ശൂദ്രശബ്ദം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം 8

മലയാളബ്രാഹ്മണശബ്ദവും മലയാള ശൂദ്രശബ്ദവും ആണ് ഇവിടുള്ള കുഴപ്പങ്ങള്‍ക്കു പ്രധാന ഹേതുക്കള്‍. ഇവയില്‍ ഒന്നാമത്തേതിനെ ഒഴിവാക്കേണ്ടതാണെന്ന് ആറാം അദ്ധ്യായത്തില്‍ സകാരണം വിവരിച്ചു. ശേഷിച്ചിരിക്കുന്ന (മലയാള) ശൂദ്രശബ്ദത്തെപ്പറ്റി ഇവിടെ ചിന്തിക്കാം.

ബ്രാഹ്മണര്‍ മലയാളിനായന്മാരെ ‘ശൂദ്രര്‍’ എന്നു പറഞ്ഞുവരുന്നു. ഇത് വെറും വ്യവഹാരത്തില്‍ മാത്രമല്ല. നായന്മാരെപ്പറ്റി അവര്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്. ആഗമവിസ്മൃതികൊണ്ടോ അജ്ഞത്വംകൊണ്ടോ ഇവര്‍ അതിനെ മനഃപൂര്‍വ്വം സമ്മതിക്കയും ചെയ്യുന്നു. ഈ വ്യവഹാരം ഇങ്ങനെ വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് സഹജമായി, ഇപ്പോള്‍ നായന്മാര്‍ തമ്മിലുള്ള സംഭാഷണങ്ങളിലും രേഖാപ്രമാണങ്ങളിലും കൂടി ആ വിധം പ്രയോഗിക്കുന്ന നടപ്പ് സ്ഥിരപ്രതിഷ്ഠിതമായിത്തീര്‍ന്നിരിക്കുന്നു. ഈ അവസരത്തില്‍ നായന്മാരുടെ ആഗമത്തെപ്പറ്റി ‘കേരളമാഹാത്മ്യം’, ‘കേരളോല്പത്തി’ മുതലായ പ്രമാണങ്ങളെ അനുസരിച്ചുള്ള ഒരു നിരൂപണം നിഷ്പ്രയോജനമായി ഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.

ഒന്നാമതായി, നായന്മാര്‍ക്കുണ്ടായിട്ടുളള ഈ ശൂദ്രശബ്ദം ആദ്യമേ ഉണ്ടായിരുന്നതോ ഇടക്കാലത്തു വന്നുകൂടിയതോ എന്നു നമുക്ക് ആലോചിച്ചുനോക്കാം: ‘കേരളമാഹാത്മ്യ’ത്തില്‍ ഇതിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘ബ്രാഹ്മണര്‍ക്ക്’ അനുഭവിപ്പാന്‍ ദേവസ്ത്രീകളെ തരണം’ എന്നു ഭാര്‍ഗ്ഗവന്‍ സ്വര്‍ഗ്ഗത്തുചെന്ന് ദേവേന്ദ്രനോടു ചോദിച്ചു. അദ്ദേഹം ജയന്തന്റെ പുത്രി ‘സുഭഗ’യേയും ഗന്ധര്‍വ്വന്റെ പുത്രി ‘ശുഭ’യേയും ഒരു രാക്ഷസസ്ത്രീയേയും ആറാറു കന്യകമാരോടുകൂടി കൊടുത്തു. അനന്തരം അദ്ദേഹം ദാസികളേയും ദാസന്മാരേയും (വിദേശത്തുനിന്നും) കൊണ്ടുവന്നു.

