയാളത്തിലെ ബ്രാഹ്മണരെന്നതിന്നര്‍ത്ഥം മലയാളത്തില്‍ ജനിച്ചു വാഴുന്നവരെന്നോ അന്യദേശങ്ങളില്‍ വന്നു താമസിക്കുന്നവരെന്നോ? മലയാളഭൂമിയുണ്ടായശേഷം ആദ്യമായിട്ട് അവിടെ ബ്രാഹ്മണരെന്നൊരു വകക്കാരുണ്ടായിരുന്നില്ലെന്നു പ്രമാണസിദ്ധമാകയാല്‍ ജനിച്ചുവാഴുന്നവരെന്നു പറവാന്‍ പാടില്ലാ. പരദേശങ്ങളില്‍നിന്നു വന്നു താമസിക്കുന്നവരെന്നാകുന്നപക്ഷം ബ്രാഹ്മണജാതിയിലുള്ള അനേകവര്‍ഗ്ഗക്കാര്‍ മലയാളത്തു വന്നു താമസിച്ചുവരുന്നുണ്ട്. അവരിലാര്‍ക്കും മലയാളശബ്ദം ചേരുകയോ ചേര്‍ക്കുകയോ ചെയ്തിട്ടില്ലാ. ഇവിടെനിന്നു ലഭിക്കുന്ന ആദായത്തിനോടു സ്‌നേഹമുണ്ടെങ്കിലും മലയാളശബ്ദത്തെ സ്വജാതിനാമത്തോടു ചേര്‍ക്കുന്ന കാര്യത്തില്‍ പലര്‍ക്കും വെറുപ്പുതന്നെ. ശ്രവണമാത്രത്തില്‍പ്പോലും വെറുപ്പുതോന്നുന്ന വകക്കാര്‍ ധാരാളമില്ലെന്നില്ലാ. ‘പരദേശബ്രാഹ്മണരെല്ലാപേരും പലപ്പോഴായിട്ട് തനിയെ വന്നിട്ടുള്ളവരും യഥേഷ്ടം സ്വദേശത്തും മലയാളത്തിലുമായിട്ടു ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്നവരുമാകയാല്‍ മലയാളരാകാത്തതാണ്. ആദ്യം വന്നവര്‍ അപ്രകാരമുള്ളവരല്ലാ. ഭാര്‍ഗ്ഗവന്‍ പോയി ക്ഷണിച്ചുകൊണ്ടുവന്നു ഭൂമിയും കൊടുത്തു സ്വദേശമായ പരദേശത്ത് ഒരുനാളും പോകാന്‍പാടില്ലാത്തവിധത്തിലുള്ള ഏര്‍പ്പാടുകളും ചെയ്ത് ഇവിടെത്തന്നെ വാഴിക്കയാല്‍ മലയാളരായിപ്പോയതാണ്,’ എന്നിങ്ങനെ പറയാമെന്നുവച്ചാല്‍ ഭാര്‍ഗ്ഗവന്‍ കൊണ്ടുവന്നു എന്നും മറ്റുമുള്ള സകല സംഗതികളും ഇതിനു മുമ്പുതന്നെ ഖണ്ഡിക്കപ്പെട്ടു പോയിരിക്കുന്നതിനാല്‍ ആയതിനും പാടില്ല.

അല്ലാതെയും ‘മലയാളമെന്നും ബ്രാഹ്മണ’നെന്നും രണ്ടു വാക്കുളളവയില്‍ ആദ്യത്തേതു പന്ത്രണ്ടു തമിഴുനാടുകളിലൊന്നായ ഈ മലയാളഭൂമിയുടെ പേരാകയാല്‍ മലയാളഭാഷയിലുള്ളതും രണ്ടാമത്തേത് (ബ്രാഹ്മണശബ്ദം) മലയാളഭാഷയോടു ചേര്‍ന്നതല്ലാത്തതും ബ്രഹ്മാവര്‍ത്തത്തിലുണ്ടായതും ആര്യാവര്‍ത്തം മുഴുവനും ധാരാളം നടപ്പുള്ളതുമാകയാല്‍ സംസ്‌കൃതഭാഷയില്‍ ചേര്‍ന്നതുമാകുന്നു.

ഇപ്രകാരം മലയാളനാടും ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാല്‍ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടില്‍ ബ്രാഹ്മണശബ്ദവും വരുവാന്‍ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേര്‍ന്ന് ‘മലയാളബ്രാഹ്മണര്‍’ എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടില്‍ വളരെക്കാലമായിട്ടു നടപ്പില്‍ വന്നിരിക്കയാല്‍ ഇതിലേക്ക് ഏതെങ്കിലും മാര്‍ഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ. എന്നാല്‍ അതിനെപ്പറ്റി അന്വേഷണം ചെയ്താല്‍ താഴെ കാണിക്കുന്നവയല്ലാതെ മറ്റു യാതൊരു മാര്‍ഗ്ഗവും ആവശ്യവും അതിനില്ലെന്നു തീര്‍ച്ചപ്പെടുന്നു.

ബ്രാഹ്മണര്‍ ഇവിടെ വന്നുചേരുന്നതിനു മുമ്പേതന്നെ ഇവിടെ (മലയാളത്തില്‍) സ്വന്തമായിട്ട് ഒരുവക ആളുകള്‍ ഉണ്ടായിരുന്നു എന്നും ആയവര്‍ വളരെ ബലവാന്മാരും സാമര്‍ത്ഥ്യശാലികളും സദാചാരധര്‍മ്മതല്പരന്മാരും സല്‍ഗുണസമ്പന്നരും ധൈര്യശാലികളും ആയിരുന്നുവെന്നും അവര്‍തന്നെ ഈ ഭൂമിയെ പരിപാലിച്ചുവന്നു എന്നും അങ്ങനെയിരിക്കവെ ബ്രാഹ്മണര്‍ ദാരിദ്ര്യനിവൃത്തിയെ കരുതി പലപ്പോഴും കൂട്ടംകൂട്ടമായിട്ട് ഇവിടെ വന്നുചേരുകയും അവരുടെ നടപടികളും സ്വഭാവങ്ങളും പിടിക്കായ്കയാല്‍ അപ്പഴപ്പോള്‍ സ്വദേശികള്‍ (നായകന്മാര്‍) അവരെ തുരത്തി ഓടിക്കയും എന്തായിട്ടും വേറെ ഗതിയില്ലായ്കയാല്‍ അവര്‍ പലരും പല സമ്പ്രദായങ്ങളും കൊണ്ടു സൂത്രത്തില്‍ വന്നു പലരേയും പലപ്രകാരത്തില്‍ പ്രീതിപ്പെടുത്തുകയും ഇങ്ങനെ ക്രമേണ ഇവിടത്തെ താമസത്തിനു തരം സമ്പാദിക്കുകയും ചെയ്തു എന്നും സംസ്‌കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിലെ നല്ല കവികളെക്കുറിച്ച് അഭിനവകാളിദാസനെന്നും ഇന്‍ഡ്യന്‍ ഷേക്‌സ്പിയറെന്നും മറ്റും പറയുന്നതുപോലെ ആ കാലത്ത് ഈ മലയാളത്തുണ്ടായിരുന്നുവരുടെ അവസ്ഥ അവിടത്തെ (ആര്യാവര്‍ത്തത്തിലെ) സല്‍ബ്രാഹ്മണരുടെ അവസ്ഥയോടു തുല്യമായിട്ടോ അതിനെക്കാള്‍ ഉപരിയായിട്ടോ ഇരിക്കുന്നതിനെ കണ്ടും എങ്ങനെയും മേല്‍ക്കുമേല്‍ പ്രീതിയെ സമ്പാദിക്കുന്നതിനുവേണ്ടിയും ബഹുമാനസൂചകമായിട്ട് ആ (വന്നിരുന്ന) ബ്രാഹ്മണര്‍തന്നെ ഇപ്രകാരം ‘മലയാളബ്രാഹ്മണര്‍’ എന്നു വിളിച്ചുതുടങ്ങുകയും ഇവര്‍ അതിനെ സ്വീകരിച്ചുപോരുകയും ചെയ്തിട്ടുള്ളതാകുന്നു എന്നുമാണ് ഇതിന്റെ വാസ്തവം. മേല്പറഞ്ഞ സംഗതികളെ താഴെ കാണിക്കുന്ന പ്രമാണങ്ങള്‍ മുഴുവന്‍ സാധൂകരിക്കുന്നു.

