നായന്മാരെപ്പറ്റി ചരിത്രകാലത്തില്‍ വിദേശീയന്മാര്‍ക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങള്‍

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം 7

മുന്നദ്ധ്യായത്തില്‍ കാണിച്ച പ്രമാണങ്ങള്‍ നായന്മാരുടെ പുരാതനസ്ഥിതിയെ കുറിക്കുന്നു. കാലാന്തരത്തില്‍ പ്രസ്തുത സ്ഥിതിക്ക് പല കാരണങ്ങളാല്‍ വളരെ ഭിന്നതകളും ന്യൂനതകളും സംഭവിക്കാനിടയായി. അങ്ങനെ കഴിഞ്ഞുവരവെ ദ്വീപാന്തരനിവാസികളായ വിദേശീയന്മാരില്‍ പലരും തങ്ങള്‍ക്ക് ഇദംപ്രഥമമായി സിദ്ധിച്ച പരിഷ്‌കാരദശയാല്‍ പ്രേരിതന്മാരായി പല കാലങ്ങളിലും ഈ നാടിനെ സന്ദര്‍ശിക്കയും പ്രത്യക്ഷമായിക്കണ്ട നായര്‍സമുദായത്തെ യഥാസ്ഥിതി വര്‍ണ്ണിക്കയും ചെയ്തിട്ടുണ്ട്; അവയില്‍ ചിലതിനെ താഴെ ചേര്‍ക്കുന്നു:

(1) ‘റോലന്‍ഡ് സണ്‍’ എന്ന സായ്പിനാല്‍ തര്‍ജ്ജിമ ചെയ്യപ്പെട്ട് ലണ്ടനില്‍ 1833-ല്‍ അച്ചടിക്കപ്പെട്ട ‘ടഹഫററുള്‍ മുജഹിഡിന്‍’ എന്ന മതസംബന്ധമായ പുരാതനഗ്രന്ഥത്തിന്റെ കര്‍ത്താവായ ‘ഷൈക്ക്‌സിനുഡിന്‍’ എന്ന മുഹമ്മദീയന്‍ മലയാളികളുടെ സ്ഥിതിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു.

‘ഒരു പ്രഭു കൊല്ലപ്പെട്ടാല്‍, അയാളുടെ അനുചരന്മാര്‍ സംശപ്തകന്മാരുമായി എതിര്‍ത്തു പൊരുതി ശത്രുക്കളുടെ രാജ്യത്തെ പലവിധേന നശിപ്പിക്കയും അരിശം തീരുംവരെ ജനങ്ങളെ നിഗ്രഹിക്കയും ചെയ്യുന്നു.’

(2) ക്രിസ്ത്വബ്ദം 9-ാം ശതവര്‍ഷത്തില്‍ രണ്ടു മുഹമ്മദീയ സഞ്ചാരികള്‍* എഴുതിയതും ‘റേനാട്ട്’ എന്നയാള്‍ തര്‍ജ്ജിമചെയ്ത് 1733 ല്‍ ലണ്ടനില്‍ പ്രസിദ്ധംചെയ്തതും ആയ പുസ്തകത്തില്‍ താഴെ പറയുന്നപ്രകാരം1 കാണുന്നതും ഈ നടപടിയെ ഉദ്ദേശിച്ചായിരിക്കാം.

‘രാജാക്കന്മാര്‍ സിംഹാസനാരോഹണം ചെയ്യുമ്പോള്‍ താഴെ പറയുന്ന മര്യാദയെ അവലംബിക്കാറുണ്ട്: ഏതാനും ചോറ് രാജാവിന്റെ മുമ്പില്‍ കൊണ്ടുനിരത്തും; ഉടന്‍ മുന്നൂറോ നാനൂറോ ആളുകള്‍ സ്വന്തമനസ്സാലെ രാജസന്നിധിയെ പ്രാപിച്ച് അദ്ദേഹം അല്പം ഭക്ഷിച്ചതിനുശേഷം ഓരോപിടി ചോറ് അദ്ദേഹത്തിന്റെ കയ്യില്‍നിന്നും വാങ്ങും. ഇതിനെ ഭക്ഷിക്കുന്നതോടുകൂടി രാജാവു മരിക്കയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ദിവസത്തില്‍ തങ്ങള്‍ അഗ്നിപ്രവേശം ചെയ്യുന്നതിനു നിര്‍ബന്ധിതന്മാരാകയും അതിനെ ശരിയാകുംവണ്ണം അവര്‍ അനുഷ്ഠിക്കയും ചെയ്യുന്നു.’ ഈമാതിരി ആളുകള്‍ക്കു മലയാളപ്പേര്‍ ‘ചാവര്‍’ (ചാകുവാന്‍ തയ്യാറുള്ളവര്‍) എന്നാകുന്നു. മേല്‍പറഞ്ഞതിന് ‘ബര്‍ബോസാ’, ‘പര്‍ക്കാസ്’ എന്നീ പോര്‍ത്തുഗീസ് ഗ്രന്ഥകാരന്മാരും സാക്ഷ്യംവഹിക്കുന്നു. (ഇതിനെ അനുകരിച്ച് മാപ്പിളമാരും, വള്ളുവനാട്ടു രാജാവിന്റെ കീര്‍ത്തിക്കായിട്ട് നായന്മാരോടുചേര്‍ന്നു തിരുനാവായില്‍ ‘മഹാമഖം’ (മാമാങ്കം) എന്ന ഉത്സവത്തിനു പരസ്പരം യുദ്ധംചെയ്തു മരിപ്പാനൊരുങ്ങുന്നു.)

