ക്രിസ്തുമതസാരം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്ന്

ശിവമയം

പതിപ്രകരണം – ദൈവത്തിന്റെ രൂപം

അനാദ്യനന്തനിത്യനായി, വ്യാപകനായി, സ്വതന്ത്രനായി, അരൂപനായി, അവികാരിയായി, സത്യം, ജ്ഞാനം, അടക്കം, ന്യായം, കൃപ, നന്മ, മേന്മ, നിറവ് മുതലായ ദിവ്യഗുണങ്ങളോടുകൂടിയവനായി പിതാവ്, പുത്രന്‍, പവിത്രാന്മാവ് എന്നു മൂന്നുപേരായ ഒരുവനാകുന്നു ദൈവം. അവരില്‍ പിതാവിനു യഹോവാ എന്നും പുത്രനു ക്രിസ്തു എന്നും യേശു എന്നും പവിത്രാത്മാവിനു പരിശുദ്ധആവി എന്നും കൂടി നാമങ്ങള്‍ ഉണ്ട്. (സങ്കീര്‍ത്തനം 90-അ, 2-വാ. യറമി 23-അ, 24-വാ. മര്‍ക്കോസ് 10 അ. 27 വാ. 1 തിമൊഥെയുസ് 6-അ. 15-വാ. സങ്കീര്‍ത്തനം 102-അ. 27-വാ. വെളിപാട് 1-അ. 8-വാ. 1-നാളാഗമം 28-അ. 9-വാ. ആദി. 17-അ. 1-വാ. പുറപ്പാട് 15-അ. 12-വാ. സങ്കീര്‍ത്തനം 145-അ. 17-വാ. പുറപ്പാട് 34-അ. 6-വാ. മത്തായി 28-അ. 19-വാ. ആവര്‍ത്തനപുസ്തകം 32-അ. 4-വാ. ടി. 33-അ. 27-വാ.) സൃഷ്ടി, സ്ഥിതി, സംഹാരം, നിഗ്രഹം, അനുഗ്രഹം ഇവകളാകുന്നു ദൈവകൃത്യങ്ങള്‍. അനാദ്യനായ ദൈവം ആദ്യംതന്നെ കൃത്യം ചെയ്യുവാന്‍ ഇച്ഛിച്ചു. പരമണ്ഡലത്തിങ്കല്‍ ദൈവദൂതന്മാരെ സൃഷ്ടിക്കുകയും അവരില്‍ തനിക്ക് വിരോധികളായ ചിലരെ പിശാചുക്കളാക്കി നരകത്തില്‍ ഇരിക്കത്തക്കവണ്ണം നിയമിക്കയും ചെയ്തു. (യഹൂദാ. 6-വെളിപാട് 12-അ. 9-വാ.) പിന്നീട് ഭൂമിയെയും ആകാശത്തെയും ഒന്നാംദിവസം ഒളിയെയും രണ്ടാംദിവസം വെളിയെയും ജലരൂപങ്ങളായ മേഘങ്ങളെയും മൂന്നാംദിവസം മണ്ണില്‍നിന്നും സ്ഥാവരജീവന്മാരെയും നാലാംദിവസം മഹാപ്രകാശകങ്ങളായ നക്ഷത്രങ്ങളെയും അഞ്ചാംദിവസം ജലത്തില്‍ ജലചരങ്ങളെയും ആറാംദിവസം നാനാവിധ മൃഗങ്ങളെയും സൃഷ്ടിച്ചു. അനന്തരം ആ ദിവസംതന്നെ തന്റെ സ്വരൂപമായിട്ട് മനുഷ്യനെ സൃഷ്ടിക്കണമെന്നു സങ്കല്പിച്ചുകൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിന്റെ ദ്വാരംവഴിയായിട്ടു ജീവശ്വാസത്തെ ഊതിക്കയറ്റി അവനെ ജീവാത്മാവോടുകൂടിയവനാക്കി. പിന്നീട് ആ മനുഷ്യന്റെ ശരീരക്കൂറില്‍നിന്ന് ഒരു സ്ത്രീയെക്കൂടി ഉണ്ടാക്കുകയും ആ ആദിമമനുഷ്യരെ ഏഷ്യാഖണ്ഡത്തിലെ തുലുക്ക് ദേശത്തുള്ള ഏദനെന്ന സ്ഥലത്തു നിര്‍മ്മിക്കപ്പെട്ട തോട്ടത്തില്‍ ഇരുത്തി. സൃഷ്ടികാലത്തുതന്നെ മനുഷ്യരോട് നിങ്ങള്‍ സന്തതിയോടുകൂടി പല വംശക്കാരായി ഭൂമിയില്‍ നിറഞ്ഞ് അതിലുള്ള സകലവസ്തുക്കളെയും പരിപാലിപ്പിന്‍ എന്ന് ആശീര്‍വദിക്കുകയും മനുഷ്യര്‍ക്കു സ്ഥാവരജീവന്മാരെ ഭോജനമായിട്ട് നിയമിക്കുകയും ഏദനിലുള്ള തോട്ടത്തില്‍ കാത്തുനിന്നു വേല ചെയ്യുന്നതിനും തോട്ടത്തിലുള്ള സകലവിധ വൃക്ഷങ്ങളുടെ പഴങ്ങളെ ഭക്ഷിച്ചുകൊള്ളുവാനും ആജ്ഞാപിക്കുകയും, തോട്ടത്തിന്റെ നടുക്കുള്ള ഗുണദോഷങ്ങളെ അറിവിക്കുന്ന വൃക്ഷത്തിന്റെ കനിയെ ഭക്ഷിക്കരുതെന്നു വിലക്കുകയും, ഭക്ഷിക്കുന്നു എങ്കില്‍ ആ ദിവസത്തില്‍ത്തന്നെ മരിക്കുമെന്ന ശിക്ഷ പറകയും ചെയ്തു. ദൈവത്തെ ഉപചരിക്ക, ശനിവാരനിയമം, സൃഷ്ടികള്‍ക്കുപചരിക്ക, വിധിച്ചതിനെ ചെയ്യുക, വിലക്കിയ കനിയെ ത്യജിക്ക: ഇത്രയുമാകുന്നു ആദിമനുഷ്യര്‍ക്കു നിയമിക്കപ്പെട്ട മതം. അവര്‍ അവിടെ അപ്രകാരമിരിക്കുമ്പോള്‍ പിശാചാധിപതിയായ സര്‍പ്പം വന്ന് വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനിയെ ഭക്ഷിച്ചാല്‍ മരിക്ക ഇല്ലാ എന്നും നയനപ്രകാശവും ഗുണദോഷജ്ഞാനവും ഉണ്ടാകുമെന്നും ആ സ്ത്രീയോടു പറഞ്ഞു. അനന്തരം ആ പഴം തീറ്റിക്കു രസവും കാഴ്ച യ്ക്ക് ഭംഗിയുള്ളതും ബുദ്ധിയെ തെളിയിക്കുന്നതുമാകുന്നു എന്നു കണ്ട ആ സ്ത്രീയും, അവള്‍ കൊടുത്തിട്ട് ആ മനുഷ്യനും ഭക്ഷിച്ചു. അതുകൊണ്ട് അവര്‍ക്ക് നയനശോഭ ഉണ്ടാകുകയും അപ്പോള്‍ത്തന്നെ അവര്‍ നഗ്നരായിട്ട് ഇരിക്കുകയാണെന്നറിഞ്ഞ് അത്തി ഇലകളെ തയ്ച്ച് അരയില്‍ കെട്ടിക്കൊള്ളുകയും ചെയ്തു. അനന്തരം പകല്‍ അവസാനിച്ചപ്പോള്‍ തോട്ടത്തില്‍ സഞ്ചരിച്ചുവരുന്ന യഹോവയുടെ ശബ്ദത്തെ കേട്ട് അവര്‍ ദേവസന്നിധാനത്തില്‍നിന്നു മാറി മരങ്ങളുടെയിടയില്‍ ഒളിച്ചിരിക്കുകയും അപ്പോള്‍ യഹോവ മനുഷ്യനെ വിളിച്ച് ‘നീ എവിടെ’ എന്നു ചോദിക്കയും അതിനവന്‍ ‘ഞാന്‍ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു’ എന്ന മറുപടി പറകയും അപ്പോള്‍ യഹോവ ‘നിന്നെ നഗ്നനെന്ന് ആരറിയിച്ചു? നീ വിലക്കിയ കനിയെ തിന്നോ’ എന്നു ചോദിക്കയും ‘എന്നോടുകൂടി ഇരുത്തിയ സ്ത്രീ തന്നു ഞാന്‍ അതിനെ ഭക്ഷിച്ചു.’ എന്ന് പറയുകയും യഹോവ സ്ത്രീയോട് ‘നീ എന്താണ് ഇങ്ങനെ ചെയ്തത്?’ എന്നു ചോദിക്കയും അവള്‍ ‘സര്‍പ്പത്തിന്റെ വഞ്ചന ഹേതുവായിട്ടു ഞാന്‍ തിന്നുപോയതാണ്’ എന്നുപറകയും, യഹോവ സര്‍പ്പത്തെ നോക്കി, നീ ഇപ്രകാരം ചെയ്തതുകൊണ്ട് എല്ലാ മൃഗജന്തുക്കളെക്കാളും ഏറ്റവും ശപിക്കപ്പെട്ട് ജീവപര്യന്തം വയറുകൊണ്ടിഴഞ്ഞ് മണ്ണുതിന്നു പോകും. അതുകൂടാതെയും നിനക്കും ഈ സ്ത്രീക്കും നിന്റെ സന്തതിക്കും തമ്മില്‍ ശത്രുതയുണ്ടാകും. അതുകൊണ്ട് നിന്റെ തലയെ ചതയ്ക്കും. നീ അതിന്റെ കുതികാലിനെ ചതയ്ക്കും എന്നും, പിന്നീട് സ്ത്രീയെ നോക്കി ‘നീ അധികവേദനയോടുകൂടി കുട്ടികളെ പ്രസവിക്കുകയും നിന്റെ ഭര്‍ത്താവിന്റെ കീഴില്‍ ഇരിക്കുകയും അവന്‍ നിന്നെ പരിപാലിക്കുകയും, ചെയ്യുമെന്നും പിന്നീട് മനുഷ്യനെ നോക്കി നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടു. അതു നിനക്ക് ഇനി മുള്ളുചെടികളെയും മുള്ളുമരങ്ങളെയും മുളപ്പിക്കുമെന്നും, നീ ജീവപര്യന്തം ക്ലേശപ്പെട്ടു ഭൂമിയിലുള്ള സസ്യങ്ങളെ വിയര്‍പ്പുമുഖത്തോടുകൂടി തിന്നു മണ്ണായ നീ മണ്ണില്‍ത്തന്നെ ചേരുമെന്നു പറയുകയും ചെയ്തു. (ആദ്യപുസ്തകം 2-ം 3-ം അ.)

