മഹത്സമാഗമങ്ങള്‍

ശ്രീ പി.കെ.പരമേശ്വരന്‍നായരുടെ ‘പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ ‘ എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്

ആശാന്‍റെ ഉത്സാഹത്തില്‍ അന്ന് അവിടെ ജ്ഞാനപ്രജാഗരം എന്നൊരു സഭ നടന്നു വന്നു. വിജ്ഞാനാന്വേഷകനായ കുഞ്ഞന്‍പിള്ള സഭാനടപടികളില്‍ സജീവമായ പങ്കുവഹിച്ചു. അതുകൂടുതല്‍ പരിചയങ്ങള്‍ക്കും, സമ്പര്‍ക്കങ്ങള്‍ക്കും വഴിതെളിച്ചു. അന്നു റസിഡന്‍സി മാനേജരായിരുന്ന തൈക്കാട്ടയ്യാവ് എന്ന ഒരു യോഗി സഭയിലെ അംഗമായിരുന്നു. കുഞ്ഞന്‍പിള്ള അദ്ദേഹവുമായി പരിചയപ്പെട്ടു. അയ്യാവ് സുബ്രമഹ്ണ്യോപാസകനും ഹഠയോഗിയും ആയിരുന്നു. കുഞ്ഞന്‍പിള്ളയുടെ യോഗവിജ്ഞാന തൃഷ്ണയ്ക്കു സ്വല്പമൊരു ശമനം കിട്ടാന്‍ അയ്യാവിന്‍റെ സമ്പര്‍ക്കം പ്രയോജകീഭവിച്ചു. തമിഴിലെ പല ഹഠയോഗ്യാഭ്യാസങ്ങളും അയ്യാവില്‍നിന്നും കുഞ്ഞന്‍പിള്ള ശീലിച്ചു. പക്ഷെ അതുകൊണ്ടുമാത്രം തത്വാന്വേഷകനായ കുഞ്ഞന്‍പിള്ളയ്ക്ക് പൂര്‍ണ്ണ തൃപ്തികിട്ടിയില്ല.

സ്വാമിനാഥദേശികന്‍ എന്നൊരു തമിഴ് വിദ്വാന്‍ അന്നു തിരുവനന്തപുരം രാജകീയ കോളേജില്‍ തമിഴ് പണ്ഡിതനായി ഇരുന്നിരുന്നു. തമിഴില്‍ ഇലക്കണ വിലക്കം  എന്ന മഹാഗ്രന്ഥമെഴുതിയ ദേശിക പരമ്പരയില്‍പ്പെട്ട ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. കുഞ്ഞന്‍പിള്ള അദ്ദേഹത്തോടു പരിചയപ്പെടുകയും തന്‍റെ ജ്ഞാനതൃഷ്ണയ്ക്കു മറ്റൊരാശ്രയകേന്ദ്രമായി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. തമിഴ് തത്വശാസ്ത്ര ഗ്രന്ഥങ്ങളിലേക്കും വ്യാകരണത്തിലേക്കും  കുഞ്ഞന്‍പിള്ളയുടെ ശ്രദ്ധ ബലമായി പതിഞ്ഞത് ദേശികരുടെ സമ്പര്‍ക്കത്തോടുകൂടിയാണ്. യോഗശാസ്ത്രപര്യന്തം തമിഴിലുള്ള ഗ്രന്ഥങ്ങളിലെല്ലാംദേശികര്‍ അപാരപണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍നിന്നും കുഞ്ഞന്‍പിള്ള തമിഴിയെ വേദാന്തപ്രകരണങ്ങള്‍ എല്ലാം അഭ്യസിച്ചു. ശിഷ്യന്‍റെ വൈദുഷ്യസമ്പാദനത്തിലുള്ള അത്യാകാംഷയും  ശീഘ്രഗതിയിലുള്ള ആരോഹണവും ഗുരുവിനെ അത്ഭുത പരതന്ത്രനാക്കി. ഭക്താഗ്രണിയായ ഒരു യുവാവ് ജ്ഞാനയോഗാരുരുഷുവായി അടിക്കടി ഉയരുന്ന കാഴ്ചയാണു വേദാന്തിയായ ഗുരുഭൂതന്‍ ദര്‍ശിച്ചത്.

ഏറെ താമസിയാതെ മറ്റൊരു മഹത്സമാഗമം കൂടിയുണ്ടായി. നവരാത്രി പ്രമാണിച്ച് നടന്ന വിദ്വല്‍ സദസ്സില്‍ പങ്കുകൊള്ളാന്‍ പാണ്ടിയില്‍ നിന്നു സുബ്ബാജഠാപാഠി എന്നൊരു മഹാവിദ്വാന്‍ തിരുവനന്തപുരത്തെത്തി. അത്തവണത്തെ വിദ്വത്സദസ്സിലെ  അഗ്രിമസ്ഥാനം അദ്ദേഹത്തിനു തന്നെയായിരുന്നു. സര്‍വ്വശാസ്ത്രപാരംഗതനും ബ്രഹ്മനിഷ്ഠനുമായിരുന്ന ജഠാപാടികളോടു കുഞ്ഞന്‍പിള്ളയ്ക്കു പ്രദമദര്‍ശനത്തില്‍ത്തന്നെ ബഹുമാനാദരങ്ങള്‍ തോന്നി. അതുപോലെതന്നെ ജടാപാഠികള്‍ക്ക് ജ്ഞാനാന്വേഷകനായ യുവാവിനോടും അതീവ വാത്സല്യമായി. നവരാത്രി വിദ്വത് സദസ്സുകഴിഞ്ഞ് സവദേശമായ കല്ലടക്കുറിശ്ശിയിലേയ്ക്ക് മടങ്ങുന്ന ജടാപാഠികള്‍ ശിഷ്യനെ അങ്ങോട്ടു ക്ഷണിച്ചു. കുഞ്ഞന്‍പിള്ള സസന്തോഷം അനുഗമിച്ചു. അതോടുകൂടി സ്വാമികളുടെ ജീവിതത്തിലെ മറ്റൊരു ദിവ്യാധ്യായം ആരംഭിക്കുകയാണു ചെയ്തത്.