(3) മദ്രാസ് സംസ്ഥാനംവക 1891-ലെ സെന്‍സസ്സ് റിപ്പോര്‍ട്ടില്‍ മിസ്റ്റര്‍ എച്ച്.എ.സ്റ്റ്യുവര്‍ട്ട് എന്നയാള്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘നായന്മാര്‍ ഒരു ദ്രാവിഡവര്‍ഗ്ഗമാണ്; അവരില്‍ പല ഭിന്നങ്ങളായ പിരിവുകളും ഓരോ പിരിവുകള്‍ക്ക് പ്രത്യേക തൊഴിലുകളും കാണുന്നു; പുരാതന നായന്മാര്‍ നിസ്സംശയമായും യുദ്ധോദ്യുക്തമായ ഒരു സംഘമായിട്ട് വിരുത്തിക്രമത്തില്‍ വസ്തു അനുഭവിക്കയും വേണ്ടപ്പോള്‍ യുദ്ധം ചെയ്യുകയും ചെയ്തിരുന്നിരിക്കണം.’

(4) ‘മലബാര്‍ ജില്ലാഗസറ്റീയര്‍’ എന്ന പുസ്തകത്തില്‍ ഇപ്രകാരം കാണുന്നു: ‘ഉത്ഭവം നോക്കിയാല്‍ നായന്മാര്‍ ഒരുവേള ദ്രാവിഡന്മാരായ കുടിപാര്‍പ്പുകാരും മലബാറിനെ ആദ്യമായി ആക്രമിച്ചവരില്‍ ചേര്‍ന്നവരും, ജേതാക്കളുടെ നിലയില്‍ ഭരണകര്‍ത്താക്കളും ജന്മികളും ആയിത്തീര്‍ന്നവരും ആയിരിക്കണം: ആര്യരക്തസമ്മിശ്രതയും, ദേശ്യമായ പ്രകൃതിവിശേഷങ്ങളുംകൊണ്ട് ഇപ്പോഴത്തെ നായന്മാര്‍ക്ക് മദ്രാസ് സംസ്ഥാനത്തിലെ മറ്റുള്ള ദ്രാവിഡവര്‍ഗ്ഗങ്ങളില്‍നിന്ന് പ്രത്യക്ഷമായ വ്യത്യാസം കാണപ്പെടുന്നു.

(5) ജാണ്‍സ്റ്റണിന്റെ ‘ലോകത്തില്‍ ഏറ്റവും പ്രസിദ്ധമായ രാജ്യം’ എന്ന പുസ്തകത്തില്‍നിന്നും മി.ലോഗന്‍ താഴെ പറയുന്ന ഭാഗം ഉദ്ധരിക്കുന്നു: – ‘ഈ നാട്ടിലെ യോദ്ധാവ് തന്റെ ആയുധത്തെ പ്രയോഗിക്കുന്നതില്‍ അതിശയനീയമായ സാമര്‍ത്ഥ്യം കാണിക്കുന്നു. അവരൊക്കെ ‘നായന്മാര്‍’ എന്നു വിളിക്കപ്പെടുന്ന ഒരുമാതിരി പ്രഭുക്കന്മാരാണ്; ഏഴുവയസ്സു പ്രായമുള്ളപ്പോള്‍ ‘കളരികളില്‍’ അവരുടെ ആയുധാഭ്യാസം ആരംഭിക്കുന്നു. അവിടെ സമര്‍ത്ഥന്മാരായ ‘ആശാന്മാര്‍’ അവരുടെ ദേഹത്ത് എണ്ണയിട്ട് ഓരോ ചേര്‍പ്പുകളെ മൃദുവാക്കുകയും പേശികളെ ഉടച്ചുചേര്‍ക്കുകയും ചെയ്യുന്നു. ഇതുനിമിത്തം അവര്‍ക്ക് ഗാത്രലാഘവവും ചുറുചുറുപ്പും സിദ്ധിക്കുന്നു. ദേഹത്തെ പലമാതിരിയില്‍ വളയ്ക്കുന്നതിനും, മുമ്പും പിമ്പും ഉയര്‍ന്നും താഴ്ന്നും വേണ്ടവിധത്തില്‍ അതിനെ ഉപയോഗിക്കുന്നതിനും അവര്‍ക്ക് കഴിയും. അവരുടെ ഇമ്മാതിരി അഭ്യാസം അവര്‍ക്ക് ചാരിതാര്‍ത്ഥ്യജനകവും അഭിമാനഹേതുകവും ആണ്. ഈ വിഷയത്തില്‍ അവരെ ആരും അതിശയിക്കയില്ലെന്ന് അവര്‍ ഉറപ്പായി വിശ്വസിക്കുന്നു.’

