ത്രൈ്യകത്വം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്‍പത്

ഈ വാക്യം ബൈബിളിലില്ല. പിതാവ് എന്നു പറയപ്പെടുന്ന യഹോവായെ ദൈവമെന്നു പറയുന്നതല്ലാതെ ഒരിടത്തെങ്കിലും ക്രിസ്തുവിനെ ദൈവം എന്നു പറയുന്നില്ല. പിതാവ് പുത്രന്‍ പവിത്രാത്മാവ് എന്നു മൂന്നു നാമങ്ങളും ഒരുമിച്ച് ബൈബിളില്‍ എഴുതിയിരിക്കുന്ന വാക്യങ്ങള്‍ മൂന്നും മൂന്നുതന്നെയാണ്.

ഒന്നാമത് (യോഹന്നാന്‍ 5-അ. 7 വാ.) പരലോകത്തില്‍ സാക്ഷ്യം പറയുന്നവര്‍ മൂവരുണ്ട്. ആത്മാവ്, ജലം, രക്തം ഇവര്‍ മൂന്നും ഒന്നിലേക്കാകുന്നു.

രണ്ടാമത് (മത്തായി 28-അ. 19-വാ.) പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഇവരുടെ നാമത്തില്‍ സ്‌നാനപ്പെടുത്തുക.

മൂന്നാമത് (കൊരിന്തിയര്‍ 13-അ. 14-വാ.) കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഇരിപ്പൂതാക. ഇവയില്‍ ആദ്യത്തെ വാക്യം തമിഴിലും ഇംഗ്ലീഷിലുമുള്ള ബൈബിളില്‍ മാത്രമല്ലാതെ ഇതുകള്‍ക്കു മൂലമായ ഗ്രീക്കുഭാഷയിലുള്ള ബൈബിളില്‍ ഇല്ല. പക്ഷപാതം കൂടാതെ ന്യായത്തെ മാത്രം സ്വീകരിക്കുന്നവരായ ഓരോരോ യൂറോപ്യക്രിസ്ത്യന്മാരുപോലും ഈ വാക്യം ബൈബിളില്‍ വ്യാജമായിട്ടാണ് ചേര്‍ത്തിരിക്കുന്നത് എന്നുകണ്ട് അതിനെ നീക്കിക്കളഞ്ഞു. ആകയാല്‍ അതിനെപ്പറ്റി ഗൗനിക്കുന്നത് അനാവശ്യമാകുന്നു. രണ്ടാമത്തെ വാക്യത്തില്‍ പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നു പറയുന്നുണ്ടോ? ഇല്ല ഓരോന്നിനെ പ്രത്യേകം പ്രത്യേകമെങ്കിലും ദൈവമെന്നു പറയുന്നുണ്ടോ? അതുമില്ല. മൂന്നും തുല്യമാണെന്നു പറയുന്നുണ്ടോ? അങ്ങനെയും ഇല്ല. ആ മൂന്നിനേയും വന്ദിക്കുന്നതിനു പറയുന്നുണ്ടോ? അതുമില്ല. ഇപ്രകാരം ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനേയും എങ്ങനെയാണ് നിങ്ങള്‍ ദൈവലക്ഷണത്തില്‍ ഉള്‍പ്പെടുത്തി ത്രൈ്യകത്വമാക്കി സ്വീകരിക്കുന്നത്.

മൂന്നാമതു വാക്യത്തില്‍ വേറെ ദൈവമെന്നോ മൂന്നും തുല്യമെന്നോ ഒന്നെന്നോ വന്ദ്യമെന്നോ പറഞ്ഞിട്ടില്ല. എന്നുതന്നെയുമല്ലാ ത്രൈ്യകത്വത്തെ നിഷേധിക്കുകയുംകൂടി ചെയ്യുന്നുണ്ട്. എങ്ങനെ എന്നാല്‍ പിതാവ്, പുത്രന്‍, പവിത്രാത്മാവ് എന്നു പറയാതെ ദൈവം, പുത്രന്‍, പവിത്രാത്മാവ് എന്നു പറഞ്ഞിരിക്കുന്നു. ആകയാല്‍ ആ മൂന്നുപേരില്‍ ഒരുത്തന്‍ ദൈവമെന്നും മറ്റു രണ്ടുപേരും ദൈവമല്ലെന്നും തെളിവാകുന്നു ദൈവമല്ലാത്തതിനാല്‍ ക്രിസ്തു ത്രൈ്യകത്വത്തില്‍ ചേര്‍ന്നവനല്ല. (ടി. വിഷയങ്ങളെപ്പറ്റി വിവരമായി അറിയണമെന്നുള്ളവര്‍ 1827-ാം വര്‍ഷം അക്‌ടോബര്‍ മാസം 28-ന് റെവറണ്ട് ഹെണ്ട് റിവയര്‍ എന്ന പാതിരിയാല്‍ ചെയ്യപ്പെട്ട ഉപന്യാസത്തെ നോക്കുക.) ഇനി ഇതിനെപ്പറ്റി പിതാവ് ക്രിസ്തു ഇവരുടെ അഭിപ്രായങ്ങളെയും ബൈബിളാചാര്യന്മാരുടെ അഭിപ്രായങ്ങളെയും കാണിച്ചു ത്രൈ്യകത്വം തീരെ ഇല്ലാത്തതാണെന്നും സ്ഥാപിക്കുന്നുണ്ട്.

(പുറപ്പാടു പുസ്തകം 8-അ. 3-വാ.) എന്റെ മുമ്പാകെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത് (ആവര്‍ത്തനപുസ്തകം 32-അ. 39-വാ.) ഞാന്‍, ഞാന്‍തന്നെ അവനാകുന്നു. എന്നോടുകൂടി മറ്റു ദൈവമില്ല. (യശായാ 4, 5 അ. 5 മുതല്‍ 8 വരെ വാ.)

