രാമന്‍പിള്ള ആശാന്‍റെ കളരിയിലെ വിദ്യാഭ്യാസം ദീര്‍ഘകാലം തുടര്‍ന്നില്ല. അതു പൂര്‍ത്തിയാക്കുന്നതിനുമുന്‍പുതന്നെ കുടുംബത്തിലെ ദാരിദ്ര്യം ബാലനെ തുറിച്ചുനോക്കിതുടങ്ങി. അമ്മയേയും മറ്റു കുടുംബാഗംങ്ങളേയും സംരക്ഷിക്കേണ്ട കടമ അയാളില്‍ നിക്ഷിപ്തമായിരുന്നു. അതിനാല്‍ ഉപജീവന മാര്‍ഗ്ഗം എന്തെന്നുള്ള പ്രശ്നമായി, പക്ഷെ ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴിലേ ആകാവൂ എന്ന് ആ ബാലന്‍ നിനച്ചതേയില്ല. കൂലിവേലയ്ക്കും അയാള്‍ ഒരുമ്പെട്ടു. അതു സര്‍.ടി.മാധവറാവു ദിവാനായി ഭരിക്കുന്ന കാലമായിരുന്നു. പുതിയ ഹജ്ജൂര്‍ കച്ചേരിയുടെ പണി തകൃതിയായി നടന്നുവന്നിരുന്നു. ചുടുകല്ല് പിടിക്കുക, മണ്ണെടുത്തിടുക മുതലായ ജോലികള്‍ക്ക് കുഞ്ഞനും ചേര്‍ന്നു. “ഈ കച്ചേരിപ്പണിക്ക് ഞാനും മണ്ണു് കുറച്ച് ചുമന്നിട്ടുള്ളവനാണ്” എന്ന് സ്വാമികള്‍ പില്‍ക്കാലത്ത് പറയാറുണ്ടായിരുന്നത്രേ. താമസിയാതെ കുഞ്ഞന്‍പിള്ളയുടെ ജേഷ്ഠന്‍, രജിസ്റ്റര്‍ കച്ചേരിയില്‍ ജോലിയുണ്ടായിരുന്ന കൃഷ്ണപിള്ള എന്ന ആള്‍ അനുജന്‍റെ വടിവൊത്ത കൈയ്യക്ഷരം കണ്ട് അയാളെ തന്‍റെ ജോലിസ്ഥലമായ നെയ്യാറ്റിന്‍കര രജിസ്റ്റര്‍കച്ചേരിയിലേയ്ക്ക് കൂട്ടികൊണ്ട്പോയി. കുറച്ചു കാലത്തേയ്ക്കു ആധാരമെഴുത്തായിരുന്നു കുഞ്ഞന്‍പിള്ളയുടെ ജോലി. അന്നത്തെ രീതികളേയും ചില സംഭവങ്ങളേയും (ഇദ്ദേഹമാണു പില്‍ക്കാലത്ത് കൊല്ലൂരമ്മാവന്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന സ്വാമികളുടെ ജേഷ്ഠന്‍) കൃഷ്ണപിള്ള തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു.
അമ്മയുടെ നിര്‍ബന്ധം അനുസരിച്ച് കുഞ്ഞന്‍പിള്ള ചട്ടമ്പി എന്‍റെ കൂടെ ആധാരമെഴുതാന്‍ പോന്നു. നെയ്യാറ്റിന്‍കരയിലും ഭൂതപാണ്ടിയിലും എന്നോടൊരുമിച്ച് ആധാരമെഴുതിയിട്ടുണ്ട്. ആധാരമെഴുത്ത് ഒരു ഗവണ്‍മെന്‍റുദ്ദ്യോഗമല്ല. ഒരാധാരമെഴുതിയാല്‍ ഒരുപണം പ്രതിഫലം കിട്ടും. ഷണ്‍മുഖസുന്ദരംപിള്ള എന്നൊരാള്‍ നാല്പത്തായ്യാമാണ്ട് നെയ്യാറ്റുംകര രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടറായിരുന്നു. കുഞ്ഞന്‍റെ കൈപ്പടകണ്ട് അദ്ദേഹം സന്തോഷിച്ചു. അദ്ദേഹവും ഒരു സുബ്രമഹ്ണ്യോപാസകനായിരുന്നു. കുഞ്ഞനും അന്ന് ഏതാണ്ടൊക്കെ ഉപാസന ഉണ്ട്. ഏന്‍റെ കൂടെ ആദ്യത്തെ ദിവസം ആധാരം എഴുതിയ വകയില്‍ എട്ടുപണം കിട്ടി. ഇതു അത്ര സാധാരണമല്ല. കിട്ടിയത് വീട്ടില്‍ അയച്ചുകൊടുക്കുകയാണ് പതിവ്. വേദാന്തിയായ ഷണ്‍മുഖസുന്ദരംപിള്ള കുഞ്ഞന്‍റെ നടപടിയില്‍ സന്തോഷിച്ച് രജിസ്റ്റര്‍ ഫീസില്‍ സ്വകാര്യമായ നിശ്ചയം ചെയ്തു. ആധാരം എഴുതിയാലും ശരി ഇല്ലെങ്കിലും ശരി കുഞ്ഞന്‍പിള്ളയ്ക്ക് എട്ടുചക്രം വൈകുന്നേരം ആഫീസില്‍നിന്നും കൊടുക്കണമെന്നുള്ളതായിരുന്നു അത്. കുഞ്ഞന്‍പിള്ള എഴുതാന്‍ മടികാണിക്കാറില്ല. എന്നാല്‍ ആധാരം എല്ലാപേര്‍ക്കും എഴുതാന്‍ കിട്ടിയില്ലെന്നുവരും. കുഞ്ഞന്‍പിള്ളയ്ക്ക് എട്ടുചക്രം കിട്ടിയാല്‍ അന്ന് ഒരുകാശും കിട്ടാത്ത കൂട്ടുകാര്‍ക്ക് അതില്‍നിന്ന് ഒന്നുംരണ്ടും ചക്രം വീതിച്ചുകൊടുക്കും. ഞാന്‍ ഇതുകണ്ട് പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ “അവര്‍ക്കു പട്ടിണി നമുക്കു പട്ടിണിപോലെ തന്നെയല്ലേ, എന്നു എന്നോടുപറഞ്ഞ് എന്നോടു കാലുപിടിക്കും.