ഈ സംഗതിയെ പ്രത്യേകം സംബന്ധിക്കുന്ന പ്രമാണങ്ങളെ അടിയില്‍ വിവരിക്കുന്നു:

പ്രമാണം:- ‘ദേവനാര്യശ്ച ദാതവ്യാഃ’
അര്‍ത്ഥം:- ദേവസ്ത്രീകളെത്തരണം

പ്രമാണം:- ‘ജയന്തസ്യ സുതാം കാഞ്ചില്‍
സുഭഗാനാമ സുന്ദരീം
ഷട്ക്കന്യാസഹിതാം നാരീം’
അര്‍ത്ഥം:- ജയന്തന്റെ പുത്രി സുഭഗയെന്ന സ്ത്രീയേയും ആറുകന്യകമാരേയും (കൊടുത്തു)

‘ദേവനാര്യഃ കില’
അര്‍ത്ഥം:- ഇവര്‍) ദേവസ്ത്രീകളാകുന്നു പോലും

പ്രമാണം:-
‘പുനഃ കാഞ്ചിച്ച നാരീന്തു
ഗന്ധര്‍വസ്യ സുതാം ശുഭാം
ഷട്ക്കന്യാസഹിതാം നാരീം’
അര്‍ത്ഥം:- ആറു കന്യകമാരേയും കൊടുത്തു)

പ്രമാണം:-
‘പുനശ്ച രാക്ഷസീം തന്വീം
ഷട്ക്കന്യാ സഹിതാം തദാ’
അര്‍ത്ഥം:- അനന്തരം (ഒരു) രാക്ഷസ സ്ത്രീയേയും ആറു കന്യകമാരേയും (കൊടുത്തു)

മേല്‍ കാണിച്ച പ്രമാണങ്ങളില്‍ ഒന്നിലുംതന്നെ ശൂദ്രസംജ്ഞ പ്രയോഗിച്ചുകാണുന്നില്ല. അതിനാല്‍ പരശുരാമന്‍ കൊണ്ടുവന്ന സ്ത്രീകള്‍ക്ക് മുമ്പില്‍ ഈ നാമം ഇല്ലായിരുന്നു എന്നു തെളിയുന്നു. കേരളത്തില്‍ കൊണ്ടുവന്ന് ഇരുത്തുന്ന സമയം ആ മൂന്നുവക സ്ത്രീകളെപ്പറ്റിയും മേല്പറഞ്ഞവിധം (ശൂദ്രശബ്ദം കൂടാതെതന്നെ) ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതിനാല്‍ വഴിമദ്ധ്യേവച്ചും അവരില്‍ ശൂദ്രശബ്ദം ചേര്‍ന്നില്ലെന്നുള്ളതും നിശ്ചയംതന്നെ. ഇനിയും.

‘ദാസീദാസാന്‍ കുടുംബകാന്‍’

അര്‍ത്ഥം: ദാസികളേയും ദാസന്മാരേയും (വിദേശത്തില്‍ നിന്നും) കൊണ്ടുവന്നു, എന്ന് ‘കേരളമാഹാത്മ്യ’ത്തിലും ‘ഭാര്‍ഗ്ഗവന്‍ പരദേശത്തുനിന്നു കാരയ്ക്കാട്ടു വെള്ളാളരെക്കൊണ്ടുവന്നു താമസിപ്പിച്ചു. അവരാണ് കിരിയത്തു നായന്മാര്‍’ എന്നു ‘കേരളോല്പത്തി’യിലും കാണുന്നു. ഇപ്രകാരമാണെങ്കില്‍ കാരയ്ക്കാടുമുതല്‍ മലയാളംവരെ (ഉള്‍പ്പെടെ)യുള്ള ദേശങ്ങള്‍ തമിഴ്‌നാടാകയാല്‍ ‘വെള്ളാംപിള്ള’ മുതലായ തമിഴ്‌പേരുകളല്ലാതെ തമിഴിനോട് അല്പവും അടുപ്പമില്ലാത്തതും അന്യഭാഷയിലുള്ളതുമായ ശൂദ്രശബ്ദം അവിടെയാകട്ടെ ഇവിടെയാകട്ടെ തനതായിട്ടുണ്ടായിരിപ്പാനിടയില്ല.

ഇനി ചിന്തിക്കേണ്ടത് ഈ നാമം ഇവിടെ വന്നശേഷം ഉടന്‍തന്നെ ഉണ്ടായി പാരമ്പര്യമായി നടന്നുവരുന്നതോഅതല്ലാ അടുത്ത കാലങ്ങളില്‍ ഉണ്ടായിട്ടുള്ളതോ എന്നാണ്.