ഞാന്‍ യഹോവയാകുന്നു. മറ്റൊരുത്തനുമില്ലാ. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാന്‍ യഹോവായാകുന്നു. (പുറപ്പാടുപുസ്തകം 3-അ. 15-വാ.) ഇരിക്കുന്നവനായ ഞാനിരിക്കുന്നു. (മത്തായി 22-അ; 31, 32 വ) അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയ യഹോവാ ഇത് എന്നേക്കും എന്റെ നാമവും ഇതു തലമുറയായി എന്റെ ഓര്‍മ്മ പ്രസ്താവവുമാകുന്നു. മേല്‍ പറയപ്പെട്ട വിഷയത്തെപ്പറ്റി യേശു സമ്മതിച്ചുകൊള്ളുന്നതിനെ നോക്കുവിന്‍. ഞാന്‍ അബ്രഹാമിന്റെ ദൈവവും ആകുന്നു എന്ന് അവന്‍ പറഞ്ഞിരിക്കുന്നതിനെ നിങ്ങള്‍ വായിച്ചില്ലയോ. (മത്തായി 19-അ. 17-വാ). ഒരുവന്‍ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോള്‍ യേശു അവനോടായിട്ട് എന്നെ നല്ലവനെന്നു പറയുന്നത് എന്ത്? ദൈവം ഒരുവനൊഴികെ നല്ലവനൊരുത്തനുമില്ല. (മര്‍ക്കോസ് 12-അ. 32-വാ.) ഒരുവന്‍ ഒരു ദൈവമേ ഉള്ളൂ അവനൊഴികെ മറ്റാരുമില്ല എന്നു പറഞ്ഞപ്പോള്‍ യേശു ശരിതന്നെ എന്ന് സമ്മതിച്ചു. (യോഹന്നാന്‍ 14-അ. 28-വാ.) പിതാവ് എന്നേക്കാള്‍ വലിയവനാകുന്നു എന്ന് യേശു പറയുന്നു. (അപ്പോസ്തലര്‍ 2-അ. 22-വാ.) യേശുക്രിസ്തുവായ മനുഷ്യനെ ദൈവം സമ്മതിച്ചു. ഇംഗ്ലീഷ് ബൈബിളില്‍ നോക്കുക (1 കൊരിന്തി. 11 അ. 3-വാ.) മനുഷ്യനും ക്രിസ്തുവിനും എത്രത്തോളം വ്യത്യാസമുണ്ടോ അത്രത്തോളം വ്യത്യാസം ദൈവത്തിനും ക്രിസ്തുവിനും തമ്മിലുണ്ടെന്നുള്ള അര്‍ത്ഥത്തില്‍ ഇതാ സകലപുരുഷനും തല ക്രിസ്തുവാകുന്നു ക്രിസ്തുവിനു തല ദൈവമെന്നും; ഇങ്ങനെ പറഞ്ഞുപോയാല്‍ അധികവിസ്താരമാകുമെന്നു കരുതി ഇനി പേര്‍ അദ്ധ്യായം വചനം ഇവയെ മാത്രം കാണിക്കുന്നു (പുറപ്പാട് പുസ്തകം 3-അ. 14, 15-വാ., ടി. 20-അ. 3-വാ., ആവര്‍ത്തനപുസ്തകം 4-അ. 39-വാ., ടി 6-അ. 4-വാ., ടി. 32-അ. 39-വാ., ടി. 5-അ. 7-വാ., ശാമുവേല്‍ 7-അ. 22-വാ., 2 രാജാക്കന്മാര്‍ 19-അ. 19-വാ., നെഹെമിയാ 9-അ. 6-വാ., സങ്കീര്‍ത്തനം 83-അ. 18-വാ, ടി. 36-അ. 10-വാ., യെശായാ 37-അ. 16-വാ., ടി. 37-അ. 27-വാ., ടി. 40-അ. 25-വാ., ടി. 41-അ. 4-വാ., ടി. 42-അ. 8-വാ., ടി 44-അ. 68-വാ., ടി. 45-അ. 5, 6-വാ., ടി. 45-അ. 18, 21, 22-വാ., ടി. 43-അ. 10, 11, 14, 15-വാ., ഓശിയാ 13-അ. 4-വാ., യോവെ. 2-അ. 27-വാ., മത്തായി 19-അ. 17-വാ, ടി 7-അ. 21-വാ, ടി-12 അ. 32-34 വാ; ടി. 20-അ. 23-വാ., മത്തായി 26-അ. 39-വാ., ടി. 5-അ. 42-വാ., യോഹന്നാന്‍-17 അ-3 വാ, ടി 4-അ. 34 വാ. ടി 5-അ. 38 വാ. ടി. 6-അ. 37-വാ., ടി. 20-അ. 17-വാ., ടി. 14-അ. 28-വാ., മര്‍ക്കോസ് 13-അ. 42-വാ., മര്‍ക്കോ: 11-അ. 20വാ. ടി 22-അ. 29-വാ, റോമര്‍ 17-അ. 27-വാ, ടി. 10-അ. 9-വാ., ടി. 4-അ. 24-വാ., 1 കൊരിന്തിയര്‍ 8-അ. 6-വാ., ടി. 1-അ. 6-വാ., ടി. 11-അ. 3-വാ., 2 കൊരിന്തിയര്‍ 8-അ. 3-വാ., 1 തിമോഥെയൂസ് 1-അ. 17-വാ., ടി. 24-അ. 5-വാ., ടി. 6-അ. 15, 16-വാ., ഗലാത്യക്കാര്‍ 3-അ. 20-വാ, എപ്പിസീയര്‍ 4-അ. 6-വാ; ടി. 1-അ. 17-വാ., യാക്കോബ് 2-അ. 19-വാ. വെളിപ്പാട് 15-അ. 34-വാ. കൊലോസിയര്‍ 1-അ. 3-വാ.

ഈ വാക്യങ്ങളാല്‍ ബൈബിള്‍പ്രകാരംതന്നെ ത്രൈ്യകത്വമില്ലെന്നു നിശ്ചയമാകുന്നു. ഇനിയെങ്കിലും ത്രൈ്യകത്വമെന്ന വാക്കിനെ നിങ്ങള്‍ മറന്നുകളവിന്‍.

ആകട്ടെ, എങ്കിലും ഈ വാക്യം ഉള്ളതായിട്ടുതന്നെ നിരൂപിച്ചാലും ആയതു ശരിയായിടുമോ എന്നു നോക്കാം. ത്രൈ്യകത്വം എന്ന പദത്തിനു മൂന്ന് ഒന്നാവും എന്നുള്ളത് എന്നാകുന്നു അര്‍ത്ഥം. മൂന്ന് ഒന്നാകുമെങ്കില്‍ മൂന്നായിട്ടിരിക്കെ ഒന്നാകുന്നോ? ആ മൂന്നും നശിച്ച് ഒന്നാകുന്നോ? മൂന്നും മൂന്നായിട്ടിരുന്ന് ഒന്നാകുന്നു എങ്കില്‍ മൂന്ന് മൂന്നായിട്ടുതന്നെ ഇരുന്നാല്‍ മറ്റൊന്നാകുന്നതെങ്ങനെ? ആയത് ഒരിക്കലും ശരിയാകയില്ല. മൂന്നു മാതളപ്പഴം മൂന്നായിട്ടു തന്നെ ഇരിക്കവെ അവ ഒരു പഴമാകുമോ? ഇല്ലല്ലോ. അതിനാല്‍ മൂന്നു മൂന്നായിട്ടിരിക്കയില്‍ ഒന്നാകുമെന്നുള്ള പക്ഷം യുക്തമല്ല. മൂന്നു നശിച്ച് ഒന്നാകുമെങ്കില്‍ ആ മൂന്നെന്നുള്ളത് ഇല്ലാതെപോകുമല്ലോ. അല്ലാതെയും മൂന്ന് ഒന്ന് ഇവയില്‍ കാരണം ഏത്? കാര്യം ഏത്? മുന്‍പ് ഇല്ലാതിരുന്ന് ഉണ്ടാകുന്നതാകുന്നു കാര്യം. ആകയാല്‍ മുന്‍പ് ഇല്ലാതിരുന്നുണ്ടായ ഒന്നു കാര്യമാകും. കാര്യത്തിനു നിയതമായി മുന്‍നില്പതു കാരണമാകയാല്‍ കാര്യമായ ഒന്നിനെ നിയതമായി മുന്‍നിന്ന് മൂന്നു കാരണമാകും. കാരണമായ മൂന്ന് ഒന്നാകുമ്പോള്‍ ആ മൂന്നെന്നുള്ളത് നശിക്കുന്നതിനാല്‍ കാരണമില്ലാതെ പോകുന്നു.

