ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം 10

‘ശൂദ്രായാം ബ്രാഹ്മണാജ്ജാതഃ ശ്രേയസാം ചേല്‍ പ്രജായതേ
അശ്രേയാംച്‌ശ്രേയസീം ജാതിം ഗച്ഛത്യാസപ്തമാദ്യഗാല്‍’

അര്‍ത്ഥം: ബ്രാഹ്മണന്‍ വിവാഹംചെയ്ത ശൂദ്രസ്ത്രീയില്‍ ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹംചെയ്തിട്ട് അവള്‍ക്കും പുത്രികള്‍ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടുവന്നാല്‍ ഏഴാമതു തലമുറയില്‍ ജനിച്ചവര്‍ ബ്രാഹ്മണജാതിയായിത്തീരുന്നു.

‘ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു വിദ്യാദൈ്വശ്യാ തഥൈവ ച’ (മനുസ്മൃതി)

അര്‍ത്ഥം: മേല്‍പറഞ്ഞപ്രകാരം സ്ത്രീസന്തതിവഴിയില്‍ ശൂദ്രകുലത്തില്‍ ഏഴാമത്തെ തലമുറയില്‍ ബ്രാഹ്മണനു ജനിച്ചവന്‍ ബ്രാഹ്മണനാകുന്നു. ആ ശൂദ്രസ്ത്രീയില്‍ തന്നെ ബ്രാഹ്മണനു ജനിച്ച പുരുഷസന്തതി ശൂദ്രത്വത്തെ പ്രാപിക്കും. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച സ്ത്രീസന്തതി ക്ഷത്രിയനെത്തന്നെ തുടര്‍ന്ന് വിവാഹംചെയ്തുകൊണ്ടു വന്നാല്‍ അഞ്ചാമത് തലമുറയില്‍ ക്ഷത്രിയത്വത്തെ പ്രാപിക്കുന്നു. വൈശ്യനു ശൂദ്രസ്ത്രീയില്‍ ജനിച്ച സ്ത്രീസന്തതി മൂന്നു തലമുറവരെ വൈശ്യനെത്തന്നെ വിവാഹംചെയ്തുകൊണ്ടുവന്നാല്‍ വൈശ്യത്വത്തേയും പ്രാപിക്കും.

ബ്രാഹ്മണജാതിയില്‍ ഉള്ള സ്ത്രീപുരുഷന്മാര്‍ വിധിപ്രകാരം വിവാഹംചെയ്ത് അവരില്‍നിന്ന് ജനിച്ച പുത്രപൗത്രപരമ്പരകളായി വരുന്നവര്‍മാത്രമാണ് ബ്രാഹ്മണജാതികള്‍ എന്നു കാണുന്നു. ഈ അഭിപ്രായപ്രകാരം, വര്‍ഗ്ഗവര്‍ദ്ധനയ്ക്കു ജാതി ഇന്നതെന്നു കണ്ടുപിടിക്കേണ്ടതത്യാവശ്യമാകയാല്‍ അതിലേക്കുള്ള മാര്‍ഗ്ഗമെന്തെന്നു നോക്കാം. മനുഷ്യരിലുള്ള ഗുണകര്‍മ്മവിഭാഗങ്ങളെക്കൊണ്ടു കണ്ടുപിടിക്കാമെന്നുവച്ചാല്‍, ബ്രാഹ്മണന്റെ തൊഴിലിനെ ചെയ്താല്‍ ശൂദ്രന്‍ ബ്രാഹ്മണനാവുകയോ ശൂദ്രന്റെ തൊഴിലിനെ ചെയ്താല്‍ ബ്രാഹ്മണന്‍ ശൂദ്രനാവുകയോ ചെയ്കയില്ലെന്നു കാണുന്നസ്ഥിതിക്കും ഏതു ജാതിയിലും ഏതു കര്‍മ്മവും വ്യവസ്ഥകൂടാതെ കാണുമെന്നുള്ളതിനാലും അതിനെ ജാതിലക്ഷണമായി സ്വീകരിച്ചുകൂടാ. ഗുണകര്‍മ്മവിഭാഗങ്ങളെ ഒഴിച്ചാല്‍ ജാതി കണ്ടുപിടിക്കുന്നതിന് ഉപകരിക്കുന്നതായി പറയുന്നത് രൂഢ(വാദ)ത്തെയാണ്. ഇതു തീരെ അടിസ്ഥാനമില്ലാത്തതാണെന്നു മുമ്പില്‍ത്തന്നെ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി, ‘കപിലാരുണപീതകൃഷ്ണാ’ദികളായ വര്‍ണ്ണങ്ങളെക്കൊണ്ടു ജാതി നിര്‍ണ്ണയം ചെയ്യാം എന്നു വിചാരിക്കുന്നപക്ഷം അവ പരസ്പരവിരുദ്ധമായും വ്യവസ്ഥയില്ലാതെയും കാണുന്നതുകൊണ്ട് അതിലേക്ക് തീരെ ഉപകരിക്കുന്നില്ല. പിന്നെ ജാതിയനുരിച്ചു ദമ്പതികളെ തിരഞ്ഞെടുക്കുന്നതിനു മറ്റൊരു മാര്‍ഗ്ഗവും ഉള്ളതായും തോന്നുന്നില്ല.

ഗുണകര്‍മ്മങ്ങളെ ഒഴിച്ച് മറ്റു യാതൊന്നും ജാതിവിഭാഗത്തിന് അടിസ്ഥാനമായി വന്നുകൂടായെന്നും പാരമ്പര്യത്തിനെ അതിലേക്ക് അടിസ്ഥാനമാക്കി കല്പിക്കുന്നതു ശരിയല്ലെന്നും ഉള്ളതിലേക്ക് ചില പ്രമാണങ്ങളെ താഴെ ചേര്‍ക്കുന്നു.

1. ഭാരതം അനുശാസനപര്‍വ്വം:

‘തതോ ബ്രാഹ്മണതാം യാതോ
വിശ്വാമിത്രോ മഹാതപാഃ
ക്ഷത്രിയഃ സോപ്യഥ തഥാ
ബ്രഹ്മവംശസ്യ കാരകഃ’

അര്‍ത്ഥം: മഹാ തപസ്വിയായ വിശ്വാമിത്രന്‍ ക്ഷത്രിയനായിരുന്നിട്ടും പിന്നീടു ബ്രാഹ്മണനായി. അല്ലാതേയും ബ്രാഹ്മണവംശത്തിനു കാരണമായി.

2. വിഷ്ണുപുരാണം 4-ാം അംശം 19-ാം അദ്ധ്യായം

‘പ്രതിരഥാല്‍ കണ്വസ്തസ്യാപി മേധാതിഥിര്‍യ്യതഃ
കാണ്വായനദ്വിജാഃ ബഭൂവുഃ’

അര്‍ത്ഥം: ക്ഷത്രിയനായ പ്രതിരഥന്റെ പുത്രന്‍ കണ്വന്‍, കണ്വന്റെ പുത്രന്‍ മേധാതിഥി, മേധാതിഥിയില്‍നിന്ന് കാണ്വായനബ്രാഹ്മണര്‍ സകലരും ഉണ്ടായി.

‘പുത്ര പ്രതിരഥസ്യാസീല്‍ കണ്വഃ സമഭവന്നൃപഃ
മേധാതിഥിസുതസ്തസ്യ യസ്മാല്‍ കണ്വോഭവദ്വിജഃ’

അര്‍ത്ഥം: കണ്വന്‍ പ്രതിരഥന്റെ പുത്രന്‍. മേധാതിഥി അവന്റെ പുത്രന്‍; അവനില്‍നിന്നു കാണ്വായനബ്രാഹ്മണര്‍ ഭവിച്ചു.

‘മഹാവീര്യാദുരുക്ഷയോനാമ പുത്രോഭൂല്‍ തസ്യ ത്രയ്യാ-
രുണപുഷ്‌കരിണൗ കപിശ്ച പുത്രത്രയമഭൂല്‍ തച്ച ത്രിത
യമപി പശ്ചാല്‍ വിപ്രതാമുപജഗാമ’

അര്‍ത്ഥം: ‘മഹാവിര്യനെന്ന ക്ഷത്രിയന് ഉരുക്ഷയനെന്ന പുത്രന്‍ ഭവിച്ചു. അവനു ത്രയ്യാരുണന്‍, പുഷ്‌കരന്‍, കപി ഇങ്ങനെ മൂന്നു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഈ മൂന്നു പേരും പിന്നീടു ബ്രാഹ്മണരായി ഭവിച്ചു.’

3. ഭാരതം ഹരിവംശം 32-ാം അദ്ധ്യായം

‘ദിവൗദാസസ്യ ദായാദൗ ബ്രഹ്മര്‍ഷിര്‍മ്മിത്രയുര്‍ന്നൃപഃ
മൈത്രായണസ്തതസ്സോമമൈത്രേയാസ്തു തതസ്മൃതാഃ’

അര്‍ത്ഥം: ‘ദിവൗദാസനെന്നവന്റെ പുത്രന്‍ മിത്രയു എന്ന രാജാവ് ബ്രഹ്മര്‍ഷിയായി. അദ്ദേഹത്തിന്റെ പുത്രന്‍ മൈത്രായണന്‍. മൈത്രായണന്റെ പുത്രന്‍ സോമന്‍. സോമനില്‍നിന്ന് മൈത്രേയബ്രാഹ്മണരുണ്ടായി.’

കേവലം ക്ഷത്രിയര്‍ മാത്രമേ ബ്രാഹ്മണരായിട്ടുള്ളൂ എന്നുപറവാന്‍ പാടില്ലാ.1 താഴ്ന്നജാതിക്കാരും ബ്രാഹ്മണരായിട്ടുണ്ട്; സ്‌കാന്ദപുരാണത്തില്‍ ചേര്‍ന്ന സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധത്തില്‍ താഴെ പറയുന്നവിധം കാണുന്നു.

‘അബ്രാഹ്മണ്യേ തദാ ദേശേ കൈവര്‍ത്താന്‍ പ്രേക്ഷ്യ ഭാര്‍ഗ്ഗവഃ
ഛിത്വാ തല്‍ബളിശം കണ്‌ഠേ യജ്ഞസൂത്രമകല്പയത്.’

അര്‍ത്ഥം: ‘ബ്രാഹ്മണരഹിതമായ ആ ദേശത്തില്‍ ഭാര്‍ഗ്ഗവന്‍ മുക്കുവന്മാരെ കണ്ട്, അവരുടെ ചൂണ്ടയെ ഖണ്ഡിച്ചുകളഞ്ഞിട്ട് കയറിനെ പൂണൂലായി ധരിപ്പിച്ചു.’

മേലും ഇപ്രകാരം ഒരു ജാതിയില്‍നിന്നു വേറൊരു ജാതി കര്‍മ്മം നിമിത്തം ഉണ്ടാകുന്നതു കൂടാതെ ഒരു വംശത്തില്‍തന്നെ കര്‍മ്മകാരണത്താല്‍ ബ്രാഹ്മണാദിയായ നാലു ജാതികളും ഉണ്ടാകുന്നു എന്നു കാണുന്നു. ഇതിനും അനേക പ്രമാണങ്ങള്‍ ഭാരതം, വിഷ്ണുപുരാണം മുതലായ ഗ്രന്ഥങ്ങളില്‍ ഉണ്ട്.

4. വിഷ്ണുപുരാണം 4-ാം അംശം 1-ാം അദ്ധ്യായം

‘കരുഷാല്‍ കാരുഷാ മഹാബലാ ക്ഷത്രിയാ ബഭൂവുഃ’

അര്‍ത്ഥം: (ബ്രാഹ്മണനായ വൈവസ്വതമനുവിന്റെ പുത്രന്മാരില്‍ ഒരുവനായ) കരുഷനില്‍നിന്ന് ഏറ്റവും ബലമുള്ള കാരുഷന്മാരെന്ന ക്ഷത്രിയരുണ്ടായി.