മലയാളദേശത്തുള്ള എഴുത്തുകുത്തുകളിലാകട്ടെ ആധാരപ്രമാണങ്ങളിലാകട്ടെ യാതൊന്നിലുംതന്നെ ഈ ശൂദ്രസംജ്ഞ കാണുന്നില്ല. മലയാംപട്ടാളത്തിനെ ‘നായര്‍പട്ടാളം’ എന്നല്ലാതെ ‘ശൂദ്രപ്പട്ടാളം’ എന്നു പറയുന്നില്ല. ഒരു സ്ത്രീയോട് നിന്റെ ‘നായര്’ എന്നല്ലാതെ ‘ശൂദ്രന്‍’ എന്നു പറയുന്നില്ല. ‘പടനായര്‍കുളങ്ങര’ ‘നായര്‍കുളം’ ‘ഇരൈനായര്‍കുളം’ (ഇരണാകുളം) നായര്‍വകപ്പടി ഇപ്രകാരം മലയാളത്തുളള പ്രദേശങ്ങള്‍, വസ്തുക്കളുടെ ഇനം ഇതുകള്‍ക്കെല്ലാം (ഉള്ളതിനൊക്കെ) നായര്‍സംജ്ഞകളല്ലാതെ ശൂദ്രസംജ്ഞ ഒന്നിലും ഒരിടത്തും കാണുന്നില്ല.

എന്നാല്‍ ഉദ്ദേശം 50 കൊല്ലങ്ങള്‍ക്കകം നടപ്പായിട്ടുള്ള രജിസ്റ്റര്‍ ആധാരങ്ങളില്‍ (അതും തിരുവിതാംകൂറില്‍ മാത്രം) ഈ നാമം കാണുന്നുണ്ട്. അതിനാല്‍ ശൂദ്രശബ്ദം ഈ മലയാളത്തില്‍ മുന്‍കാലങ്ങളില്‍ ഇല്ലായിരുന്നു എന്നും അടുത്തകാലത്തു തുടങ്ങിയതാണെന്നും ഉള്ളതിനു സംശയമില്ല. ഇവിടുത്തെ ഭാഷകൊണ്ടു നോക്കിയാലും ഈ നാമം ഇവിടെ ഉള്ളതല്ലെന്നും സ്പഷ്ടമാകുന്നു. (വിവരണം വഴിയെ) കിരിയം മുതല്‍ താഴോട്ടുള്ള വകക്കാരെ ശൂദ്രരെന്നു കുറേക്കാലത്തിനിപ്പുറം പറഞ്ഞുവരികയും അവര്‍ സാധാരണയായി അതിനെ വിസമ്മതിക്കാതിരിക്കയും ചെയ്തുപോരുന്നതുകൊണ്ടുമാത്രം ഈ ശബ്ദം അവരുടെ സ്വന്തമാണെന്നു പറവാന്‍ പാടില്ല. (സ്വന്തമാണെന്നു വരുന്നതല്ല). ഒരു വര്‍ഗ്ഗക്കാരെക്കുറിച്ച് മറ്റൊരു വര്‍ഗ്ഗക്കാര്‍ സ്വേച്ഛാനുസരണം പല പേരും പറയുന്നതു നടപ്പില്ലാത്തതല്ല. ആയത് ഇപ്പോഴത്തെ നമ്പൂരിമാര്‍ മുതലായവരെക്കുറിച്ചും ഇല്ലെന്നില്ല. അപ്രകാരമുള്ള എല്ലാ പേരുകളും വകയില്‍ ചേര്‍ത്തു ഗണിക്കുന്നത് കേവലം ഭോഷത്വമെന്നേ പറവാനുള്ളു.

