പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം

ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.

ഇതിലേക്ക്, ഒന്നാമതായി മലയാളബ്രാഹ്മണര്‍ എന്നു പറയുന്നവര്‍ക്ക് ഇവിടെ (ഭാര്‍ഗ്ഗവദത്തം) ജന്മാവകാശമില്ലെന്നും, രണ്ടാമതായി, അവര്‍ക്കു യാതൊരു മേന്മക്കും അര്‍ഹതയില്ലെന്നും, മൂന്നാമതായി, മേല്പറഞ്ഞ രണ്ടുവക അവകാശങ്ങളും നായന്മാരില്‍ ചേര്‍ന്നവയാണെന്നും ഇവിടെ കാണിക്കുന്നു. ഇവയില്‍ ഒന്നാമത്തേതു മുഴുവനും സഹ്യാദ്രിഖണ്ഡം, കേരളമാഹാത്മ്യം, കേരളോല്പത്തികള്‍, കേരളാ വകാശക്രമം എന്നീ ബ്രാഹ്മണപരങ്ങളായ ഗ്രന്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന്റെ ഖണ്ഡനം ഈ ഗ്രന്ഥങ്ങളുടെ ഖണ്ഡനംകൊണ്ടും, മറ്റു രണ്ടിന്റെയും ഖണ്ഡനങ്ങള്‍, അനുഭവങ്ങള്‍ യുക്തിവാദങ്ങള്‍ മുതലായവയെ കൊണ്ടും സാധിക്കും. മലയാള ബ്രാഹ്മണര്‍ക്ക് ഇവിടെ ജന്മാവകാശമില്ലെന്ന് സാമാന്യമായും വിശേഷമായും ഖണ്ഡനരീത്യാ രണ്ടുവിധത്തില്‍ നിര്‍ണ്ണയിക്കാം. പ്രകൃതസംഗതികളെ മുന്‍കാണിച്ച ഗ്രന്ഥങ്ങളില്‍ പൂര്‍വ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിച്ചിരിക്കുന്നതിനെ വെളിപ്പെടുത്തി പ്രമാണഗ്രന്ഥങ്ങളുടെ അവിശ്വാസ്യതയെ കാണിക്കുന്ന സാമാന്യഖണ്ഡനം ഈ അവതാരികയിലും, അവയെ പ്രത്യേകം പ്രത്യേകം വ്യവഹരിച്ച് മറ്റു പ്രമാണങ്ങള്‍ക്കും യുക്തിക്കും ന്യായത്തിനും അവ വിപരീതങ്ങളാണെന്നു കാണിക്കുന്ന വിശേഷഖണ്ഡനം ഒന്നുമുതല്‍ നാലുവരെ (ഉള്‍പ്പെടെ)യുള്ള അദ്ധ്യായങ്ങളിലും സാധിച്ചിരിക്കുന്നു.

പ്രാചീന മലയാളത്തിലെ അദ്ധ്യായങ്ങള്‍

 1. അവതാരിക
 2. ദാനകാരണനിഷേധം
 3. മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നിട്ടില്ല
 4. പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല
 5. മലയാളഭൂമി ഭാര്‍ഗ്ഗവനുള്ളതല്ല
 6. നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ല
 7. നായന്മാരുടെ ഔല്‍കൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും
 8. നായന്മാരെപ്പറ്റി ചരിത്രകാലത്തില്‍ വിദേശീയന്മാര്‍ക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങള്‍
 9. ശൂദ്രശബ്ദം
 10. ചാതുര്‍വര്‍ണ്യം
 11. ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും
 12. അനുബന്ധങ്ങള്‍

പ്രാചീന മലയാളം PDF ഡൗണ്‍ലോഡ് ചെയ്യൂ.