‘നാഭാഗോ നേദിഷ്ടപുത്രസ്തു വൈശ്യതാമഗമത്.’

അര്‍ത്ഥം: ‘ആ വൈവസ്വതമനുവിന്റെ മറ്റൊരു പുത്രന്‍ നേദിഷ്ടന്‍, അവന്റെ പുത്രനായ നാഭാഗന്‍ വൈശ്യനായി ഭവിച്ചു.’

‘പൃഷഡ്രസ്തു ഗുരുഗോവധാല്‍ ശൂദ്രത്വമഗമല്‍’

അര്‍ത്ഥം: ‘ആ വൈവസ്വതമനുവിന്റെ വേറൊരു പുത്രനായ പൃഷഡ്രന്‍ എന്നവന്‍ ഗുരുവിന്റെ പശുവിനെ കൊന്നതിനാല്‍ ശൂദ്രനായി ഭവിച്ചു.’

5. വിഷ്ണുപുരാണം 4-ാം അംശം 8-ാം അദ്ധ്യായം

‘ശകാലേശഗൃത്സമദാസ്ത്രയോസ്യാഭവന്‍
ഗൃത്സമദസ്യ ശൗനകശ്ചാതുര്‍വര്‍ണ്യപ്രവര്‍ത്തയിതാ’

അര്‍ത്ഥം: ‘(സുനഹോത്രനു) കാശന്‍, ലേശന്‍, ഗൃത്സമദന്‍ ഇങ്ങനെ മൂന്നു പുത്രന്മാര്‍. ഗൃത്സമദന്റെ പുത്രനായ ശൗനകനില്‍നിന്നു നാലു ജാതികളുമുണ്ടായി.’

ഹരിവംശത്തില്‍ ഈ ‘ലേശന്‍’ എന്നുള്ള നാമത്തെ ‘ശലന്‍’ എന്നും, ‘ശൗനകന്‍’ എന്ന നാമത്തെ ‘ശുനകന്‍’ എന്നും എഴുതിയിരിക്കുന്നു.

6. വിഷ്ണുപുരാണം 29-ാം അദ്ധ്യായം

‘സുനഹോത്രസ്യ ദായാദാസ്ത്രയഃ പരമധാര്‍മ്മികാഃ
കാശഃ ശലശ്ച ദ്വാവേതൗ തഥാ ഗൃത്സമദഃ പ്രഭുഃ’

അര്‍ത്ഥം: ‘സുനഹോത്രനു കാശന്‍, ശലന്‍, ‘ഗൃത്സമദന്‍’ എന്നു മഹാധര്‍മ്മിഷ്ഠന്മാരായ മൂന്നു പുത്രന്മാരുണ്ടായിരുന്നു.’

‘പുത്രോ ഗൃത്സമദസ്യാപി ശുനകോ യസ്യ ശൗനകാഃ
ബ്രാഹ്മണാക്ഷത്രിയാശ്ചൈവ വൈശ്യാഃ ശൂദ്രാസ്തഥൈവ ച’

അര്‍ത്ഥം: ഗൃത്സമദന്റെ പുത്രന്‍ ശുനകന്‍. അവന്റെ പുത്രന്മാരായ ശൗനകന്മാര്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ആയിട്ടു ഭവിച്ചു.

7. വിഷ്ണുപുരാണം 29-ാം അദ്ധ്യായം

‘ഭാര്‍ഗ്ഗസ്യ ഭാര്‍ഗ്ഗഭൂമിരതശ്ചാതുവര്‍ണ്യപ്രവൃത്തിഃ’

അര്‍ത്ഥം: ‘ഭാര്‍ഗ്ഗന്റെ പുത്രന്‍ ഭാര്‍ഗ്ഗഭൂമിഃ ഭാര്‍ഗ്ഗഭൂമിയില്‍നിന്നും നാലു വര്‍ണ്ണങ്ങളും ഉണ്ടായി.’

8. ഭാരതം ഹരിവംശം 32-ാം അദ്ധ്യായം

‘ഏതേഷ്വംഗിരസഃ പുത്രാ ജാതാ വംശേഥ ഭാര്‍ഗ്ഗവേ
ബ്രാഹ്മണാഃ ക്ഷത്രിയാഃ വൈശ്യാഃ ശൂദ്രാശ്ചഭരതര്‍ഷഭ!’

അര്‍ത്ഥം: ‘ഭൃഗുവംശത്തോടുചേര്‍ന്ന അംഗിരസ്സിന്റെ പുത്രന്മാര്‍ ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരായി ഭവിച്ചു.’

9. ഭാരതം ഹരിവംശം 11-ാം അദ്ധ്യായം

‘നാഭാഗാരിഷ്ടപുത്രൗ ദ്വൗ വൈശ്യൗ ബ്രാഹ്മണതാം ഗതൗ’

അര്‍ത്ഥം: ‘നാഭാഗാരിഷ്ടപുത്രന്മാരായ രണ്ടു വൈശ്യന്മാര്‍ക്കു ബ്രാഹ്മണ്യം സിദ്ധിച്ചു.’

വൈവസ്വതമനുവിന്റെ പൗത്രനായിരുന്ന് വൈശ്യനായി ഭവിച്ച നാഭാഗന്‍ എന്നവന്‍ ഹരിവംശമെന്ന പ്രമാണത്തില്‍ നാഭാഗാരിഷ്ടന്‍ എന്ന സംജ്ഞയാല്‍ പറയപ്പെടുന്നു. നേദിഷ്ടന്റെ പുത്രനായ ഈ നാഭാഗന്‍ അല്ലെങ്കില്‍ നാഭാഗാരിഷ്ടന്‍ എന്നവന്‍ നീചകര്‍മ്മത്താല്‍ വൈശ്യനായി ഭവിച്ചതുപോലെതന്നെ വൈശ്യന്മാരായിരുന്ന അവന്റെ രണ്ടു പുത്രന്മാര്‍ ഉത്തമകര്‍മ്മത്താല്‍ ബ്രാഹ്മണരായി ഭവിച്ചു. ഇതിനാല്‍ ഒരു വംശക്കാര്‍ ഒരുകാലത്തു നീചകര്‍മ്മത്താല്‍ നീചജാതികളായി ഭവിച്ചു എങ്കിലും മറുപടിയും ആ വംശക്കാര്‍തന്നെ ഉത്തമകര്‍മ്മത്താല്‍ ഉയര്‍ന്ന ജാതിക്കാരാകാമെന്നു സിദ്ധിക്കുന്നു. ഇതുവരെ എടുത്തുകാണിച്ച ശാബ്ദപ്രമാണങ്ങളാല്‍ പൂര്‍വ്വികന്മാര്‍ നിയമിച്ച ജാതിക്കു കാരണം കര്‍മ്മമല്ലാതെ ജന്മമെന്നു വരുന്നില്ല എന്നുള്ളതു നിഷ്പക്ഷപാതികളായ എല്ലാപേര്‍ക്കും നിശ്ചയമാകുമെന്നു വിചാരിക്കുന്നു.

ഇനി ഇതിലേക്ക് വേദത്തില്‍നിന്നും ചില പ്രമാണങ്ങളെ ഉദ്ധരിക്കുന്നു.

10. കൗഷീതകിബ്രാഹ്മണം

‘മാദ്ധ്യമാഃ സരസ്വത്യാം സത്രമാസത. തദ്ധാപി കവഷോമദ്ധ്യേ നിഷസാദ. തം ഹേമ ഉപോദുര്‍ദ്ദാസ്യാ വൈത്വം പുത്രോസി – ന വയം ത്വയാ സഹ ഭക്ഷയിഷ്യാമ ഇതിസഃ ക്രുദ്ധഃ പ്രദ്രവത്സരസ്വതീമേതേന സൂക്തേന തുഷ്ടാവ. തം ഹേയമന്വേയായാത ഉഹേ മേ നിരാഗാ ഇവ മേനിരേ. തം ഹാന്വാവൃത്യോചുഃ ഋഷേ നമസ്‌തേ അസ്തുമാനോഹിംസീ സ്ത്വം വൈനഃ ശ്രേഷ്‌ഠോസി യം ത്വേയമന്വേ നീതി. തം ഹ യജ്ഞപയാംചക്രു സ്തസ്യഹ ക്രോധം വിനിന്യുഃ (സ ഏഷ കവഷസൈ്യഷ മഹിമാസൂക്തസ്യ ചാനുവേദിതാ.)’

അര്‍ത്ഥം: നടുവ(മദ്ധ്യമ)രെന്നു വിളിക്കപ്പെടുന്ന (ആശ്വലായനസൂക്തം-2-4) ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ, വസിഷ്ഠ മഹര്‍ഷിമാര്‍ സരസ്വതീതീരത്ത് (ഒരിക്കല്‍) ഒരു സത്രം നടത്തി. അവരുടെ ഇടയില്‍ അപ്പോള്‍ ‘കവഷന്‍’ കയറി ഇരുന്നു. അദ്ദേഹത്തെ ഇവര്‍ നീ അടിമപ്പെണ്‍പിള്ള (ദാസീപുത്രന്‍) ആകുന്നു എന്നിങ്ങനെ ശകാരിച്ചു. അദ്ദേഹം കോപിച്ചു സരസ്വതിയെ മേല്‍ പറഞ്ഞ (പ്രദേവത്രേതി) സൂക്തംകൊണ്ടു സ്തുതിച്ചു. അപ്പോള്‍ ദേവി അദ്ദേഹത്തെ ചൂഴ്ന്നു (കൂടി) വരികയാല്‍ അവര്‍, അദ്ദേഹം നിഷ്‌കന്മഷനെന്നുവച്ച് അടുത്തുചെന്ന് ‘അല്ലയോ ഋഷേ! മന്ത്രദ്രഷ്ടാവേ! അങ്ങേയ്ക്കു നമസ്‌കാരം; ഞങ്ങള്‍ക്കു ദ്രോഹം ചെയ്യരുതേ! യാതൊരു അങ്ങെ ഈ ദേവി അനുഗ്രഹിച്ചുവന്നുവോ അതിനാല്‍ അങ്ങു ഞങ്ങളില്‍ ശ്രേഷ്ഠനാകുന്നു.’ എന്നിങ്ങനെ പറഞ്ഞ് അവര്‍ അദ്ദേഹത്തെ യജ്ഞകാര്യദര്‍ശിയാക്കിചെയ്ത് അദ്ദേഹത്തിന്റെ കോപമടക്കി. (ഈ സൂക്തത്തെ ഉണ്ടാക്കിയ (കണ്ടുപിടിച്ച) ആളെന്നതാണ് ഇദ്ദേഹത്തിന്റെ മഹിമ) കൗഷീതകിബ്രാഹ്മണത്തില്‍ കാണിച്ചതുപോലെ ഐതരേയബ്രാഹ്മണത്തിലും ദാസീപുത്രനായ ഈ കവഷന്റെ കഥയുണ്ട്.

11. കൗഷീതകിബ്രാഹ്മണം-ദ്വിതീയപഞ്ചികാ- തൃതീയാദ്ധ്യായഃ

‘ഋഷയോ വൈ സരസ്വത്യാം സത്രമാസത-തേ കവഷമൈലൂഷം സോമാദനയന്‍-ദാസ്യാഃ പുത്രഃ കിതവോ ബ്രാഹ്മണഃ കഥം നോ മദ്ധ്യേ ദീക്ഷിഷ്‌ടേതി. തം ബഹിര്‍ദ്ധന്വോദ വഹന്നത്രൈനം പിപാസാ ഹന്തു, സരസ്വത്യോദകം മാ പാദിതി സ ബഹിര്‍ദ്ധന്യോഭൂ ഇഹ പിപാസയാ വിത്ത ഏതദപോനപ്ത്രീയമപശ്യത്. പ്രദേവത്രിബ്രാഹ്മണേ ഗാതുരേത്വിതി.’