‘നാകാസ്സര്‍വ്വേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ,
ചതുഷ്ഷഷ്ടിതമാ നാകാ വയമേവ ന സംശയഃ
വരുണസ്തു പുരാസ്മാകം ദത്തവാന്‍ ദ്വിജസത്തമാഃ
സമുദ്രാന്തേ ച യാ ഭൂമിര്‍ജാതാ ചേന്മമ ശാസനാല്‍
നാകേഭ്യശ്ച മയാ ദത്താ മദ്ദേഹസ്യ വിഷോല്‍കരം
നാകാനാം ശാസനാദേവ നിവാരയതു ദേഹജം.
വിഷഹീനശരീരോഭൂത്തല്‍ക്കാലേ തേജസാ യുതഃ
തസ്മാദസ്മാകമേവാശു കേരളം ഭൂമിമണ്ഡലം
ന ദീയതേ ച യുഷ്മാഭിര്‍ച്ഛര്‍ദ്ദയിഷ്യാമഹേ വിഷം
ചതുഷ്ഷഷ്ടിതമേ ഗ്രാമേ സര്‍വ്വം രാജസു കുര്‍മ്മഹേ,
ഭാര്‍ഗ്ഗവം പ്രാഹ ഭഗവാന്‍ നാരദോ മുനിവല്ലഭഃ
ചതുര്‍ണ്ണാം സ്ഥാനമത്രൈവ ഏകഭാഗശ്ച ദീയതാം.
നാരദസ്യവചശ് ശ്രുത്വാ ഭാര്‍ഗ്ഗവോദത്തവാന്‍ ദ്വിജൈഃ
യാവല്‍ ഗോകര്‍ണ്ണപര്യന്തം താവല്‍ കന്യാകുമാരികാ
ഗ്രാമേഷു ക്ഷേത്രഗോഷ്‌ഠേഷ്ടഭവനേഷു മമാജ്ഞയാ
ചതുര്‍ണ്ണാമേകഭാഗഞ്ച നാകേഭ്യശ്ച പ്രയച്ഛതി’ (കേ. മാ. അ. 88.)

അര്‍ത്ഥം: ‘നാകന്മാരെല്ലാവരും കൂടിച്ചേര്‍ന്നു ശ്രീമൂലസ്ഥാനമണ്ഡലത്തില്‍ പ്രവേശിച്ച് അല്ലയോ ദ്വിജസത്തമന്മാരേ! ഞങ്ങള്‍ 64 ഗ്രാമക്കാരായ നാകന്മാരാകുന്നു; സംശയമില്ലാ (സംശയിക്കേണ്ട) ഈ ഭൂമി വരുണന്‍ പണ്ടു ഞങ്ങള്‍ക്കു തന്നതാകുന്നു (എങ്ങനെയെന്നാല്‍) എന്റെ (വരുണന്റെ) ആജ്ഞനിമിത്തം സമുദ്രത്തിലുണ്ടായ ഭൂമിയെ ഞാന്‍ നാകന്മാര്‍ക്കായിട്ടു കൊടുത്തിരിക്കുന്നു; എന്റെ ശരീരത്തിലുണ്ടായിരിക്കുന്ന വിഷവര്‍ദ്ധന1 ഈ നായകന്മാരുടെ ശാസനകൊണ്ടുതന്നെ ശമിക്കട്ടെ (ശമിക്കും)2; ഇപ്രകാരം കൊടുത്തപ്പോള്‍ വിഷഹീനശരീരനായി തേജോമയനായിഭവിക്കയും ചെയ്തു3; അതുകൊണ്ട് ഈ ഭൂമി ഞങ്ങള്‍ക്കുള്ളതുതന്നെയാണ്. ഈ കേരളഭൂമണ്ഡലത്തെ തല്‍ക്ഷണം ഇങ്ങോട്ടു വിട്ടുതന്നില്ലെന്നുവരികില്‍ 64 ഗ്രാമങ്ങളിലും വിഷത്തെ പുറപ്പെടുവിക്കുന്നുണ്ട് 4; ഇങ്ങനെ പറഞ്ഞപ്പോള്‍ ശരിയായിട്ടു നാലിലൊരുഭാഗം (ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെ) അവര്‍ക്കു കൊടുക്കുന്നതാണ് നല്ലത് എന്നു ഭാര്‍ഗ്ഗവനോടു നാരദന്‍ പറഞ്ഞതുകേട്ട് ഭാര്‍ഗ്ഗവന്‍ എല്ലാ വസ്തുക്കളില്‍നിന്നും നാലിലൊരു ഭാഗം ബ്രാഹ്മണരെക്കൊണ്ടു കൊടുപ്പിച്ചു.’

എങ്കിലോ പണ്ടു ബ്രാഹ്മണനരുളാല്‍ അലകടലടിച്ചുകൊള്ളും, എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവു വിട്ടു, പിന്‍വാങ്ങിക്കൊള്‍വൂതാകവെ, സമുദ്രരാജനായിരിപ്പൊരു വരുണരാജന്‍5 മകിഴ്‌വുറ്റു6 താനെ താന്‍ പെറ്റു7 കൊടുപ്പൂതും ചെയ്തു.

‘എങ്കിലോ അക്കടലുടയ നാകത്താന്മാരല്ലോ ആകുന്നത്.11 അവര്‍ക്കല്ലോ ആദികാലത്തേ വരുണന്‍ ഒരു നൂറ്റെട്ടുകാതംകൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയത്.’

‘അപ്പെരും കോലുറ്റ നാകരോ ചീ പടിയാക മഹാദും ബ്രാഹ്മണര്‍ക്കു വശമല്ലാഞ്ഞു;

‘കാറിടിയൊത്തു ച്ചീറിമിഴിക്ക, പ്പേടി മുഴുത്തു, ക്കൈകളൊതുക്കി, കൂറചുരുക്കി, ത്തലയതു താഴ്ത്തി, ക്കാതം വിട്ടുക്കണിയും വിട്ടു പ്പാടുംവിട്ടു, ത്താനംവിട്ടു, ഇരവില്‍ താനെ മൂച്ചു8 വിടാതെ പ്പാറപ്പറ്റ പ്പലവഴി പോയാര്‍.’ (ഒരു പഴയ കേരളോല്പത്തി)

‘സമ്പൂര്‍ണ്ണാദുദകാജ്ജാതാ (നിറഞ്ഞ ജലത്തില്‍നിന്നുണ്ടായത്) (കേരളമാഹാത്മ്യം)

‘കേരളം’; യദ് (യാതൊന്നു) കേ (ജലേ) രളതി (രാജതി) യാതൊന്നു വെള്ളത്തില്‍ ശോഭിക്കുന്നുവോ അതു കേരളം. (കേരളവിലാസം)

‘സമുദ്രം ഒരുകാലത്തു ക്രമേണ മുന്നോട്ടുള്ള ഊക്കം വിട്ടു പടിഞ്ഞാറോട്ടു മാറിയപ്പോള്‍ സമുദ്രരാജനായ വരുണരാജന്‍ താനേ താന്‍ പെറ്റത്’ (സമുദ്രം നീങ്ങിയപ്പോള്‍ അവിടെ കാണപ്പെട്ടത്.) (ഒരു പഴയ കേരളോല്പത്തി)

‘ഭാര്‍ഗ്ഗവന്‍ വരുണനെ സേവിച്ചു തപസ്സുചെയ്തു ഭൂമീദേവിയെ വന്ദിച്ച് (സമുദ്രത്തില്‍നിന്ന്) നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി.’ (വേറെ ഒരു കേരളോല്പത്തി)

ഈ പ്രമാണങ്ങളാല്‍ ഈ ഭൂമി, സമുദ്രം കിടന്നിരുന്ന സ്ഥലം അതായതു കടല്‍വൈപ്പ് ആകുന്നു എന്നു വിശദമാകുന്നു.

‘വരുണസ്തു പുരാസ്മാകം ദത്തവാന്മുനിസത്തമ’ (കേരളമാഹാത്മ്യം)

അര്‍ത്ഥം: വരുണനാകട്ടെ പണ്ടുപണ്ടേ ഞങ്ങള്‍ക്കു തന്നുപോയിട്ടുള്ളതാകുന്നു.