ഇപ്രകാരം ഉപമേയത്തേയും നോക്കിക്കണ്ടാല്‍ പിതാവ് പുത്രന്‍ പവിത്രാത്മാവ് ഈ മൂന്നുപേരും നശിച്ചുപോകും. ഈ മൂന്നും നശിച്ചാലും ഇവയാലുണ്ടാകുന്ന ഒന്നെങ്കിലും നിലനില്‍ക്കയില്ലയോ? എന്നാല്‍ അതും നശിച്ചുപോകും. എന്തുകൊണ്ടെന്നാല്‍ കാര്യം നശ്വരമാകുന്നു എന്നിരിക്കയാലത്രെ. അതിനാല്‍ പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ കാരണമായ മൂന്നിനോടുംകൂടി കാര്യമായ ഒന്ന് നശിക്കുമെന്നുള്ളതു നിശ്ചയമാകുന്നു.

ഇനിയും മൂന്ന് ഒന്നാകുമെന്നുള്ളതില്‍ പിന്നെയും ഒരു ദോഷമിരിക്കുന്നു. അതായത് മൂന്നിനും വികാരത്വമുണ്ടാകലാകുന്നു. മൂന്നിനും ത്രിത്വം നശിച്ച് വികാരത്തെ പ്രാപിക്കാതെ ഒന്നാകയില്ല. ഇപ്രകാരം പിതാവ്, പുത്രന്‍, പവിത്രാത്മാവ് എന്ന മുപ്പൊരുളിനും വികാരം കൂടാതെ ഒന്നാകാന്‍ കഴികയില്ല.

ഇനി ഒന്നു മൂന്നാകുമെങ്കില്‍ ഒന്ന് ഒന്നായിരുന്നുകൊണ്ട് മൂന്നാകുന്നോ? ഒന്നു നശിച്ച് മൂന്നാകുന്നോ? ഒന്നായിരുന്നുകൊണ്ട് മൂന്നാകുമെങ്കില്‍ ആയത് പാടുള്ളതല്ല. ഒരു മാതളപ്പഴം ഒന്നായിട്ടുതന്നെ മുഴുവനുമിരിക്കെ ആയത് മൂന്നു പഴമാകുന്നതെങ്ങനെ? ആകയാല്‍ ഒന്ന് ഒന്നായിരുന്നുകൊണ്ട് മൂന്നാകുമെന്നുള്ളപക്ഷം ഛേദിക്കപ്പെട്ടുപോകുന്നു. ഒന്ന് മൂന്ന് ഇവയില്‍ ഒന്ന് കാരണവും മൂന്ന് കാര്യവുമാണ്. എന്നുതന്നെയുമല്ല കാരണം നശിച്ച് കാര്യമാകയും ചെയ്യുന്നു. ഇപ്രകാരം ഉപമേയത്തെ നോക്കിയാല്‍ ഏകമായ ദൈവം നശിച്ച് പിതാവ്, പുത്രന്‍, പവിത്രാത്മാവ് എന്ന മൂന്നു പേരായി ഭവിക്കുന്നു. കാര്യം നശ്വരമായിട്ടുള്ളതാകുന്നു. എന്നിരിക്കയാല്‍ കാര്യങ്ങളായ ടി. പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ മൂന്നു പേരും നശിച്ചുപോകത്തക്കവരാകുന്നു എന്നു നിശ്ചയമാകുന്നു.

ഇനി ടി. മൂന്നുപേരും പ്രത്യേകം പ്രത്യേകം ഉള്ളവര്‍തന്നെ എന്നു വരികിലും തുല്യശക്തന്മാരകയാല്‍ ഒരുത്തന്‍തന്നെ എന്നു പറയാം, എങ്കില്‍ ചില ഗുണങ്ങളെക്കൊണ്ട് തുല്യന്മാരാകയാല്‍ മനുഷ്യരെല്ലാവരേയും ഒരുത്തന്‍ എന്നു പറയേണ്ടതാണ്. മനുഷ്യരില്‍ ചില ഗുണം ശരിയായിട്ടും ചില ഗുണം ശരിയിടാതെയും ഇരിക്കയാല്‍ ഒരുത്തനെന്നു പറഞ്ഞുകൂടാ. ടി. മൂന്നുപേരുടെ അടുക്കലും അല്പവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും ശരിയായിട്ടിരിക്കയാല്‍ അവരെ ഒരുവന്‍ എന്നു പറയാമെങ്കില്‍ മൂന്നു വെള്ളിരൂപാകള്‍ അല്പവും ഭേദം കൂടാതെ ഒത്തിരുന്നിട്ടും അവയെ ഒരുരൂപാ എന്നു പറഞ്ഞുകൂടാത്തതുപോലെ ടി. മൂന്നുപേരും തുല്യന്മാരായിരുന്നാലും ഒരുത്തന്‍ എന്നു പറഞ്ഞുകൂടാ. അല്ലാതെയും ആ മൂന്നുപേരും ക്രിയകൊണ്ടും കാലദേശഗുണങ്ങളെക്കൊണ്ടും തുല്യന്മാരാണെന്നു പറയുന്നതിന് ഇടയില്ല. പിതാവ് ലോകത്തെ സൃഷ്ടിച്ചു. മനുഷ്യരെ പാപികളാക്കി. ഒഴിവുനാളില്‍ വേല ചെയ്ത ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നതിനു കല്‍പിച്ചു. വൃദ്ധച്ഛേദനം ചെയ്യാത്ത ഒരുത്തനെ ഒളിച്ചിരുന്നു കൊല്ലുവാന്‍ നോക്കി. ഈജിപ്ത്യന്മാരോടു കൊള്ളചെയ്‌വാന്‍ പറഞ്ഞ് പത്തുകല്പനയെ കൊടുത്തു. സൃഷ്ടിക്കുമുമ്പിരുന്നു യേശുവിന്റെ ഇടത്തുഭാഗത്തിരുന്നു ബലിയെ സ്വീകരിച്ചു. ഇനിയും ഇപ്രകാരമുള്ള അനേകകാര്യങ്ങളെ ചെയ്തു. യേശു രാജ്യദ്രോഹവും ദൈവദ്രോഹവും ചെയ്തു. എന്നും ചൊല്ലി കുരിശില്‍ തറച്ചു കൊല്ലപ്പെട്ട് പിതാവിന്റെ വലത്തുഭാഗത്തിരുന്നു.