(6) ബംഗാളില്‍നിന്നും അയയ്ക്കപ്പെട്ട് (1792-93) മലബാറിനെ സന്ദര്‍ശിച്ച കമ്മീഷണറും പിന്നീട് ബോംബെ ഗവര്‍ണ്ണറുമായ ജോണതന്‍ ഡംകന്‍ എന്നയാള്‍ മിക്കിള്‍ എന്ന ഗ്രന്ഥകാരന്റെ ‘കമോയന്‍സ്’ 7-ാം പുസ്തകത്തില്‍നിന്നും താഴെ കാണിക്കുന്ന ഭാഗത്തെ ഉദ്ധരിക്കുന്നു.

(തര്‍ജ്ജിമ)

‘കീഴ്ജാതികള്‍ വേലക്കാര്‍ക്കവിടെ പുലയരെന്നുപേര്‍
വാഴ്ചയ്ക്കു പ്രഭുക്കന്മാരഭിമാനികള്‍ നായകര്‍;
കരകൗശലവും പിന്നെ കര്‍ഷകപ്പണിയാദിയില്‍
അതിപുച്ഛമവര്‍ക്കേറും വിരുതും പൊരുതുന്നതില്‍,
തെളിയും കരവാളത്തെച്ചുഴറ്റീട്ടു വലത്തിലും
എരിയും പരിശച്ചക്രമമര്‍ത്തീട്ടുപരത്തിലും’

ഈ ഭാഗത്തെപ്പറ്റി പ്രസ്തുത ഡങ്കന്‍ വീണ്ടും ഇങ്ങനെ വിമര്‍ശിക്കുന്നു: ‘മേല്പറഞ്ഞ ശ്ലോകപാദങ്ങള്‍ വിശിഷ്യ ഒടുവിലത്തെ രണ്ടു പാദങ്ങള്‍ നായരുടെ ഒരു നല്ല വര്‍ണ്ണനയാണ്. അന്യരാജ്യങ്ങളില്‍ വഴിയാത്രക്കാര്‍ ഒരു വടിയോ പിരമ്പോ വഹിച്ചു നടക്കാറുള്ളതുപോലെ അത്ര സാധാരണമായും സൗകര്യമായും നായന്മാര്‍ വാളിനെ ഏന്തി എങ്ങും സഞ്ചരിക്കുന്നു. ഇവരില്‍ ചിലര്‍ വാള്‍പിടിയേ മുതുകില്‍ തിരുകുന്നു. പിടി ഉടുപ്പിനടിയില്‍ അരക്കെട്ടില്‍ താഴ്ത്തിയിരിക്കും. മുന മേല്‌പോട്ടുയര്‍ന്ന് ഇരുഭുജങ്ങളിലും ഇടയ്ക്കിടെ തട്ടി തെളുതെളെ തെളിഞ്ഞു കാണപ്പെടും.’

(7) സര്‍ ഹെക്ടര്‍ മണ്‍റോ എന്ന ബ്രിട്ടീഷ് സേനാധിപന്‍ നായര്‍യോദ്ധാക്കളെപ്പറ്റി ഇപ്രകാരം എഴുതുന്നു: ‘യുദ്ധകാലങ്ങളില്‍ പകല്‍സമയത്ത് അവരെ പൊടിപോലും കാണുകയില്ല. അവര്‍ മണല്‍ക്കുന്നുകളുടേയും കുറ്റിച്ചെടികളുടേയും ഇടയില്‍ പതുങ്ങിയിരുന്നുകളയും. ഞങ്ങള്‍ കോട്ടയെ ആക്രമിക്കാന്‍ പുറപ്പെടുമ്പോള്‍ മാത്രം അവര്‍ കൂടിളകിയ തേനീച്ചകള്‍പോലെ കാണപ്പെടും. അവര്‍ തങ്ങളുടെ തോക്കുകളെ ശരിയാകുംവണ്ണം പിടിക്കുകയും നല്ലപോലെ ലാക്കുനോക്കി വെടിവെക്കുകയും ചെയ്യുന്നു’ (ഈ ഭാഗം തലശ്ശേരിപ്പണ്ടികശാലയിലെ 1761-ാമാണ്ടു വക ഡയറിയില്‍ ഉള്‍പ്പെട്ടതാകുന്നു)

ഫ്രഞ്ചുഗവര്‍ണ്ണറായിരുന്ന എം.മാഹിഡിലാബോര്‍ഡനായിയും നായന്മാരുടെ യുദ്ധസാമര്‍ത്ഥ്യത്തെപ്പറ്റി പലതും പ്രശംസിച്ചു പറഞ്ഞിരിക്കുന്നു.