യഹോവാ പിന്നെയും ആ ആദിമനുഷ്യരുടെ സന്താനരൂപമായിട്ടു തന്നെ ആത്മാക്കളെ സൃഷ്ടിക്കുന്നു. അതുകൊണ്ട് വിലക്കപ്പെട്ടതിനെ ചെയ്ത ആ ആദിമനുഷ്യരും അവരുടെ ശുക്ലശോണിതത്തില്‍ നിന്നും ജനിക്കുന്ന സകലമനുഷ്യരും പാപികളായിത്തീര്‍ന്നു. പാപം ഹേതുവായിട്ടു ദുഃഖമുണ്ടായി. (റോമാ. 5-അ. 12-19 വാ. സങ്കീ.51 അ.5-വാ)

യഹോവാ ഇപ്രകാരം ആത്മാക്കളെ സൃഷ്ടിച്ച് താനാഗ്രഹിച്ച കാലംവരെയും ശരീരത്തോടുകൂടി ജീവിച്ചിരിക്കത്തക്കവണ്ണം സ്ഥിതി ചെയ്ത് സ്ഥിതിയുടെ അവസാനത്ത് സംഹരിക്കുന്നു. അവരില്‍ തനിക്കു വിരോധികളായ അശുദ്ധന്മാരെ നിഗ്രഹിക്കുകയും തന്നെ വിശ്വസിച്ചു വഴിപ്പെടുന്ന ഭക്തന്മാരായ ശുദ്ധന്മാരെ അനുഗ്രഹിക്കുകയും ചെയ്യും.

(സങ്കീ. 103-അ. 19-വാ. പത്രോസ് 3-അ. 10-വാ. മത്തായി 25-അ. 46-വാ.)

ജീവലക്ഷണം

ഉല്‍പ്പത്തിക്കാലത്ത് യഹോവയാല്‍ ശുദ്ധസ്വരൂപമായിട്ടു സൃഷ്ടിക്കപ്പെട്ടവരായി ആദ്യനന്തനിത്യന്മാരായി അവ്യാപകന്മാരായി സ്വാവധിപര്യന്തം സ്വതന്ത്രന്മാരായി അരൂപന്മാരായി മനസ്സാകുന്ന സംബന്ധസാധനത്തോടു കൂടിയവരായി ചിന്ത, അറിവ്, സ്‌നേഹം, ദ്വേഷം, യത്‌നം, സുഖം, ദുഃഖം എന്ന ഗുണങ്ങള്‍ ഉള്ളവരായിരിക്കുന്ന ചേതനന്മാരത്രേ ജീവന്മാരാകുന്നത്. ആ ജീവന്മാരില്‍ സൃഷ്ടി മുതല്‍ പാപം ചെയ്യാതിരിക്കുന്നവരായ ദേവദൂതന്മാരും പാപത്തില്‍നിന്നു വേര്‍പെട്ടവരായ മുക്തന്മാരും ശുദ്ധജീവന്മാരെന്നും തങ്ങളാലും തങ്ങളുടെ പൂര്‍വ്വികന്മാരാലും സമ്പാദിക്കപ്പെട്ട പാപത്തോടുകൂടിയവര്‍ അശുദ്ധജീവന്മാരെന്നും, പറയപ്പെടും. (ആദ്യപുസ്തകം 27. യോബ്. 33 അ. 4 വാ. 32 അ. 8 വാ. മത്തായി 10 അ. 28-വാ., ലൂക്കോസ് 24-അ. 39-വാ. യോബ്. 35-അ. 10-വാ., പ്രസംഗക്കാരന്‍ 12-അ. 7-വാ.)

ജീവന്മാര്‍ തങ്ങളുടെ പാപകര്‍മ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രന്മാരാകുന്നു എങ്കിലും സ്വകീയപുണ്യകര്‍മ്മംകൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാല്‍ പരതന്ത്രന്മാരുമാകുന്നു.