ഇനി പവിത്രാത്മാവ് മറിയത്തില്‍ പ്രവേശിച്ച് യേശുവായി ഭവിച്ചു പ്രാവിനെപ്പോലെ ഭൂമിയിലേക്കു വന്നു. ഇതിനാല്‍ മൂന്നുപേരും ഒരുപോലെയുള്ളവരല്ലെന്നു തെളിവാകുന്നു.

ഒരു വസ്തു രണ്ട് അല്ലെങ്കില്‍ മൂന്നാകയെന്നും മൂന്ന് അല്ലെങ്കില്‍ രണ്ടു വസ്തുക്കള്‍ ഒന്നാകയെന്നുമുള്ളത് അപരിപൂര്‍ണ്ണവസ്തുവില്‍ അല്ലാത്ത പരിപൂര്‍ണ്ണവസ്തുവില്‍ സംഘടിക്കയില്ല. ജലം നിറഞ്ഞ മേലടപ്പിട്ട ഒരു പാത്രത്തിനകത്ത് ജലം രണ്ടും മൂന്നും ആകെയെന്നുള്ളതു ചേരുമോ? ഒരു വസ്തു രണ്ടായിട്ട് പിരിയണമെങ്കില്‍ അതിനു വേറെ സ്ഥലം വേണ്ടിവരുന്നു. ഇടവിടാതെ എങ്ങും നിറഞ്ഞിരുന്നാല്‍ പിരിവുണ്ടാകാന്‍ പാടില്ല. പിരിക്കയും കൂടുകയും ചെയ്യുന്നവയെല്ലാം വികാരത്തോടുകൂടിയ ജഡവസ്തുക്കള്‍ ആയിരിക്കണം. അല്ലാതെ പരിപൂര്‍ണ്ണമായ ഒന്നു പലതാകയും പലതൊന്നാകയും ചെയ്കയെന്നുള്ളത് ചേരുകയില്ലാ. ഇപ്രകാരം പിതാവ്, സുതന്‍, പവിത്രാത്മാവ് ഈ മൂവരും ഒരുവനാണെന്നും ഒരുവന്‍ ആ മൂവരാകുന്നു എന്നും പറയുന്നതു ദോഷമായിട്ടു തീരും.

ഇനി വേറെ ഒരു പ്രകാരത്തില്‍ ടി. മൂന്നുപേരില്‍ രണ്ടുപേരെ എടുത്തു നോക്കാം. ആയതു ശരിപ്പെട്ടാല്‍ അതിനെത്തന്നെ മൂന്നു പേര്‍ക്കും വച്ചുകൊള്ളാം.