വിശേഷിച്ചും ‘നമ്പൂരി ഇങ്ങോട്ടു വരു’ ‘പട്ടരേ വരു’ ‘പോറ്റി വരു’ എന്നു പറയുന്നതുപോലെ ‘ശൂദ്രാ വാ’ എന്നു ഒരു നായരെനോക്കി പറയുന്നില്ല. പറയുന്നതായാലും നമ്പൂരി, പട്ടര്‍ ഇത്യാദി ഉപനാമം (വര്‍ഗ്ഗപ്പേര്‍ അല്ലെങ്കില്‍ സ്ഥാനപ്പേര്‍) പോലെ ആ സ്ഥാനത്തേക്ക് നായര്‍, പിള്ള, കര്‍ത്താ, കയ്മള്‍, മേനവന്‍ മുതലായ സംജ്ഞകളെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മുന്‍ വിവരിച്ച സംഗതികളുടെ സാരാംശത്തെപ്പറ്റി അല്പംപോലും ചിന്തിക്കാതെ രജിസ്റ്ററാധാരത്തില്‍ ഒരുവനെഴുതി, രണ്ടുപേരെഴുതി, മൂന്ന്, നാല്, പത്ത്, നൂറ് എന്നിങ്ങനെ തെരുതെരെ അങ്ങോട്ട് ‘ഗഡ്ഡലികപ്രവാഹന്യായം’1 പോലെ ഇത് സംഭവിച്ചു എന്നേയുള്ളൂ.

‘ഏകസ്യ കര്‍മ്മ സംവീക്ഷ്യ കരോത്യന്യോപി ഗര്‍ഹിതം
ഗതാനുഗതികോ ലോകോ ന ലോകഃ പാരമാര്‍ത്ഥികഃ’

അര്‍ത്ഥം: ‘ഒരുത്തന്റെ നിന്ദ്യമായ പ്രവൃത്തി കണ്ടിട്ട് അന്യനും അതുപോലെ ചെയ്തുപോകുന്നു. ഇത് മുമ്പില്‍ പോകുന്നവന്റെ പിന്നാലെ പലരും പോകുന്നതുപോലെയാണ്. ഒരുവനും പരമാര്‍ത്ഥമറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ല.’

ഇനി ശൂദ്രശബ്ദം, ഏതു ഭാഷയിലുള്ളതാണെന്ന് നോക്കാം:

‘ബ്രഹ്മക്ഷത്രിയ വിട്ച്ശൂദ്രാ-
ശ്ചാതുര്‍വര്‍ണ്യമിതി സ്മൃതം’ (മനുസ്മൃതി)

അര്‍ത്ഥം: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ ചാതുര്‍വര്‍ണ്യമാകുന്നു. എന്നു സ്മരിക്കപ്പെട്ടു.

‘ഹാ രേ ത്വാ ശൂദ്രാ’ (ഛാന്ദോഗ്യോപനിഷത്ത്)

അര്‍ത്ഥം: ‘കഷ്ടം കഷ്ടം എടാ! ശൂദ്രാ നിന്റെ…………..’

‘ശൗദ്രം വര്‍ണ്ണമസൃജത’ (ബൃഹദാരണ്യോപനിഷത്ത്)

അര്‍ത്ഥം: ‘ശൂദ്രജാതിയെ സൃഷ്ടിച്ചു.’

‘ഹാ ഹാ ഹാ രേ ത്വാ ശൂദ്രാ’ (സൂത്രഭാഷ്യം)

അര്‍ത്ഥം: ‘കഷ്ടം! കഷ്ടം! കഷ്ടം! എടാ ശൂദ്രാ! നിന്റെ………………..’

‘ശൂദ്രാശ്ചാവരവര്‍ണ്ണാശ്ച
വൃഷലാശ്ച ജഘന്യജാ’ (അമരകോശം)

അര്‍ത്ഥം; ‘ശൂദ്രന്‍, അവരവര്‍ണ്ണന്‍, വൃഷലന്‍, ജഘന്യജന്‍ ഇവ ശൂദ്രശബ്ദത്തിന്റെ പര്യായങ്ങള്‍ (ആകുന്നു):’

മേല്‍കാണിച്ച പ്രമാണങ്ങളും പര്യായങ്ങളും സംസ്‌കൃതഭാഷയില്‍ കാണപ്പെടുന്നു. ‘മലയാളം’ തുടങ്ങി പന്ത്രണ്ടു പിരിവുകളുള്ള ‘തമിഴു’ഭാഷയിലെ ഇലക്കണാദിഗ്രന്ഥങ്ങളില്‍ ‘അവരവരുണന്‍’ ‘വിരുഴലന്‍’ ‘ചകന്നിയചന്‍’ എന്നിങ്ങനെ തമിഴ് വാക്കുകളല്ലെന്നു കാണിച്ച് ‘ചിതൈച്ചൊല്ലായിട്ട്’ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ശൂദ്രശബ്ദം സംസ്‌കൃതഭാഷയിലുള്ളതുതന്നെ എന്നു നിര്‍ണ്ണയിക്കാം.