പാശനിരൂപണം

ആദ്യന്തമുള്ളതായും അനിത്യമായും ദേവനിയമം ഉള്ളപ്പോള്‍ അനന്തനിത്യമാകുന്നതായും അവ്യാപകമായും പരതന്ത്രമായും ഇന്ദ്രിയവിഷയമായും വികാരിയായും അചേതനമായും ഇരിക്കുന്ന ജഡവസ്തുവാകുന്നു പാശം. അത് കാര്യപാശമെന്നും ദുഷ്‌കര്‍മ്മപാശമെന്നും രണ്ടു വിധമായിരിക്കും. അവയില്‍ ദൈവത്തിനാല്‍ ഉപാദാനകാരണംകൂടാതെ സൃഷ്ടിക്കപ്പെട്ട ജഡപദാര്‍ത്ഥം കാര്യപാശം. അതാകട്ടെ പൃഥിവി, ജലം, വായു, തേജസ്സ് എന്ന് ഭൂതവാച്യങ്ങളാകുന്ന ദ്രവ്യങ്ങളും ഗുണങ്ങളും കര്‍മ്മങ്ങളുമാകുന്നു. ആ കാര്യപാശംതന്നെ ശുദ്ധമെന്നും അശുദ്ധമെന്നും രണ്ട് വിധമായിരിക്കും. അവയില്‍ ശുദ്ധപാശമെന്നത് സൃഷ്ടിക്കപ്പെട്ടമാതിരിയില്‍ത്തന്നെ ഇരിക്കുന്ന സ്വര്‍ഗ്ഗമണ്ഡലം മുതലായവയും, അശുദ്ധപാശമെന്നത് സൃഷ്ടിച്ചതിന്റെ ശേഷം ജീവന്മാരുടെ പാപം ഹേതുവായിട്ട് ദോഷപ്പെട്ട ഭൂമി മുതലായവയും ആകുന്നു. ഇനി ദുഷ്‌കര്‍മ്മപാശമെന്നത് ജീവന്മാര്‍ക്ക് വിധിക്കപ്പെട്ട കര്‍മ്മത്തെ ചെയ്യായ്കകൊണ്ടും വിലക്കപ്പെട്ടതിനെ ചെയ്കകൊണ്ടും ഉണ്ടായ വാസനാരൂപവും ശുക്ലശോണിതവഴിയുടെ സന്തതിയില്‍ ചെല്ലുന്നതും പരിശുദ്ധിയെ കെടുത്തുന്നതും മയക്കത്തെ ചെയ്യുന്നതും ഭയം, ക്ലേശം, വ്യാധി, മൂപ്പ്, മരണം എന്നിവകളെ ഉണ്ടാക്കുന്നതും ദുഃഖസാധനവും ബലിദാനത്താല്‍ പരിഹരിക്കപ്പെടുന്നതും പരിഹരിക്കപ്പെടാത്ത സ്ഥിതിക്ക് നിത്യനരകവേദനയ്ക്ക് കാരണവും ജഡഗുണവും ആയിരിക്കുന്ന പാപകര്‍മ്മമാകുന്നു. അതും ജന്മപാപമെന്നും, കര്‍മ്മപാപമെന്നും രണ്ടുവിധം. ഇനി പാപമാകുന്നത് ദേവവാക്യത്തെ വിശ്വസിക്കാത്തതാണെന്നും ദേവവിധിയെ ലംഘിക്കുന്നതാണെന്നും പ്രത്യേകം പ്രത്യേകം അഭിപ്രായപ്പെടുന്ന പക്ഷക്കാരും ഉണ്ട്. ബൈബിള്‍ശാസ്ത്രത്തില്‍ സ്പഷ്ടമായി പറയപ്പെടാത്ത വിഷയങ്ങള്‍ക്കും വ്യാഖ്യാതാക്കന്മാര്‍ ഓരോരോ സങ്കല്പ്പപ്രകാരം അവനവന്റെ പോക്കിനു തക്കവണ്ണം അഭിപ്രായപ്പെട്ട് അന്യോന്യം മലയ്ക്കുകയും ചെയ്യുന്നുണ്ട്.

ജീവകൃത്യം

ശരീരികളായി ജനിച്ച ആത്മാക്കള്‍ ജന്മപാപവാസനാഹേതുവായിട്ടു ദുരിച്ഛയോടുകൂടി മേല്‍ക്കുമേല്‍ പാപങ്ങളെ ചെയ്യും. ചിലര്‍ ചില പുണ്യത്തെയും ചെയ്‌തെന്ന് വന്നേക്കാം. എങ്കിലും ഈശ്വരേച്ഛാപ്രകാശനമായ ബൈബിള്‍ബോധമുണ്ടായി ബന്ധമറ്റവര്‍ മാത്രമേ മുക്തിസാധനാസമ്പന്നന്മാരായും പുണ്യകൃത്തുക്കളായും ഭവിക്കൂ.

ജീവഭോഗം

ആത്മാക്കള്‍ ഇപ്പോള്‍ പ്രയത്‌നിച്ച് ദേവചിത്തപ്രകാരം സുഖ-ദുഃഖങ്ങളെ അനുഭവിക്കും. ഇഹത്തില്‍ പാപംചെയ്തവരും മുക്തിസാധനോപായസമ്പാദ്യം കൂടാതെ പുണ്യം ചെയ്തവരും പരത്തില്‍ നിത്യനരകത്തെ പ്രാപിച്ച് അവസാനമില്ലാത്ത ദുഃഖത്തെ അനുഭവിക്കും.