പാല്‍ തെരാകുന്നതുപോലെ പിതാവ് പുത്രനായിരിക്കുന്നു. ഇതില്‍ 1പൂര്‍ണ്ണത്വദോഷമില്ല എങ്കില്‍ ഇതു, കാരണം നശിച്ചു കാര്യമാകുന്ന പരിണാമവാദമത്രെ. പാലുതന്നെ തൈരാകുന്നു എന്നുള്ളതില്‍ പാല്‍ നശിച്ചാണ് തൈരാകുന്നത്. ഇപ്രകാരം ഉപമേയത്തേയും നോക്കിയാല്‍ പിതാവ് നശിച്ചു പുത്രനാകണം. അപ്പോള്‍ പിതാവ് പരമണ്ഡലത്തിലും പുത്രന്‍ ഭൂമിയിലും ഇരുന്നു എന്നത് അബദ്ധമായിപ്പോകും. എന്തെന്നാല്‍ തൈരായിട്ടു ഭവിച്ച പാലും ആ തൈരും തമ്മില്‍ പിരിഞ്ഞു വേറെ2 സ്ഥലങ്ങളില്‍ ഇരിക്കയില്ലെന്നുള്ളതുകൊണ്ടെത്രെ. ആകയാല്‍ പിതാവും പുത്രനും തമ്മില്‍ പിരിഞ്ഞു രണ്ടു സ്ഥലത്ത് ഇരുന്നതായി കാണുകകൊണ്ട് 3ക്ഷീരദധിദൃഷ്ടാന്തം ഘടിക്കയില്ല. ഈ ക്ഷീരദൃഷ്ടാന്തം പറയുന്നതിലിനിയുമൊരു ദോഷം ഇരിക്കുന്നു. അതായത്, പാലു നശിച്ച് തൈരാകുന്നു. അനന്തരം ആ തൈരും തൈരായിട്ടുതന്നെയിരിക്കാതെ ആയതു നശിച്ച് മറ്റൊന്നാകും. ആ മറ്റൊന്നു നശിച്ച് വേറൊന്നാകും. ഇപ്രകാരം ഒരു നിലയില്ലാതെ പൊയ്‌പ്പോകുമെന്നാകുന്നു. ഇതുപോലെതന്നെ പിതാവ് നശിച്ച് യേശുവായി യേശു നശിച്ച് മറ്റൊരുത്തനായി അവനും നശിച്ച് വേറൊരുത്തനായി ഇങ്ങനെ അളവ് കടന്നു പൊയ്‌പോകും. ഈ സ്ഥിതിക്ക് തല്‍ക്കാലം പിതാവുമില്ലാ യേശുവുമില്ലാ. ഇപ്പോള്‍ ഇരിക്കുന്നവന്‍ ഇന്നവനെന്ന് അറിയാനും പാടില്ല. ഒരുവേള അറിയുമെന്ന് വെച്ചുകൊണ്ടാലും ആയവന്‍തന്നെ ഇനിമേലും ഇരിക്കുമെന്നു നിശ്ചയിപ്പാനും ഇടയില്ല. അല്ലാതെയും ഏവനെങ്കിലും ഒരുവന്‍ ഇപ്പോള്‍ ഉള്ളതായിട്ടു നിരൂപിക്കപ്പെടുകില്‍ അവന്‍തന്നെ പരമണ്ഡലത്തില്‍ ഇരിക്കുന്നവനെന്നു വരണം. ആ സ്ഥിതിക്ക് ഇപ്പോഴും പിതാവും പുത്രനും ഇരിക്കുന്നു എന്നു പറയുന്നത് ബൈബിളിന് വിരോധമായി ഭവിക്കും. ബൈബിളിനെ വിരോധമായി നിശ്ചയിക്കുന്നവരെ ക്രിസ്ത്യന്മാരെന്നു പറഞ്ഞും കൂടാ. ഇരിക്കട്ടെ, പാലു മുഴുവനും നശിച്ചു തൈരാകുന്നതുപോലെയല്ല പാലില്‍ നിന്നു കുറേ ഭാഗം നശിച്ച് തൈരാകുന്നതായി ഭാവിച്ചുകൊണ്ട് അപ്രകാരംതന്നെ പിതാവില്‍ കുറെ ഭാഗം നശിച്ച് പുത്രനാകുന്നു എന്നു നിശ്ചയിക്കാമല്ലോ. എങ്കില്‍ നിഷ്‌കളങ്കനും നിര്‍വ്വികാരനുമായ ദൈവത്തിനു കുറേഭാഗമെങ്കിലും കളങ്കം ഭവിച്ചാല്‍ മേല്‍പറഞ്ഞ നിഷ്‌കളങ്കാദിനാമങ്ങള്‍ ചേരാത്തവയായിത്തീരും. അല്ലാതെയും കളങ്കപ്പെട്ട ഭാഗമൊഴിച്ചു കളങ്കമായിരിക്കുമോ? എന്നാല്‍ അതുമില്ല. എന്തു കാരണത്താല്‍ ഒരിക്കല്‍ കുറേ ഭാഗം കളങ്കപ്പെട്ടുവോ ആ കാരണത്താല്‍ ത്തന്നെ മറ്റൊരിക്കല്‍ മറ്റേ ഭാഗവും, കടശിയില്‍ (അവസാനം) മറ്റേ ഭാഗമെങ്കിലും ഒരുവേള ക്ഷണംകൊണ്ട് മുഴുവനും കളങ്കപ്പെട്ടുപോകും. കളങ്കപ്പെട്ട് വികാരത്തെ പ്രാപിക്കാതിരുന്നാലും സാവകാശത്തില്‍ അപ്രകാരമായിപ്പോകുമെന്നുള്ളതിലേക്കു സന്ദേഹമില്ലാ. പിതാവിന്റെ കാലം ഇത്രത്തോളം എന്നു ഗണിക്കുന്നതിലേക്ക് ഒരുത്തരാലും കഴികയില്ലെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കകൊണ്ട് ഇതിനു മുമ്പില്‍ത്തന്നെ പിതാവ് കളങ്കപ്പെട്ടു നശിച്ചുപോയിരിക്കണം. പാലു നശിച്ചു തൈരായാല്‍ വീണ്ടും പാലാകയില്ല. അതുപോലെ പിതാവു നശിച്ചു പുത്രനായാല്‍ 4മറുപടിയും (മുമ്പേപ്പോലെ) പിതാവാകയില്ല. ഈ സ്ഥിതിക്ക് പിതാവ് ഇപ്പോഴും ഇരിക്കുന്നു എന്നു പറയുന്നതു കള്ളമായിപ്പോകും. ഇനി വേറെ ഒരുവിധത്തില്‍ നോക്കാം. മണ്ണു കുടമാകുന്നതുപോലെ പിതാവ് പുത്രനാകുന്നു. ഇതില്‍ മണ്ണു നശിക്കാതെ കുടമാകുന്നതൊന്ന്, കുടം മടങ്ങിയും (തിരിച്ചും) മണ്ണാകുന്നതൊന്ന്. ഇപ്രകാരം പിതാവു നശിക്കാതെ പുത്രനാകുന്നതൊന്ന്. പുത്രന്‍ മടങ്ങിയും പിതാവാകുന്നതൊന്ന്, മൃത്തികയും ഘടവുംപോലെ പിതാവു പുത്രന്‍ ഈ രണ്ടുപേരും ഒരുത്തനാകുന്നു എങ്കില്‍ മണ്ണും കുടവും വെവ്വേറെ അല്ലാ ഒരേ വസ്തുവത്രേ. പിതാവും പുത്രനും അങ്ങനെയല്ല വേറെ വേറെ ആണല്ലോ. മണ്ണ് ഒരു സ്ഥലത്തും കുടം മറ്റൊരു സ്ഥലത്തും ഇരിക്കുകയില്ല. പിതാവ് ഒരു സ്ഥലത്തും പുത്രന്‍ (ക്രിസ്തു) മറ്റൊരു സ്ഥലത്തും അതായത് പരമണ്ഡലത്തിലും ഭൂമിയിലും ഇരുന്നു എന്നു ബൈബിള്‍ പറയുന്നു. ആകയാല്‍ മൃത്ഘടദൃഷ്ടാന്തം ചേര്‍ച്ചയുള്ളതല്ല. മണ്ണാകട്ടെ 5കംബുഗ്രീവാദിവികാരങ്ങളെ (കുംബുഗ്രീവാദി-ഇടുങ്ങിയ കഴുത്ത് തുടങ്ങിയ) പ്രാപിച്ച് കുടമാകുന്നു. അപ്രകാരം പിതാവായ യഹോവായും വികാരപ്പെട്ടു പുത്രനായെന്നും പറയേണ്ടതാണ്. മണ്ണിന്റെ വികാരത്തിനത്രേ കുടമെന്നു പേര്‍. അതുപോലെ യേശു എന്ന നാമവും പിതാവിന്റെ വികാരത്തിനുള്ളതാണെന്നു വന്നുപോകും. അല്ലാതെയും, മണ്ണും കുടവുംപോലെ അഭിന്നമായിട്ടു പറയുന്നതില്‍ ഇനിയും ദോഷങ്ങളിരിക്കുന്നു. യേശു മുള്ളുമുടി ധരിച്ചു. പിതാവും ധരിച്ചോ? യേശു കുരിശില്‍ തൂങ്ങി മരിച്ചു. പിതാവും അങ്ങനെ മരിച്ചോ? യേശു നിലവിളിച്ചു. പിതാവും നിലവിളിച്ചോ? യേശു പിതാവിനെ നോക്കി എന്നെ എന്തുകൊണ്ട് കൈവിട്ടു എന്നു പറഞ്ഞു നിലവിളിച്ചു. പിതാവും തന്റെ പിതാവിനെ നോക്കി അപ്രകാരം നിലവിളിച്ചു പറഞ്ഞോ? അപ്രകാരം വിളിച്ചു പറഞ്ഞു എങ്കില്‍ ആ പിതാവിന്റെ പിതാവായിട്ടു വേറൊരുത്തനും അവന്റെ പിതാവായിട്ട് മറ്റൊരുത്തനും ഇരിക്കണം. ഇങ്ങനെ 6അനവസ്ഥാദോഷം ഉണ്ടാകും. യേശു ദൈവവും മനുഷ്യനും ആയിരുന്നു. പിതാവും അപ്രകാരമായിരുന്നോ? യേശു മറിയത്തിന്റെ ഉദരത്തില്‍ ജനിച്ചു. പിതാവും അപ്രകാരം ജനിച്ചോ? പിതാവ് പുത്രന്‍ ഈ രണ്ടുപേരും പരമണ്ഡലത്തില്‍ വലതുവശത്തും ഇടതുവശത്തുമായിട്ട് ഇരിക്കുന്നു എന്നു പറയുന്നതില്‍ വലതുഭാഗത്തിരിക്കുന്നവന്‍ ഇടതുഭാഗത്തും ഇടതുഭാഗത്ത് ഇരിക്കുന്നവന്‍ വലതുഭാഗത്തും ഇല്ല. ഇതുപോലെ മണ്ണും കുടവും വെവ്വേറെ സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ടോ? കാരണമായ മണ്ണില്‍നിന്നും കുടത്തെ ഉണ്ടാക്കുന്നതിന് കുശവന്‍ വേണമെന്നുള്ളതുപോലെ കാരണമായ പിതാവില്‍നിന്നും യേശുവിനെ ഉണ്ടാക്കുന്നതിലേക്ക് ഒരുത്തന്‍ വേണം. അവന്‍ ആര്‍? അവനെ സൃഷ്ടിച്ചവന്‍ ഏവന്‍? ഇപ്രകാരം അനേകദോഷങ്ങള്‍ നേരിടുന്നതുകൊണ്ടും മൃത്ഘടദൃഷ്ടാന്തം ചേരുകയില്ല.