അര്‍ത്ഥം: (പ്രസിദ്ധിപെറ്റ) ഋഷിമാര്‍ സരസ്വതീതീരത്തുള്ള ഒരു സത്രം ആരംഭിച്ചിരുന്നതില്‍ നിന്നും ഇലൂഷപുത്രനായ ‘കവഷ’നെ ‘ദാസീപുത്രനും ധൂര്‍ത്തനും അബ്രാഹ്ണനു(ശൂദ്രനു)മായ ഇവന്‍ എങ്ങനെ നമ്മുടെ ഇടയില്‍ ഇരുന്ന് യജ്ഞകൃത്യമര്‍ഹിക്കും’ എന്നു പറഞ്ഞു പുറംതളളി അദ്ദേഹത്തെ ഒരു ഊഷരഭൂമിയിലാക്കി സരസ്വതിയിലെ വെള്ളം കുടിക്കാതെ (ദാഹം ഇവനെ കൊല്ലട്ടെ) മരിക്കണമെന്നു നിശ്ചിയിച്ചു. അദ്ദേഹം ഇങ്ങനെ (നിര്‍ജ്ജല) മരുഭൂമിയിലാക്കപ്പെട്ട് ദാഹംകൊണ്ടു വലഞ്ഞപ്പോള്‍ ‘ആപോനപ്ത്രിയം’ എന്നു മന്ത്രത്തെ ദര്‍ശിച്ചു (കണ്ടുപിടിച്ചു).

12. ഇനിയും വേദത്തില്‍ ‘കക്ഷീവാന്‍’ എന്ന ഒരു ബഹുമാന്യനായ ശൂദ്രസ്ത്രീപുത്രന്റെ കഥ പറയുന്നുണ്ട്.

‘സോമപാനസ്സ്വരണം കൃണുഹി ബ്രഹ്മണസ്പതേ കക്ഷീവന്തം യ ഔശിജഃ’

അര്‍ത്ഥം: അല്ലയോ ബ്രഹ്മണസ്പതേ! ഈ സോമപാനം ചെയ്യുന്ന എന്നെ യാവനൊരുത്തനോ ‘ഉശിക്’ എന്നവളുടെ പുത്രന്‍ ആ ‘കക്ഷീവാനെ’പ്പോലെ പ്രകാശമുള്ളവനാക്കിച്ചെയ്താലും.

ശൂദ്രനു വിദ്യയ്ക്കും വേദാദ്ധ്യയനം മുതലായവയ്ക്കും അധികാരമില്ലെന്നാണ് ബ്രാഹ്മണരുടെ വാദം. ഇതിലേയ്ക്കായിട്ട് വേദവേദാംഗങ്ങളിലുള്ള പല പ്രമാണങ്ങള്‍ക്കും അവര്‍ പൂര്‍വപക്ഷംചെയ്തു കൃത്രിമാര്‍ത്ഥങ്ങള്‍ കല്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അവര്‍ക്ക് ഒട്ടുവളരെ ബുദ്ധിമുട്ടിന് ഇടയാക്കീട്ടുള്ളതും ഇപ്പോഴും മുഴുവന്‍ സ്ഥിരപ്പെടാതെ കിടക്കുന്നതും ആയ ഒരു വിഷയമാണ് ഛാന്ദോഗ്യോപനിഷത്തിലെ ജാനശ്രുത്യുപാഖ്യാനം. അതിന്റെ സംഗതിസാരം താഴെ ചേര്‍ക്കുന്നു.

‘ജാനശ്രുതി’ അല്ലെങ്കില്‍ ‘പൗത്രായണന്‍’ എന്ന പ്രഭു തന്റെ മാളികയില്‍ ഉറങ്ങിക്കിടന്നിരുന്നു. അപ്പോള്‍ മൂന്നു ഹംസങ്ങള്‍ അവിടെ പറന്നുപറ്റി. അതില്‍ ഒരുവന്‍ ‘ഈ ജാനശ്രുതിതന്നെ മഹാകേമന്‍’ എന്നിങ്ങനെ പറഞ്ഞു. അതുകേട്ട് മറ്റൊരുവന്‍ ‘ഹെ! എന്തുപറഞ്ഞു? വിദ്യാവിഹീനനായ ഇവനാണോ കേമന്‍? വണ്ടിയോടുകൂടിയ ‘രയിക്വ’നെ കേമനെന്നു പറയണം’ എന്ന് അപഹസിച്ചു. ഈ അനാദരവാക്യം കേട്ട് ജാനശ്രുതി തന്റെ കുറവു തീര്‍പ്പാന്‍ ഏതാനും സ്വര്‍ണ്ണവും പശുക്കളും മറ്റുംകൊണ്ട് രയിക്വന്റെ അടുക്കല്‍ചെന്ന് തനിക്കു ബ്രഹ്മവിദ്യ ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. ‘കഷ്ടം! കഷ്ടം! എടാ! ശൂദ്രാ! നിന്റെ പശുക്കള്‍ നിനക്കുതന്നെ ഇരിക്കട്ടെ’ എന്ന് അദ്ദേഹം നിരസിച്ചു. ജാനശ്രുതി തിരിച്ചുവന്ന് തന്റെ പുത്രിയും സുന്ദരിയും ആയ ഒരു കന്യകയേയും ആയിരം പശുക്കളേയും ഏതാനും രഥത്തേയും മറ്റും കൊണ്ട് രയിക്വന്റെ അടുക്കല്‍ വീണ്ടും ചെന്നു. അവയെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ജാനശ്രുതിക്കു ബ്രഹ്മവിദ്യയെ ഉപദേശിച്ചു.’

ഇതിന്റെ മൂലം താഴെ ചേര്‍ക്കുന്നു. (സാമവേദം – ഛാന്ദോഗ്യ ഉപനിഷത്ത്)
(4-ാം പ്രപാഠം, സംവര്‍ഗ്ഗവിദ്യ, ജാനശ്രുത്യുപാഖ്യാനം)

  1. തദൂഹ ജാനശ്രുതിഃ പൗത്രായണ ഷട്ശതാനിഗവാം നിഷ്‌കമശ്വതരീരഥം തദാദായ പ്രതിചക്രമേ തഗുംഹാഭ്യുവാദ.
  2. രയിക്വേമാനി ഷട്ശതാനി ഗവാമയം നിഷ്‌കേയമശ്വതരീരഥോനുമ ഏതാം ഭഗവോ ദേവതാംഗുംശാധിയാം ദേവതാമുപാസ്മ ഇതി. തമുഹപരഃ പ്രത്യുവാച ഹ ഹാരേ ത്വാ ശൂദ്ര തവൈ വസഹ ഗോഭിരസ്ത്വിതി തദുഹ പുനരേവ ജാനശ്രുതിഃ പൗത്രായണ സഹസ്രം ഗവാം നിഷ്‌കമശ്വതരീരഥം ദുഹിതരം തദാദായ പ്രതിചക്രമേ.
  3. തഗുംഹാഭ്യുവാദ രയിക്വേദഗും സഹസ്രം ഗവാമയം നിഷ്‌കോയമശ്വതരീ രഥ ഇയം ജായായം ഗ്രാമോയസ്മിന്നാസ്സേന്ന്വേവമാഭഗവഃ ശാധീതി.
  4. തസ്യ ഹമുഖമപോദ്ഗൃഹ്ണന്നുവാചാ ജഹാരേ മാം ശൂദ്രാനേനൈവ മുഖേനാലാപയിഷ്യഥാ ഇതി തേ ഹൈതേ രയിക്വ പര്‍ണ്ണാനാമമഹാവൃഷേഷുയത്രാസ്മാ ഉവാസതസ്‌മൈ ഹോവാച.

12. ബ്രഹ്മസൂത്രവും ശങ്കരഭാഷ്യവും

മേല്‍ കാണിച്ച വേദഭാഗങ്ങളിലെ ശൂദ്രശബ്ദത്തിന് കൃത്രിമാര്‍ത്ഥം ചെയ്ത സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളുടെ അര്‍ത്ഥങ്ങളും അടിയില്‍ ചേര്‍ക്കുന്നു. (ഭാഷ്യങ്ങള്‍ക്ക് അനുബന്ധം നോക്കുക 2)

സൂത്രം: ശുഗസ്യ തദനാദരശ്രവണാത്തദാദ്രവണാല്‍ സൂച്യതേ ഹി. 34

ഭാഷ്യാര്‍ത്ഥം: മനുഷ്യര്‍ക്ക് വിദ്യാധികാരമുണ്ടെന്ന് സിദ്ധാന്തിച്ചുംവച്ച് ഏതുപ്രകാരം ദേവന്മാര്‍ക്കും വിധിക്കപ്പെട്ടുവോ അപ്രകാരം ശൂദ്രനും വിദ്യാധികാരമുണ്ടെന്ന ശങ്കയെ നിവൃത്തിക്കാനാണ് ഈ അധികരണം ആരംഭിക്കപ്പെടുന്നത്.

ശൂദ്രനു വിദ്യയിലധികാരമുണ്ട്. ശൂദ്രനു യാഗത്തില്‍ അധികാരമില്ലെന്നു നിഷേധിക്കപ്പെട്ടതുപോലെ വിദ്യയിലും നിഷേധിക്കപ്പെട്ടതായി കേള്‍ക്കുന്നില്ല. ശൂദ്രന് (അനഗ്നിത്വം) യാഗാഗ്നിയുടെ ഇല്ലായ്മയുണ്ട്. ഈ ‘അനഗ്നിത്വം’ തനിക്കു കര്‍മ്മങ്ങളില്‍ അധികാരമില്ലെന്നുള്ളതിനു കാരണമാകുമെന്നല്ലാതെ അത് വിദ്യാധികാരനിഷേധത്തിനും കാരണമാകുന്നില്ല. ആഹവനീയാദിയായ യാഗാഗ്നിയില്ലാത്തവന് വിദ്യയെ ഗ്രഹിപ്പാന്‍ കഴിയുന്നതല്ലെന്നുമില്ല. വിദ്യയില്‍ ശൂദ്രാധികാരത്തെ പ്രബലീകരിക്കുന്നതിന് സംവര്‍ഗ്ഗവിദ്യയില്‍ ജാനശ്രുതിയായിരിക്കുന്ന പൗത്രായണന്‍, വേദശ്രവണത്തിന് ഇച്ഛിച്ചപ്പോള്‍ രയിക്വന്റെ സംബോധനവാക്യത്തില്‍ പ്രയോഗിക്കപ്പെട്ട ശൂദ്രശബ്ദം പരാമര്‍ശകമായിരിക്കുന്നു. അതായത് ‘കഷ്ടം കഷ്ടം കഷ്ടം എടാ ശൂദ്രാ, നിന്റെ പശുക്കള്‍ നിനക്കുതന്നെ ഭവിക്കട്ടെ’ എന്നാണ്. വിദുരാദികള്‍ ശൂദ്രയോനിയില്‍ ജനിച്ചവരായിരുന്നിട്ടും വിശിഷ്ടവിജ്ഞാനസമ്പത്തിയുള്ളവരായിരുന്നു എന്നു സ്മരിച്ചിട്ടുമുണ്ട്, ഈ കാരണങ്ങളാല്‍ ശൂദ്രന് വിദ്യാധികാരമുണ്ടെന്നുണ്ടെങ്കില്‍ നാമിപ്രകാരം പറയുന്നു. എങ്ങനെയെന്നാല്‍, ശൂദ്രന് വേദാധികാരമില്ലാത്തതിനാല്‍ വിദ്യയിലുമധികാരമില്ല. വേദം പഠിച്ചവനു മാത്രമേ വേദാര്‍ത്ഥങ്ങളിലുമധികാരമുണ്ടാവൂ. ശൂദ്രന് വേദാദ്ധ്യയനമില്ലല്ലോ. എന്തെന്നാല്‍ വേദാദ്ധ്യയനത്തിന് ഉപനയനസംസ്‌കാരം കഴിഞ്ഞാലെ വിധിയുള്ളൂ. ഉപനയനമോ (ദ്വിജാദികള്‍) ബ്രഹ്മക്ഷത്ര, വൈശ്യന്മാര്‍ക്കു മാത്രമേ വിധിച്ചിട്ടുള്ളു. (സാമര്‍ത്ഥ്യം) ശക്തിയില്ലാതിരിക്കുമ്പോള്‍ വിദ്യയില്‍ അപേക്ഷയുണ്ടെന്നുള്ളതുമാത്രം അധികാരകാരണമായി തീരുന്നില്ല. ശാസ്ത്രീയകാര്യത്തില്‍ ശാസ്ത്രീയമായിരിക്കുന്ന സാമര്‍ത്ഥ്യം വിദ്യാധികാരത്തിനു മതിയാവുന്നുമില്ല. ശൂദ്രന് വേദാദ്ധ്യയനം നിഷിദ്ധമാകയാല്‍ തത്സംബന്ധിനിയായ ശക്തിയും നിരാകരിക്കപ്പെട്ടിരിക്കയാണല്ലോ? ന്യായത്തിനു സാധാരണത്വമുള്ളതാകയാല്‍ ഏതു ന്യായത്താല്‍ ശൂദ്രന് യാഗത്തിലുമധികാരമില്ലയോ? അതുതന്നെ വിദ്യയ്ക്കുമധികാരമില്ലെന്നുളളതിനെ സൂചിപ്പിക്കുന്നു.