(തമിഴ് ഭാഷയില്‍ ‘പെയര്‍ച്ചൊല്ല്’ (നാമശബ്ദം) ‘വിനൈച്ചൊല്ല്’ (ക്രിയാശബ്ദം), ‘ഇടൈച്ചൊല്ല്’ (ഏകദേശം അവ്യയം), ‘തിശൈച്ചൊല്ല്’ (ദേശീയനാമം), ‘വടൈച്ചൊല്ല്’ (ഇതര ദേശഭാഷ, അതായത് സംസ്‌കൃതം), ‘ചിതൈച്ചൊല്ല്’ (ന്യൂനനാമം) എന്നിങ്ങനെ പദങ്ങളെ പിരിച്ചിട്ടുണ്ട്. ഇതില്‍ വടൈച്ചൊല്ലെന്നതു തമിഴക്ഷരങ്ങള്‍കൊണ്ട് സംസ്‌കൃതത്തിലിരുന്നതുപോലെതന്നെ എഴുതാവുന്ന കരം, മരം ഇത്യാദി പദങ്ങളും, ചിതൈച്ചൊല്ലെന്നത് തമിഴക്ഷരങ്ങള്‍കൊണ്ടു ശരിയായിട്ടുച്ചരിക്കാന്‍ പാടില്ലാതെ ‘ചിതച്ചു’ (ന്യൂനപ്പെടുത്തി) ഉച്ചരിക്കുന്ന ഉട്ടണം (ഉഷ്ണം) പിരുങ്കം (ഭൃംഗം) ഇത്യാദി പദങ്ങളുമാകുന്നു. ശൂദ്രാദിപദങ്ങള്‍ തമിഴ് ഭാഷയില്‍ ചിതൈച്ചൊല്ലായിരിക്കുന്നതിനാല്‍ സംസ്‌കൃതഭാഷയിലുള്ളവതന്നെ എന്നു തെളിയുന്നു).

ഇനി ശൂദ്രശബ്ദം ഏതു ഭാഷയില്‍ എന്തിനായിട്ടുപയോഗിച്ചിരിക്കുന്നു എന്നു നോക്കുന്നപക്ഷം മുന്‍കാണിച്ചിരിക്കുന്ന പ്രമാണംകൊണ്ട് അതു ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയില്‍ നാലാമത്തെ വര്‍ണ്ണത്തിനു സംജ്ഞയാണെന്നു തെളിയുന്നു. ഈ വര്‍ണ്ണത്തിന്റെ ലക്ഷണാദികളെ പ്രത്യേകം സ്പഷ്ടമാക്കി കാണിക്കുന്നതിനു പൊതുവായ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഒരു വിവരണം അത്യാവശ്യമായി തോന്നുകയാല്‍ അടുത്ത അദ്ധ്യായത്തില്‍ അതിനൊരുമ്പെടുന്നു.

അടിക്കുറിപ്പുകള്‍

1. ഗഡ്ഡലി = ചെമ്മരി: ഒരു പറ്റമായിട്ടു പോകുന്ന ആട്ടിന്‍കൂട്ടം വഴിതെറ്റിപ്പോയാലും നേര്‍വഴിക്ക് പോയാലും മുമ്പില്‍ നടക്കുന്ന പ്രമാണിയെ തുടര്‍ന്നുതന്നെ പൊയ്‌പ്പോകുന്നു. ഇതുപോലെതന്നെയാണ് ഒരുത്തന്‍ ചെയ്ത പ്രവൃത്തി ശരിയോ തെറ്റോയെന്നാലോചിക്കാതെ അതുപോലെ പ്രവര്‍ത്തിക്കുന്നത്.