ഇനി ബിംബപ്രതിബിംബദൃഷ്ടാന്തം നോക്കാം. സൂര്യനായബിംബം ജലത്തില്‍ പ്രതിബിംബിക്കുന്നതുപോലെ പിതാവായ ബിംബം പ്രതിബിംബിച്ച് യേശുവായിത്തീര്‍ന്നു. ഇതിലും ദോഷം ഇല്ലാതിരിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്ത് സൂര്യനും യേശുവിന്റെ സ്ഥാനത്ത് പ്രതിബിംബസൂര്യനും ആകുന്നു. ഇവയില്‍ സൂര്യന്‍ ഉള്ള വസ്തു. അപ്രകാരംതന്നെ പിതാവ് ഉള്ളവനും യേശു ഇല്ലാത്തവനും തോന്നല്‍ മാത്രവും എന്നുവരണം, അപ്പോള്‍ യേശു ജനിച്ചു കുരിശില്‍ തൂങ്ങി മരിച്ച് അത്ഭുതങ്ങളെ ചെയ്ത് സ്വര്‍ഗ്ഗത്തിലിരിക്കുന്നു; ന്യായവിധിക്ക് വരുമെന്നും മറ്റും ഇതുപോലെയുള്ള അദ്ദേഹത്തിന്റെ ചരിത്രങ്ങള്‍ അശേഷവും ഇല്ലാത്തവകാളാണെന്നു തീര്‍ച്ചയാകും. യേശു ഇല്ലാത്തവനെന്നു വരുമ്പോള്‍ 7തച്ചരിത്രങ്ങള്‍ നേരാകുമോ? ചരിത്രങ്ങള്‍ കള്ളമെന്നു വരുമ്പോള്‍ ബൈബിള്‍മാത്രം സത്യമാകുമോ? ഈ ബിംബപ്രതിബിംബദൃഷ്ടാന്തത്തില്‍ത്തന്നെ ഇനിയും ഒരു ദോഷമിരിക്കുന്നു. ഈ ദൃഷ്ടാന്തം അപരിപൂര്‍ണ്ണ വസ്തുവിലല്ലാതെ പരിപൂര്‍ണ്ണവസ്തുവില്‍ ചേരുകയില്ല. സൂര്യന്‍ ആകാശത്തു നില്‍ക്കുന്നു. ജലം താഴത്തും ഇരിക്കുന്നു. സൂര്യന്‍ ഇരിക്കുന്നിടത്ത് ജലവും ജലം ഇരിക്കുന്നിടത്ത് സൂര്യനും ഇല്ല. ആയതുകൊണ്ട് സൂര്യന്‍ പ്രതിബിംബിക്കുന്നു. സൂര്യന്‍ ഇടവിടാതെ എങ്ങും പരിപൂര്‍ണ്ണനായിരുന്നുവെങ്കില്‍ ജലം ഇരിക്കുന്നതിനു സ്ഥലവുമില്ല. അപ്പോള്‍ പ്രതിബിംബമുണ്ടാകയില്ല. നിങ്ങള്‍ പിതാവിനെ പരിപൂര്‍ണ്ണനെന്നു പറയുന്നുമുണ്ട്. ആ സ്ഥിതിക്ക് പിതാവിന്റെ പ്രതിബിംബമാണ് യേശു എന്നു പറയുന്നത് ഒരിക്കലും ശരിയായിട്ടുള്ളതല്ല.

ഇനി വേറെ ഒരു ഉപമാനം പറഞ്ഞുനോക്കാം. അതായത് രജ്ജുവില്‍ സര്‍പ്പവും കാനലില്‍ ജലവുംപോലെയാകുന്നു. ഇതില്‍ ഉപമേയം കയറിന്റെ സ്ഥാനത്ത് പിതാവും പാമ്പിന്റെ സ്ഥാനത്ത് യേശുവും ആകുന്നു. ഇനി ഇതിലുള്ള ദോഷം എങ്ങനെയെന്നാല്‍, കയറില്‍ പാമ്പും കാനലില്‍ ജലവും എങ്ങനെ മിഥ്യയോ, എങ്ങനെ സങ്കല്പം മാത്രമായിട്ടിരിക്കുന്നോ (അങ്ങനെ) കയറിനേയും കാനലിനേയും ഒഴിച്ചു സര്‍പ്പവും ജലവും എങ്ങനെയില്ലയോ അപ്രകാരം തന്നെ യേശുവും മിത്ഥ്യാഭൂതനും, പിതാവിനെ ഒഴിച്ചു വേറെ ഇല്ലാത്തവനും ആകുന്നു. കയറില്‍ മയക്കംഹേതുവായിട്ടു കാണപ്പെടുന്ന പാമ്പും കാനലില്‍ തോന്നുന്ന ജലവും ഒരു സ്ത്രീയുടെ ഉദരത്തില്‍ ചെന്നു ജനിക്കുമോ? 8ചിജ്ജഡകര്‍മ്മങ്ങളിലെന്തിനെ (ചിത്, ജഡവസ്തു എന്നിവയുടെ കര്‍മ്മങ്ങള്‍) എങ്കിലും ചെയ്യുമോ? ഇല്ലല്ലോ. ഇതു ശുദ്ധമേ നുണതന്നെയാണ്. അപ്രകാരംതന്നെ യേശു എന്നൊരാള്‍ ഉണ്ടായിരുന്നെന്നും അനേകകാര്യങ്ങളെ ചെയ്തുവെന്നും പറയുന്നതു കള്ളമായിത്തീരും. കയറില്‍ തോന്നുന്ന പാമ്പിനെയും കാനലില്‍ തോന്നുന്ന ജലത്തേയും പോലെയാണെന്നു പറഞ്ഞേച്ചു പിന്നെ യേശു എന്നൊരാള്‍ വാസ്തവമായിട്ടുണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഈ സ്ഥിതിയിലുള്ള ഒരാളെക്കുറിച്ച് ഒരു മതവും വേണമെന്നുണ്ടോ? ഉള്ളപക്ഷം ആ മതത്തെ ബുദ്ധിമാന്മാര്‍ അനുസരിക്കണമെന്നും അതിനെ സത്യമായിട്ടുള്ളതാണെന്നും ശാസ്ത്രജ്ഞന്മാരായിരിക്കുന്ന പണ്ഡിതന്മാരുടെ മുമ്പാകെ പ്രസംഗിക്കണമെന്നുംകൂടിയുണ്ടോ? കഷ്ടം! കഷ്ടം!