സൃഷ്ടിക്കുപിന്‍പ് 4005 വത്സരശേഷം, പിതാവ്, പുത്രന്‍, പവിത്രാത്മാവ് എന്നവരില്‍, പുത്രനായ ക്രിസ്തു ഭൂമിയില്‍ ഏഷ്യാഖണ്ഡത്തില്‍ തുലുക്കദേശത്ത് കാനാനെന്ന നാട്ടില്‍ യോസേപ്പ് എന്നവനു ഭാര്യയായിട്ടു നിയമിക്കപ്പെട്ട മര്യാള്‍ എന്നവളുടെ വയറ്റില്‍ പവിത്രാത്മാവിനാല്‍ ഉണ്ടാക്കപ്പെട്ട ഗര്‍ഭപിണ്ഡത്തില്‍ വന്നകപ്പെട്ട്, മനുഷ്യത്വവും ദൈവത്വവും ഉള്ളവനായി ജനിച്ചു വളര്‍ന്ന് പണ്ഡിതന്മാരോട് പ്രസംഗിച്ചുനടന്ന് 30 വയസ്സില്‍ യോവാനോട് (യോഹന്നാനോട്) സ്‌നാനമേറ്റ് പവിത്രാത്മാവിന്റെ ആവേശവും സിദ്ധിച്ച് 40 ദിവസംവരെയും കാട്ടില്‍ ഭക്ഷണം കൂടാതെ ഇരുന്ന് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് മനുഷ്യരെ വഞ്ചിച്ച പിശാചിനെ താന്‍ ജയിച്ച് അത്ഭുതങ്ങളെ ചെയ്ത് മനുഷ്യര്‍ ലംഘിച്ച കല്‍പനകളെ താന്‍ അനുഷ്ഠിച്ചു കാണിച്ച് മതബോധകന്മാരായ അപ്പോസ്തലന്മാരേ ആജ്ഞാപിച്ച്, ഏര്‍പ്പെടുത്തി ജ്ഞാനജ്ഞാപകസംസ്‌കാരങ്ങളെ നിയമിച്ച് മനുഷ്യരുടെ സകല പാപങ്ങളെയും താന്‍ ഏറ്റുകൊണ്ട് അവരനുഭവിക്കേണ്ടതായ വേദനകളെ താന്‍തന്നെ അനുഭവിച്ചുകൊണ്ട് കുരിശില്‍ തറയ്ക്കപ്പെട്ട് സര്‍വ്വപാപബലിയായി മരിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗമണ്ഡലത്തില്‍ കയറി പിതാവായ യഹോവയുടെ വലത്തു വശത്തിരിക്കുന്നു.

ക്രിസ്തുവിനാല്‍ ചെയ്യപ്പെട്ട ബലിദാനമായ ദേവപുണ്യം മാത്രമേ മുക്തിസാധനമായും ക്രിസ്തുവിനെക്കുറിച്ചുള്ള പരിപൂര്‍ണ്ണവിശ്വാസം ഒന്നുമാത്രമേ ജീവന്മാര്‍ക്ക് ദേവപുണ്യഫലം സിദ്ധിക്കുന്നതിലേക്ക് ഉപായമായും ഭവിക്കൂ. മുക്തിസാധനോപായമായി വിശ്വാസമുള്ളിടത്തു സത്യം, നീതി, ദയ മുതലായ ജീവപുണ്യങ്ങള്‍ നിയതകാര്യം മാത്രമായിരിക്കും. അവകള്‍ കടമയാകകൊണ്ട് ബലിയാകയില്ലതാനും.

ദേവപുണ്യപ്രസാദ, ഫല, ജ്ഞാപകത്തിലേക്കുവേണ്ടി ക്രിസ്തുവിനാല്‍ രണ്ടുവക സംസ്‌കാരങ്ങള്‍ നിയമിക്കപ്പെട്ടു. അവ സ്‌നാനവും നല്‍കരുണയും ആകുന്നു. സ്‌നാനമെന്നത് മനസ്സിനെ തിരിക്കുന്നതിലേക്കും പാപശുദ്ധിക്കും ഹേതുവായ ക്രിസ്തുവിന്റെ കൃപയെക്കുറിച്ചുള്ള ഓര്‍മ്മയ്ക്ക് അടയാളമിട്ട് ത്രിദേവനാമത്തോടുകൂടിയ ജലംകൊണ്ടുള്ള സ്‌നാനമാകുന്നു. ഇതിനെ അല്പം ഭേദപ്പെടുത്തി സ്വീകരിക്കുന്ന അഭിപ്രായക്കാരുമുണ്ട്. നല്‍കരുണയെന്നത് പാപബലിയായ ക്രിസ്തുവിന്റെ മാംസരക്തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയ്ക്കുവേണ്ടി അടയാളമിട്ടു ഭക്ഷിക്കുന്ന അപ്പവും ദ്രാക്ഷാരസവും ആകുന്നു. സ്‌നാനം ലിംഗാഗ്രചര്‍മ്മച്ഛേദനത്തിനു പകരവും നല്‍കരുണ നിസ്‌കാരോത്സവത്തിനു പകരവുമായിട്ടത്രേ വച്ചിരിക്കുന്നത്. ഇപ്രകാരം പറയപ്പെട്ട മതമാണ് യൂദമതത്തിന്റെ ജ്ഞാപ്യവസ്തുവായ ശുദ്ധക്രിസ്തുമതം. ഇതുണ്ടായപ്പോള്‍ ജ്ഞാപകങ്ങളായ യൂദമതക്രിയകള്‍ തള്ളപ്പെട്ടു.