സംവര്‍ഗ്ഗവിദ്യയില്‍ ശൂദ്രശബ്ദം കേള്‍ക്കപ്പെടുകയാല്‍ ശൂദ്രനും വിദ്യാധികാരമുണ്ടെന്നു വിചാരിക്കയാണെങ്കില്‍ ന്യായവിരുദ്ധമാകയാല്‍ അതും കാരണമാകുന്നില്ല. എന്തെന്നാല്‍ ന്യായവചനത്തിന് ലിംഗദര്‍ശനം ദ്യോതകമാകുന്നു. ഇവിടെ ന്യായമുണ്ടാകുന്നുമില്ല. ഈ ശൂദ്രശബ്ദം സംവര്‍ഗ്ഗവിദ്യയില്‍ ഇരിക്കയാല്‍ ആ വിദ്യയൊന്നില്‍ ഇരിക്കുന്ന ശൂദ്രനെ മാത്രമേ അധികരിക്കുന്നുള്ളൂ. ‘സംവര്‍ഗ്ഗവിദ്യ’ അര്‍ത്ഥവാദഘട്ടത്തിലാകയാല്‍ ഈ ശൂദ്രശബ്ദം തനിക്കു മറ്റുള്ള വിദ്യകളില്‍ ഒരിടത്തും അധികാരമുണ്ടാക്കുന്നതിനു ശ്രമിക്കുന്നില്ല. ഈ ശൂദ്രശബ്ദം അധികാരവിഷയത്തില്‍ മാത്രമേ ഉപയോഗിക്കൂ എന്നുളളതെങ്ങനെയാണെന്നുണ്ടെങ്കില്‍ പറയാം: ‘എടാ, വിദ്യാഹീനനായിരുന്നിട്ടും (ഒരുത്തനെ) ഈ ജാനശ്രുതിയെ വണ്ടിയോടുകൂടിയിരിക്കുന്ന രൈക്വനോടു സദൃശനാക്കിപ്പറയുന്നോ?’ എന്ന ഹംസവാക്യത്താല്‍ തന്റെ അനാദരത്തെ ശ്രുതവാനായിരിക്കുന്ന ആ ജാനശ്രുതിയെന്ന പൗത്രായണന് ദുഃഖമുണ്ടായി. ഇതിനെ ഋഷിയായിരിക്കുന്ന രൈക്വന്‍ ശൂദ്രശബ്ദംകൊണ്ട് സൂചിപ്പിച്ചത്, ജാതിശ്ശൂദ്രന് വിദ്യാധികാരമില്ലാഴികയാല്‍ തന്റെ പരോക്ഷജ്ഞാനത്തെ അറിയിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു, തനിക്ക് (ശുക്)ശോകമുണ്ടായെന്നു ശൂദ്രശബ്ദംകൊണ്ടു സൂചിക്കപ്പെടുന്നത്. (എങ്ങനെയെന്നാല്‍) ശുക്കിന്റെ ആദ്രവണം ഹേതുവായിട്ടും, ശുക്കിനെ അഭിദ്രവിക്കയാലും, ശുക്കിനാല്‍ അഭിദ്രവിക്കപ്പെട്ടെന്ന്, ശുക്കോടുകൂടി രൈക്വനെ അഭിദ്രവിച്ചെന്നും, ശൂദ്രശബ്ദത്തിന് അവയവാര്‍ത്ഥമുള്ളതാകയാലും രൂഢാര്‍ത്ഥമില്ലാഴികയാലുമാകുന്നു. എന്നാല്‍ ഈ അര്‍ത്ഥം ഈ ജാനശ്രുത്യുപാഖ്യാനത്തില്‍ കാണപ്പെടുന്നുമുണ്ട്.

സൂത്രം:

ക്ഷത്രിയത്വഗതേശ്ചോത്തരത്ര
ചൈത്രരഥേന ലിംഗാല്‍ 35

ഭാഷ്യാര്‍ത്ഥം: ഇതുഹേതുവായിട്ടും ജാനശ്രുതി ജാതിശൂദ്രനല്ല. യാതൊന്നിന്റെ കാരണം പ്രകരണത്തെ നിരൂപിക്കയാല്‍ സ്പഷ്ടമാകുന്നു. എങ്ങനെയെന്നാല്‍ ഈ ജാനശ്രുതിക്ക് സംവര്‍ഗ്ഗവിദ്യയുടെ ഉത്തരഭാഗത്തില്‍ ചൈത്രരഥനായി അഭിപ്രതാരിയായിരിക്കുന്ന ക്ഷത്രിയനോടുള്ള സമഭിഹാരം (കൂട്ടിച്ചേര്‍ത്തു പറക) എന്നതു ഹേതുവാല്‍ ക്ഷത്രിയത്വം ബോദ്ധ്യപ്പെടുന്നു. സംവര്‍ഗ്ഗവിദ്യാവാക്യശേഷത്തിലാണ് ചൈത്രരഥിയായിരിക്കുന്ന അഭിപ്രതാരിയെന്ന ക്ഷത്രിയന്‍ കീര്‍ത്തിക്കപ്പെടുന്നത്. അതായത് അനന്തരം സൂതനാല്‍ പരിവിഷ്യമാണന്മാരായി (വിളംബപ്പെടുന്നവരായി) ശൗനകനായിരിക്കുന്ന കാക്ഷസേനിയേയും ബ്രഹ്മചാരി ഭിക്ഷിച്ചു എന്നാണ്. അഭിപ്രതാരി തനിക്കു കാപേയയോഗം ഹേതുവായിട്ട് (ചൈത്രരഥിത്വ) ചിത്രരഥന്റെ വംശത്തിലുള്ളവനാണെന്നുള്ളതും സ്പഷ്ടമാകുന്നു. എന്തെന്നാല്‍ ‘ഇതുകൊണ്ടാണ് ചൈത്രരഥനെ കാപേയന്മാര്‍ യജിപ്പിച്ചത്,’ എന്ന വേദവാക്യത്താല്‍ ചൈത്രരഥനു കാപേയയോഗമുണ്ടെന്നും അറിയപ്പെട്ടു. തുല്യവംശന്മാര്‍ക്കു മിക്കവാറും തുല്യവംശന്മാര്‍ മാത്രമേ യാജകന്മാരാകുന്നുള്ളൂ. അതു ഹേതുവായിട്ട് ചൈത്രരഥിയെന്നു പ്രസിദ്ധനായ ഒരു ക്ഷത്രപതിയുണ്ടായി എന്നും വേദവാക്യത്തില്‍ ക്ഷത്രപതിയെന്നു ബോധിക്കയാല്‍ ചൈത്രരഥിക്കു ക്ഷത്രിയത്വമുണ്ടെന്നും സ്പഷ്ടമാകുന്നു. ക്ഷത്രിയനായിരിക്കുന്ന ആ അഭിപ്രതാരിയോടുകൂടി ജാനശ്രുതിക്കു തുല്യയായിരിക്കുന്ന വിദ്യാവിഷയത്തില്‍ സങ്കീര്‍ത്തനം ഭവിക്കയാല്‍ തനിക്കും ക്ഷത്രിയത്വമുണ്ടെന്നു സൂചിക്കുന്നു. തുല്യന്മാരെ മാത്രമേ മിക്കവാറും കൂട്ടിച്ചേര്‍ത്തു പറകയുള്ളൂ. സൂതനെ അയയ്ക്കുക മുതലായ ഐശ്വര്യയോഗമിരിക്കയാലും ജാനശ്രുതിക്കും ക്ഷത്രിയത്വമുണ്ടെന്നു വെളിവാകുന്നു. ഇതു ഹേതുവായിട്ടും ജാതിശൂദ്രന് വിദ്യാധികാരമില്ല.

സൂത്രം:

സംസ്‌കാരപരാമര്‍ശാത്തദഭാവാഭിലാപാച്ച. 36

ഭാഷ്യാര്‍ത്ഥം: ഇതു ഹേതുവായിട്ടും ശൂദ്രന് വിദ്യയ്ക്ക്, അധികാരമില്ല.

എന്തെന്നാല്‍ വിദ്യാപ്രദേശങ്ങളില്‍ ഉപനയനാദിയായിരിക്കുന്ന സംസ്‌കാരങ്ങള്‍ ആവശ്യമാണെന്നു പരാമര്‍ശിക്കപ്പെടുന്നു, ‘അവനെ ഉപനയിപ്പിച്ചു ഭഗവാനെ! പഠിപ്പിക്കണേ!’ എന്നു പറഞ്ഞുംകൊണ്ട് ഉപസാദിച്ചു എന്നും വേദപാരഗന്മാരായും സഗുണബ്രഹ്മനിഷ്ഠന്മാരായുമുള്ള ഭരദ്വാജാദികള്‍ ബ്രഹ്മത്തെ തിരഞ്ഞ് ഈ പിപ്പലാദന്‍ എല്ലാം പറയുമെന്നു നിശ്ചയിച്ച് അവര്‍ കയ്യില്‍ ചമതയും വച്ചുകൊണ്ട് ഭഗവാനായിരിക്കുന്ന പിപ്പലാദനെ പ്രാപിച്ചു’ എന്നും ‘അവരെ ഉപനയിപ്പിക്കാതെ’ എന്നും കേള്‍ക്കുകയാല്‍ വേദാദ്ധ്യയനത്തിന് ഉപനയനപ്രാപ്തി കാണിക്കപ്പെട്ടതായിത്തന്നെയിരിക്കുന്നു. ‘ശൂദ്രന്‍ നാലാമത്തെ വര്‍ണ്ണവും ഏകജാതിയും’ എന്ന് സ്മരിച്ചിരിക്കയാലും ശൂദ്രങ്കല്‍ പാപം അല്പവും ഇല്ലാത്തതിനാല്‍ അവന് സംസ്‌കാരം ആവശ്യമില്ലെന്നു പറകയാലും ശൂദ്രന് സംസ്‌കാരമില്ലെന്നു പറയപ്പെടുന്നു.

സൂത്രം:

തദഭാവനിര്‍ദ്ധാരണേ ച പ്രവൃത്തേഃ

ഭാഷ്യാര്‍ത്ഥം: ഇതു ഹേതുവായിട്ടും ശൂദ്രന് വിദ്യയിലധികാരമില്ല. എന്തെന്നാല്‍, സത്യവചനത്താല്‍ താന്‍ ശൂദ്രനല്ലെന്ന് ഉറപ്പാക്കിയതിന്റെ ശേഷമേ ജാബാലനെ ഗൗതമന്‍ ഉപനയിപ്പിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുള്ളു. ഇതിനെ വിവേചിച്ചു പറയുന്നതിന് ബ്രാഹ്മണനല്ലാത്തവന്‍ യോഗ്യനാകുന്നില്ല. അല്ലയോ സൗമ്യ! നീ ചെന്ന് ചമതയെക്കൊണ്ടുവാ, നിന്നെ ഉപനയിപ്പിക്കാം. നീ സത്യത്തില്‍നിന്നും തെറ്റിയില്ല എന്ന വേദവാക്യം (ലിംഗ)കാരണമാകുന്നു.