‘തസ്മാദസ്മാകമേവ’ (കേരളമാഹാത്മ്യം)

അര്‍ത്ഥം: ‘അതിനാല്‍ ഞങ്ങള്‍ക്കുള്ളതുതന്നെയാണ്’9, എന്നു നാകന്മാരും; അതിനെ സമ്മതിച്ച്,

നാകേഭ്യശ്ച മയാ ദത്താ (കേരളമാഹാത്മ്യം)

അര്‍ത്ഥം: ‘നാകന്മാര്‍ക്കായിട്ടു ഞാന്‍ കൊടുത്തിരിക്കുന്നു10 എന്നു വരുണനും പറഞ്ഞിരിക്കുന്നതിനാലും,

‘എങ്കിലോ അടക്കലുടയ നാകത്താന്മാരല്ലോ ആകുന്നത്;* അവര്‍ക്കല്ലോ ആദികാലത്തെ വരുണന്‍ ഒരു നൂറ്ററുപതുകാതംകൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയത്.’

എന്ന് മുന്‍പറഞ്ഞ കേരളോല്പത്തിവാക്യംകൊണ്ടും നാകന്മാര്‍ കടല്‍വെപ്പായ ഈ ഭൂമിയുടെ ആദ്യത്തെ ഉടയക്കാരും കൈവശക്കാരും ഈ കടല്‍വെപ്പുണ്ടാകുന്നതിനുമുമ്പ് സമുദ്രത്തോടു തൊട്ടുകിടന്നിരുന്ന മലമ്പ്രദേശത്തിലെ പ്രഭുക്കളുംഅവിടെ പാര്‍പ്പുകാരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.

ഇനി എല്ലാറ്റിലും നാലാലൊരുഭാഗം നാകന്മാര്‍ക്കു കൊടുപ്പിച്ചു, എന്നതിന്റെ സാരം അടുത്തുവരുന്ന പ്രസംഗങ്ങളില്‍നിന്നു താനേ വെളിപ്പെടും, അതുകൊണ്ട് ഇവിടെ പ്രത്യേകം എടുത്തു വിവരിക്കുന്നില്ല.

‘അസിഹസ്‌തൈ രക്ഷിതത്വാല്‍പ്രഭുഭിര്‍ന്നാകനാമകൈഃ’ (മലയാദ്രി മാഹാത്മ്യം)

അര്‍ത്ഥം: ‘കൈയില്‍ വാളുള്ളവരും നാകന്മാര്‍ എന്നു പ്രസിദ്ധന്മാരും ആയ പ്രഭുക്കളാല്‍ രക്ഷിക്കപ്പെടുക നിമിത്തം.’

‘നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി….’ (സഹ്യാദ്രിഖണ്ഡം)

അര്‍ത്ഥം: ‘നായകന്മാരെന്നു പേരുള്ള ശൂദ്രരാജാക്കളുള്ള സ്ഥലം.’

ഈ പ്രമാണങ്ങളാല്‍ ഈ ഭൂമിയെ നാകന്മാര്‍തന്നെ കൈവശംവച്ചു രക്ഷിച്ചുവന്നിരുന്നു എന്നു തീര്‍ച്ചപ്പെടും.

താഴെ കാണിക്കുന്ന പ്രമാണങ്ങളെക്കൊണ്ട് ഈ നാകന്മാര്‍ പണ്ട് ഏതെല്ലാം അവസ്ഥയിലിരുന്നിട്ടുള്ളവരാണെന്ന് അറിയാം:

1) ‘ഈശ്വരാരാധനേ രക്താ ഭക്താ യത്ര സുസാധവഃ
ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ
യോഗിനോ യദ് ഗുഹാന്തസ്തു പേടികാ രത്‌നദീപികാഃ
നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി സര്‍വ്വദാ.’ (സഹ്യാദ്രിഖണ്ഡം)

അര്‍ത്ഥം: എവിടത്തുകാര്‍ ഈശ്വരാരാധനത്തിങ്കല്‍ ഇച്ഛയും ഭക്തിയുമുള്ള സാധുക്കളോ, യാതൊരിടത്തുള്ളവര്‍ ദാനശൂരന്മാരായും വിശിഷ്ടയോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുള്ള ഗുഹകളില്‍ പെട്ടികളില്‍ രത്‌നദീപങ്ങളെന്നപോലെ യോഗികള്‍ ശോഭിക്കുന്നുവോ, സര്‍വ്വസ്വവും ദാനംചെയ്യുന്നവരായ നായകര്‍ എന്ന ശൂദ്രരാജാക്കള്‍ എവിടെയോ,

2) നെടുമീശൈ, വിരിമാറൂ, തിടമേനി, പടവാളു, നീറണിനെറ്റി, നേര്‍ന്തകോളരിമേത്തടം, പൊട്ടിച്ചിതറവമര്‍ത്തും നെടിന്തിടക്കൈ, നെടുവില്ലങ്കര്‍, തടവില്ലങ്കര്‍, മേത്തട വില്ലങ്കര്‍, ഇരുത്തട വില്ലങ്കര്‍, മുത്തട വില്ലങ്കര്‍, മാവില്ലങ്കര്‍, വെട്ടത്തറവില്ലങ്കര്‍, മാന്തറ, നെടന്തറ, കൊടിക്കടയ്ക്കല്‍, കോവള മരുത്തംകോട്ട്, ചെമ്പുലിക്കണ്ണ്, ആനയോട്ടിപ്പടവര്‍, കുതിരവെട്ടിപ്പടവര്‍, ഉണ്ടതട്ടിപ്പടവര്‍, ഇട്ടിച്ചീരാട്ടിപ്പടവര്‍, നെടുമാത്തന്‍ കൊല്ലി, കരുമ്പാറക്കക്കൊല്ലി, പുത്തെല്ലി, മാറപ്പാടിക്കാവറോട്, കണ്ണനാട്, മൂഴിക്കുളം, പറണ്ടത്തോള്, എട്ടുവില്ലിങ്കല്‍ ഒരു കുതിപ്പില്‍ മേല്‍ കിളമ്പി ഈരെട്ടെണ്ണം മേല്‍ മറിക്കരണം പോട്ട്, മുത്തറയ്ക്കപ്പാല്‍ ഉണ്ടതട്ടി, അമ്പുതട്ടി, കച്ചില്ലെറി തട്ടി, മാറ്റലര്‍ കൊടുങ്കോളൊന്നുമേശാമല്‍ മുത്തറയ്ക്കപ്പാല്‍ മപ്പടിച്ചുക്കാലൂന്നി വട്ടക്കാല്‍വീശി, മാറ്റലര്‍ കന്നം തെറിക്കക്കൊടും കാലടിക്കും, ആള്‍പടക്കാലമാടപ്പെരുന്തലൈവരയ്യായിരവും, കൊട്ടൂലണിവേന്തര്‍, മേയ്ക്കയ്മ്മ മുഴുക്കയ്മ, , കോയിക്കയ്മ, കോയിക്കപ്പേരുങ്കെയ്മ്മ, കൈമ്മപ്പളുവെണ്ണൂറും, നമ്പുകൊണ്ടതാനി നാലായിരവും എമ്പുകൊണ്ടതാനി എണ്ണായിരവും, നമ്പുകൊണ്ടതാനി മലച്ചേരിപ്പിരാന്‍, നാരങ്ങൊളിപ്പിരാന്‍, ചെങ്ങാലിവട്ടത്തറപ്പിരാന്‍, മാമാത്തന്‍ചേരി അരുമ്പിരാന്‍ മുപ്പത്തിരണ്ടും, മാമാത്തഞ്ചേരി വട്ടപ്പൂര്‍ പെരുമ്പിരാന്‍ നാല്പത്തെട്ടും, പരുവാവണിവട്ടം ഒരു കോവണിപ്പടക്കളക്കണക്കു എണ്ണത്തിച്ചേര്‍ന്നൊരും, കിരിയത്തുനാകര്‍, കുഴാവൈച്ചം കണുറ്റച്ചേരരോ, എന്നാല്‍ എങ്കിലോ അച്ചേരവേന്ത്‌ര്ടിനെഴുന്തു, ചെംകൈ കുവിത്തു പരത്തി, നീട്ടിയുശക്തി പേരുതവിക്കുള്ളിരങ്കിയമ്പുറ്റു നേരാകമൊഴി ചെപ്പിനാര്‍, എന്നാല്‍ തിങ്കള്‍ പരിതി കതിത്തോങ്കി മണ്ണുവിണ്ണഞ്ചു പേരുതവിപ്പൊരുളു കതിത്തോം കുനാളെല്ലാം ചെമ്മൈച്ചെല്‍വം, ചെഴുഞ്ചെല്‍വം ചേര്‍ന്തുവാഴും ശിവച്ചെല്‍വം ചെമ്മൈച്ചെല്‍വം പെരുഞ്ചെല്‍വം പേശാവൂ മൈപ്പെരുഞ്ചെല്‍വമണികളുറ്റുവാഴ്‌വൂതാക, വാഴ്‌വൂതാക, നെടുനാള്‍വാഴ്‌വൂതാക, നീടൂഴിവാഴ്‌വൂതാക, തലൈയോങ്കിവാഴ്‌വൂതാക, പുകഴോന്തിവാഴ്‌വൂതാക, വെനക്കൊക്കരിത്താര്‍, കൂവിനാര്‍.’ (ഒരു പഴയ വട്ടെഴുത്തുഗ്രന്ഥം)