മുക്തിസാധനം

ഇങ്ങനെ ന്യായപ്രകാരം യഹോവാ ശപിച്ചതുകൊണ്ട് ആത്മാക്കള്‍ക്ക് എല്ലാവര്‍ക്കും പാപകര്‍മ്മം ഉണ്ടാക്കിയതിനെ കണ്ട് അവരുടെ മേല്‍ തോന്നിയ ദയ ഹേതുവായിട്ട് അനുഗ്രഹം ചെയ്‌വാന്‍ ഇച്ഛിച്ചു മുക്തിസാധനോപായം ഉണ്ടാകുന്നതിലേക്ക് നിശ്ചയിച്ചു.

മുക്തിസാധനമാകുന്നത്

പാപപരിഹാരമായി പരിശുദ്ധസ്ഥാനത്തെ ഉണ്ടാക്കുന്ന സാധനമാകുന്നു മുക്തിസാധനമാകുന്നത്. പാപനീക്കത്തിനനുകൂലമായ കര്‍മ്മം ബലിദാനമാകുന്നു. ബലി എന്നത് ഉപഹാരപദാര്‍ത്ഥമാകുന്നു. ദോഷനിവൃത്തിക്കായിക്കൊണ്ട് ജീവന്മാരാല്‍ കൊടുക്കപ്പെട്ട ആട്, മാട്, മുതലായ ഉപഹാരപദാര്‍ത്ഥങ്ങള്‍ ദേവന്റെ ഉടമകളും അവരാല്‍ ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളെല്ലാം ദേവനു ചെയ്യുവാനുള്ള കടമകളും ആകുന്നു. അതുകൊണ്ട് ജീവന്മാര്‍ ബലിദാനത്തിനു സ്വതന്ത്രകര്‍ത്താക്കന്മാരല്ലാ. ആട്, മാട് മുതലായവ സ്വതന്ത്രബലികളുമല്ലാ. ജീവപുണ്യങ്ങള്‍ സ്വതന്ത്രപുണ്യകര്‍മ്മങ്ങളുമല്ല. അതുകൊണ്ട് പരതന്ത്രങ്ങളായ ഇവകളെല്ലാം ദേവാനുഗ്രഹനിയമത്താലല്ലാതെ ഫലിക്കുന്നവയല്ലാ. ബലിദാനത്തിനു സ്വതന്ത്രകര്‍ത്താവു ദേവന്‍തന്നെയാകുന്നു. ദേവനായ ക്രിസ്തുവത്രെ അവതാരദ്വാരാ സ്വതന്ത്രബലിയാകുന്നതിലേക്ക് സമ്മതിച്ചവന്‍. ക്രിസ്തുവിന്റെ ശരീരനിവേദനം, മരണം മുതലായ ദേവപുണ്യക്രിയകള്‍ മാത്രമേ സ്വതന്ത്രപുണ്യകര്‍മ്മങ്ങളായിട്ടു ഭവിക്കൂ. അതുകൊണ്ട് യഹോവ തന്റെ പുത്രനായ ക്രിസ്തുവിനെ ആ മനുഷ്യരുടെ സന്തതിയില്‍ ഒരു മനുഷ്യനായിട്ട് അവതരിച്ച് പിശാചിനെ ജയിച്ച് പരമാര്‍ത്ഥോപദേശം ചെയ്ത്, തന്നെ പാപബലിയായിട്ടുകൊടുത്ത് ജീവന്മാരെ അനുഗ്രഹിക്കത്തക്കവണ്ണം ഏര്‍പ്പെടുത്തുകയും, ക്രിസ്തു അതിലേക്ക് സമ്മതിച്ചു മദ്ധ്യസ്ഥനാകുകയും ചെയ്തു. ഇതിനെ സൂചിപ്പിച്ചാണ് സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തലയെ അറുക്കുമെന്ന് ദേവന്‍ ശാപകാലത്തില്‍ത്തന്നെ അടയാളമായി പറഞ്ഞിട്ടുള്ളത്. അതാണ് കൃപാനിയമം. അതുകൊണ്ട് ക്രിസ്തുവിന്റെ ബലിദാനത്തിന്റെ ജ്ഞാപകചിഹ്നമായിട്ടാകുന്നു ആട്ടിന്‍കുട്ടിയെ ബലിദാനത്തിലേക്കു നിയമിച്ചത്. പൂര്‍വ്വികന്മാരും അപ്രകാരംതന്നെ ക്രിസ്തുവിന്റെ ബലിദാനമായ ജ്ഞാപ്യത്തെക്കുറിച്ച് വിശ്വസിച്ച് മേഷബലിദാനമായ ജ്ഞാപകത്തെ ചെയ്തുവന്നു.