സൂത്രം:

ശ്രവണാദ്ധ്യയനാര്‍ത്ഥപ്രതിഷേധാല്‍ സ്മൃതേശ്ച. 38

ഭാഷ്യാര്‍ത്ഥം: ഇതു ഹേതുവായിട്ടും ശൂദ്രന്ന് വിദ്യയില്‍ അധികാരമില്ല, എന്തെന്നാല്‍ സ്മൃതിപ്രമാണത്താല്‍ ശൂദ്രന്ന് ശ്രവണത്തിനും അദ്ധ്യയനത്തിനും പ്രതിഷേധം കാണുകയാല്‍ വേദശ്രവണപ്രതിഷേധവും വേദാദ്ധ്യയനപ്രതിഷേധവും വേദാര്‍ത്ഥജ്ഞാനപ്രതിഷേധവും വേദാനുഷ്ഠാനപ്രതിഷേധവും സ്മരിക്കപ്പെടുന്നു. ശ്രവണപ്രതിഷേധം പറയപ്പെട്ടത് എങ്ങനെയെന്നാല്‍, ‘ഇവന്‍ വേദത്തെ കേള്‍ക്കുകയാല്‍ ഈയവും മെഴുകുമുരുക്കിയൊഴിച്ച് ഇവന്റെ ചെവികളെ നിറയ്ക്കുക’ എന്നും, പദ്യു2 ഹവേ, ത്യാദിവാക്യത്താല്‍ ശൂദ്രസമീപത്തില്‍വച്ചു അദ്ധ്യയനം ചെയ്യരുതെന്ന് കേള്‍ക്കുകയാല്‍ സമീപത്തില്‍വച്ചുപോലും വിധിയല്ലാത്ത വേദാദ്ധ്യയനം തനിക്ക് അശേഷം പാടില്ലെന്നും സ്പഷ്ടമാകുന്നു. ‘അത്രയുമല്ലാ ശൂദ്രന്‍ വേദമുച്ചരിച്ചാല്‍ നാക്കു കണ്ടിക്കണമെന്നും, ധരിച്ചാല്‍ ശരീരത്തെ വെട്ടിപ്പിളര്‍ക്കണമെന്നു’മിരിക്കയാല്‍, വേദാര്‍ത്ഥജ്ഞാനത്തിനും തദനുഷ്ഠാനത്തിനും പാടില്ലെന്ന് സിദ്ധമാകുന്നു. ‘ശൂദ്രന് ജ്ഞാനത്തെ കൊടുക്കരുതെന്നും’ അദ്ധ്യയനം, യാഗം, ദാനം ഇതുകള്‍ ദ്വിജാതികള്‍ക്കാണെന്നും വേദപ്രമാണവും കാണുന്നു. പൂര്‍വ്വജന്മത്തില്‍ ചെയ്യപ്പെട്ട സംസ്‌കാരപ്രാപ്തിയാല്‍ വിദുരന്‍, ധര്‍മ്മവ്യാധന്‍ തുടങ്ങിയ ശൂദ്രര്‍ക്ക് ജ്ഞാനോല്പത്തിയുണ്ടായിരുന്നുവെങ്കിലും ജ്ഞാനത്തിന് ഐകാന്തികഫലത്വമുള്ളതിനാലും ഇതിഹാസപുരാണങ്ങളെ ചാതുര്‍വര്‍ണ്ണ്യങ്ങളെ ശ്രവിപ്പിക്കണമെന്ന ഹേതുവാലും അവര്‍ക്ക് ഫലപ്രാപ്തിയെ പ്രതിബന്ധിപ്പിക്കാന്‍ കഴിയുന്നതല്ല. ആകയാല്‍ വേദപൂര്‍വ്വകമായിരിക്കുന്ന വിദ്യാധികാരം ശൂദ്രന് വിഹിതമല്ലെന്നിരിക്കുന്നു.’

ജാനശ്രുതി രയിക്വന്റെ അടുക്കല്‍ചെന്ന് ഉപദേശം വേണമെന്ന് അപേക്ഷിക്കുകയും രയിക്വന്‍ ‘കഷ്ടം! കഷ്ടം! ശൂദ്രനായ നിനക്കു പറഞ്ഞുതരികയില്ലാ; നിന്റെ ദ്രവ്യം നീതന്നെ എടുത്തോ’ എന്ന് ഉപേക്ഷിച്ചു പറയുകയും ചെയ്തു. ശൂദ്രനു വിദ്യാധികാരമില്ല, അവനെ യാതൊന്നും പഠിപ്പിച്ചുപോകരുത് എന്നുള്ള നിയമം പ്രബലമായി നടന്നുവരുന്ന കാലത്താകയാല്‍, ഈ വാക്കുകേട്ടുകൂടുമ്പോള്‍, ‘ഓഹോ എന്നെ രയിക്വന്‍ ശൂദ്രനെന്നു തെറ്റിദ്ധരിച്ചുപോയി; അതുകൊണ്ടാണ് ഇപ്രകാരം പറഞ്ഞുനിഷേധിച്ചത്.’ എന്നു ജാനശ്രുതിക്കു നല്ലതിന്‍വണ്ണം മനസ്സിലായിരിക്കും. താന്‍ ശൂദ്രനല്ലായിരുന്നു എങ്കില്‍ (പെട്ടെന്ന്) ‘അയ്യോ ഞാന്‍ ശൂദ്രനല്ലെ, ഇന്ന ജാതിക്കാരനാണെ’ എന്ന് ഉടന്‍ പറയുമായിരുന്നു. അപ്രകാരം യാതൊന്നും ചെയ്യാത്തതുകൊണ്ടു ജാനശ്രുതി ജാതി ശൂദ്രനാണെന്നും തന്നിമിത്തം ശൂദ്രശബ്ദത്തിന് അവയവാര്‍ത്ഥമില്ലെന്നും വരുന്നു.

അല്ലാതെയും, ഈ ജാനശ്രുത്യുപാഖ്യാനം കേട്ടാല്‍ സാധാരണ വിദ്വാന്മാര്‍പോലും ഈ ശൂദ്രശബ്ദത്തിന് ജാതിശൂദ്രതയെത്തന്നെ അര്‍ത്ഥമായി ഗ്രഹിപ്പാനെ ഇടയുളളു. അങ്ങനെതന്നെ ധരിച്ചുമിരിക്കുമെന്നു കരുതിയാണ് സൂത്രഭാഷ്യകാരന്മാര്‍ ആയതിനെ മറയ്ക്കുന്നതിനു മനഃപൂര്‍വ്വം പൂര്‍വ്വപക്ഷം ചെയ്തു നിഷേധിച്ചുംവച്ചു വേറെ പ്രകാരത്തില്‍ സിദ്ധാന്തിച്ച് വളരെ ഒക്കെ ബദ്ധപ്പെട്ടു പരാക്രമങ്ങളെ കാണിച്ചിരിക്കുന്നത്; ഇതിനെ ആലോചിക്കുമ്പോള്‍ ഇപ്രകാരം ഒരു സിദ്ധാന്തം ചെയ്തില്ലെങ്കില്‍ ജാനശ്രുതിക്ക് എല്ലാപേരും ജാതിശൂദ്രതയെത്തന്നെ നിശ്ചയിച്ചുകളയുമെന്നു ഭാഷ്യകര്‍ത്താവും നിരൂപിച്ചിട്ടുള്ളതായി തെളിയുന്നു; ജാനശ്രുതി രയിക്വന്റെ വാക്ക് കേട്ടുകൂടുമ്പോള്‍ അതിന്റെ സാധാരണ അര്‍ത്ഥമായ ജാതിശൂദ്രതയെത്തന്നെയാണ് മനസ്സിലാക്കിയത് എന്ന് ഇതുകൊണ്ടും നിശ്ചയിക്കാവുന്നതാണ്.

അതല്ല, രയിക്വന്‍ ആന്തരമായിക്കരുതിയ അവയവാര്‍ത്ഥത്തെ താന്‍ അറിഞ്ഞതുകൊണ്ടായിരുന്നു മിണ്ടാതെ പോയതെങ്കില്‍ ‘വിദ്യാവിഹീനനായ ഒരുവനെ’ എന്നു പറഞ്ഞതുകേട്ടു വ്യസനിച്ച് അതിനെ പരിഹരിപ്പാന്‍ നോക്കിയ ജാനശ്രുതിക്കു രയിക്വന്റെ മനോഗതത്തേയും ശൂദ്രശബ്ദത്തിന് അസാധാരണമായി കൊണ്ടുവന്ന അവയവാര്‍ത്ഥത്തേയും അറിയുന്നതിനുതക്കതായ പരോക്ഷജ്ഞാനവും ശബ്ദാര്‍ത്ഥ ശാസ്ത്രപാണ്ഡിത്യവും ഉണ്ടായിരിപ്പാനും ഇടയില്ല. ആയതിനാല്‍ അതും ചേരുകയില്ല. ഈ ന്യായങ്ങളാല്‍ ജാനശ്രുതി ജാതിശൂദ്രനെന്നും അവയവാര്‍ത്ഥം വൃഥാകല്പിതമെന്നും തെളിയുന്നു.

പിന്നെയും, അവയവാര്‍ത്ഥം സ്വീകരിക്കുന്നപക്ഷം ജാനശ്രുതി ജാതിശൂദ്രനല്ല ക്ഷത്രിയനാണെന്നും അപ്പോള്‍ വേദാദ്ധ്യയനത്തിന് അനര്‍ഹനല്ലെന്നും വരണം. ആ സ്ഥിതിക്ക് നേരെ ഉപദേശിച്ചുകൊടുക്കാതെ ‘കഷ്ടം കഷ്ടം….’ എന്നുപറഞ്ഞു നിഷേധിച്ചത് ഉചിതമായോ? അതിശ്രദ്ധയോടുകൂടി വ്യസനിച്ചു വരുന്നവന് ഉപദേശിക്കരുതെന്ന് വല്ല നിഷേധവുമുണ്ടായിരുന്നിട്ടാണെങ്കില്‍ അതു പ്രമാണവിരുദ്ധമാകുന്നു; ഉപദേശിക്കപ്പെട്ടാലല്ലാതെ വിട്ടുപോകാത്തതും ആദ്യം ഉപദേശിക്കാതെ ഉപേക്ഷിപ്പാന്‍ കാരണമെന്നു കാണപ്പെടുന്നതുമായ വ്യസനത്തോടുകൂടി ഇരിക്കവേതന്നെ രണ്ടാമത് ഉപദേശിച്ചുമിരിക്കുന്നു; ഇപ്രകാരം വരുന്നവന്‍ ആകുന്നു ഉപദേശിക്കപ്പെടാന്‍ പാത്രമെന്നുള്ളത് ‘വിദ്യായാം വ്യസനം’ മുതലായ പ്രമാണങ്ങള്‍ക്കും യുക്ത്യനുഭവങ്ങള്‍ക്കും അനുസരണമായുമിരിക്കുന്നു.

ജാനശ്രുതിയുടെ പരിപാകതയെ പരീക്ഷിപ്പാനായിരുന്നു എങ്കില്‍ മുമ്പില്‍ക്കൂട്ടി പരോക്ഷജ്ഞാനംകൊണ്ട് അറിഞ്ഞിരിക്കുന്ന രയിക്വന് പരീക്ഷ വേണ്ടല്ലോ. വേണമെന്നു വരുന്നപക്ഷത്തില്‍ അദ്ദേഹം പരോക്ഷജ്ഞാനം കൊണ്ട് അറിയുന്ന ആളല്ലെന്നും അപ്പോള്‍ ശൂദ്രശബ്ദം അവയവാര്‍ത്ഥകമല്ലെന്നും വരും.