(3) ‘പാളത്താറും പടൈവാളും, മീതിലുടുപ്പും, മിതിയടിയും, മീശക്കൊമ്പും, വിരികുഴലും, വീരച്ചൊല്ലും, വിളൈയാട്ടും, നീറണിനെറ്റിത്തടവഴകും, നേരിശൈയോങ്കും നെറിനിലൈയും, നാകര്‍ക്കിരിയര്‍ തുടിലിതേ, നാടിക്കുടിയര്‍ വണങ്കുവതേ.’ (12ടി ഗ്രന്ഥം മറ്റൊരുഭാഗം)

(4) ‘എങ്കള്‍കുഴാം നല്ലറവര്‍കുഴാമെ,
ചൊല്ലുവോം മെയ്‌ചൊല്‍തഴപ്പ്
എങ്കള്‍കുഴാം നല്ലറവര്‍കുഴാമേ.
കള്ളരുന്തിടുവതുമില്ലോം;
എങ്കള്‍കുഴാം നല്ലറവര്‍ കുഴാമേ,
കെണ്ടപ്പറണവ യൊരുവകയുമുണ്‍പതില്ലോം
എങ്കള്‍കുഴാം നല്ലറവര്‍ കുഴാമേ,
ഊന്‍വകൈയുള്‍ക്കൊളവില്ലോം;
എങ്കള്‍കുഴാംനല്ലറവര്‍കുഴാമേ,
പിറമനവിയരൈത്തവറുവിരുപ്പുറ നോക്കുവതില്ലോം;
എങ്കള്‍കുഴാം നല്ലറവര്‍കുഴാമേ,
ഈവതില്ലെന മൊഴിന്താല്‍ പിറകിങ്കുയിര്‍ വാഴ്‌വതില്ലോം’ (മറ്റൊരു വട്ടെഴുത്ത് ഏട്)

(5) ‘ഉള്‍ത്തിടമേ യുരുവാന നാകത്താരെ
കൈത്തിടമേ കരുവാന നാകത്താരെ
വൈത്തിടമേ വിലവിരുക്കും നാകത്താരെ
മെയ്ത്തിടമേ മേനിയാന നാകത്താരെ
പൊയ്ത്തിടരെ പൊടിയാക്കും നാകത്താരെ
കത്തിവാള്‍ കൈഏന്തും നാകത്താരെ
എത്തിശൈയും പുകള്‍ കൊണ്ട നാകത്താരെ
ചിത്തി, മുത്തി, കൈകണ്ട നാകത്താരെ
വില്ലാളിവീരരാന നാകത്താരെ
വിരുതുകെട്ടി പടവെല്ലും നാകത്താരെ
പുല്ലനെവെല്ലാം തുറക്കും നാകത്താരെ
പുനിതരടിവണങ്കി വീഴും നാകത്താരെ
അറന്താനെ യുരുവാന നാകത്താരെ
അറന്താനെ കരുവിയാന നാകത്താരെ
അറന്താനെ യുള്ളമാന നാകത്താരെ
അറന്താനെ യുയിരാനനാകത്താരെ
അറന്താനെ കടവുളാന നാകത്താരെ
അറന്താനെ കല്‍വിയാന നാകത്താരെ
അറന്താനെയുലകമാന നാകത്താരെ
അറന്താനെ വയുമാന നാകത്താരെ (വേറൊരു വട്ടെഴുത്ത് ഏട്)

ഇനി മേല്‍പറഞ്ഞ പ്രമാണങ്ങളില്‍നിന്നു ചില പ്രധാന വാക്യങ്ങളെ എടുത്ത് ഒന്നുകൂടി വിവരിക്കാം.

‘നെടുമീശ, നീറണിനെറ്റി, പാളത്താറും, മീതിലുടുപ്പം, മിതിയടിയും, മീശക്കൊമ്പും, വിരികുഴലും (വളര്‍ത്തിയ തലമുടി), വീരച്ചൊല്‍ (ഗൗരവവാക്ക്), നീറണിനെറ്റിത്തടവഴകും’ (നീറണിനെറ്റിയെന്നുള്ളത് ഇവരെക്കുറിച്ചു പറയുന്നെടത്തൊക്കെ വിട്ടുപോകാതെ വിശേഷിച്ചെടുത്തു കാണിക്കുന്നു. അതുകൊണ്ട് ഇവരെല്ലാപേരും – ശൈവര്‍ – ശിവഭക്തന്മാരാണെന്നു നിശ്ചയമാകുന്നുണ്ട്.) ഈ വാക്യങ്ങള്‍ ഈ നായകന്മാരുടെ വേഷം ഇന്നപ്രകാരമാണെന്നുളളതിനെ കാണിക്കുന്നു.

വിരിമാറ് = വിസ്താരമായ മാറ് (നെഞ്ച്), തിടമേനി = ദൃഢഗാത്രം, നേര്‍ത്ത = എതിര്‍ത്ത (മദിച്ചുവരുന്ന), കോളരി = സിംഹ(ത്തിന്റെ). മേത്തടം = മസ്തകം, പൊട്ടിച്ചിതറ = പിളര്‍ന്നു (രുധിരവും തലച്ചോറും ചിന്തുമാറ്), അമര്‍ത്തു = തിടിനെന്ന് ഊക്കോടുകൂടി വെച്ചുഞെരിക്കുന്ന അതായത് മുഷ്ടിചുരുട്ടി ഇടിക്കുന്ന, നെടുന്തിടക്കൈ = നീണ്ടും ദൃഢമായുമിരിക്കുന്ന കൈകള്‍, കൈത്തിടമേ മേനിയാന (നാകത്താരെ) ബാഹുബലംതന്നെ സ്വരൂപമായുള്ള ഈ വാക്യങ്ങള്‍ അവരുടെ ശരീരബലത്തെ കാണിക്കുന്നു.

‘സംഗ്രാമാങ്കണഭൈരവാഃ’ ‘കാറിടിയൊത്തുച്ചീറിമിഴിക്ക’ ഈ വാക്യങ്ങളാല്‍ അവര്‍ പടക്കളത്തില്‍ (ശത്രുക്കള്‍ക്ക്) വലുതായ ഭയത്തെ ഉണ്ടാക്കുന്നവര്‍ – അതായത് വിശിഷ്ട യോദ്ധാക്കളെന്നും, ‘പൊയ്ത്തിടരെ പൊടിയാക്കും നാകത്താരെ.’ ഈ വാക്യം അവര്‍ (നാകന്മാര്‍) അസത്യവാന്മാരെ (ദുര്‍ജ്ജനങ്ങളെ) നശിപ്പിക്കുന്നവരാണെന്നും തെളിയുന്നു.

‘നെടുവില്ലങ്കര്‍’, ‘തടവില്ലങ്കര്‍’, ‘മേത്തടവില്ലങ്കര്‍’, ‘ഇരുത്തടവില്ലങ്കര്‍’, ‘മുത്തടവില്ലങ്കര്‍’, ‘മാവില്ലങ്കര്‍’, ‘വെട്ടത്തറവില്ലങ്കര്‍’ മുതലായ വാക്യങ്ങള്‍ അവര്‍ വില്ലുവിദ്യയില്‍ അതിസമര്‍ത്ഥന്മാരും ശത്രുക്കളോട് മഹാവിഷമക്കാരുമാണെന്നു കാണിക്കുന്നു.

‘അസിഹസ്‌തൈഃ’ ‘അസിപഞ്ജരിതത്വാച്ച’ ‘കത്തിവാള്‍ കയ്യേന്തും നാകത്താരെ’ (പടവാള്‍ കയ്യിലുള്ളവര്‍) ഈ വാക്യങ്ങള്‍ നാകന്മാര്‍ എല്ലായ്‌പോഴും കയ്യില്‍ വാളുള്ളവരും വാളഭ്യാസത്തില്‍ അതിസമര്‍ത്ഥന്മാരും പ്രസിദ്ധി സമ്പാദിച്ചവരും ആകുന്നു എന്നും, (7-ാം അദ്ധ്യായം നോക്കുക).