(8) മദ്രാസ് മ്യൂസിയം സൂപ്രണ്ടായ മിസ്റ്റര്‍ ഈതഴ്സ്റ്റണ്‍ ‘ദക്ഷിണ ഇന്ത്യയിലെ ജാതികളും വര്‍ഗ്ഗങ്ങളും’ എന്ന ഗ്രന്ഥത്തില്‍ നായന്മാരെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു:

‘അവര്‍ പരന്നു പൊരുതുന്നതിന് ഏറ്റവും സമര്‍ത്ഥന്മാരായ യോദ്ധാക്കളായിരുന്നിരിക്കണം. എന്നാല്‍ ഓരോ പ്രത്യേക വിഭാഗങ്ങളായിട്ട് പ്രത്യേക ഉദ്ദേശ്യങ്ങളോടുകൂടി പിരിഞ്ഞിരിക്കുകയാല്‍ വിദേശീയന്മാരുടെ ആക്രമണങ്ങളെ തടുക്കുന്നതിന് അവര്‍ക്ക് നിവൃത്തിയില്ലാതെ തീര്‍ന്നിരുന്നു.’

(9) ഒന്നാമത്തെ കുലോത്തുംഗ പാണ്ഡ്യമഹാരാജാവിന്റെ (ക്രിസ്ത്വബ്ദം 1083-84) ഒരു ശിലാലേഖനത്തില്‍നിന്നും അദ്ദേഹം കുടമലനാട് (പടിഞ്ഞാറെ മലമ്പ്രദേശം) ആക്രമിച്ചു ജയിച്ചു എന്നും അവിടത്തെ യോദ്ധാക്കളായ ഇപ്പോഴത്തെ നായന്മാരുടെ പൂര്‍വ്വികന്മാര്‍ തങ്ങളുടെ സ്വാതന്ത്ര്യരക്ഷയ്ക്കായി ചെയ്ത സമരത്തില്‍ ഒട്ടൊഴിയാതെ മരിച്ചു എന്നും കാണുന്നു.

(10) ‘ഡുവാര്‍ട്ടു ബര്‍ബോസാ’ എന്ന പാശ്ചാത്യനാല്‍ എഴുതപ്പെട്ടതും 1866-ല്‍ ഹാക്ലിയുട്ട് സംഘത്താല്‍ തര്‍ജ്ജമചെയ്യപ്പെട്ടതും ആയ ‘കിഴക്കേ ആഫ്രിക്കയുടേയും മലബാറിന്റേയും സമുദ്രതീരവര്‍ണ്ണനം’ എന്ന ഗ്രന്ഥത്തില്‍ 16-ാം ശതവര്‍ഷാരംഭത്തിലെ നായന്മാരുടെ സ്ഥിതിയെക്കുറിച്ച് താഴെപ്പറയുന്ന വിവരം കാണുന്നു: ‘നായന്മാര്‍ നാട്ടിലെ പ്രഭുക്കന്മാരാകുന്നു; അവര്‍ക്കു യുദ്ധംചെയ്യുക മാത്രമേ തൊഴില്‍ ഉള്ളു. അവര്‍ വാള്‍, വില്ല്, അമ്പ്, പരിശ, കുന്തം എന്നീ ആയുധങ്ങളെ പലപ്പോഴും ധരിച്ചു സഞ്ചരിക്കുന്നു. അവര്‍ സമര്‍ത്ഥന്മാരും തങ്ങളുടെ പ്രഭാവത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്നവരും ആകുന്നു; ഈ നായന്മാര്‍ എല്ലാവരും ഉല്‍കൃഷ്ടകുലജാതന്മാര്‍ ആയിരിക്കണമെന്നു മാത്രമല്ലാ, തങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന രാജാവിനാലോ പ്രഭുവിനാലോ ആയുധം കൊടുക്കപ്പെട്ടും ഇരിക്കണം. അതിനുശേഷമേ ആയുധം ധരിക്കുന്നതിനും നായര്‍ സ്ഥാനത്തിനും അവര്‍ അര്‍ഹന്മാരായി ഭവിക്കയുള്ളൂ. ശരിയായ ആയുധപ്രയോഗത്തിനുതകുന്നതായ പലമാതിരി അടവുകളും മുറകളും പഠിക്കുന്നതിനു സാധാരണയായി ഏഴുവയസ്സ് പ്രായമാകുമ്പോള്‍ അവര്‍ വിദ്യാലയത്തില്‍ അയയ്ക്കപ്പെടുന്നു; ഒന്നാമതായി നൃത്തംചെയ്യുന്നതിനും പിന്നീട് ഓരോവിധത്തില്‍ മറിയുന്നതിനും അവര്‍ പഠിക്കുന്നു; അതിനായിട്ടു ബാല്യത്തിലേ അവരുടെ അവയവങ്ങളെ എപ്രകാരമെങ്കിലും വളയ്ക്കത്തക്കവണ്ണം അവര്‍ സ്വാധീനമാക്കിത്തീര്‍ക്കുന്നു. ഈ നായന്മാര്‍ പട്ടണത്തിനു വെളിയിലായി മറ്റു ജനസാമാന്യത്തില്‍നിന്നും പിരിഞ്ഞ് വേണ്ടുന്ന ബന്തോബസ്തുകളോടുകൂടിയ തങ്ങളുടെ വസ്തുക്കളില്‍ പാര്‍ക്കുന്നു; എവിടെയെങ്കിലും പോകുമ്പോള്‍ മാര്‍ഗ്ഗം ഒഴിഞ്ഞുകൊടുക്കുന്നതിന് അവര്‍ കര്‍ഷകന്മാരോട് ഉച്ചത്തില്‍ വിളിച്ചുപറയുന്നു; അപ്രകാരംതന്നെ അനുസരിക്കപ്പെടുകയും ചെയ്യുന്നു; അതല്ലെങ്കില്‍ യാതൊരു ചോദ്യവുംകൂടാതെ അവരെ നായന്മാര്‍ക്ക് കൊല്ലാവുന്നതാകുന്നു; ഒരു കര്‍ഷകന്‍ നിര്‍ഭാഗ്യവശാല്‍ ഒരു നായര്‍സ്ത്രീയെ തൊട്ടുപോയാല്‍ അവളുടെ ബന്ധുക്കള്‍ ഉടന്‍തന്നെ അവളെ കൊല്ലുന്നു; അപ്രകാരംതന്നെ അവളെ തൊട്ടവനും അവന്റെ അഖിലബന്ധുക്കളും കൊലചെയ്യപ്പെടുന്നു; ഇതു കര്‍ഷകന്മാരുടെ രക്തം നായന്മാരില്‍ കലര്‍ന്നുപോകാതിരിപ്പാനാണെന്ന് അവര്‍ പറയുന്നു: ഈ നായര്‍സ്ത്രീകള്‍ വളരെ വൃത്തിയുള്ളവരും വേണ്ടുംവണ്ണം വസ്ത്രധാരണമുള്ളവരും ആകുന്നു.’