അന്നുവരെ കണ്ടുമുട്ടാന്‍ ഇടയായ ഗുരുഭൂതന്‍മാരില്‍വച്ചെല്ലാം വ്യത്യസ്തനായിരുന്നു ജടാപാഠികള്‍. ഏതാനും കാലം അദ്ദേഹത്തോടൊന്നിച്ച് താമസിക്കുകയാണ് വേണ്ടതെന്നു കുഞ്ഞന്‍പിള്ളയ്ക്കുതോന്നി. ജടാപാഠികള്‍ക്കാണെങ്കില്‍ ശിഷ്യനെപ്പറ്റി തോന്നിയ മതിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ആ പരിസരങ്ങള്‍ സദാനേരവും വിദ്വാന്മാരുടെ ശാസ്ത്രവാദകോലാഹലംകൊണ്ട് മുഖരിതമായ ഒരു പുണ്യസ്ഥലമായിരുന്നു. നാലു സംവത്സരം കുഞ്ഞന്‍പിള്ളചട്ടമ്പി ആ ജ്ഞാനസിന്ദുവില്‍നിന്ന് ആ കണ്ഠം പാനം ചെയ്ത് അവിടെ കഴിച്ചു. സംസ്കൃതത്തിലും തമിഴിലുമുള്ള വോദാന്താദിസകലശാസ്ത്രങ്ങളും ആ സമയംകൊണ്ട്  അദ്ദേഹം പഠിച്ചു. അവിടെ വന്നുകൊണ്ടിരുന്ന നിരവധി പണ്ഡിതന്മാരോടുള്ള സമ്പര്‍ക്കവും വാദപ്രതിവാദങ്ങളും കുഞ്ഞന്‍പിള്ളയെ ഒരു അസാധാരണ വിവാദപടുവാക്കി. ജടാപാഠികള്‍ക്ക് ശിഷ്യനെ തന്‍റെ പണ്ഡിത സദസ്സില്‍നിന്ന് വിട്ടയ്ക്കാന്‍ തൃപ്തിയില്ലായിരുന്നു. എന്നാല്‍ നാലാം വര്‍ഷത്തില്‍, കൂടുതല്‍ ജ്ഞാനാന്വേഷിയായ ആ യുവാവ് മഹര്‍ഷികല്പനായ ഗുരുവിനോട്  ആശീര്‍വാദാനുഗ്രഹങ്ങള്‍ വാങ്ങിപ്പിരിഞ്ഞു.

കുഞ്ഞന്‍പിള്ള നേരെ സ്വദേശത്തേയ്ക്കു മടങ്ങുകയല്ല ചെയ്തത്. പിന്നയോ ദക്ഷിണ ഇന്ത്യ മുഴുവന്‍ ഒരു പര്യടനത്തിന് ഉദ്യുക്തനായിരുന്നു. ആ സഞ്ചാരത്തിനിടയ്ക്ക് അനേകം മഹത്തുക്കളുമായി അദ്ദേഹം പരിചയപ്പെട്ടു. തമിഴിലും സംസ്കൃതത്തിലുമുള്ള അസംഖ്യം  അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ സമ്പാദിച്ചു. യോഗാഭ്യാസം, സംഗീതം, ചിത്രകല, ശരീരാഭ്യാസം, എന്നിങ്ങനെ  പലതിലും  കൂടുതല്‍ പ്രാവീണ്യം നേടാന്‍ ആ പര്യടനങ്ങള്‍ പ്രയോജകീഭവിച്ചു. മുഹമ്മദുമതം ഉള്‍പ്പടെയുള്ള ഇതരമതങ്ങളും താരതമ്യം ചെയ്തു പഠിക്കാന്‍ ആയിടയ്ക്കു അദ്ദേഹത്തിനു സാധിച്ചു. സിദ്ധനും പണ്ഡിതനുമായ ഒരു തങ്ങളുമായുണ്ടായ സമ്പര്‍ക്കമാണ് മുഹമ്മദുമതതത്വങ്ങളും ആചാരങ്ങളും അഭ്യസിക്കാന്‍ കുഞ്ഞന്‍പിള്ളയെ സഹായിച്ചത്.

താമസിയാതെ കുഞ്ഞന്‍പിള്ള സ്വദേശത്തേക്കു മടങ്ങി. മടക്കത്തില്‍ മരുത്വാമലയില്‍ വച്ചു മറ്റൊരു സിദ്ധനെ കണ്ടുമുട്ടി. അത് ആത്മാനന്ദസ്വാമികള്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന കുമാരവേലു എന്ന യോഗിയായിരുന്നു. അദ്ദേഹത്തില്‍ നിന്നും യോഗാഭ്യാസമുറകള്‍ കൂടുതല്‍ ശീലിച്ചു.