ദാനകാരണനിഷേധം

അദ്ധ്യായം 1

ഭാര്‍ഗ്ഗവന് ക്ഷത്രിയവധം നിമിത്തം ഉണ്ടായ വീരഹത്യാദോഷത്തെയാണ് മലയാളഭൂമിദാനത്തിനു കാരണമാക്കി കല്പിച്ചിരിക്കുന്നത്; എന്നാല്‍,

‘മാതൃഹത്തേശ്ച പാപസ്യ ക്ഷത്രിയാനപ്യതഃപരം
കാര്‍ത്തവീര്യാര്‍ജ്ജുനം ഹത്വാ ഏകശാസനയാ വിഭോ
പാല്യതാം……………………’ (കേ മാ. അ. 3)

‘മാതൃഹത്തിപാപത്തിന് ക്ഷത്രിയരേയും കാര്‍ത്തവീര്യാര്‍ജ്ജുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യപരിപാലനം ചെയ്യണം,’ എന്നിങ്ങനെ മഹര്‍ഷിമാര്‍ വിധിച്ചപോലെ അദ്ദേഹം ചെയ്തു. അതുകൊണ്ടും, ആയതു ശിഷ്ടപരിപാലനത്തിനുവേണ്ടിയുള്ള ദുഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും, ലോകരക്ഷകന്മാര്‍ ധനജനയൗവനഗര്‍വ്വിഷ്ഠന്മാരായ ലൗകികരുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യകര്‍മ്മങ്ങള്‍ ചെയ്ക പതിവുള്ളതിനാലും ഭാര്‍ഗ്ഗവനില്‍ പാപലേശമില്ല. വീണ്ടും ഔപചാരികമായിട്ടെന്നപോലെ,

‘ഷോഡശാഖ്യം മഹാദാനം
കര്‍ത്തുമിച്ഛാമി ഭൂസുരാഃ
കേന രൂപേണ തദ്ദാനം
കിയത്സംഖ്യാ യഥാവിധിഃ
വീരഹത്തേശ്ച പാപസ്യ
ബ്രൂത സര്‍വ്വേ ദ്വിജോത്തമാഃ’ (കേ. മാ. അ. 4)

‘ഹേ! ബ്രാഹ്മണശ്രേഷ്ഠന്മാരെ! ഞാന്‍ വീരഹത്തി പാപത്തിനു ഷോഡശമഹാദാനം കഴിപ്പാനിച്ഛിക്കുന്നു. അത് എങ്ങനെയെല്ലാം എത്രത്തോളം വേണ്ടിവരുമെന്നു നിങ്ങളെല്ലാവരും ഒത്തുപറവിന്‍’ എന്ന് അദ്ദേഹം ബ്രാഹ്മണരോട് ആവശ്യപ്പെടുകയും അവരുടെ വിധിപ്രകാരം ദാനം വളരെ കേമമായി നടത്തുകയും ചെയ്തു. ആ അവസരത്തില്‍,

‘വിശ്വാമിത്രസ്തു ധര്‍മ്മാത്മാ കൗതൂഹലസമന്വിതഃ
അത്യാശ്ചര്യമിദം രാജന്നലമിത്യബ്രവീന്മുനിഃ’ (കേ. മാ. അ. 5)

‘ധര്‍മ്മാത്മാവായ വിശ്വാമിത്രമുനി സന്തോഷത്തോടു കൂടി ഹേ! രാജന്‍! ഇത് അത്യാശ്ചര്യമായിരിക്കുന്നു. മതി’ എന്നുപറഞ്ഞു. അതോടുകൂടി ഭാര്‍ഗ്ഗവനില്‍ പാപം ഒട്ടും ശേഷിപ്പാന്‍ ഇടയില്ല. ഇനിയും ദാനം കഴിഞ്ഞ ഉടന്‍ ബ്രാഹ്മണരുടെ അപേക്ഷപ്രകാരം,

‘സര്‍വ്വാന്‍ ഭൂമണ്ഡലാന്വാപി സര്‍വ്വപാപവിമുക്തയേ
വിപ്രേഭ്യോഹം ഭൂമിദാനം പ്രദദാമ മുനീശ്വരാഃ’ (കേ. മാ. അ. 5)

‘ഹേ! മുനിശ്രേഷ്ഠന്മാരെ! സര്‍വ്വപാപവിമോചനത്തിനായിട്ട് എല്ലാ ഭൂമണ്ഡലങ്ങളേയും വിപ്രന്മാര്‍ക്കു ഞാന്‍ ദാനം ചെയ്യുന്നു.’ എന്നിങ്ങനെ പറഞ്ഞു ഭാര്‍ഗ്ഗവന്‍ ദാനം ചെയ്തു. ഇതിനുശേഷം പാപത്തിന്റെ ലവലേശംപോലും ശേഷിപ്പാന്‍ ഇടയില്ല.