(11) 18-ാം ശതവര്‍ഷത്തില്‍ എഴുതപ്പെട്ട ‘പൗരസ്ത്യഹിന്ദുദേശങ്ങളുടെ നവീന ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ ഹാമില്‍ടണ്‍ ഇങ്ങനെ പറയുന്നു: പുരാതനകാലങ്ങളില്‍ സാമൂതിരി 12 വര്‍ഷക്കാലമേ രാജ്യം ഭരിക്കാറു പതിവുള്ളു. ആ കാലാവധിക്കു മുമ്പില്‍ മരണം പ്രാപിക്കയാണെങ്കില്‍ പരസ്യമായി അയാള്‍ക്ക് ആത്മഹത്ത്യ ചെയ്യേണ്ടിവരികയില്ല, അതിനിടയായില്ലെങ്കില്‍ ഒന്നാമതായി അയാള്‍ തന്റെ എല്ലാ പ്രഭുക്കന്മാരേയും ഇടപ്രഭുക്കന്മാരേയും ക്ഷണിച്ചുവരുത്തി ഒരു സദ്യകൊടുക്കുകയും പിന്നീട് ഭക്ഷണത്തിനുശേഷം അവരെ അഭിവാദ്യം ചെയ്തിട്ടു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തൂക്കുമരത്തിലേറി സകലരും കാണ്‍കെ എത്രയും കൃത്യമായ വിധത്തില്‍ തന്റെ ശിരച്ഛേദം ചെയ്യുകയും ചെയ്യണം; അല്പംകഴിഞ്ഞു ശവശരീരത്ത എത്രയും ആഘോഷത്തോടും ബഹുമാനത്തോടുംകൂടി സല്‍ക്കരിക്കയും പ്രഭുക്കന്മാരും മറ്റുംകൂടി ഒരു പുതിയ സാമൂതിരിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.’ (ഇത് പുരാതന നടപടി മാത്രം)

(12) ‘1774-ലേയും, 1781-ലേയും വെസ്റ്റിന്‍ഡ്യന്‍ കപ്പല്‍യാത്രകള്‍’ എന്ന ഗ്രന്ഥത്തില്‍ ‘സൊണ്ണറാറ്റ്’ ഇപ്രകാരം എഴുതുന്നു:- ‘നായന്മാര്‍ യോദ്ധാക്കളാകുന്നു; ആയുധം ധരിച്ചു നടക്കുന്നതുകൊണ്ട് അവരെ മറ്റു വര്‍ഗ്ഗങ്ങളില്‍നിന്നും തിരിച്ചറിയാവുന്നതാണ്. അവര്‍ എത്രയും അഹംഭാവമുള്ളവരാണ്; അവരുടെ അടുത്തു ചെല്ലുന്ന ചില പ്രത്യേകവര്‍ഗ്ഗങ്ങളെ കൊന്നുകളയുന്നതിന് അവര്‍ക്ക് അവകാശം ഉണ്ട്. അതിനെപ്പറ്റി പരാതിയും ഇല്ല.’

ബുക്കാനന്‍ വീണ്ടും ഇപ്രകാരം പറയുന്നു:- ‘നായന്മാര്‍ നമ്പൂരിമാരുടെ വരുതിയിലും, രാജാക്കന്മാരുടെ ഭരണത്തിലും മലയാളത്തിലെ യോദ്ധാക്കളായിരിക്കുന്നു; ആയുധപ്രയോഗത്തിലാണ് അവര്‍ക്ക് ഏറ്റവും സന്തോഷമുള്ളത്. ഇവര്‍ മേലാവിനോട് വളരെ ഭക്തിയുള്ളവരാണ്. എങ്കിലും കീഴിലുള്ളവരെ ഒട്ടുവളരെ ഉപദ്രവിക്കുന്നു.’

