അദ്ധ്യായം പതിനൊന്ന്
അല്ലയോ ക്രിസ്തീയപ്രസംഗികളേ,
മനുഷ്യര്‍ക്കു മാത്രമല്ലാതെ മൃഗാദികള്‍ക്ക് നിത്യാത്മാവ് ഇല്ലെന്നു നിങ്ങള്‍ പറയുന്നുവല്ലോ. ആയത് എന്തു ന്യായം കൊണ്ടെന്ന് അറിയുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ നിശ്ചയിക്കുന്നതിനു മുമ്പില്‍ത്തന്നെ ആത്മാവിനെക്കുറിച്ച് ഒന്നു ചിന്തിക്കാം.
ആത്മാവിന് ജ്ഞാനമാകുന്നു സ്വാഭാവികമായിട്ടുള്ളത്. ജ്ഞാനമെന്നത് അറിവാകുന്നു. അറിവാകട്ടെ അഞ്ചുവിധമായും ഇരിക്കുന്നു. അവയ്ക്കു ജ്ഞാനേന്ദ്രിയം എന്നു നാമം. ശ്രോത്രം, ത്വക്ക്, ചക്ഷു, ജിഹ്വാ, ഘ്രാണം ഇവകളാകുന്നു അതിന്റെ പ്രത്യേക നാമങ്ങള്‍. ഇതുകളില്‍ ശ്രോത്രംകൊണ്ട് ശബ്ദത്തെയും ത്വക്കുകൊണ്ടു സ്പര്‍ശത്തെയും ചക്ഷുസ്സ്‌കൊണ്ട് രൂപത്തെയും ജിഹ്വകൊണ്ടു രസത്തെയും ഘ്രാണംകൊണ്ടു ഗന്ധത്തെയും മനസ്സായ അറിവ് അറിഞ്ഞുകൊള്ളുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളില്‍ ചിലത് ഇല്ലാതിരുന്നാലും അറിവില്ലെന്നു വന്നുപോകയില്ല. ശ്രോത്രേന്ദ്രിയമില്ലാത്ത പൊട്ടന് അറിവില്ലെന്നു പറഞ്ഞുകൂടാ. അഞ്ചുമില്ലാത്തവനേ അറിവില്ലാത്തവനെന്നു പറഞ്ഞുകൂടൂ. മനസ്സായ അറിവില്ലാത്തവന് ഈ അഞ്ചിന്ദ്രിയങ്ങളില്‍ ഒന്നുമിരിക്കയില്ല. ഈ അവസ്ഥയെ പ്രാപിച്ചിരിക്കുന്ന ശരീരത്തെയാണ് ആത്മാവ് ഇല്ലാത്ത പിണം എന്നു പറയുന്നത്. ആത്മാവ് എവിടെയുണ്ടോ അവിടെ ഒരറിവ് എങ്കിലും ഇരിക്കും. എവിടെ ആത്മാവില്ലയോ അവിടെ ഒരറിവുപോലും ഇരിക്കയുമില്ല. ഇത് എല്ലാവര്‍ക്കും സമ്മതമായിട്ടുള്ളതാണ്. ഇപ്രകാരം ജ്ഞാനസ്വരൂപിയായ ആത്മാവ് മൃഗങ്ങള്‍ക്കില്ല എന്നു പറയുന്നുവെങ്കില്‍ ഗര്‍ഭം, ജനനം, ശ്വാസം, ഭക്ഷണം, നിദ്ര, മൈഥുനം, സ്‌നേഹം, ദ്വേഷം, നിനപ്പ്, മറപ്പ്, ഭയം, സന്തോഷം, ദുഃഖം, മരണം മുതലായവ എല്ലാ മനുഷ്യരിലും മൃഗാദികളിലും ഒരുപോലെ കാണപ്പെടുന്നു. അഞ്ചിന്ദ്രിയങ്ങള്‍കൊണ്ട് അഞ്ചു വിഷയങ്ങളെയും അറിയുന്നു. മൃഗങ്ങളിലൊന്നായ നായ്ക്കാകട്ടെ യജമാനന്‍ മറഞ്ഞിരുന്നു പേരിനെച്ചൊല്ലി വിളിച്ചാല്‍ ഓടിവരുന്നതുകൊണ്ട് ശബ്ദജ്ഞാനവും, ചോറും മണ്ണും ഉരുട്ടിവെച്ചാല്‍ മണ്ണിനെ തള്ളിയേച്ച് ചോറിനെ തിന്നുന്നതുകൊണ്ട് രസജ്ഞാനവും, യജമാനനെ കാണുന്നിടത്തു സന്തോഷിച്ചു ചാടുകയും കളിക്കയും ശരീരത്തെ നക്കുകയും ചെയ്യുന്നതുകൊണ്ട് രൂപജ്ഞാനവും, അടിക്കാന്‍ ചെല്ലുമ്പോള്‍ ഓടുകയും അടിച്ചാല്‍ വേദനപ്പെട്ടു കുരയ്ക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് സ്പര്‍ശജ്ഞാനവും, തന്റെ ജാതിയില്‍ ആണെന്നും പെണ്ണെന്നും ഉള്ള തിരിച്ചറിവും ശവമെന്നും ജീവനുള്ളതെന്നും ഭക്ഷ്യമെന്നും അഭക്ഷ്യമെന്നും മണത്തറികകൊണ്ട് ഗന്ധജ്ഞാനവും ഉണ്ട്. ഇതിനാല്‍ മൃഗങ്ങള്‍ക്ക് അഞ്ചറിവും ഉണ്ടെന്നുള്ളതു സ്പഷ്ടമാകുന്നു.
ജ്ഞാനമുണ്ടെങ്കിലും സാമാന്യജ്ഞാനമല്ലാതെ വിശേഷജ്ഞാനം (പകുത്തറിവ്) ഇല്ലല്ലോ. ഞങ്ങള്‍ വിശേഷജ്ഞാനത്തെയാണ് ആത്മാവ് എന്നു പറയുന്നത് എങ്കില്‍,
ഇത് ന്യായമെന്നു തോന്നുന്നില്ല. ഒരു പൈസ വിലയ്ക്ക് നാലുവീതം വില്‍ക്കുന്ന, കാല്‍ഫാറത്തില്‍ രണ്ടംഗുലം വീതിയും നീളവുമുള്ള പുസ്തകം എങ്ങനെ പുസ്തകംതന്നെയോ അതുപോലെ 4000 ഫാറത്തില്‍ 500 രൂപ വിലയ്ക്കുള്ള ഒരു പുസ്തകവും പുസ്തകം തന്നെ. അല്ലാതെ വലുതിനെ പുസ്തകമെന്നും ചെറുതിനെ പുസ്തകമല്ലെന്നും പറവാന്‍ പാടില്ല. വലിയ രൂപമുള്ള ആനയും ചെറിയ രൂപമുള്ള മുയലും ഭേദം കൂടാതെ മൃഗജാതികളുടെ കൂട്ടത്തില്‍ ചേര്‍ത്തു ഗണിക്കപ്പെടുന്നു. അറിവുഭേദത്താലത്രേ ആത്മാവ് ഉണ്ടെന്നും ഇല്ലെന്നും ഏര്‍പ്പെടുന്നത്; എങ്കില്‍, സകലശാസ്ത്രപണ്ഡിതനെ ആത്മാവെന്നും അക്ഷരജ്ഞാനം ഇല്ലാത്തവനെ ജഡമെന്നും പറയേണ്ടിവരും. അക്ഷരജ്ഞാനമില്ലാത്തവനായാലും അല്‍പ്പമെങ്കിലും തിരിച്ചറിവ് ഇരിക്കകൊണ്ട് ആത്മാവ് എന്നു പറയാമെങ്കില്‍ തിരിച്ചറിവില്ലാത്ത ഒരുമാസം ചെന്ന കുട്ടിക്കും ആത്മാവില്ലെന്നു വരും; കുട്ടികള്‍ക്കപ്പോള്‍ ആത്മാവില്ല; മൃഗമായിത്തന്നെ ഇരിക്കുന്നു. ആത്മാവ് വരുമ്പോഴാണ് പകുത്തറിവ് ഉണ്ടാകുന്നത് എങ്കില്‍, എത്ര വയസ്സില്‍ ആത്മാവ് വരും? ഇത്ര വയസ്സില്‍ എന്നു നിര്‍ണ്ണയിച്ചാല്‍ ഒരേ സമയത്ത് എന്നു വരേണ്ടതാണ്. ആയത് എത്രാമത്തെ സംവത്സരത്തില്‍, ഏതയനം, ഏതു ഋതു, ഏതു യാമം, ഏതു മണി, ഏതു നാഴിക, ഏതു നിമിഷം, ഏതു ക്ഷണം? ഏതെങ്കിലും ഒരു കാലത്തെ നിര്‍ണ്ണയിച്ചു പറഞ്ഞാല്‍ ആയത് എല്ലാവര്‍ക്കും ശരിയായിട്ടു വരുന്നതാണോ? കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരേ കാലത്തില്‍ത്തന്നെ പകുത്തറിവ് വരുമെന്നുള്ളത് പ്രത്യക്ഷാനുഭവത്തിനു വിരോധമായിരിക്കുന്നല്ലോ. അല്ലാതെയും ജ്ഞാനസ്‌നാനം കഴിയാത്ത കുട്ടികളും മരിച്ചതിന്റെ ശേഷം ആത്മാവില്ലാത്ത സ്ഥിതിക്ക് മൃഗങ്ങളുടെ മരണാനന്തരം എങ്ങനെയോ അങ്ങനെയല്ലാതെ യാതൊരു വിശേഷവും ഉള്ളതായി പറഞ്ഞുകൂടാ എന്നുവരും. അപ്പോള്‍ നിങ്ങളുടെ അഭിപ്രായം തെറ്റിപ്പോകയും ചെയ്യുമല്ലോ. പിന്നെയും പകുത്തറിവുണ്ടാകുമ്പോള്‍ മാത്രമേ ശരീരത്തില്‍ ആത്മാവ് വരുന്നുള്ളൂ എങ്കില്‍,
വയസ്സു ചെന്നശേഷം ഭ്രാന്തു പിടിച്ചു പകുത്തറിവില്ലാതെയിരിക്കുന്നവര്‍ക്ക് ആത്മാവും ഇല്ലയോ? ഇല്ലെങ്കില്‍ ഔഷധത്തിനാല്‍ ഭ്രാന്തു ശമിച്ചു പകുത്തറിവുണ്ടാകുമ്പോള്‍ ആത്മാവും വന്നു, അല്ലയോ? മനുഷ്യന്റെ മരണംവരെ പത്തു പ്രാവശ്യം ഭ്രാന്തു വന്നു ശമിച്ചു എങ്കില്‍ ദൈവം ആത്മാവിനെയും പത്തു പ്രാവശ്യവും കൊണ്ടുവരികയും കൊണ്ടുപോകയും ചെയ്തതായിരിക്കും. ഭ്രാന്തു ശമിച്ചില്ലെങ്കില്‍ ആത്മാവിനെ മടക്കിക്കൊണ്ടുവന്നുമില്ലായിരിക്കും. ഇത് ‘അതിശയം അതിശയം! വലിയ അതിശയം തന്നെ.’ അതുമിരിക്കട്ടെ. പ്രതിദിനം, ജാഗ്രത്തും സ്വപ്നവും കടന്ന് ഒന്നും അറിയാതെ ഉറങ്ങുമ്പോള്‍ സാമാന്യജ്ഞാനവും വിശേഷജ്ഞാനവും കാണുന്നില്ലല്ലോ. സാമാന്യജ്ഞാനമുള്ള മൃഗാദികള്‍ക്കുപോലും ആത്മാവില്ലെന്നു പറയുന്നവര്‍ എങ്ങനെയാണ് ഒന്നും അറിയാത്ത സുഷുപ്തിയവസ്ഥയില്‍ ആത്മാവുണ്ടെന്നു പറയുന്നത്? മൂര്‍ച്ഛാവസ്ഥയിലോ പിന്നെ ചോദിക്കേണ്ടതില്ലല്ലൊ. ഈ സമയങ്ങളിലും ദൈവം ആത്മാവിനെ കൊണ്ടുപോയി സുഷുപ്തി, മൂര്‍ച്ഛ ഇവകള്‍ വിടുമ്പോള്‍ തിരിച്ചു കൊണ്ടുവിടുമായിരിക്കാം. അതും ഇരിക്കട്ടെ. ശസ്ത്രക്രിയകൊണ്ടു ചികിത്സിക്കുമ്പോള്‍ വേദന അറിയാതെ ഇരിക്കുന്നതിനു ഡോക്ടര്‍ ക്ലോറോഫാറത്തെ എടുത്തു മൂക്കില്‍ പിടിക്കുമ്പോള്‍ സാമാന്യജ്ഞാനവും വിശേഷജ്ഞാനവും ഇല്ലാതെപോകുന്നുവല്ലോ. അപ്പോള്‍ ദൈവം ആത്മാവിനെ കൊണ്ടുപോകയും കൊണ്ടുവരികയും ചെയ്യുകയാണോ? കൊള്ളാം! കൊള്ളാം!