ഇത്രയും കഴിഞ്ഞിട്ടും ഭാര്‍ഗ്ഗവനില്‍ പാപലേശം കിടന്നിരുന്നതായി കേരളാവകാശക്രമത്തില്‍ പറഞ്ഞിരിക്കുന്നു.1 ഇതിനു യാതൊരടിസ്ഥാനവുമില്ല. വിശിഷ്യ, അര്‍വാചീനമായ ഭാഷാഗദ്യഗ്രന്ഥത്തിനു സംസ്‌കൃതമൂലഗ്രന്ഥത്തിനോളം പ്രാമാണ്യം ഒരിക്കലും ഉണ്ടാകയില്ല.

‘ദാനകാരണനിഷേധം’ സ്ഥാപിക്കുന്നതിനായി മേല്പറഞ്ഞവ കൂടാതെ ഭാര്‍ഗ്ഗവന്റെ തപസ്സ്, യോഗം, ജ്ഞാനം മുതലായ ശക്തികള്‍ അത്യന്തം ഗണനീയങ്ങളാകുന്നു. പാപമറ്റവര്‍ക്കു മാത്രമെ ഈവക ശക്തികള്‍ വര്‍ദ്ധിച്ചു സമുദ്രനിഷ്‌കാസനം മുതലായവ സ്ഥിരമായി സാധ്യമാവൂ എന്നുള്ളതിന് ശ്രുതിസ്മൃത്യാദികളില്‍നിന്നും ചില പ്രമാണങ്ങളെ താഴെ ചേര്‍ക്കുന്നു:

‘തപോഭിഃ ക്ഷീണപാപാനാം’ (ആത്മബോധം)

അര്‍ത്ഥം: ‘തപസ്സുകൊണ്ടു പാപം നശിച്ചവര്‍ക്ക്.’

‘തപസ്സാ കല്മഷം ഹന്തി (സ്മൃതി)

അര്‍ത്ഥം: ‘തപസ്സുകൊണ്ടു പാപത്തിനെ ഹനിക്കുന്നു.’

‘യോഗാഗ്നിര്‍ദ്ദഹതേ ക്ഷിപ്ര-
മശേഷം പാപപഞ്ജരം’ (സ്മൃതി)

അര്‍ത്ഥം: ‘യോഗാഗ്നി സകല പാപങ്ങളേയും വേഗത്തില്‍ നശിപ്പിക്കുന്നു.’

ഇത്യാദി പ്രമാണങ്ങളാല്‍ തപസ്സുകൊണ്ടും യോഗം കൊണ്ടും പാപം ക്ഷയിക്കുമെന്നു വരുന്നു. ഭാര്‍ഗ്ഗവന്‍ വലിയ തപസ്വിയും യോഗിയുമാണെന്നുള്ളതും പ്രസിദ്ധമാണല്ലൊ.

‘ജ്ഞാനാഗ്നിസ്സര്‍വകര്‍മ്മാണി
ഭസ്മസാല്‍കുരുതേfര്‍ജ്ജുന’ (ഭ. ഗീത)

അര്‍ത്ഥം: ‘ഹെ! അര്‍ജ്ജുന! ജ്ഞാനാഗ്നി സര്‍വ്വകര്‍മ്മങ്ങളേയും ഭസ്മമാക്കിച്ചെയ്യുന്നു.’

‘സര്‍വം ജ്ഞാനപ്ലവേനൈവ
വ്രജിനം സന്തരിഷ്യസി’ (ഭ. ഗീത) അ. IV ശ്ലോകം-36

അര്‍ത്ഥം: ‘എല്ലാ പാപങ്ങളേയും ജ്ഞാനം അതിക്രമിക്കുന്നു.’

‘അശ്വമേധസഹസ്രാണി
ബ്രഹ്മഹത്യാശതാനി ച
കുര്‍വന്നപി ന ലിപ്യേത
യദ്യേകത്വം പ്രപശ്യതി. ‘ (സൂതസംഹിത)

അര്‍ത്ഥം: ‘ആയിരം അശ്വമേധവും നൂറു ബ്രഹ്മഹത്യയും ചെയ്താലും ആത്മൈക്യജ്ഞാനമുണ്ടെങ്കില്‍ പാപമുണ്ടായിരിക്കയില്ല.’

‘യസ്യ നാഹംകൃതോ ഭാവോ
ബുദ്ധിര്യസ്യ ന ലിപ്യതേ
ഹത്വാപി സ ഇമാന്‍ ലോകാന്‍
ന ഹന്തി ന നിബദ്ധ്യതേ.’ (ഭ. ഗീത)

അര്‍ത്ഥം: ‘യാതൊരുത്തന്ന് അഹങ്കാരവും മനപ്പറ്റുമില്ലാതിരിക്കുന്നുവോ അവന്ന് ഈ ലോകം മുഴുവനും നശിച്ചാലും ബന്ധനവും ഹാനിയും ഇല്ല.’