(13) ‘മലബാര്‍ നിയമവും നടപടിയും’ എന്ന ഗ്രന്ഥത്തില്‍ മിസ്റ്റര്‍ എല്‍. മൂര്‍ ഇപ്രകാരം പറയുന്നു:- ‘ആംഗല ഇന്‍ഡ്യന്‍ നിഘണ്ടുക്കളില്‍നിന്നും നായര്‍ക്ക്, നായകന്‍, നായര്‍ ഇവ ഒരു ധാതുവില്‍നിന്നും ഉണ്ടായിട്ടുള്ളതാണെന്ന് അറിയാം.’

(14) വിജയഗനരത്തിലെ നായക്കന്മാരോടും, വിട്ടുകൊടുക്കപ്പെട്ട ദേശങ്ങളിലെ ‘നായക്കന്‍’ എന്നഭിധാനമുള്ള പോളിഗാര്‍ പ്രഭുക്കന്മാരോടും പശ്ചിമതീരത്തിലെ നായന്മാര്‍ക്ക് സംബന്ധമുള്ളതായി സ്യൂവല്‍, സര്‍ താമസ് മണ്‍റൊ ഇവര്‍ അഭിപ്രായപ്പെടുന്നു. ആണറബിള്‍ ജാണ്‍ലിന്‍ഡ്‌സേയും ഇതിനെ പിന്‍താങ്ങി എഴുതുന്നു (1783)

(15) തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ മിസ്റ്റര്‍ എന്‍.സുബ്രഹ്മണ്യയ്യര്‍ ഇപ്രകാരം പറയുന്നു:- ‘മധുരയിലെ ചില നാടുവാഴികള്‍ ‘കര്‍ത്താ’ എന്ന സ്ഥാനപ്പേര്‍ മുമ്പില്‍ വഹിച്ചിരുന്നു. മധുരയിലേയും തഞ്ചാവൂരിലേയും നായര്‍ക്ക് രാജാക്കന്മാരുടെ അനന്തരാവകാശികള്‍ എന്നു ഗണിച്ചുവരുന്ന ‘ബാലിജ’ന്മാര്‍ 1901-ലെ ജനസംഖ്യക്കണക്കില്‍ ഈ സ്ഥാനം ഉപയോഗിച്ചിരിക്കുന്നു.’

(16) 1901-ല്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ സെന്‍സസ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ഒരു ഗുണദോഷനിരൂപണത്തില്‍ ‘നയന്റീന്‍ത് സെഞ്ച്വറി’ എന്ന സഞ്ചികയില്‍ മിസ്റ്റര്‍ ജെ.ഡി. റീഡ് (ഇപ്പോള്‍ സര്‍ ജോണ്‍) 1904-ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:- ‘സെന്‍സസ് കമ്മീഷണര്‍ക്ക് നായന്മാരുടെ ഇടയില്‍ താമസിക്കുന്നതിനു അവസരം ലഭിച്ചിരുന്നു എങ്കില്‍, അദ്ദേഹം അവരുടെ കൂട്ടത്തിലുള്ള സ്ത്രീ ബാഹുല്യത്തെക്കുറിച്ച് കുറ്റംപറകയില്ലായിരുന്നു. ഇന്‍ഡ്യയിലെ ഏറ്റവും സുന്ദരികളായ സ്ത്രീവര്‍ഗ്ഗം എത്ര ധാരാളമാണെങ്കിലും ക്രമത്തിലധികമാകാന്‍ തരമില്ലല്ലോ.’ ബുക്കാനന്‍ വീണ്ടും ഇപ്രകാരം പറയുന്നു:- ‘മലയാളത്തിലെ ഉയര്‍ന്നവര്‍ഗ്ഗക്കാര്‍ക്ക് വസ്ത്രധാരണം കുറഞ്ഞരീതിയിലാണ്; പക്ഷേ, അവര്‍ അതിശയനീയമാകുംവണ്ണം ശുചിയുള്ളവരാകുന്നു. നായര്‍സ്ത്രീകള്‍ തങ്ങളുടെ ദേഹങ്ങളും മുടികളും ഓരോ സുഗന്ധവസ്തുക്കള്‍ തേച്ച് ശുചിയായി വയ്ക്കുന്നതില്‍ എത്രയും ജാഗ്രതയുള്ളവരാകുന്നു. അവര്‍ അഴുക്കുവസ്ത്രം ധരിക്കാറില്ല.’

(17) മിസ്റ്റര്‍ എഫ്.ഡബ്‌ളിയു. എല്ലിസ് ഇപ്രകാരം പറയുന്നു:- ‘ആദികാലം മുതല്‍ 18-ാം ശതവര്‍ഷത്തിന്റെ അവസാനകാലംവരെ, ‘തറ’ ‘നാട്’ ഈ ഏര്‍പ്പാടുകള്‍ മൂലമായിട്ട് നായര്‍പ്രഭുക്കന്മാര്‍ മലയാളദേശത്തെ സ്വതന്ത്രരാജാക്കന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും രക്ഷിച്ചിരുന്നതിനാലാണ്, കോഴിക്കോട് മുതലായ നഗരങ്ങള്‍ യൂറോപീയാഗമനത്തോടുകൂടി വലിയ കച്ചവടസ്ഥലങ്ങളായിത്തീര്‍ന്നത്; നായന്മാര്‍ക്ക് പൊതുവേ ഓവര്‍സീയര്‍മാരുടേയും ജമിന്ദാരികളുടേയും സ്ഥാനം ഉണ്ടായിരുന്നു.’