ജാനശ്രുതിക്ക് അപ്പോള്‍ ഉണ്ടായിരുന്ന ഭക്തിശ്രദ്ധ മതിയാകായ്കയാല്‍ ആയതിനെ വര്‍ദ്ധിപ്പിക്കാനായിരുന്നു എങ്കില്‍ വളരെക്കാലം താമസിപ്പിക്കയും ശുശ്രൂഷിപ്പിക്കയും മറ്റുംചെയ്ത് സൂക്ഷിച്ചു കണ്ടറിഞ്ഞ് പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. പരീക്ഷിക്കാനാണെങ്കിലും അപ്രകാരംതന്നെ ‘ദ്വാദശാബ്ദന്തു ശുശ്രൂഷാം’ എന്നല്ലയോ പ്രമാണം പറയുന്നത്. ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല; നേരേമറിച്ച് ‘ഇയം ജായാ അയംഗ്രാമോ’ എന്നിരിക്കയാല്‍ ഗുരവോ ബഹവസ്സന്തി ശിഷ്യവിത്താപഹാരകാഃ എന്നപോലെ പരീക്ഷിപ്പാന്‍ നോക്കിയത് കൂടുതല്‍ ദക്ഷിണയെക്കരുതിയാണെന്നു തോന്നുന്നു. വേറെ വിധം പറയുന്നതിന് യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല.

താന്‍ ആദ്യം ഉപേക്ഷിച്ചാല്‍ രണ്ടാമത് ഉപദേശിക്കേണ്ടതായി വരും; അപ്പോള്‍ അടുത്ത ഭവിഷ്യത്തിനെപ്പോലും അറിയുന്നതിനുള്ള പരോക്ഷജ്ഞാനം തനിക്ക് ഇല്ലെന്നു വന്നുപോകും; ആയതു ശരിയുമല്ല എന്നോര്‍ത്തു ക്ഷമിച്ചുകളയാതെ ഉപേക്ഷിച്ചതിനെ നോക്കുമ്പോള്‍ എല്ലാപേരേയുംപോലെ മാംസദൃഷ്ടികൊണ്ട് പുറമെ അപ്പോള്‍ കണ്ടപ്രകാരം അറിഞ്ഞിരിക്കുമെന്നല്ലാതെ രയിക്വന്‍ തന്റെ പരോക്ഷജ്ഞാനംകൊണ്ട് അറിയുകയോ ആയതിനെ വെളിക്കു സൂചിപ്പിക്കണമെന്നു കരുതുകയോ ചെയ്തിട്ടില്ലെന്നും ആദ്യം ഉപേക്ഷിച്ചിട്ട് രണ്ടാമത് ഉപദേശിക്കയും വേണ്ടെന്നു തള്ളിയേച്ചു കൂടുതലായി കിട്ടിയപ്പോള്‍ മടങ്ങി സ്വീകരിക്കയും ചെയ്തതിനാല്‍ എന്തായാലും ദ്രവ്യലാഭത്തിനുതക്കപോലെ പ്രവര്‍ത്തിക്കണമെന്നല്ലാതെ തന്റെ വാക്കിനും പ്രവൃത്തിക്കും വ്യവസ്ഥകേടു സംഭവിക്കരുതെന്നുള്ള വിചാരത്തിനു മൂലവും ന്യായവുമായ ഒരഭിമാനം രയിക്വന് ഉണ്ടായിരുന്നില്ലെന്നും കാണുന്നതിനാല്‍ ഈ ശൂദ്രശബ്ദം അവയവാര്‍ത്ഥകമല്ലെന്നും ജാനശ്രുതി ജാതിശൂദ്രന്‍ തന്നെ എന്നും സിദ്ധിക്കുന്നു.

മേല്‍കാണിച്ച സൂത്രഭാഷ്യത്തില്‍ ഒരുദാഹരണമായി സ്വീകരിച്ചിരിക്കുന്നതും ജാനശ്രുത്യുപാഖ്യാനംപോലെ ഈ വിഷയത്തില്‍ ഒരു പ്രമാണമായി പറയപ്പെടുന്നതും ആയ ജാബാലന്റെ കഥയെപ്പറ്റി സ്വല്പം ചിന്തിക്കാം.

ജാബാലകഥാസാരം: ‘ജാബാലന്‍ ഗൗതമന്റെ അടുത്ത് അദ്ധ്യയനത്തിനു ചെന്നു. ഗൗതമന് അവന്റെ പേരില്‍ ശൂദ്രശങ്കയുണ്ടായി. ജാബാലനെക്കൊണ്ട് താന്‍ ശൂദ്രനല്ലെന്നു സത്യംചെയ്യിച്ചശേഷമേ പഠിപ്പിച്ചുകൊടുത്തുള്ളൂ.’

ഇതിനെയും ശൂദ്രന്‍ വിദ്യയ്ക്കു പണ്ടുപണ്ടേ അനര്‍ഹനാണെന്നുള്ളതിന് ഒരു ദൃഷ്ടാന്തമായി ബ്രാഹ്മണര്‍ പറയുന്നുണ്ട്.

ശൂദ്രന്‍ വിദ്യയ്ക്ക് അനര്‍ഹനെന്നും അതിനാല്‍ അവനെ യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെ നിഷേധിക്കപ്പെട്ടിട്ടുണ്ട് – ജാബാലന്‍ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോള്‍ ഗൗതമന്‍ ജാബാലനെക്കൊണ്ട് ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാല്‍ ഗൗതമന് ജാബാലനെക്കുറിച്ച് ശൂദ്രശങ്കയുണ്ടായിരുന്നെന്നും തന്നിമിത്തം ഇവന്‍ നമ്മെ കബളിപ്പിച്ച് വിദ്യാമോഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹത്തിന്റെ ഉള്ളില്‍ ജനിച്ചിരുന്നു എന്നും നിശ്ചയംതന്നെ: പിന്നെ ശൂദ്രന്‍ അനൃതവാക്കാണെന്ന് പ്രമാണവും ഉണ്ട്. ഇങ്ങനെ അവിശ്വാസിയെന്നു തെളിയുന്ന ജാബാലന്റെ വാക്കിനെ ഗൗതമന്‍ വിശ്വസിക്കയും സന്ദേഹത്തില്‍നിന്നു വേര്‍പെടുകയും ചെയ്കയില്ല. ഗൗതമന് ജാബാലന്റെ ജാതിനിര്‍ണ്ണയം ചെയ്‌തേ കഴിയൂ എന്നു നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ ജാബാലനെ നല്ല പരിചയമുള്ളവരായ ബ്രാഹ്മണരോട് ആരോടെങ്കിലും അദ്ദേഹം പരമാര്‍ത്ഥം ചോദിച്ചറിയുമായിരുന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കയും പഠിപ്പിക്കയും ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ടും ഗൗതമന് മനഃപൂര്‍വ്വമായിട്ട് ശൂദ്രനെ പഠിപ്പിച്ചുകൂടെന്നോ പഠിപ്പിച്ചാല്‍ തനിക്കും പഠിച്ചാല്‍ അവനും ദോഷമുണ്ടെന്നോ ശൂദ്രനല്ലെന്ന് വരികിലേ പഠിപ്പിക്കാവൂ എന്നോ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരായാലും എന്തു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്കണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ എന്നും സ്പഷ്ടമാകുന്നു.

സമാധാനം: എന്നാല്‍ സത്യം ചെയ്യിച്ചതെന്തിന്?

നിഷേധം: അതു പറയാം. ശൂദ്രന് ബ്രാഹ്മണശുശ്രൂഷ ഒഴിച്ച് മറ്റൊരു നന്മയ്ക്കും അധികാരമില്ലെന്നും. ആരും ഒന്നും പഠിപ്പിച്ചുപോകരുതെന്നും, അവനവന്റെ ഇച്ഛപോലെ ചില സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തി അവയെ അനാദിപ്രമാണാനുസരണം നടത്തുന്നതിന് ശ്രദ്ധാലുക്കളായിരുന്ന അക്കാലത്തെ പ്രബലന്മാരോട്, ഞാന്‍ സത്യംചെയ്യിച്ചതില്‍ പിന്നീടേ പറഞ്ഞുകൊടുത്തുള്ളു എന്നുള്ള സമാധാനംപറഞ്ഞ് സമ്മതപ്പെടുത്തുന്നതിലേക്കായിട്ടുമാത്രമായിരുന്നു.

ഇനി മേല്‍ക്കാണിച്ച ഭാഗങ്ങളെത്തുടര്‍ന്ന്, ഉപനയനാദികൊണ്ട് ബ്രഹ്മവിദ്യയ്ക്ക് അര്‍ഹത സിദ്ധിക്കയില്ലെന്നും, സാധനചതുഷ്ടയസമ്പന്നനാണ് അതിലേക്ക് അര്‍ഹനെന്നുമുള്ളതിന് ശ്രീവേദാന്തസൂത്രഭാഷ്യം ഒന്നാം അദ്ധ്യായം, ഒന്നാം പാദം, ഒന്നാം അധികരണം, ഒന്നാം സൂത്രഭാഗത്തെ താഴെ ചേര്‍ക്കുന്നു.

‘അഥാതോ ബ്രഹ്മജിജ്ഞാസാ’ ഇതിഭാഷ്യം തത്ര അഥ ശബ്ദ ആനന്തര്യാര്‍ത്ഥഃ പരിഗൃഹ്യതേ. നാധികാരാര്‍ത്ഥഃ ബ്രഹ്മജിജ്ഞാസായാ അനധികാര്യത്വാല്‍ മംഗളസ്യ ച വാക്യാര്‍ത്ഥേ സമന്വയാഭാവാല്‍ അര്‍ത്ഥാന്തരപ്രയുക്തം ഏവ ഹി അഥ ശബ്ദഃ ശ്രുത്യാ മംഗളപ്രയോജനോ ഭവതി. പൂര്‍വ്വ പ്രകൃതാപേക്ഷായാശ്ച ഫലതഃ ആനന്തര്യ അപ്യതിരേകാല്‍ സതി ച ആനന്തര്യാര്‍ത്ഥത്വേ യഥാ ധര്‍മ്മജിജ്ഞാസാ പൂര്‍വ്വവൃത്തം വേദാദ്ധ്യയനം നിയമേനാപേക്ഷ തേ ഏവം ബ്രഹ്മജിജ്ഞാസാപി യല്‍ പൂര്‍വ്വവൃത്തം നിയമേനാപേക്ഷതേ തദ്വക്തവ്യം സ്വാദ്ധ്യായാനാന്തര്യന്തു സമാനം നന്ന്വിഹ കര്‍മ്മാവബോധാനന്തര്യം വിശേഷഃ ന ധര്‍മ്മജിജ്ഞാസായാഃ പ്രാഗപ്യധീതവേദാന്തസ്യ ബ്രഹ്മജിജ്ഞാസോപപത്തയേ യഥാ ച ഹൃദയാദ്യവദാനാനാമാനന്തര്യനിയമഃ ക്രമസ്യ വിവക്ഷിതത്വാല്‍ ന തഥേഹ ക്രമോ വിവക്ഷിതഃ ശേഷശേഷിത്വേ അധികൃതാധികാരേ വാ പ്രമാണാഭാവാല്‍ ധര്‍മ്മബ്രഹ്മജിജ്ഞാസയോഃ ഫലജിജ്ഞാസാഭേദാച്ച അഭ്യുദയഫലം ധര്‍മ്മജ്ഞാനം തച്ചാനുഷ്ഠാനാപേക്ഷം നിശ്രേയസഫലന്തു ബ്രഹ്മവിജ്ഞാനം, ന ചാനുഷ്ഠാനാന്തരാപേക്ഷം ഭവ്യശ്ച ധര്‍മ്മോ ജിജ്ഞാസ്യോ ന ജ്ഞാനകാലേസ്തി പുരുഷവ്യാപാര തന്ത്രത്വാല്‍ ഇഹ തു ഭൂതം ബ്രഹ്മജിജ്ഞാസ്യം നിത്യനിര്‍വൃത്തത്വാല്‍ ന പുരുഷവ്യാപാരതന്ത്രം ചോദനാപ്രവൃത്തി ഭേദാച്ച യാഹി ചോദനാധര്‍മ്മസ്യ ലക്ഷണം സാ സ്വവിഷയേ നിയുഞ്ജാനൈവ പുരുഷമവബോധയതി ബ്രഹ്മചോദനന്തു പുരുഷമവബോധയത്യേവകേവലം. അവബോധനസ്യചോദനാജന്യത്വാല്‍ ന പുരുഷോfവബോധേ നിയുജ്യതേ യഥാ ക്ഷാത്ര്യസന്നികര്‍ഷേണാര്‍ത്ഥാവബോധേ തദ്വല്‍ തസ്മാല്‍ കിമപി വക്തവ്യം യദനന്തരം ബ്രഹ്മജിജ്ഞാസോപദിശ്യത ഇതി ഉച്യതേ. നിത്യാനിത്യവസ്തുവിവേകാ ഇഹാമുത്രാര്‍ത്ഥ ഭോഗവിരാഗഃ ശമദമാദി സാധനസമ്പല്‍മുമുക്ഷുത്വഞ്ച തേഷു ഹി സത്സുപ്രാഗപി ധര്‍മ്മജിജ്ഞാസായ ഊര്‍ദ്ധ്വഞ്ചശക്യതേ ബ്രഹ്മജിജ്ഞാസിതും ജ്ഞാതുഞ്ച തസ്മാദഥ ശബ്‌ദേന യഥോക്തസാധനസമ്പത്യാനന്തര്യമുപദിശ്യതേ.

ഗുണകര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ വര്‍ണ്ണവ്യത്യാസം ഉണ്ടായിരിക്കാന്‍ പാടുള്ളു എന്നും അതിലേക്കു പാരമ്പര്യത്തെ അടിസ്ഥാനമാക്കിപ്പറയുന്നതു പിശകാണെന്നും ആദ്യകാലംമുതല്‍ക്ക് പാരമ്പര്യഭിന്നമായും അനുലോമപ്രതിലോമഗതികളായും വര്‍ണ്ണഭേദങ്ങളുണ്ടായിട്ടുണ്ടെന്നും മുമ്പില്‍ പ്രസ്താവിച്ചു. ഇതിലേക്കു വേറൊരുദാഹരണമായി ബ്രാഹ്മണവര്‍ഗ്ഗത്തിന്റെ ഒരു പൊതു വിവരണവും പുത്രപൗത്രപരമ്പരയാ ബ്രാഹ്മണരെന്നഭിമാനിച്ച് പരിഷ്‌കാരപ്രാപ്തിക്കു ബാധകളായിത്തീര്‍ന്നിരിക്കുന്നവരില്‍ ചിലരുടെ ഉല്പത്തികളും ഇവിടെ ചേര്‍ക്കുന്നു. ഇവര്‍ക്ക് വര്‍ണ്ണവ്യത്യാസം സംബന്ധിച്ചും വര്‍ഗ്ഗസാധാരണമായും എന്തുമാത്രം ബഹുമാന്യത സാമുദായികമായി സംഭവിക്കാമെന്ന് വായനക്കാര്‍തന്നെ തീര്‍ച്ചപ്പെടുത്തിക്കൊള്ളട്ടെ.

സ്‌കാന്ദപുരാണാന്തര്‍ഗ്ഗത സഹ്യാദ്രിഖണ്‌ഡോത്തരാര്‍ദ്ധം ഒന്നാം അദ്ധ്യായത്തിന്റെ സാരം:

ചിത്പാവനബ്രാഹ്മണോല്പത്തി (സ്‌കന്ദമഹാദേവസംവാദം.) ബ്രാഹ്മണര്‍ പ്രധാനമായി രണ്ടുവിധമുണ്ട്. (1) പഞ്ചദ്രാവിഡര്‍, 2) പഞ്ചഗൗഡര്‍.

പഞ്ചദ്രാവിഡര്‍: 1) ദ്രാവിഡന്മാര്‍, 2) തൈലംഗന്മാര്‍, 3) കര്‍ന്നാടര്‍, 4) മധ്യദേശഗന്മാര്‍, 5) ഗുര്‍ജരന്മാര്‍.

പഞ്ചഗൗഡന്മാര്‍: 1) ഗൗഡര്‍, 2) സാരസ്വതര്‍, 3) കാന്യകുബ്ജര്‍, 4) ഉല്‍കലര്‍, 5) മൈഥിലര്‍; അഥവാ 1) ത്രിഹോത്രന്മാര്‍, 2) അഗ്നിവൈശ്യന്മാര്‍, 3) കാന്യകുബ്ജര്‍, 4) കനോജയര്‍, 5) മൈത്രായണര്‍.

ബ്രാഹ്മണരുടെ പൊതു അവകാശങ്ങള്‍:

1) ബ്രഹ്മഗായത്രി, 2) വേദകര്‍മ്മം, 3) അദ്ധ്യയനാദ്ധ്യാപനാദിഷ്ട്കര്‍മ്മം, 4) ഭുംജ്യത്വം, 5) ഭോജനീയത്വം, 6) വിവാഹം (ശാഖയ്ക്കും സൂത്രത്തിനും (ഗോത്രത്തിനും)) ഒത്ത്.

ബ്രാഹ്മണരുടെ ആചാരങ്ങള്‍ (ദേശദോഷങ്ങള്‍)

1) ഗുര്‍ജരദേശത്ത്, തോലില്‍ ആക്കിയ വെള്ളം (ചര്‍മ്മാംബു) സ്വീകരിക്കുക (ഉപയോഗിക്കുക), 2) ദക്ഷിണദേശത്ത്, ദാസീഗമനം, 3) കര്‍ന്നാടദേശത്ത്, പല്ലുതേല്പിില്ലായ്മ, 4) കശ്മീരദേശത്ത്, അലക്കുജോലി ചെയ്യുക, 5) തൈലംഗദേശത്ത്, ഗോവാഹനം, 6) ദ്രാവിഡദേശത്ത്, പഴഞ്ചോറുഭക്ഷണം; ഗുര്‍ജരസ്ത്രീകള്‍ മേല്‍ക്കച്ചയില്ലാത്തവരും (കച്ഛഹീനാ) വിധവകള്‍ റൗക്കയുള്ളവരും ആകുന്നു; ത്രിഹോത്രന്മാരും കനോജയന്മാരും മത്സ്യമാംസം തിന്നുന്നവരും, കാന്യകൂബ്ജര്‍ ഭ്രാതൃഗാമികളും ആകുന്നു.

അനന്തരം ചിത്പാവനബ്രാഹ്മണോല്പത്തിയാകുന്നു: ഇതിനെപ്പറ്റിയുള്ള പ്രധാനവിവരങ്ങള്‍ അവതാരികയിലും മറ്റും വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല.

13. സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം രണ്ടാം അദ്ധ്യായത്തിന്റെ സാരം:

കരാഷ്ട്രബ്രാഹ്മണോല്പത്തി:

കാരാഷ്ട്രദേശം, വേദവതിക്കു വടക്കും, കോയനാസംഗമത്തിനു തെക്കുമായി ദശയോജനവിസ്താരത്തില്‍ കിടക്കുന്നു.

ബ്രാഹ്മണരുടെ സ്ഥിതി:

‘ഖരസ്യാവ്യസ്ഥിയോഗേന രേത ക്ഷിപ്തം വിഭാവകം

തേന തേഷാം സമുല്പത്തിര്‍ ജാതാ വൈ പാപകര്‍മ്മിണാം.’

കരാഷ്ട്രബ്രാഹ്മണരുടെ മാതൃകാദേവിക്കു വര്‍ഷംതോറും ലക്ഷണമൊത്ത ബ്രാഹ്മണപുരുഷനെ ബലികൊടുക്കാറുണ്ട്. (ഇപ്രകാരം) ബ്രഹ്മഹത്തികൊണ്ട് ഇവര്‍ നശിക്കുന്നു. ഇവരെ തൊട്ടാല്‍ കുളിക്കണം. ഇവരുള്ളേടംതൊട്ട് മൂന്നു യോജനദൂരം വായു ദുഷിച്ചുപോകുന്നു.

ഇവര്‍ സര്‍വ്വകര്‍മ്മധര്‍മ്മബഹിഷ്‌കൃതന്മാരാകുന്നു. ഇതില്‍ ചിലര്‍ ഇരുപദനാമധാരകന്മാരാകുന്നു.

കൊങ്കണദേശം: സഹ്യന്റെ മുകളില്‍ നാലും നൂറും യോജനവിസ്താരത്തില്‍ ഈ ദേശം കിടക്കുന്നു. കൊങ്കണത്തിലുള്ളവര്‍ പാദമാത്രഗായത്രിയുള്ളവരാണ്. കൊങ്കണബ്രാഹ്മണര്‍ (പദ്യയോഃ ബ്രാഹ്മണാ ഖലു) പാദപാരഗനാമധാരകന്മാര്‍ ആകുന്നു. ഇവരെ സകല കര്‍മ്മങ്ങളിലും വര്‍ജ്ജിക്കണം.

14. ടിയില്‍ അഞ്ചാം അദ്ധ്യായം:

ഗൗഡന്മാര്‍: ഇവരില്‍ ഗോവിന്ദപുരവാസികളായ ബ്രാഹ്മണര്‍ മദ്യമാംസം അശിക്കുന്നവരാകുന്നു. കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രതീരവാസികളായ സാരസ്വതന്മാര്‍ മത്സ്യം ഭക്ഷിക്കുന്നവരാണ്. ഇവര്‍ പത്തുവിധം: 1) ശുദ്ധര്‍ 2) അശുദ്ധര്‍ 3) സിദ്ധര്‍ 4) കാപൗണ്‍ഡ്രര്‍ 5) ഭീതചാരി 6) ശ്രേണി 7) കൗശികര്‍ 8) നര്‍വ്വര്‍ 9) ബഡികര്‍ 10) ലജ്ജകര്‍. വാരാഹത്തില്‍ ബ്രാഹ്മണര്‍ ഗജഭക്ഷകരായിരുന്നു എന്നു പറയുന്നു. ജഗന്നാഥത്തുള്ളവര്‍ മദ്യമാംസങ്ങള്‍ ഉപയോഗിക്കും. ഉത്തരഭാഗത്തും മാംസഭക്ഷണമുണ്ട്. നര്‍മ്മദയ്ക്കു തെക്കുള്ളവര്‍ മരുമകളെ വിവാഹംചെയ്യും. (സ്‌കാന്ദത്തില്‍ നാഗരഖണ്ഡവും, ലിംഗപുരാണവും നോക്കുക)

ഈ വിവരണം വിസ്തരഭയത്താല്‍ തല്‍ക്കാലം നിറുത്തിവയ്ക്കുന്നു. കേരളത്തില്‍ മേല്പറഞ്ഞ തരത്തിലുള്ള ബ്രാഹ്മണരുടെ പ്രവേശനവും മറ്റും അടുത്ത പുസ്തകത്തില്‍ കാണിച്ചുകൊള്ളാം.

കേരളാചാരങ്ങളെ കുറിക്കുന്നതായും കേരളവാസികള്‍ക്കു സര്‍വ്വോപരിയായ ഒരു പ്രമാണമായും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് കേരളമാഹാത്മ്യം. ഇതില്‍ കേരളീയര്‍ക്കായി ഉണ്ടാക്കിവച്ചിട്ടുള്ള മതവും ആചാരങ്ങളും അത്യന്തം പാപഗര്‍ഭവും ലജ്ജാവഹവുമാണെന്നു വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഇതിനെ അറിവാനിച്ഛിക്കുന്ന വായനക്കാര്‍ 3-ാം അനുബന്ധം നോക്കി കാര്യം ഗ്രഹിച്ചുകൊള്ളട്ടെ. (അവിടെയും അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടില്ല.)