ഇടയ്ക്ക് കുറേക്കാലം കൃഷ്ണപിള്ള ഭൂതപാണ്ടി രജിസ്റ്റര്‍കച്ചേരിയില്‍ ജോലിക്കുപോയി. അപ്പോഴും അനുജനെക്കൂടി അദ്ദേഹം കൊണ്ടുപോയി. അന്നത്തെ ചില സംഭവങ്ങളും ശ്രദ്ധേയമാണ്.
കൃഷ്ണപിള്ള പറയുന്നു.
“ഭയമെന്നുള്ളതു കുഞ്ഞനില്ല, ഭൂതപാണ്ടിയില്‍ എന്നോടുകൂടി അധികനാള്‍ താമസിച്ചില്ല.അക്കാലത്ത് അവിടെ അതിശക്തിയായി അടിച്ചിരുന്ന കാറ്റ് കുഞ്ഞന് അസഹനീയമായി തോന്നിയിരുന്നു. അവിടെ താമസിച്ചാല്‍ അയാള്‍ പെട്ടുപോകുമെന്നുപോലും എന്നോടു സങ്കടം പറഞ്ഞു. എനിക്ക് കുഞ്ഞനെ തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കാന്‍ മനസ്സായിരുന്നില്ല. കാരണം അവന്‍ അവിടെ ചെന്നാല്‍ ഒരുമാതിരി ഗുസ്തിയും വേദാന്തവും തെണ്ടിതിരിഞ്ഞുള്ള നടപ്പും പ്രസംഗവും ഒക്കെയാണ് ജോലിയെന്ന് എനിക്കറിയാം അതിനാല്‍ നെയ്യാറ്റിന്‍കരപോയി താമസിപ്പാന്‍ ഞാന്‍ ഏര്‍പ്പാടുചെയ്തു. ഒരുദിവസം രാത്രി അവിടെ നിന്നും പുറപ്പെടാന്‍ ഭാവിച്ചു. നിലയ്ക്ക് ഭൂതപാണ്ടിയില്‍ നിന്നും തനിയേ നെയ്യാറ്റിന്‍കരവരെ ഒരുത്തരും നടക്കുമാറില്ല. രാത്രി പോകണ്ട എന്നു ഞാന്‍ വിലക്കി. സാരമില്ല, എന്നയാരും പിടിച്ചുതിന്നുകയില്ല എന്നു പറഞ്ഞ് അവിടെനിന്നും പുറപ്പെട്ടു. അന്നത്തെ നെയ്യാറ്റിന്‍കരഎത്തി കുഞ്ഞനില്‍നിന്നും എഴുത്ത് കിട്ടുന്നതുവരെ എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. ഉടന്‍ എഴുത്ത് വന്നുചേര്‍ന്നു.”
രജിസ്റ്റര്‍കച്ചേരികളിലെ ജോലി കുഞ്ഞന്‍പിള്ളയ്ക്ക് ദീര്‍ഘകാലം തുടരാന്‍ കഴിഞ്ഞില്ല. കേവലം കാലയാപനം കൊണ്ട് മാത്രം കഴിച്ചുകൂട്ടാവുന്ന പ്രകൃതക്കാരനായിരുന്നില്ല കുഞ്ഞന്‍പിള്ള. അമിതമായ വിജ്ഞാന തൃഷ്ണ ആദ്ധ്യാത്മികമായ അന്വേഷണബുദ്ധി- ലൗകികകാര്യങ്ങളില്‍ അനാസക്തി എന്നിവ ആ യുവാവിനെ എപ്പോഴും അസ്വസ്തചിത്തനാക്കികൊണ്ടിരുന്നു. ഏതായാലും ഉടനെതന്നെ സ്വന്തം സ്ഥലത്തേയ്ക്ക് മടങ്ങുകയാണ് ചെയ്തത്. മിക്കവാറും പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ പരിചയപരിധിയില്‍ തന്നെ പിന്നെയും കഴിഞ്ഞുകൂടി.