(18) മിസ്റ്റര്‍ ലോഗന്‍ താഴെ കാണുന്നവിധം എഴുതുന്നു:- മലബാറില്‍ നാട് ഏര്‍പ്പാടുണ്ടായിരുന്നു; അതിന്‍പ്രകാരം ജനരക്ഷകസ്ഥാനം നായന്മാര്‍ക്ക് സിദ്ധമായിരുന്നു. (ബ്രിട്ടീഷ്പ്രവേശനംവരെ) സംഘങ്ങളില്‍ ‘600’ പേര്‍വീതമുള്ള ‘നാടു’കളും ഓരോ നാട്ടിലും ‘150’ വീതം ‘തറ’കളും, ഓരോ ‘തറ’യ്ക്കും ‘4’ല്‍ കുറയാതെ കുടുംബങ്ങളും ഉണ്ടായിരുന്നു; ഇത്രയും വിഭാഗങ്ങള്‍ അടങ്ങിയ ദേശത്തിന്റെ രക്ഷാധികാരസ്ഥാനം തന്നാട്ടുപ്രഭുവും അറുനൂറ്റിനധിപനും ആയ നായര്‍ക്കായിരുന്നു.’

(19) കോഴിക്കോട്ടുനഗരത്തിലെ ബഹുമാനപ്പെട്ട ഈസ്റ്റിന്‍ഡ്യാകമ്പനിവക കാര്യസ്ഥന്‍, 1746 മേയ്മാസം 28-ാം തീയതി തലശ്ശേരിപ്പണ്ടികശാല വക ഡയറിയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:- ‘ഈ നായന്മാര്‍ കോഴിക്കോട്ട് ജനസംഘത്തിന്റെ നായകന്മാരാകയാല്‍ ഇവര്‍ ഇംഗ്ലണ്ടിലെ പാര്‍ലമേണ്ടു സാമാജികന്മാരുടെ നിലയിലാണ്; ഇവര്‍ രാജകല്പനയെ എല്ലാ കാര്യത്തിലും അനുസരിക്കുന്നില്ല. രാജാവിന്റെ മന്ത്രിമാര്‍ അന്യായകൃത്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ നിര്‍ഭയം അവരെ ശിക്ഷിക്കുന്നു.’ ഈ പാര്‍ലമേണ്ടുസഭ ‘കൂട്ടം’ എന്നുപേരായ സഭ ആയിരിക്കണം. ദക്ഷിണകര്‍ണ്ണാടകത്തിലെ ‘കൂട്ടം’ 1832-33-ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ക്ക് എത്രയും ഉപദ്രവകരമായി തീര്‍ന്നിരുന്നു.

(20) മലയാളദേശത്തെപ്പറ്റി നല്ല പരിചയം സിദ്ധിച്ചിരുന്ന അഞ്ജകണ്ടിയിലെ മിസ്റ്റര്‍ മര്‍ഡാക്ക് ബ്രൗണ്‍ എന്നയാള്‍ 19-ാം ശതവര്‍ഷാരംഭത്തില്‍ ‘മിസ്റ്റര്‍ ഫ്രാന്‍സിസ് ബുക്കനന്‍’ എന്നയാള്‍ക്കയച്ച എഴുത്തില്‍ രാജശക്തിയെ കുറിക്കുന്നതായി ഫ്രാന്‍സിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡല്‍ സിസ്റ്റത്തിന്റെ രീതിയിലായിരുന്നു മലബാറിലെ നടപടി (ബ്രിട്ടീഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു.

നായന്മാരുടെ ഇടയില്‍ നടപ്പുണ്ടായിരുന്ന ഫ്യൂഡല്‍ സിസ്റ്റത്തിന് തിരുവിതാംകൂര്‍ സെന്‍സസ് കമ്മീഷണര്‍ എന്‍.സുബ്രഹ്മണ്യയ്യര്‍ അവര്‍കളും സാക്ഷ്യം വഹിക്കുന്നു. ക്രിസ്ത്വബ്ദം 925-ല്‍ എഴുതപ്പെട്ട രണ്ടാമത്തെ സിരിയന്‍ ക്രിസ്ത്യന്‍ പ്രമാണത്തില്‍ മേല്‍പറഞ്ഞ ‘അറുന്നൂറുകളെ’പ്പറ്റി രണ്ടിടത്തു പറഞ്ഞിരിക്കുന്നു. കൊല്ലം-371-ലെ ഒരു ശിലാലേഖനത്തില്‍ ഒരു വേണാട്ടറുനൂറിനെ ‘ക്ഷേത്രാധികാരി’കളുടെ നിലയില്‍ പറഞ്ഞിരിക്കുന്നു. വേണാട്ടില്‍ ആകെ 18 അറുനൂറുണ്ടായിരുന്നിരിക്കണം.