ഈ കേരളത്തില്‍ വളരെ പുരാതനകാലംമുതല്‍ക്കെ നടപ്പുണ്ടായിരുന്ന സദാചാരങ്ങളെക്കുറിച്ചും സത്യതല്പരതയെക്കുറിച്ചും മറ്റും ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശാങ്കരസ്മൃതി, സഹ്യാദ്രിഖണ്ഡം മുതലായ സംസ്‌കൃതപ്രമാണങ്ങള്‍ ഇവയെ വേണ്ടവിധം സാധൂകരിക്കയും ചെയ്യുന്നു. അങ്ങനെയുള്ള ജനസമുദായത്തിന് ഇത്ര കഠിനമായ ഒരു പതിത്വം എങ്ങനെ സംഭവിച്ചു ഇതിനെ അവര്‍ സ്വയം വരുത്തിക്കൊണ്ടതോ? അതോ വിദേശീയന്മാര്‍ അവര്‍ക്കായി ചമച്ചുവച്ചതോ? എന്നിങ്ങനെ നിരൂപിക്കുംപക്ഷത്തില്‍ ഈ ഗ്രന്ഥത്തില്‍ ഇതിനുമുന്‍പില്‍ അനേകം തവണ പ്രസ്താവിച്ചവിധം സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ ആഗമനം നിമിത്തമാണ് കേരളീയരായ സാധുക്കള്‍ക്ക് ഈ നരകാനുഭൂതിക്കിടവന്നതെന്നു വിചാരിക്കേണ്ടിവരുന്നു. പാരമ്പര്യമായ ധര്‍മ്മതല്പരതയുള്ള ഒരു സമുദായത്തിലോ സ്ഥാപനത്തിലോ സംസര്‍ഗ്ഗദോഷംകൊണ്ടും കാലഭേദത്താലും ഓരോ ദുരാചാരങ്ങള്‍ വന്നുകൂടുന്നതിനു ലോകചരിത്രത്തില്‍ വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. മേലും പുരാണകാലത്തിനു മുമ്പുതന്നെ ആര്യന്മാരായ ബ്രാഹ്മണരുടെ കൂട്ടത്തില്‍ ദുരിതരൂപികളായ വംശക്കാര്‍ ധാരാളമുണ്ടായിരുന്നതായി മേല്‍ക്കാണിച്ച പുരാണഭാഗങ്ങളില്‍ കാണുന്നു. ഈ കേരളത്തില്‍ വന്നുകൂടിയ ബ്രാഹ്മണര്‍ ഇപ്രകാരമുള്ള പാപികളോ അതോ അവര്‍ മദ്ധ്യപ്രദേശങ്ങളിലും മറ്റുമുള്ള ചില സല്‍ ബ്രാഹ്മണരോ എന്ന് ഇനി തീരുമാനിക്കേണ്ടതായിരിക്കുന്നു. ഇതിലേക്കായി അന്യവര്‍ഗ്ഗക്കാരായ മലയാളികളുടെ സദാചാരധര്‍മ്മതല്പരതയ്ക്കു സാക്ഷ്യംവഹിക്കുന്നതും ആര്യന്മാരാല്‍ സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ടതും ആയ സഹ്യാദ്രിഖണ്ഡം മുതലായവയും നാരദവ്യാസവചനങ്ങളും ഉദാഹരണങ്ങളാകുന്നു. (സഹ്യാദ്രിഖണ്ഡഭാഗത്തിന് 4-ാം അനുബന്ധം നോക്കുക ആര്‍ഭടീയസംഹിത 11-ാം അദ്ധ്യായത്തിലും മേല്പറഞ്ഞ വചനങ്ങളിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ ചേര്‍ത്തുകൊള്ളുന്നു.

ശൗനക:

‘ശൃണു വിപ്ര! ദ്വിജശ്രേഷ്ഠാ ഭ്രഷ്ടാസ്‌തേ പര്യടന്‍ ഭുവി ആക്ഷിപ്താ (അലബ്ധാ) ഹാരനിലയാ ജഗ്മുസ്‌തേ ദക്ഷിണാം ദിശം
യത്രാസ്‌തേ ഭഗവാന്‍ സാക്ഷാല്‍ കുംഭയോനിര്‍മ്മുനീശ്വരഃ
യത്ര ദക്ഷിണകന്യാഖ്യം കുമാരീക്ഷേത്ര(തീര്‍ത്ഥ)മുത്തമം.
യത്രാഖിലഗുണാഢ്യാ ഭൂസ്ത്രിവേണീ വ വിരാജതേ
പശ്ചിമാബ്ധിതടാത്സഹ്യപര്യന്തം ദ്വിജപുംഗവ!
ഈശ്വാരാരാധനേ രക്താ ഭക്താ യത്ര സുസാധവഃ
ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ
യോഗിനോ യല്‍ ഗുഹാന്തസ്തു പേടികാ രത്‌നദീപികാഃ
നായകാഖ്യാ യത്ര ശൂദ്ര(ാ) രാജാനഃ സന്തി സര്‍വദാ
തത്രാഗത്യാ ഛലാദ്വാസം ചക്രുഃ ക്വചന കേചന
സേവാരതാഃ കേചിദന്യേപ്രഭുലബ്‌ധോപജീവികാഃ (നഃ)
കൃത്വാഭിചാരമപരേ ജഗൃഹുര്‍ദ്ധന സമ്പദഃ
മിഥഃ കലഹമുല്‍ക്ഷിപ്യ തത്രപൂജ്യാഃ പരേഭവന്‍
രാജ്ഞോപവരകേ സ്ഥിത്വാപ്യന്യേ ധനമുപാദദുഃ
ശ്വാവൃത്യാപ്യുപജീവന്തി ഭാസുരാ അപി ഭൂസുരാഃ
കിം ന കുര്‍വന്തി വിഭ്രഷ്ടാ രാമശാപഹതാശ്ച തേ.’ (ആര്‍ഭടീയസംഹിത. അ. 11)

അര്‍ത്ഥം: ഭ്രഷ്ടന്മാരായ ബ്രാഹ്മണന്‍ ഭക്ഷണവും ഇരിപ്പിടവുമില്ലാത്തവരായിട്ട് അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ യാതൊരിടത്തു പടിഞ്ഞാറെ സമുദ്രംമുതല്‍ സഹ്യന്‍വരെ ഗുണാഢ്യയായിരിക്കുന്ന ഭൂമി ത്രിവേണിയെന്നപോലെ ശോഭിക്കുന്നോ, യാതൊരുദിക്കില്‍ അഗസ്ത്യഭഗവാന്‍ വസിക്കുന്നോ, എവിടെ ദക്ഷിണകന്യാകുമാരീക്ഷേത്രമിരിക്കുന്നോ, എവിടത്തുകാര്‍ ഭക്തിയുള്ള സാധുക്കളോ, യാതൊരിടത്തുള്ളവര്‍ ദാനശൂരന്മാരായും വിശിഷ്ടയോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുള്ള ഗുഹകളില്‍ പെട്ടികളില്‍ രത്‌നദീപങ്ങളെന്നപോലെ യോഗികള്‍ ശോഭിക്കുന്നോ, സര്‍വ്വസ്വവും ദാനംചെയ്യുന്ന നായകരെന്ന ശൂദ്രരാജാക്കളെവിടെയോ (അങ്ങനെ ഇരിക്കുന്ന) ആ ദക്ഷിണദിക്കിനെ നോക്കിത്തിരിച്ചു. അവരില്‍ ചിലര്‍ ചിലടത്തു സൂത്രത്തില്‍ (കേറി) പാര്‍ത്തു പ്രഭുവിങ്കല്‍നിന്നു കിട്ടിയതുകൊണ്ടുപജീവനം കഴിച്ചു. ചിലര്‍ സേവിച്ചുനിന്നു. ക്ഷുദ്രംചെയ്തു ചിലര്‍ ധനസമ്പത്തുകളുണ്ടാക്കി. ചിലര്‍ തമ്മില്‍ത്തല്ലിച്ചു ധനം കൈക്കലാക്കി. അടുക്കളവേലചെയ്തു ചിലര്‍ ധനം നേടി. ഹീനവൃത്തിയെടുത്തും ചില ബ്രാഹ്മണര്‍ കാലംകഴിക്കുന്നു. രാമശാപമേറ്റു കെട്ടവരെന്തു ചെയ്കയില്ലതന്നെ.
(ശതാനീകന്‍ ചോദിച്ചതിന് ഉത്തരമായിട്ടു മേല്പറഞ്ഞവ സ്‌കന്ദന്‍ പറഞ്ഞതാകുന്നു.)

നാരദവചനം:-

‘ശ്രുതിസ്മൃതിപഥഭ്രഷ്ടാശ്ശിഷ്ടാചാരപരാങ്മുഖാഃ
തേമീപാഷണ്ഡിനസ്സാക്ഷാല്‍ശിശ്‌നോദരപരായണാഃ’

വ്യാസവചനം:-

‘സന്ധ്യാത്രയവിഹീനാശ്ച ഗായത്രീഭക്തിവര്‍ജ്ജിതാഃ
ദൈവഭക്തിവിഹീനാശ്ച പാഷണ്ഡമതഗാമിനഃ
അഗ്നിഹോത്രാദി സല്‍കര്‍മ്മസ്വധാസ്വാഹാവിവര്‍ജ്ജിതാഃ-
മൂലപ്രകൃതിരവ്യക്താം നൈവ ജാനന്തി കര്‍ഹിചില്‍
തപ്തമുദ്രാജിതാഃ കേചില്‍ കാമാചാരരതാഃ പരേ
കാപാലികാഃ കൗളികാശ്ച ബൗദ്ധാജൈനാസ്തഥാപരേ
പണ്ഡിതാ അപി തേ സര്‍വേ ദുരാചാരപ്രവര്‍ത്തകാഃ
ലംപടാ പരദാരേഷു ദുരാചാരപരായണാഃ
കുംഭീപാകം പുനസ്സര്‍വേ യാസ്യന്തി നിജകര്‍മ്മഭിഃ’

ഇങ്ങനെയുള്ള പ്രമാണങ്ങള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ ഉണ്ടാകുന്ന സ്ഥിതിയെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ഇവയില്‍ വിവരിക്കുന്നവിധമുള്ള മനുഷ്യര്‍ കേരളമാഹാത്മ്യാദികളിലെ നിന്ദ്യമായ മതം നിര്‍മ്മിച്ചതില്‍ അതിശയിപ്പാനില്ല. അതുനിമിത്തമുള്ള കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുപോയവര്‍ക്ക് തങ്ങളുടെ ബുദ്ധിമോശത്തിനെ ഓര്‍ത്തു പശ്ചാത്തപിക്കയേ ഇനി നിവൃത്തിയുള്ളു. മേലാല്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളെ ശരിയായനുഷ്ഠിക്കുന്ന പക്ഷം ഈ ദുര്യശസ്സ് ഒടുങ്ങുകയും പൂര്‍വമഹിമ പ്രകാശിക്കയും ചെയ്യുമെന്ന് സമാശ്വസിക്കാം.
ശുഭം

അടിക്കുറിപ്പുകള്‍

1. പ്രഫസര്‍ രംഗസ്വാമി അയ്യങ്കാരുടെ ഇന്‍ഡ്യാചരിത്രം നോക്കുക. – പ്ര. സാ.

2. പദ്യു = പാദയുക്തം, ശൂദ്രവദ്യുയല്‍ = ഏതല്‍; ശ്മശാനം. ഹവാ സഞ്ചരിഷ്ണുരൂപം ശ്മശാനം.