‘തപസാ ബ്രഹ്മ വിജിജ്ഞാസസ്വ’ (ശ്രുതി)

അര്‍ത്ഥം: ‘തപസ്സുകൊണ്ടു ബ്രഹ്മത്തെ അറിവാനിച്ഛിക്കുന്നു.’

‘ന മാതൃവധേന പിതൃവധേന ന ഭ്രൂണഹത്യയാ’ (കൗഷീതക്യുപനിഷത്ത്)

അര്‍ത്ഥം: ‘മാതൃവധംകൊണ്ടും പിതൃവധംകൊണ്ടും ഭ്രൂണഹത്യകൊണ്ടും ഒന്നുമില്ല.’ (വിദ്വാന് മുഖഭാവം മാറുകയില്ലെന്നു ശേഷം.)

‘യഥാ പുഷ്‌കരപലാശ ആപോ ന ശ്ലിഷ്യന്ത, ഏവം പാപം വിദി കര്‍മ്മ ന ശ്ലിഷ്യതെ’ (ശ്രുതി)

അര്‍ത്ഥം: ‘താമരയിലയിങ്കല്‍ വെള്ളം പറ്റാത്തതുപോലെ വിദ്വാങ്കല്‍ കര്‍മ്മച്ചേര്‍ച്ചയില്ല.’ (കര്‍മ്മം തങ്ങുകയില്ല.)

‘തദധിഗമ ഉത്തരപൂര്‍വ്വാഘയോരശ്ലേഷവിനാശൗ
തദ്വുപദേശാല്‍’ (ബ്രഹ്മസൂത്രം)

അര്‍ത്ഥം: ‘ജ്ഞാനപ്രാപ്തിയിങ്കല്‍ മുന്‍പിന്‍ പാപങ്ങളുടെ രണ്ടിന്റേയും പറ്റില്ലായ്മയും നാശവും ക്രമേണ വരുന്നു.’

‘ഇതരസ്യാപ്യേവമസംശ്ലേഷഃ പാതേതു’ (ബ്രഹ്മസൂത്രം)

അര്‍ത്ഥം: ‘ജ്ഞാനസിദ്ധികാലത്ത് ഇതുപോലെ തന്നെ പുണ്യങ്ങളുടേയും പറ്റ് അറുതിവരുന്നു.’

ഭാര്‍ഗ്ഗവന്‍ ദത്താത്രേയഭഗവന്മുഖത്തുനിന്നും ബ്രഹ്മതത്വോപദേശം ലഭിച്ച ജ്ഞാനിയാകുന്നു.2 (ത്രിപുരാരഹസ്യം ജ്ഞാനകാണ്ഡം നോക്കുക). മേല്‍ കാണിച്ച പ്രമാണങ്ങള്‍കൊണ്ട് തപസ്സ്, യോഗം ഇതുകള്‍ നിമിത്തം അശേഷപാപക്ഷയവും സകല സിദ്ധികളും സംഭവിക്കുമെന്നും ജ്ഞാനിയെ യാതൊരു പാപപുണ്യങ്ങളും തീണ്ടുകയില്ലെന്നും കാണുന്നു. ഭാര്‍ഗ്ഗവന്‍ തപസ്വിയും യോഗിയും ജ്ഞാനിയുമാകുന്നു എന്നത് മറ്റു പ്രമാണങ്ങളെക്കൊണ്ടും തെളിയുന്നു.

ഈ കാരണങ്ങളാല്‍ ദാനകാരണമില്ലെന്നും കാര്യകാരണസംബന്ധയുക്ത്യാ* ദാനമുണ്ടായിട്ടില്ലെന്നും സിദ്ധിച്ചു.

അടിക്കുറിപ്പുകള്‍

1. മാപ്പിളത്തിരുവപ്പാടു അവര്‍കള്‍

2. മലയാളഭൂമിനിര്‍മ്മാണത്തിനു മുമ്പുതന്നെ ഭാര്‍ഗ്ഗവനെക്കുറിച്ചു ‘ബ്രഹ്മജ്ഞാനീ മഹായോഗീ, ധനുര്‍വേദേ ച നിഷ്ഠിതഃ’ എന്നു കേരളമാഹാത്മ്യത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ പൗര്‍വാപര്യശങ്കയ്ക്കിടയില്ല. അദ്ധ്യാത്മരാമായണം ബാലകാണ്ഡവും നോക്കുക. – പ്രസാ.