‘ഉണ്ടതട്ടിപ്പടവര്‍’ എന്നു കാണുന്നതിനാല്‍ നാകന്മാര്‍ ഉണ്ടയില്‍നിന്ന് അപായപ്പെടാതെ രക്ഷപെട്ടുകൊള്ളുന്നതിനു തക്കവണ്ണം വിശേഷമായി എന്തോ ഒരു വിദ്യയും സാമര്‍ത്ഥ്യവും ഉള്ളവരെന്നു കരുതേണ്ടിയിരിക്കുന്നു. അതിന്റെ വാസ്തവം ഏതുപ്രകാരമെന്ന് അറിവാന്‍ പാടില്ല. എന്നാല്‍ ഇവരുടെ പരിശയ്ക്ക് ‘ഉണ്ടതട്ടും പരിശ’ എന്നാണ് നാമം. (ഇതിലേയ്ക്കുള്ള ദിവ്യഔഷധത്തിന് ഒരു ലോഹവും ചില പച്ചിലകളും ചേരുമാനങ്ങളായി ഉണ്ട്. അതുകൂടാതേയും ഈവക പരിശ ഉപയോഗിക്കണമെന്നുള്ളപ്പോഴൊക്കെ അതിലും പരിശക്കാരുടെ ശരീരം, ഉടുപ്പ് മുതലായവയിലും മേല്‍പറഞ്ഞ ഔഷധങ്ങളെ തേക്കുക പതിവാണ്.)

‘അമ്പുതട്ടി’, ‘കച്ചില്ലെറിതട്ടി’ കല്‍ + ചില്ലു = കച്ചില്ലു = കരിങ്കല്‍കഷണം ഈ വാക്കുകള്‍ എത്രയും ഊക്കത്തില്‍ പാഞ്ഞുവരുന്ന അസ്ത്രങ്ങളേയും അതുകൂടാതെ കവിണകൊണ്ടുള്ള കല്ലേറുകളേയും (പണ്ട് ഈ കവിണേറ് ധാരാളമുണ്ടായിരുന്നു. അത് ഒരു വെടിയുണ്ടയെയോ അമ്പിനെയോപോലെ ഊക്കുള്ളതും വളരെ ഉപദ്രവകരവുമായിരുന്നു.) ഊക്കില്‍വരുന്ന വാളുകളേയും ലഘുവില്‍ തടുത്തുകളയുന്നതിന് സാമര്‍ത്ഥ്യമുള്ളവരെന്നും, (വെട്ടും തടയും നാകന്മാര്‍ക്ക് ബാലപാഠമായിരുന്നു.)

‘ഒരു കുതിപ്പില്‍ മേല്‍കിളമ്പി………..’ എന്നു തുടങ്ങിയ വാക്യങ്ങള്‍ വിശേഷമായ ചാട്ടങ്ങള്‍, മറിച്ചിലുകള്‍, ഒരു ചാട്ടത്തിനിടയ്ക്ക് അതിശയിക്കത്തക്കവയായ അനേകം അഭ്യാസങ്ങള്‍ ഇവയെ ചെയ്യുന്നതിന് അവര്‍ മഹാസമര്‍ത്ഥന്മാരായിരുന്നു എന്നും,

‘കുതിരവെട്ടിപ്പടവര്‍’ എന്നത് അവര്‍ കുതിരപ്പടയെ വെട്ടുന്നതിന് വിശേഷസാമര്‍ത്ഥ്യം ഉള്ളവരെന്നും, (കാലിന്റെ മുട്ടിനുതാഴെ പടംവരെ മുന്‍വശത്തു ഒരുമാതിരി മൂര്‍ച്ചയുള്ള ആയുധം വച്ചു മുറുക്കിക്കൊണ്ട് അതിവേഗത്തില്‍ മേല്‍പോട്ടുള്ള ചാട്ടത്തോടുകൂടി കുതിരയുടെ കഴുത്തിന്റെ മുന്‍വശത്തുനിന്നും മേല്‌പോട്ടു കാല്‍വീശി കഴുത്തിനെ മുറിക്കയും അതോടൊരുമിച്ചു കൈവാള്‍കൊണ്ടു കുതിരപ്പുറത്തിരിക്കുന്ന ആളിനെക്കൂടി വെട്ടുകയും ചെയ്യുക അവര്‍ക്കു സാധാരണമായ അഭ്യാസമായിരുന്നു.)

‘ആനയോട്ടിപ്പടവര്‍’ എന്ന പദം അവര്‍ ആനപ്പടയെ ഓടിക്കുന്നതിനു വിരുതുള്ളവരെന്നും, (ഇക്കാര്യത്തിലേക്കും അവര്‍ക്ക് അനേകം ദിവൗഷധങ്ങളും പ്രത്യേകമായ അഭ്യാസചാതുര്യവും ഉണ്ടായിരുന്നു; ‘മാതംഗലീല’ (ഗജലക്ഷണശാസ്ത്രം) പോലെ ‘ആനൈക്കുറിച്ചന്തം’ ‘പാകര്‌നടൈ’ മുതലായ ഗ്രന്ഥനിരകള്‍ അവരുടെ ഭവനങ്ങളില്‍ എല്ലായിടത്തും ഉണ്ടായിരുന്നു. സ്ത്രീജനങ്ങള്‍ക്കുംകൂടി ഇതു നല്ലപോലെ പരിചയമുണ്ടായിരുന്നതായി കാണുന്നു.)

‘ചൊല്ലുവോം മേയ്‌ച്ചൊല്‍തഴപ്പ്’; ‘പൊയ്‌വാര്‍ത്തൈ മൊഴിന്തനാവോ പിറകിതപ്പട കാണാതെ’ (അസഭ്യവാക്കു പറഞ്ഞ നാക്കിന് അതുവരെ അതിരുന്നു വാണസ്ഥലത്തെ പിന്നീടു കാണുന്നതിനു കഴിയുകയില്ല. അതായത് അപ്പോള്‍ത്തന്നെ ആ നാക്കിനെ എടുത്തു വെളിയില്‍ കളയുമെന്ന് അര്‍ത്ഥം.) ഇതുകള്‍ അവര്‍ സദാ സത്യവാദികള്‍ ആയിരുന്നു എന്നും,

‘അറവര്‍’ = ധര്‍മ്മിഷ്ഠര്‍, (സംസ്‌കൃതഭാഷയില്‍ ‘ധര്‍മ്മ’മെന്നും ‘അധര്‍മ്മ’മെന്നും പറയുന്നതിന് തമിഴ് ഭാഷയില്‍ ‘അറം’ എന്നും ‘മറം’ എന്നും പറയും. ഇതുകളില്‍ അറത്തോടു ചേര്‍ന്നവര്‍ ‘അറവരും’ മറത്തോടു ചേര്‍ന്നവര്‍ ‘മറവരും’ ആകുന്നു.) തമിഴില്‍ കുഴാം എന്ന വാക്കിന് ‘സമൂഹം’ എന്നര്‍ത്ഥം. അതിനാല്‍, ‘എങ്കള്‍കുഴാം നല്ലവര്‍കുഴാമേ’ എന്ന വാക്യം ഞങ്ങളുടെ (നാകന്മാരുടെ) സമൂഹം ധര്‍മ്മിഷ്ഠസമൂഹമാകുന്നു എന്നും,

‘അറന്താനെ ‘യുരു’വാന നാകത്താരെ, അറന്താനെ ‘കരുവി’യാന നാകത്താരെ, അറന്താനെ ‘യുള്ള’മാന നാകത്താരെ; അറന്താനെ ‘യുയിരാ’ന നാകത്താരെ, അറന്താനെ ‘കടവു’ളാന നാകത്താരെ, അറന്താനെ ‘കല്‍വി’യാന നാകത്താരെ, അറന്താനെ ‘യുലക’മാന നാകത്താരെ, അറന്താനെ ‘യെവൈ’യുമാന നാകത്താരെ’ ഈ വാക്യങ്ങള്‍ നാകന്മാരുടെ (ഉരു) സ്വരൂപവും, (കരുവി) പഞ്ചേന്ദ്രിയങ്ങളും, (ഉള്ളം) അന്തഃകരണവും, (ഉയിര്‍) പ്രാണങ്ങളും, (കടവുള്‍) ദൈവവും, 13(കല്‍വി) വിദ്യയും, (ഉലകം) ലോകവും, എന്നുവേണ്ട അവരുടെ (എവൈ) സര്‍വ്വവും ധര്‍മ്മമയമായിരുന്നു എന്നും,

‘കള്ളരുന്തിടുവതില്ലോം’ = ‘ഞങ്ങള്‍ മദ്യപാനം ചെയ്യുന്നില്ല; കൊണ്ടൈപ്പറണവ ഒരുവകൈയുണ്‍പതില്ലോം’ = മത്സ്യാദികള്‍ ഒന്നും ഭക്ഷിക്കുന്നില്ലാ; ‘ഊന്‍വകൈ യുള്‍ക്കൊളവില്ലോം’ = മാംസാദികള്‍ ഭക്ഷിക്കുന്നില്ല; ‘പിറര്‍മനവിയരൈ ത്തവറു വിരുപ്പുറ നോക്കുവതില്ലോം’ = പരസ്ത്രീകളെ തെറ്റായിട്ടുള്ള സ്‌നേഹം ജനിക്കുമാറു നോക്കുന്നില്ല. ഈ വാക്യങ്ങള്‍ നാകന്മാര്‍ മദ്യപാനം; മത്സ്യംതീറ്റി, മാംസഭക്ഷണം, പരസ്ത്രീവാഞ്ഛ, ഇത്യാദി ദുര്‍ഗുണങ്ങള്‍ യാതൊന്നുമില്ലാത്ത പരിശുദ്ധരായിരുന്നു എന്നും,

‘ദാനശൂരാഃ സര്‍വ്വദാ’ = എല്ലായ്‌പോഴും ദാനസ്വഭാവമുള്ളവര്‍; ‘ഇല്ലാരൈക്കണ്ടങ്ങിശൈന്തുതവി ചെയ്യവേണ്ടും’ = ദരിദ്രരായും സാധുക്കളായും ഉള്ള ജനങ്ങളെ അന്വേഷിച്ചു സഹായിക്കണം; ‘ഈവതില്ലെന മൊഴിന്താല്‍ പിറകിംകുയിര്‍ വാഴ്‌വതില്ലോം’ = ഇല്ലെന്നു പറഞ്ഞുപോയാല്‍ പിന്നെ ജീവനെ ധരിക്കുന്നില്ല; (‘ഇല്ല’ എന്ന് ഒരു വാക്കു പുറപ്പെടുവിക്കാന്‍ ഇടയായിപ്പോയാല്‍ പിന്നെ അവര്‍ ജീവിച്ചിരിക്കയില്ല). ഈ വാക്യങ്ങള്‍ അവര്‍ മഹത്തായ ദാനശീലവും മനോഗുണവും ഉള്ളവരായിരുന്നു എന്നും.

‘ഈശ്വാരാരാധനേ രക്താഃ ഭക്താഃ സുസാധവഃ’ ‘പുനിതരടിവണങ്കി വീഴും നാകത്താരെ,’ ‘നല്ലാരെ ക്കണ്ടു നയന്തുവണങ്കവേണും’, ‘നല്ലറിഞര്‍പാര്‍ച്ചെന്റു നല്ലടിമൈയാകവേണ്ടും. എല്ലാ വിനൈപ്പയനെന്റി ളകാതിക്കവേണ്ടും,’ ഈ വാക്യങ്ങളാല്‍ നാകത്താന്മാര്‍ ഈശ്വരാരാധനത്തില്‍ താല്പര്യവും, മഹത്തുക്കളില്‍ ഭക്തിയും കൈങ്കര്യവും എങ്ങനെയുള്ള അനുഭവങ്ങള്‍ വന്നാലും ഇളകാതിരിക്കത്തക്കതായ ക്ഷമയും ഉള്ളവരെന്നും തെളിയുന്നു.

ഇനിയും നായകന്മാരുടെ കൂട്ടത്തില്‍ രാജയോഗികള്‍, സിദ്ധയോഗികള്‍, ഹഠയോഗികള്‍ മുതലായ യോഗിവര്യന്മാരും ഉണ്ടായിരുന്നു എന്നുള്ളതിനു താഴെ പറയുന്നവ ദൃഷ്ടാന്തങ്ങളാകുന്നു.

(1) ‘യോഗിനോ യല്‍ ഗുഹാന്തസ്തു പേടികാ രത്‌ന ദീപികാ’, (2) ‘ചിത്തി, മുത്തി, കൈകണ്ട നാകത്താരെ’ (3) ‘കോയിക്കപ്പെരും കയ്മള്‍’ എന്നൊരു മഹാനായ നായര്‍പ്രഭുവിന്റെ കവിതകളില്‍നിന്നും.

കോളരിപ്പാട്ട്

കോളരിയെ, കോളരിയെ, കോലമിറന്തൊരു കോളരിയെ
കണ്ടാരുള്‍വെളിക്കോളരിയെ കാണാതാര്‍ക്കിരുള്‍ കോളരിയെ
ഒന്‍പതുവായ്14ക്കുണ്ടിന്മുകടുള്ളത്തുറ്റു വിളങ്കിയ കോളരിയെ
ആറും15 താണ്ടിച്ചെന്നാലക്കരെ യരണ്‍മനൈമേവിയ കോളരിയെ16

കോനാര്‍ പാട്ട്

‘കോനാരെക്കൈകൊട്ടിപ്പാടുവീരെ,
കൊണ്ടാനടിച്ചു കൂത്താടുവീരെ,
മാനമോനക്കോട്ടൈ പോടുവീരെ,
മാലറ്റു മാവിന്‍പം കൂടുവീരെ,
തീയും, പുനലും, 17 വളി, 18 വിശുമ്പും 19
മണ്ണും കലര്‍ന്തു മടമ്പിക്കെട്ടി
വീട്ടിലിരിക്കും നര്‍പ്പേരനാരെ,
പാടുവീര്‍ പാടുവീര്‍ പാവലരെ.’

4. വേറൊരു നായര്‍മഹാന്റെ കവിതകളില്‍നിന്ന്

പെരുമ്പെട്ടിപ്പാട്ട്

‘തിങ്കള്‍ പരിതി തിരിന്തൊടുങ്കും പെരുമ്പെട്ടി
തേനൂറിവന്തു തെളിന്തിരുക്കും പെരുമ്പെട്ടി
മാനമറ്റ തുയര്‍ക്കു മാളാപ്പെരുമ്പെട്ടി
മണ്ണുവിണ്ണും മറ്റനൈത്തുമടംകും പെരുമ്പെട്ടി.’

5. മറ്റൊരു കവി

‘വേണാട്ടുപ്പൊങ്കിലിയാര്‍ വെടിവച്ചുക്കാട്ട,
കാണാമ നിന്റവരെ കണ്‍പൊട്ടെരെന്നാര്‍,
മാണാക്കര്‍ താമരപൈ മകിഴ്ന്തുപറ്റി പാരാട്ട
കോണാമല്‍ കാണാരെ കോളിലികളെന്നാര്‍.’

6. വേറൊന്ന്

‘പിളരി മുഴക്കിപ്പള്ളിയെഴുപ്പിപ്പേരിമ്പക്കടല്‍ പൊങ്കിവര
കളരി തളുത്തു തുയിലയിട്ടുക്കാര്‍മേനിപ്പൊരിചിന്തിയെഴ’

‘പുല്ലെനവെല്ലാം തുറക്കും നാകത്താരെ’ ഈ വാക്യം നാകന്മാരുടെ കൂട്ടത്തില്‍ പെരിയ തുറവികളും (ത്യാഗികള്‍) ഉണ്ടായിരുന്നു എന്നു കാണിക്കുന്നു.

7. മാനാരിക്കോട്ടയില്‍ കോമ്പിത്താന്‍ ശിവാങ്ങള്‍

‘ചുട്ടറവെ വെട്ട വെളി തനിയായോങ്കി
മട്ടറവെയടഞ്ഞ നില നിലതാനാകും
അന്നില താനഴിയാതോരറിവായോരു
വിണ്ണിലൈയെന്നമതാശാന്‍ വിളമ്പിനാരൈ’
‘അകമറ്റു, പുറമറ്റങ്ങാകൈയറ്റു,
മേലറ്റു, കീഴറ്റു, വെളിയുമറ്റു,
കണ്ണറ്റു, ക്കാണലറ്റു, കാക്ഷിയറ്റു
വിണ്ണിലൈയെന്നമതാശാന്‍ വിളമ്പിനാരെ’
മന്നാടി അച്ചന്‍ ശിവാങ്ങള്‍

‘ഓമന്നെഴുത്തുതാനൂമൈ യായിനിന്നൂശി മുനയിലും നുണ്ണിതാകി, തേഞ്ഞുചിറുകി ശിവവിണ്ണാകി ഒറ്റുമേ യറ്റു പിരിവറ്റാകും.