ആ സങ്കല്പവും വിശ്വാസവും നടപടിയുംതന്നെ ആദി ക്രിസ്തുമതം. സൃഷ്ടിക്കുപിന്‍പ് 1657 സംവത്സരം കഴിഞ്ഞതിന്റെ ശേഷം ജലപ്രളയാവസാനകാലത്ത് മാംസഭോജനത്തെയും സൃഷ്ടിയുടെ 2106-ാം സംവത്സരത്തില്‍ അബ്രഹാമില്‍ ലിംഗാഗ്രചര്‍മ്മച്ഛേദനത്തെയും നിയമിച്ചു. സൃഷ്ടിയുടെ 2513-ാം സംവത്സരത്തിന്റെ ശേഷം യഹോവാ മോശ എന്നവനു പ്രത്യക്ഷനായിട്ടു പൂര്‍വ്വനിയമത്തിന്റെ വിസ്താരമായ മൂന്നുവക വിധികളെ ഉപദേശിച്ചു. അവ സന്മാര്‍ഗ്ഗവിധി, ക്രിയാവിധി, നീതിവിധി എന്നു പറയപ്പെടുന്നു.

  1. ഒരേ ദൈവത്തെത്തന്നെ വണങ്ങണം.
  2. അന്യദൈവത്തെ വണങ്ങരുത്.
  3. ദൈവനാമത്തെ വൃഥാ ഉച്ചരിക്കരുത്.
  4. ശനിപുണ്യവാരനിയമം (എന്ന ഈ ദേവാര്‍ത്ഥകാര്യങ്ങള്‍ നാലും)
  5. അച്ഛനമ്മമാരെ ഉപചരിക്ക.
  6. കൊല്ലായ്ക
  7. വ്യഭിചരിക്കായ്ക
  8. മോഷ്ടിക്കായ്ക.
  9. കള്ളസാക്ഷി പറയായ്ക.
  10. അന്യമുതലിനെ ആഗ്രഹിക്കായ്ക.

(എന്ന മനുഷ്യാര്‍ത്ഥകാര്യം ആറുംകൂടി) ഇങ്ങനെ പത്തുവിധമായ നിയമം പുണ്യങ്ങളെ വിധിക്കുന്ന 10 കല്പനകളാകുന്നു സന്മാര്‍ഗ്ഗവിധികള്‍. അതിന്നു ദേവന്യായപ്രമാണം എന്നും പേരുണ്ട്.

ശരീരശുദ്ധി, ദ്രവ്യശുദ്ധി, ആശൗചം, ഉപവാസം, പുണ്യസ്ഥലം, പുണ്യകാലം, പുണ്യദ്രവ്യം, ഗുരുത്വം, ആലയസേവ, പൂജ, നിസ്‌ക്കാരോത്സവം മുതലായ നിയമപുണ്യങ്ങളെ അറിവിക്കുന്നത് ക്രിയാവിധി.

ഇനി നീതിവിധി എന്നത്

യുദ്ധം, സമാധാനം, മാതാവ്, കുട്ടികള്‍, ഉടയവന്‍, അടിയവന്‍, അന്നം, വസ്ത്രം, വീട്, നിലം, ധാന്യം, പ്രഭുത്വം, പണം, ആട്, മാട്, പക്ഷി, മൃഗം, കടിഞ്ഞൂല്‍, ലേവ്യാജീവനം, മനുഷ്യശരീരം, ജീവന്‍ എന്നിവകളെക്കുറിച്ചുള്ള ഒഴുക്കവഴക്കങ്ങളെയും ദണ്ഡത്തെയും അറിയിക്കുന്നതാകുന്നു.

ഇവകളില്‍ ക്രിയാവിധി എന്നത് ഇഷ്ടസിദ്ധിക്കും ഭക്തിക്കും കാരണമായും ഭക്തന്മാരെ വേര്‍പെടുത്തുന്ന മുദ്രയായും ക്രിസ്തു കൃത്യജ്ഞാപകചിഹ്നമായും ഇരിക്കുന്നു. ഇത് ആദി ക്രിസ്തുമതത്തിന്റെ പിരിവായ യൂദക്രിസ്തുമതം എന്നു പറയപ്പെടുന്നു.