ഇതിനെക്കുറിച്ച് ക്രിസ്ത്യന്മാരായ യൂറോപ്യപണ്ഡിതന്മാര്‍ പ്രത്യക്ഷമായി കണ്ട് എഴുതിയിട്ടുള്ളവയില്‍ ചിലതിനെ ഇവിടെ കാണിക്കുന്നു. മൃഗത്തിന്റെ അറിവ് മനുഷ്യരുടെ അറിവിനോടു മുഴുവനും ശരിയായിട്ടിരിക്കുന്നു. മൃഗത്തിന്റെ വിശേഷജ്ഞാനത്തിനും മനുഷ്യന്റെ യുക്തിക്കും ഏറെ ഭേദമില്ല. മനുഷ്യശരീരമായത് പരിഷ്‌കരിക്കപ്പെട്ട മൃഗശരീരമാകുന്നു. മനുഷ്യാത്മാവോ? വര്‍ദ്ധിക്കപ്പെട്ട മൃഗാത്മാവുതന്നെയാണ് (Burmeister).
മൃഗങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, ചിത്തം ഈ അന്തഃകരണങ്ങള്‍ ഇല്ലെന്നുള്ളത് അനുഭവത്താല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു (Czolde). മൃഗങ്ങള്‍ക്ക്, അന്തഃകരണമില്ലെന്നു നിഷേധിക്കുന്നതു വലിയ അറിവുകേടാകുന്നു. അവകള്‍ക്ക് ആലോചനയുണ്ട്, ഓര്‍മ്മയുണ്ട്, സ്‌നേഹദ്വേഷങ്ങള്‍ ഉണ്ട്. അതുകളുടെ ഇന്ദ്രിയജ്ഞാനം നമ്മുടേതിനേക്കാളും അതിസൂക്ഷ്മമായിരിക്കുന്നു (Systeme de le Nature). ബോര്‍ണിയോ, സുമാത്രാ, വാളനിഷ്യ എന്നീ സ്ഥലങ്ങളിലെ കാടുകളില്‍ കുരങ്ങിനെപ്പോലെയുള്ള ജനങ്ങള്‍ ഉണ്ട്. അവ ആകൃതികൊണ്ടും അറിവുകൊണ്ടും കുരങ്ങിനേക്കാള്‍ വിശേഷമുള്ളവരെന്നു തോന്നുന്നില്ലാ. അവര്‍ ജ്ഞാപകവും എണ്ണവും ഭൂതഭാവിവര്‍ത്തമാനകാലങ്ങളെപ്പറ്റി യാതൊന്നും ഇല്ലാത്തവരായിത്തന്നെ ഇരിക്കുന്നു. വിശപ്പ് ഒരുകൂട്ടം മാത്രമേ അവര്‍ക്ക് ദുഃഖത്തെ ചെയ്യുന്നുള്ളൂ. കുരങ്ങുകള്‍ക്കുള്ള തന്ത്രഗുണമല്ലാതെ വേറെ മനോവ്യാപാരം ഒന്നുംതന്നെ ഇല്ല (Hope). പദാര്‍ത്ഥങ്ങളുടെ ഉത്പത്തിയെക്കുറിച്ച് ആരാഞ്ഞിട്ടുള്ളവരെല്ലാപേരും മൃഗാത്മാവിനും മനുഷ്യാത്മാവിനും ഗുണംകൊണ്ടു വ്യത്യാസം ഇല്ലാ; അളവുകൊണ്ടു മാത്രമേ വ്യത്യാസപ്പെടുന്നുള്ള എന്നു നല്ലതിന്‍വണ്ണം സമ്മതിച്ചിരിക്കുന്നു. മനുഷ്യര്‍ക്കു വിശേഷഗുണമുള്ളതായിട്ടു യാതൊരു അന്തഃകരണവും ഇല്ല. മൃഗങ്ങളുടെ അന്തഃകരണപ്രവൃത്തികളെ മനുഷ്യന്‍ തന്നെ ഉന്നതപ്പെടുത്തുന്നതിനുവേണ്ടി സാമാന്യജ്ഞാനമെന്നു പറഞ്ഞുകൊള്ളുകയാണ്.