എണ്ണാമയക്കാ കടന്തവാനം, ഏറ്റകുറവറ്റിരുക്കും വാനം, ഏമനെ ക്കാമനെത്തിന്റെ വാനം, എല്ലാമതു വാകി നിന്റെ വാനം, കാഴ്ചയ്ക്കും കേള്‍വിക്കും എട്ടാവാനം, നാറ്റം ചുവൈ, പറ്റിറന്തവാനം, വെച്ചുടന്‍ മൂച്ചറ്റിലകും വാനം, പേരിന്‍ പമാകപ്പൊലിന്തവാനം, മത്തലും കൊത്തലുമാണ്ടവാനം, വന്നാട്ടുമുന്നാട്ടം വിട്ടവാനം, ആശാനരുളാലടൈന്തവാനം, വാനമെന്നുള്ളതും പോന വാനം.’

ഈ വാക്യങ്ങള്‍ നാകന്മാരുടെ കൂട്ടത്തില്‍ ബ്രഹ്മസാക്ഷാല്‍കാരമടഞ്ഞ ജ്ഞാനികള്‍ സാധാരണമായുണ്ടായിരുന്നു എന്നു കാണിക്കുന്നു.

മേല്‍ക്കാണിച്ച സംഗതികളെക്കൊണ്ട് നാകന്മാര്‍ ഏറ്റവും ശരീരബലമുള്ളവരും, വിശിഷ്ടയോദ്ധാക്കളും, ദുര്‍ജ്ജനങ്ങളെ ഉപേക്ഷിക്കുന്നവരും, ശത്രുക്കള്‍ക്ക് അതിഭയങ്കരന്മാരും, വില്ലഭ്യാസം, വാളഭ്യാസം, കല്ലേറഭ്യാസം, ഉണ്ടതട്ടുക, അമ്പുതട്ടുക, കുതിരവെട്ടുക, ആനയോട്ടുക, വിശേഷമായ ചാട്ടം, മറിച്ചില്‍, മര്‍മ്മവിദ്യ മുതലായവയില്‍ മഹാസമര്‍ത്ഥന്മാരും, എന്തൊക്കെ ആയാലും അസത്യം പറയാത്തവരും, ദാനശൗണ്ഡന്മാരും ഈശ്വാരാരാധനത്തിലും മഹത്തുക്കളെക്കുറിച്ചും താല്പര്യവും ഭക്തിയും കൈങ്കര്യവും ഉള്ളവരും, അതിധര്‍മ്മിഷ്ഠന്മാരും, മദ്യപാനം, മത്സ്യംതീറ്റി, മാംസഭക്ഷണം, ഇതുകളൊന്നുമില്ലാത്തവരും, പരസ്ത്രീഗമനത്തിലുള്ള വാഞ്ഛ ചിന്തയില്‍പോലും അങ്കുരിക്കാതെ സൂക്ഷിച്ചുകൊള്ളുന്നവരും, രാജയോഗികള്‍ മുതലായ യോഗീശ്വരന്മാര്‍ ബ്രഹ്മസാക്ഷാല്‍കാരമടഞ്ഞ ജ്ഞാനികള്‍ മുതലായ സമുദായാംഗങ്ങളോടുകൂടിയവരും ആ വക സംഗതികളെക്കുറിച്ച് സാധാരണമായി നല്ലപോലെ അറിവും വിശ്വാസവും ഉള്ളവരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.

ബ്രാഹ്മണശബ്ദം ഈ മലയാളദേശത്തു സ്വന്തമായിട്ടുള്ളതല്ലെന്നും, ആദ്യകാലംമുതല്‍ ബ്രാഹ്മണര്‍ വന്നുകേറിയ കാലംവരെ (വളരെ കൂടുതല്‍ കാലത്തേക്ക്) ഇതിവിടെ ഇല്ലാതിരുന്നതാണെന്നും, ഈ ശബ്ദം ഇവിടെ പലപ്രകാരത്തിലുള്ള ദോഷങ്ങള്‍ക്കു ഹേതുവായി ഭവിച്ചിട്ടുണ്ട് എന്നും ഈ ശബ്ദത്തെക്കൊണ്ടു നന്മ സിദ്ധിക്കേണ്ടതായിട്ട് ആദ്യകാലം മുതല്‍ക്കിതുവരെ ഗണനീയമായ ഒരു സംഗതിയും ഉണ്ടായിരുന്നിട്ടില്ലെന്നും, മലയാളരില്‍ ആരെങ്കിലും ഇവിടെയിരുന്നുകൊണ്ടാകട്ടെ അവിടെ ചെന്നാകട്ടെ ഈ ശബ്ദത്തെ ആവശ്യപ്പെടുകയോ, കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നും, മുമ്പില്‍ പറഞ്ഞപോലെ വിദേശത്തുനിന്നും വന്നവരായ ബ്രാഹ്മണര്‍ അവരുടെ കാര്യലാഭത്തെക്കരുതി ഇവിടുത്തുകാരിലും ഈ ശബ്ദത്തെ സമര്‍പ്പിക്കയും, എങ്ങനെയോ തെറ്റിദ്ധരിച്ച് ഇവര്‍ അതിനെ സ്വീകരിക്കയും ചെയ്തുപോയതാണെന്നും ഉള്ളതു മേല്പറഞ്ഞ സംഗതികളില്‍ നിന്നു നല്ലപോലെ തെളിഞ്ഞിരിക്കുന്നു. ആകയാല്‍ ഇടക്കാലത്തു കൂട്ടിച്ചേര്‍ത്തതും അനാവശ്യകവുമായ ഈ ശബ്ദത്തെ ഇവരില്‍ നിന്ന് തള്ളിക്കളയേണ്ടതാകുന്നു. അല്ലാത്ത പക്ഷം അതിനെ വിദേശീയന്മാരായ ചില വര്‍ഗ്ഗക്കാര്‍ക്കുള്ള പൊതുപേരുകളെപ്പോലെമാത്രം ഗണിച്ചു മലയാളബ്രാഹ്മണര്‍ എന്ന് അഭിമാനം ഭാവിക്കുന്നവരുടെ സ്ഥാനവലിപ്പത്തെ ഗണ്യമാക്കാതെ ഇരിക്കേണ്ടതാകുന്നു. ഇപ്രകാരം മലയാളബ്രാഹ്മണശബ്ദത്തെ ഉപേക്ഷിച്ചുകഴിഞ്ഞാല്‍ പിന്നെ ആ ശബ്ദത്തോടു കലര്‍ന്നിരിക്കുന്ന എമ്പ്രാന്‍, നമ്പൂരി, പോറ്റി എന്നീ സ്ഥാനങ്ങള്‍ മാത്രമാണ് പ്രധാനമായി ശേഷിക്കുന്നത്. ഇവയെപ്പറ്റിയും മറ്റും സവിസ്തരം അടുത്ത പുസ്തകത്തില്‍ പ്രതിപാദിച്ചുകൊള്ളാം.

അടിക്കുറിപ്പുകള്‍

1. ‘എന്റെ(വരുണന്റെ) ശരീരത്തിലുണ്ടായിരുന്ന വിഷവര്‍ദ്ധന’ എന്നതിനു സമുദ്രം മാറിയ സ്ഥലത്തുള്ള നിമ്‌നോന്നതപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും ഓരിന്റെ ഈര്‍പ്പത്തില്‍ക്കൂടി വെയിലടിക്കുന്നതിനാലുള്ള അത്യുഷ്ണവും, ജലജന്തുക്കളുടെ അസ്ഥി, കൊമ്പ്, മുള്ള് മുതലായവയും മറ്റുംകൊണ്ടു പലപ്രകാരത്തിലുള്ള വിഷമതകള്‍ എന്നും.