പിതാവ്, പുത്രന്‍, ആത്മാവ് ഈ മൂന്നുപേരും ഒന്നാണെന്നുള്ളതിലേക്ക് ഇനിയും ഒരു ദൃഷ്ടാന്തം പറയുന്നു. അതായത് (സൂര്യന്‍) പ്രകാശം, വര്‍ണ്ണം, ഉഷ്ണം ഈ മൂന്നും ഒന്നായിരിക്കുന്നതുപോലെ ഈ മൂന്നുപേരും ഒരുവന്‍തന്നെ എന്നാകുന്നു. ഇതുകൊണ്ട് ഓരോ പദാര്‍ത്ഥങ്ങള്‍ക്കും ഇതുപോലെതന്നെ ദൈ്വകത്വം, ത്രൈ്യകത്വം, ചതുരൈകത്വം, പഞ്ചൈകത്വം, ഷഡൈകത്വം, അഷ്‌ടൈകത്വം മുതലായ അനേക ഏകത്വങ്ങള്‍ പറയേണ്ടിവരും. പൃഥിവിക്കു കഠിനഗുണം ഇരിക്കകൊണ്ട് ഏകൈകത്വമെന്നും ആ പൃഥിവിക്കുതന്നെ കഠിനത്തോടുകൂടി ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം, വര്‍ണ്ണം, ജഡത്വം, പ്രകാശം അല്ലെങ്കില്‍ അപ്രകാശം; ഉഷ്ണം അല്ലെങ്കില്‍ ശീതം ഇവകളും ഇരിക്കയാല്‍ ക്രമത്തിനു ദൈ്വകത്വം, ത്രൈ്യകത്വം, ചതുരൈകത്വം, പഞ്ചൈകത്വം, ഷഡൈകത്വം, സപ്‌തൈകത്വം, അഷ്‌ടൈകത്വം, നവൈകത്വം, ദശൈകത്വം എന്നും ഇങ്ങനെ ഗുണങ്ങള്‍ പലതായിരിക്കയാല്‍ ഓരോ വസ്തുവിന് ഒന്നു മുതല്‍ അനേകൈകത്വം പറയേണ്ടതായി വരും. സൂര്യനു നിങ്ങള്‍ (ക്രിസ്ത്യന്മാര്‍) പറയുന്നപ്രകാരം പ്രകാശം, നിറം, ഉഷ്ണം ഈ മൂന്നു ഗുണങ്ങള്‍ മാത്രമല്ല സ്പര്‍ശം, ജഡം, ദൂരം, വൃത്തം, അളവ്, ആകൃതിവിശേഷം മുതലായ ഗുണങ്ങളും ഇരിക്കുന്നു. പിതാവ്, പുത്രന്‍, ആത്മാവ് ഇവര്‍ മൂന്നുപേരും ഗുണങ്ങളാണെങ്കില്‍ അതിനു 9ഗുണി (ഗുണമുള്ളവന്‍) ഏത്? ആ ഗുണിക്ക് ഈ ഗുണങ്ങള്‍ ഭിന്നങ്ങളോ, അഭിന്നങ്ങളോ? ഗുണിക്ക് ഗുണങ്ങള്‍ അഭിന്നങ്ങളാണെന്ന് ഉള്ളത് ആര്‍ക്കും അനുഭവമത്രേ. ഗുണങ്ങളായവ ഗുണിയോടു വേര്‍പെട്ട് തനിച്ച് പ്രവര്‍ത്തിക്കുമോ? ഉദരത്തില്‍ ചെന്നു ജനിച്ച് അന്തഃകരണ-ബഹിഷ്‌ക്കരണങ്ങളോടുകൂടി മനുഷ്യാകൃതി എടുത്ത് ഉണ്ടുടുത്ത് വാഴ്ന്ന് ചിരിച്ചു കരഞ്ഞ് മരിക്കുമോ? ഇതു തീരെ ചേര്‍ച്ചയില്ലാത്തതാകയാല്‍ ഇച്ചെയ്തികളോടുകൂടിയ പിതാവ്, പുത്രന്‍, ആത്മാവ് ഈ മൂവരും ഗുണങ്ങള്‍ എന്നു പറയുന്നതു ശരിയല്ലാത്തതാകുന്നു.

ഇനി ചിലര്‍ ഹസ്തകരപാണി എന്നപോലെ ഒന്നെന്നു പറയുന്നു. ഇത് ഒരു വസ്തുവിനുതന്നെ മൂന്നു നാമങ്ങളാണ്. ഇങ്ങനെ ഒരുവനു തന്നെ പിതാവ്, പുത്രന്‍, ആത്മാവ് എന്നു മൂന്നുനാമങ്ങളായിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോള്‍ പിതാവ് ഒരു സ്ഥലത്തും പുത്രന്‍ വേറൊരു സ്ഥലത്തും ആത്മാവ് മറ്റൊരിടത്തും ഇരുന്നുകൂടാ. ഒരു സ്ഥലത്ത് ഹസ്തവും ഒരു സ്ഥലത്ത് കരവും ഒരു സ്ഥലത്ത് പാണിയും വേറെ വേറെയിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് ഈ ഉപമാനവും ചേരുന്നില്ല.

മനുഷ്യന്‍ ഒരുത്തന്‍തന്നെ ജീവനും ദേഹവും എന്നു രണ്ടും ആയിരിക്കുന്നു. അതുപോലെ ഒരുത്തന്‍ മൂന്നു പേരായിരിക്കുമെന്നു പറയുന്നു എങ്കില്‍ നിങ്ങള്‍ എടുത്തുകൊണ്ടുവരുന്ന 9ദൃഷ്ടാന്തത്തിനു പറഞ്ഞ 10ദാര്‍ഷ്ടാന്തികം ചേരുകയില്ല. 11നിസ്സര്‍ഗ്ഗേണ, ചേതനത്വം, അചേതനത്വം, രൂപം, അരൂപം, വ്യാപകത്വം, വ്യാപ്യത്വം, 12പ്രേരകത്വം, 13പ്രേര്യത്വം, അനന്തത്വം, അന്തത്വം മുതലായ ധര്‍മ്മങ്ങളില്‍ (എല്ലാത്തിലും കൂടി) ഉള്‍പ്പെടാത്ത സ്വഭാവമുള്ള ജീവനും ദേഹവും രണ്ടും ഒന്നായിച്ചേര്‍ന്ന് ഒരുത്തന്‍ ആകുമെന്നുള്ളത് തന്നെ ചേതനത്വം ചേരും. അല്ലാതെ തനിയേ വ്യാപകത്വം, പ്രേരകത്വം, നിത്യത്വം മുതലായ ധര്‍മ്മങ്ങളെക്കൊണ്ടു തുല്യസ്വഭാവങ്ങള്‍ ഉള്ളവരായ പിതാ, പുത്രന്‍, പവിത്രാത്മാ എന്നുപേരുള്ള മൂന്നുപേരും ഒരുത്തനാകുന്നു എന്നുള്ളതും ഈ ദൃഷ്ടാന്തംകൊണ്ടു സിദ്ധിക്കപ്പെട്ടില്ല. അല്ലാതെയും (ധര്‍മ്മങ്ങളെക്കൊണ്ട് തുല്യഭാവങ്ങള്‍ അല്ലാതെയും) ജീവനേയും ദേഹത്തേയും ഒന്നിച്ചിരിക്കുമ്പോഴല്ലാതെ മൂന്നുപേരും പ്രത്യേകം പ്രത്യേകം ദൈവമെന്നു പറയപ്പെടുന്നതുപോലെ വേറെ വേറെ മനുഷ്യന്‍ എന്നു പറയുന്നത് ചേരാത്തതായിട്ടേ ഭവിക്കൂ. മേലും സുതന്‍ പാടുപെട്ടപ്പോള്‍ പിതാവും അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞു എന്നു പറഞ്ഞിരിക്കകൊണ്ടുതന്നെ അവരു രണ്ടുപേരും തുല്യന്മാരല്ലെന്നു തെളിവായിരിക്കുന്നു.