കാല്‍പ്പുലിക്കും (കരടി), വാലില്ലാക്കുരങ്ങിനും തമ്മില്‍ എന്തു വ്യത്യാസം? അന്റുവെര്‍പ്പി (Antwerp)ലുള്ള ഒരു തോട്ടത്തില്‍ ഒരു വാലില്ലാക്കുരങ്ങ് തന്റെ കൂട്ടിനകത്ത് ഒരു കിടക്ക ഉണ്ടാക്കി രാത്രിയില്‍ അതില്‍ പോയി കിടന്ന് മനുഷ്യരെപ്പോലെ പുതച്ചുകൊള്ളുന്നതിനെ കണ്ടു (Dr. Louis Buchner).
ജീവരാശികളുടെ ചരിത്രാചാര്യന്‍ കീര്‍ത്തിമാനായ ബഫണ്‍ പറഞ്ഞത്:- ലീടസ് എന്ന പട്ടണത്ത് ഒരു സര്‍ജന്‍ നൊണ്ടിയായ ഒരു സ്പാനിയല്‍ നായയെ കണ്ടു. അതിനെ വിളിച്ചു ഭവനത്തില്‍ കൊണ്ടുചെന്ന് കാലിനു കായം കെട്ടി രണ്ടുദിവസം കഴിഞ്ഞതിന്റെശേഷം അവിടെനിന്നും വെളിയിലേക്ക് ഓടിച്ചുകളഞ്ഞു. ആ നായ കാലു നല്ലതിന്‍വണ്ണം ഗുണപ്പെടുന്നതുവരെ ആ സര്‍ജന്റെ ഭവനത്തിലേക്കു ദിവസംതോറും കാലത്തു വന്നുകൊണ്ടിരുന്നു. കുറെ ദിവസം കഴിഞ്ഞതിന്റെ ശേഷം ആ പട്ടി കാല്‍ നൊണ്ടിയായ വേറെ ഒരു പട്ടിയെ കൂട്ടിക്കൊണ്ട് ആ സര്‍ജന്റെ അടുക്കല്‍ വന്നു. തനിക്കു ചെയ്തതുപോലെ തന്റെ സ്‌നേഹിതനും ചെയ്തുകൊടുക്കണമെന്നുള്ള ഭാവനയില്‍ വിവേകത്തോടും ആദരവോടും എളിയമുഖത്തെ കാണിച്ചു മനസ്സിലാക്കിച്ചു. ഇത് ഓര്‍മ്മയിനാലും അനുഭവത്തിനാലും ഉണ്ടായിട്ടുള്ളതാണെന്ന് അറിഞ്ഞുകൂടയോ? ഇതിനെ വെറും സാമാന്യജ്ഞാനത്തോടുകൂടിയ കാര്യമാണെന്ന് ഒരുവനും പറകയില്ല. ഒരുവന്‍ തനിക്കു മുമ്പേ ഗുണം ചെയ്ത ഒരു സമര്‍ത്ഥനായ സര്‍ജന്റെ അടുക്കല്‍ കൈ ഒടിഞ്ഞ തന്റെ സ്‌നേഹിതനെ കൂട്ടിക്കൊണ്ടുപോകുമെന്നുവരികില്‍, ഇന്നതിനെ ചെയ്താല്‍ ഇന്നഫലം സിദ്ധിക്കുമെന്നുള്ള തിരിച്ചറിവുകൊണ്ടാണെന്ന് അല്ലയോ നിശ്ചയിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതുതന്നെയാണ് ബുദ്ധിക്കു ശ്രേഷ്ഠതയായിട്ടുള്ളത്.