2. ‘നാകന്മാരുടെ ശാസനകൊണ്ട് ശമിക്ക’ എന്നതിന് അതി സമീപവാസികളായും സ്വന്തക്കാരായും പ്രഭുക്കളായും അസംഖ്യം ജനം അധീനത്തിലുള്ളവരായും അത്യുത്സാഹികളായും സമ്പന്നന്മാരായും ഉള്ള നാകന്മാര്‍ ഉദ്യമിച്ചാലേ ആള്‍ ശേഖരിച്ചു വേണ്ടുംപോലെ ദേഹണ്ണം നടത്തി ദുര്‍ഘടങ്ങളെയെല്ലാംനശിപ്പിക്കുവാന്‍ കഴിയൂ എന്നും,

3. ‘വിഷഹീനശരീരനായി തേജോമയനായി ഭവിക്കയും ചെയ്തു’ എന്നതിന് അപ്രകാരം നാകന്മാര്‍ പ്രയത്‌നിച്ചു നന്നാക്കിയെന്നും അപ്പോള്‍മുതല്‍ക്ക് ഈ ഭൂമിയുടെ നിഷ്പ്രയോജനതയും സകല മാലിന്യങ്ങളും ഒഴിഞ്ഞ് അത് സ്വര്‍ഗ്ഗസദൃശമായി പ്രകാശിച്ചു എന്നും,

4. ‘ഈ കേരളഭൂമിയെ തല്‍ക്ഷണം വിട്ടുതന്നില്ലെങ്കില്‍ 64 ഗ്രാമങ്ങളിലും വിഷത്തെ പുറപ്പെടുവിക്കുന്നുണ്ട്’ എന്നതിനു നീതികേടു കാണിച്ചാല്‍ എല്ലാപേരേയും ഞങ്ങള്‍ ശിക്ഷിച്ചു പുറത്താക്കിക്കളയുമെന്നും, (ഈ ബ്രാഹ്മണന്‍ അത്യാഗ്രഹംനിമിത്തം പലതവണയുംവന്ന് എന്തും തോന്ന്യാസങ്ങള്‍ കാണിക്കയും അതിനു നാകന്മാര്‍ അവരെ അപ്പോഴപ്പോള്‍ ശിക്ഷിച്ചുപുറത്തുകളകയും ചെയ്തിട്ടുണ്ടെന്നും ‘ഈ ബ്രാഹ്മണര്‍ക്ക് നാകന്മാരെക്കുറിച്ചു വളരെ ഭയമുണ്ടെന്നും ബ്രാഹ്മണര്‍ ഇവിടെ സ്വന്തഇഷ്ടങ്ങള്‍ വല്ലതും സാധിച്ചിട്ടുണ്ടെങ്കിലും ആയതു നാകന്മാരെ ആശ്രയിച്ചുകൂടി സൂത്രത്തില്‍ പറ്റിച്ച് കാലക്രമേണ പല ചതിവും വഞ്ചനയും പ്രയോഗിച്ചു മാത്രമാണെന്നും ഉള്ളതിലേക്ക് മേല്‍കാണിച്ച വാക്യവും, ‘ഈ ബ്രാഹ്മണര്‍ ഇവിടെ വന്ന് അടുക്കളവൈപ്പ്, മന്ത്രവാദം, അന്യോന്യം കലഹമുണ്ടാക്കുക, സേവാവൃത്തി മുതലായ തൊഴിലുകള്‍ ചെയ്തുകൊണ്ട് സൂത്രത്തില്‍ ഇവിടെ കേറിപ്പറ്റിയതാകുന്നു’ എന്ന സഹ്യാദ്രിഖണ്ഡവചനവും സാക്ഷ്യം വഹിക്കുന്നു. വന്നതിന്റെ ശേഷം ബ്രാഹ്മണര്‍ നാകന്മാരുടെ ശാസനനിമിത്തം ഉറച്ചിരിക്കാതെ പൊയ്ക്കളഞ്ഞിട്ടുണ്ട് എന്നുള്ളതിലേക്ക് ‘അപ്പെരും കോലുറ്റ നാകരോ ചീറുംപടിയാക മഹാബ്രാഹ്മണര്‍ക്ക് വശമല്ലാഞ്ഞു; കാറിടിയൊത്തുച്ചീറി മിഴിക്ക’ എന്നു തുടങ്ങിയുള്ള കേരളോല്പത്തിവചനങ്ങള്‍ ദൃഷ്ടാന്തമാകുന്നു.

5. ‘സമുദ്രരാജനായിരിപ്പൊരു വരുണരാജന്‍’ എന്നതിന് – സമുദ്ര(ജല) സമഷ്ടി – അതായത്, സമുദ്രംതന്നെയാകുന്നു എന്നും,

6. ‘മകിഴ്‌വുറ്റ്’ എന്നതിനു സന്തോഷിച്ചു എന്നും, (കടല്‍ ഊക്കോടുകൂടി അലയടിച്ച് മുഴങ്ങി മുമ്പോട്ടു താവിക്കൊണ്ടു നില്‍ക്കുന്ന അവസ്ഥയ്ക്ക് കടലിന്റെ കോപം എന്നും എന്നാല്‍ ആ അവസ്ഥ വിട്ട് ശാന്തമായി ഒതുങ്ങിയ നില മുന്‍പറഞ്ഞ കോപത്തിന്റെ വിപരീതാവസ്ഥയാകയാല്‍ അതിനു സന്തോഷമെന്നും പറയാറുണ്ട്.)

7. ‘പെറ്റ്’ എന്നതിനു കടല്‍ നീങ്ങിയിട്ട് ഭൂമി കാണുമാറായി എന്നും,

8. മൂച്ച് = ശ്വാസം

9, 10. ‘വരുണന്‍ ഞങ്ങള്‍ക്കു തന്നു എന്ന് നാകന്മാരും ഞാന്‍ നാകന്മാര്‍ക്കായി കൊടുത്തു എന്ന് വരുണനും പറഞ്ഞു’ എന്നതിന് സമുദ്രത്തില്‍നിന്നുണ്ടായ ഭൂമി മറ്റൊരുത്തരുടെ അധീനത്തിലാകാതെ നാകന്മാര്‍ക്ക് ആകമാറുതന്നെ കിടന്നിരുന്നു എന്നും നാകന്മാരു മറ്റൊരുത്തന്‍ മുഖാന്തരമായല്ലാതെ നേരിട്ടു പ്രവേശിച്ചു എന്നും,

11. ‘അര്‍ക്കലുടയ നാകത്താന്മാരെല്ലോ ആകുന്നത് എന്നതിന് ഈ ഭൂമിയുണ്ടാകുന്നതിനു മുമ്പ് അതിനെ മൂടിക്കിടന്നതായ കടലും മേല്പറഞ്ഞ നാകത്താന്മാര്‍ക്കുള്ളതെന്നും, ഈ വാക്യങ്ങള്‍ക്ക് അര്‍ത്ഥം ആകുന്നു. (മലയപര്‍വ്വതത്തിന്റെ അരികില്‍വരെ സമുദ്രം കിടന്നിരുന്നു എന്നും ആ സമുദ്രത്തോടു തൊട്ടുകൊണ്ട് കിഴക്കുവശത്തു തെക്കുവടക്കായി കിടക്കുന്ന മലയപര്‍വ്വതത്തില്‍ അതിന്റെ ആദിനാഥന്മാരായ നാകത്താന്മാര്‍ നിരന്നു പാര്‍ത്തിരുന്നു എന്നും ഉള്ളത് എല്ലാംകൊണ്ടും പ്രസിദ്ധമാണല്ലോ. ആ പര്‍വ്വതത്തില്‍ അവരില്‍ ഓരോരുത്തര്‍ക്കും തനതായുള്ള പ്രദേശത്തിന്റെ തെക്കുവടക്ക് അളവിനൊത്തു സമുദ്രഭാഗവുംകൂടി ചേര്‍ന്നിരുന്നു;)

12. പഴയഗ്രന്ഥങ്ങളെ (കിട്ടിയെടത്തോളമുള്ള ഭാഗങ്ങളെ) 3-ാം പുസ്തകത്തില്‍ ചേര്‍ത്തു പ്രസിദ്ധംചെയ്യുന്നതാണ്). -പ്ര.സാ.

13. ‘ധര്‍മ്മോസ്മല്‍ കുലദൈവതം’ എന്നുള്ള ഇവിടത്തെ അടയാളവാക്യവും മേല്‍ പറഞ്ഞതിനെ അനുസരിച്ച് സംഭവിച്ചിട്ടുള്ളതാകുന്നു എന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു.

14. നവദ്വാരം

15. ഷഡാദാരം

16. അരണ്‍മന = അരമന – രാജകൊട്ടാരം

17. പുനല്‍ = വെള്ളം

18. വളി = വായു

19. വിശുമ്പ് = ആകാശം