യേശു സ്‌നാനം ചെയ്തപ്പോള്‍ പരമണ്ഡലത്തില്‍നിന്നും പവിത്രാത്മാവ് അദ്ദേഹത്തിന്റെ അടുത്തുവരേണ്ടതായിരുന്നതുകൊണ്ടും തന്റെ ശിഷ്യന്മാരെ നോക്കിക്കൊണ്ടു ഞാന്‍ വാനലോകത്തേക്കു പോയാലല്ലാതെ നിങ്ങള്‍ക്ക് പവിത്രാത്മാവിനെയും അയച്ചുതരുന്നതിലേക്ക് ഇടയില്ലാ എന്നു പറഞ്ഞിരിക്കകൊണ്ടും അവര്‍ രണ്ടുപേരും ഒരുത്തനല്ലാ എന്നും, ഇതിനുമുമ്പില്‍ ക്രിസ്തു ചരിതത്തില്‍ തെളിവായി കാണിച്ചിരിക്കുന്നതുപോലെതന്നെ ക്രിസ്തു വാനലോകമായ പിതാവിന്റെ അടുക്കല്‍ പോയില്ലാ എന്നുള്ളത് സത്യമാകകൊണ്ടും, ക്രിസ്ത്യന്മാരായ ശിഷ്യന്മാര്‍ക്കും നിങ്ങള്‍ക്കും ക്രിസ്തു അങ്ങുപോയാലല്ലാതെ വരാന്‍ ഇടയില്ലെന്നും പറയപ്പെട്ടിരിക്കുന്ന പവിത്രാത്മാവ് വന്നിട്ടില്ലെന്നും ആ സ്ഥിതിക്ക് നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം ദുരിതകാരണങ്ങളായിരിക്കേയുള്ളൂ എന്നും നരകത്തില്‍ പോയാല്‍ തിരിച്ചു കരേറ്റമില്ലെന്നുള്ളതും അതിനാല്‍ പാതാളത്തില്‍ പോയ ക്രിസ്തുവിനും മടങ്ങി കരേറ്റവും വാനലോകപ്രവേശവും ഇല്ലാത്തതുംകൊണ്ട് നിങ്ങള്‍ക്ക് ഇനി മേലും ഒരുകാലത്തും പവിത്രാത്മാവ് വരികയില്ലെന്ന് ഊഹിക്കാനേ മാര്‍ഗ്ഗം കാണുന്നുള്ളൂ. ആയതുകൊണ്ടും പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ മൂന്നുപേരും ഒരുവനാണെന്നു പറയുന്നതു ചേരുകയില്ല.

ഇങ്ങനെ ത്രൈ്യകത്വത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

കുറിപ്പുകള്‍

1. പാല്‍ തൈരാകുന്നത്, പാലിന്റെ ഗുണങ്ങള്‍ക്കു മാറ്റംസംഭവിച്ച് തൈരിന്റെ വികാരങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള പൂര്‍ണ്ണമാറ്റമാണ്. അവിടെ പാലു നശിച്ചാണ് തൈരാകുന്നത്. പാലു തൈരായശേഷം പാലും തൈരും ഒന്നുതന്നെയാണ് എന്നുവാദിക്കുന്നത്, രണ്ടിനും അഭേദം കല്പിക്കുന്നത്, പൂര്‍ണ്ണത്വദോഷമാണ്.

2. പാലു തൈരായാല്‍ പിന്നെ ഒന്നേ ഉള്ളു, തൈരുമാത്രം. രണ്ടുസ്ഥലത്ത് പാലും തൈരുമായിട്ടിരിക്കാന്‍ സാദ്ധ്യമല്ല.

3. ക്ഷീരദധിദൃഷ്ടാന്തം – പാലാണ് തൈരായിട്ടു മാറിയത് എന്നപോലെ പിതാവു പുത്രനായി എന്നത്

4. മറുപടിയും = വീണ്ടും (തമിഴ്)

5. ശംഖിന്റെ കഴുത്ത് ഇടുങ്ങിയിരിക്കുന്നതുപോലെ ഇടുങ്ങിയാണല്ലൊ കുടത്തിന്റെ കഴുത്ത് ആകാരം പ്രാപിക്കുന്നത്, അഥവാ രൂപംകൊള്ളുന്നത്.

6. അനവസ്ഥാദോഷം = കാര്യങ്ങള്‍ക്കു സുനിശ്ചിതത്വമില്ല എന്ന ദോഷം

7. തച്ചരിത്രങ്ങള്‍ = അദ്ദേഹത്തിന്റെ ചരിത്രങ്ങള്‍

8. ചിജ്ജഡകര്‍മ്മങ്ങള്‍ = ചിത്, ജഡവസ്തു എന്നിവയുടെ കര്‍മ്മങ്ങള്‍

9. ഗുണി = ഗുണമുള്ളവന്‍

10. ഇവിടെ ദൃഷ്ടാന്തം – ജീവനും ദേഹവുമാണ്. ദാഷ്ടാന്തികം-പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ്. ജീവനും ദേഹവും ചേര്‍ന്ന ഒന്നിനെ ഒരാളെന്നു പറയുന്നു. അതുപോലെ പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ഇവ മൂന്നും ചേര്‍ന്ന് ഒന്നാണെന്നു ബൈബിള്‍പ്രകാരം തെളിയുന്നില്ല.

11. ദൃഷ്ടാന്തികം = പ്രേരിപ്പിക്കുന്നത്, ആജ്ഞ

12. നിസ്സര്‍ഗ്ഗേണ = പരിപൂര്‍ണ്ണമായ സൃഷ്ടികൊണ്ട്

13. പ്രേരകത്വം = പ്രേരിപ്പിക്കാനുള്ള യോഗ്യത

14. പ്രര്യത്വം = പ്രേരണയ്ക്കു യോഗ്യമായതേതോ, അത് പ്രേര്യം