(21) ‘കര്‍ക്കടകമാസത്തില്‍ (ദേഹം തണുത്തിരിക്കുമ്പോള്‍) ആണ് നായര്‍യുവാക്കള്‍ കായികാഭ്യാസം പ്രത്യേകമായി ചെയ്യുന്നത്.’

‘പയ്യോളിയില്‍വെച്ച് ഒരു കളരിയില്‍ കുറുപ്പു പഠിപ്പിക്കുന്നതും ശിഷ്യന്മാര്‍ ചാട്ടം, മറിച്ചില്‍, തട മുതലായവ പഠിക്കുന്നതും കണ്ട് ഞാന്‍ എത്രയും അതിശയിച്ചു’ എന്ന് മിസ്റ്റര്‍ ഫാസ്റ്റ് പ്രസ്താവിക്കുന്നു (1845).

(22) നായന്മാരുടെ മതാനുഷ്ഠാനത്തെപ്പറ്റി മിസ്റ്റര്‍ ഫാസ്റ്റ് വീണ്ടും ഇപ്രകാരം പറയുന്നു:

‘ഗവര്‍മ്മേണ്ട് ജീവനംനിമിത്തം അസൗകര്യമുള്ളവര്‍ ഒഴിച്ച് ഒരു നായരും കുളിച്ചു മുണ്ടുമാറാതെ ഭക്ഷണം കഴിക്കയില്ല. കുളിച്ചതിന്റെശേഷം ദിനംപ്രതി ഒരു നേരം അമ്പലത്തില്‍ തൊഴണമെന്നുള്ളതും ഒരു കണിശമായ നിയമമാണ്.’

‘പലപ്പോഴും കുളി രണ്ടു തവണയായിരിക്കും. മുന്‍കാലങ്ങളില്‍ അടുത്തുവരുന്ന (തീണ്ടുന്ന) പുലയനേയും മറ്റും വെട്ടിക്കളയുകയും ഇപ്പോള്‍ കാലഭേദംനിമിത്തം മാറിപ്പൊയ്‌ക്കൊള്ളുന്നതിനായി വഴിയാട്ടുകയും പതിവാണ്’. എന്ന് ബുക്കാനന്‍ അഭിപ്രായപ്പെടുന്നു.

(23) മുന്‍ പ്രസ്താവിച്ച സംഗതിയെ അടിസ്ഥാനപ്പെടുത്തിയും മറ്റും നായന്മാരെപ്പറ്റി മിസ്റ്റര്‍ ഫാസ്റ്റ് വീണ്ടും ഇപ്രകാരം പറയുന്നു. ‘പാലക്കാടിനടുത്തുള്ള പ്രദേശങ്ങളില്‍ ഒരുമാതിരി മല്ലയുദ്ധം നടപ്പുണ്ട്: അതു റോമന്‍കാരുടെ ഇടയിലുണ്ടായിരുന്ന രീതിക്കു സദൃശമായിരിക്കുന്നു. റോമങ്കാര്‍ക്കു ബി.സി. 30-മുതല്‍ മലബാറുമായിട്ടു സംബന്ധമുണ്ടായിരുന്നു. ‘അലാറിക്ക്’ എന്ന ഉത്തേരദേശീയന്‍ റോമിലെ രോധം മതിയാക്കുന്നതിന് ആവശ്യപ്പെട്ട സംഗതികളില്‍ ഒന്ന് 3000 റാത്തല്‍ നല്ലമുളകായിരുന്നു (5-ാം ശതവര്‍ഷം). ഇതു മലബാറില്‍നിന്നുതന്നെ റോമങ്കാര്‍ക്കു കിട്ടിയിരിക്കണം.

പുരാതന ഗ്രീക്കുകാരുടേയും റോമങ്കാരുടേയും ഇടയില്‍ ഉണ്ടായിരുന്ന പല കളികളും കായികാഭ്യാസങ്ങളും നായന്മാരുടെ ഇടയില്‍ അങ്ങുമിങ്ങും അവശിഷ്ടങ്ങളായിട്ട് അദ്യാപി കാണുന്നുണ്ട്. ഓണത്തിനു നായന്മാര്‍ രണ്ടു കക്ഷികളായിനിന്നു മുന മടങ്ങിയ അസ്ത്രങ്ങള്‍ വര്‍ഷിച്ചു പലരും മുറിപ്പെട്ടുവീഴുന്നതിനേയും ഒരു പൊതുവായ ലക്ഷ്യത്തില്‍ സാമര്‍ത്ഥ്യം പരീക്ഷിക്കുന്നതിനേയും മറ്റും പറ്റി ‘പാളിനസ്’ പ്രസ്താവിക്കുന്നു.

അടിക്കുറിപ്പുകള്‍

1. ഈതഴ്സ്റ്റന്റെ ‘ദക്ഷിണ ഇന്ത്യയിലെ’ ജാതികളും വര്‍ഗ്ഗങ്ങളും നോക്കുക.