പവിത്രാത്മക കൃത്യം

മൂന്നുപേരില്‍ ഒരുവനായ പവിത്രാത്മാവ് സൃഷ്ടി മുതലായ കൃത്യങ്ങളില്‍ സഹായിക്കുന്നു. (സങ്കീര്‍ത്തനം 104-അ. 30-വാ) പരിശുദ്ധ ഭക്തന്മാരെ ഉണര്‍ത്തി അവരെക്കൊണ്ടു ബൈബിളിനെ ഉണ്ടാക്കിച്ചു. (തീമൊഥെയൂസ് 3-അ. 16-വാ. പത്രോസ് 1-അ. 12-വാ) ക്രിസ്തുവിനെ ദോഷരഹിതമനുഷ്യനായിട്ടു ജനിപ്പിച്ച് അദ്ദേഹത്തിനു പൂര്‍ണ്ണജ്ഞാനത്തെയും കൃപയെയും കൊടുത്തുപകരിച്ച് ഏതുകാലത്തും ക്രിസ്തുവിനെ ഭജിക്കുന്ന ഭക്തന്മാര്‍ക്ക് ബൈബിള്‍ അറിയുന്നതിനായിട്ട് അവരുടെ മനസ്സിനെ പ്രകാശിപ്പിച്ച് പ്രാര്‍ത്ഥിക്കത്തക്കവണ്ണമാക്കി. ക്രിസ്തു ദേവപുത്രനാകുന്നു എന്നുള്ളതിനെ അവരില്‍ കാണിച്ച ദുഃഖത്തില്‍ നിന്നും രക്ഷിച്ചു ബാഹ്യാന്തരങ്ങളായി സകല പാപങ്ങളെയും നീക്കി ശുദ്ധീകരിച്ച് ദേവനെ പരിപൂര്‍ണ്ണമായിട്ടു സേവിക്കുന്നതിലേക്കു തക്കതായ ആര്‍ദ്രതയെയും കൊടുത്ത് പിന്നെ വേണ്ടവയായ സകലസല്‍ഗുണപരമപുണ്യങ്ങളെക്കൊണ്ടു അവരെ അലങ്കരിച്ചുവരുന്നു.

പവിത്രാത്മാവിന്റെ സിദ്ധിക്ക് പ്രാര്‍ത്ഥനയാകുന്നു മുഖ്യസാധനം. ഇങ്ങനെ പറയപ്പെട്ട ക്രിസ്തുമതത്തിനെ അറിഞ്ഞ് സകലമനുഷ്യരും തന്റെ പാപത്തെക്കുറിച്ച് ഉണര്‍ന്ന് പശ്ചാത്താപപ്പെട്ട് ബൈബിള്‍വിധിപ്രകാരം യേശുക്രിസ്തുവില്‍ വിശ്വാസമുണ്ടായി ക്രിസ്തുഭക്തസമൂഹമായ ശ്രീസഭയില്‍ ചേര്‍ന്ന് സ്‌നാനം, നല്‍കരുണ എന്നീ സംസ്‌കാരങ്ങളെ ചെയ്ത് ദേവനെ പ്രാര്‍ത്ഥിച്ച് ദൃഢവിശ്വാസത്തോടുകൂടി ദൈവപുണ്യം സമ്പാദിച്ചുകൊണ്ട് ബൈബിളിനെ ഓതി ഉണര്‍ന്ന് എല്ലാവരോടും പ്രസംഗിച്ചുകൊണ്ട് നിലയില്‍നിന്നും തെറ്റാതെ ഇരിക്കേണ്ടതാകുന്നു.

നിഗ്രഹാനുഗ്രഹം

ക്രിസ്തുനാഥന്‍ ലോകാവസാനകാലത്ത് വിചാരണ അല്ലെങ്കില്‍ ന്യായതീര്‍പ്പു ചെയ്യുന്നതിലേക്കു മഹിമയോടുകൂടി വന്ന് അപ്പോള്‍ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും ശരീരത്തോടുകൂടി എഴുന്നേല്‍പ്പിച്ച് എല്ലാവരേയും തന്റെ സന്നിധിയില്‍ വരുത്തി സന്മാര്‍ഗ്ഗികളെ വലതുവശത്തും ദുര്‍മ്മാര്‍ഗ്ഗികളെ ഇടതുവശത്തും ആയിട്ടു നിര്‍ത്തി അവരുടെ പുണ്യപാപങ്ങളെ വിചാരണചെയ്ത് അവരില്‍ തന്നെ വിശ്വസിക്കാത്ത ദുര്‍മാര്‍ഗ്ഗികളെ ഗന്ധകവും അഗ്നിയും കൂടി എരിയുന്ന നിത്യനരകത്തില്‍ തള്ളി നിഗ്രഹിക്കുകയും തന്നെ വിശ്വസിച്ച സന്മാര്‍ഗ്ഗികളെ മാത്രം പാപവും, ദുഖവും, മരണവും അണയാത്ത ശുദ്ധസ്ഥലമായ സ്വര്‍ഗ്ഗമണ്ഡലത്തില്‍ ഇരുത്തി അനുഗ്രഹിക്കുകയും ചെയ്യും.

മുക്തി

പാപം നീങ്ങി പരിശുദ്ധസ്ഥാനത്തില്‍ പ്രവേശിച്ച് മുക്തിസ്ഥാനത്ത് ശുദ്ധശരീരികളായിരുന്ന് ദേവനെ സ്തുതിച്ചുപാടി ദേവമഹിമയെ വര്‍ദ്ധിപ്പിച്ച് ദേവസന്നിധാനസുഖത്തെ നിത്യവും അനുഭവിച്ചുകൊണ്ടിരിക്കും.

ഇങ്ങനെ ക്രിസ്തുമതസാരം സമാപ്തം.