ഇദ്ദേഹംതന്നെ ഒരു കുറുക്കനെക്കുറിച്ച് മനുഷ്യരെക്കാള്‍ ബുദ്ധിയുള്ളതായിട്ട് എഴുതിയിരിക്കുന്നു.
പിന്നെയും ചില യൂറോപ്യപണ്ഡിതന്മാര്‍ നീര്‍നായ, പക്ഷി, ഉറുമ്പ് മുതലായ ജന്തുക്കളെക്കുറിച്ചു പറഞ്ഞിരിക്കുന്നതിനെ ഓര്‍ക്കുമ്പോള്‍ മനുഷ്യരെക്കാള്‍ വിശേഷബുദ്ധിയുള്ളവകളാണെന്നു നിരൂപിച്ചുപോകും. അതില്‍ ചിലതിനെയെങ്കിലും ഇവിടെ കാണിക്കാം എന്നുവെച്ചാല്‍ പുസ്തകം വിസ്താരമായിപ്പോകുമെന്നു കരുതി ഇവിടെ വിരമിക്കുന്നു.
ഇനിയും മൃഗങ്ങള്‍ക്ക് അറിവുണ്ടെന്നതിലേക്കു പ്രമാണം (ആദ്യപുസ്തകം 3-അ. 1-വാ). യഹോവായായ ദൈവം ഉണ്ടാക്കിയ എല്ലാ ജന്തുക്കളെക്കാളും അധികം കൗശലമുള്ളതായിരുന്നു പാമ്പ് (യശായ 1-അ. 3-വാ.) കാള തന്റെ ഉടയവനെയും, കഴുത തന്റെ യജമാനന്റെ പുല്‍ക്കൂടിനെയും അറിയുന്നു. എന്നാല്‍ ഇസ്രായേല്‍ അറിയുന്നില്ല. എന്റെ ജനം വിചാരിക്കുന്നില്ല. (പത്രോസ് 2-അ. 16-വാ.) ഊമയായുള്ള കഴുത മനുഷ്യരുടെ ശബ്ദമായിട്ടു സംസാരിച്ച് ദീര്‍ഘദര്‍ശിയുടെ മൂഢതയെ വിരോധിച്ചു (സോളമന്‍-നീതി വാക്യം) എറുമ്പിനോടു പഠിക്ക എന്നു നിങ്ങളുടെ ബൈബിളിലും പറയപ്പെട്ടിരിക്കുന്നു.
ഇനി ദൈവം ഒരുവനുണ്ടെന്നുള്ള അറിവ് മൃഗാദികള്‍ക്കില്ലാത്തതുകൊണ്ട് ആത്മാവും ഇല്ലായെങ്കില്‍ നാസ്തികന്മാര്‍ മുതലായവര്‍ക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അതു കൂടാതെയും ആത്മാവാകട്ടെ എന്തെങ്കിലും ഒരു സാധനത്തെക്കൊണ്ടല്ലാതെ അറികയില്ല എന്നിരിക്കയാലും, ദൈവം ഒരുവനുണ്ടെന്നുള്ള ഒരറിവിനെ ജനിപ്പിക്കുന്നതിലേക്കു വേണ്ടതായ സാധനം മൃഗാദികള്‍ക്കില്ലാത്തതുകൊണ്ടും ദൈവം ഉണ്ടെന്ന് അറിയുന്നില്ലാ-ആ സാധനം ഉണ്ടായിരുന്നു എങ്കില്‍ മനുഷ്യരെപ്പോലെതന്നെ മൃഗാദികളും അറിയും. ഇല്ലാത്ത സ്ഥിതിക്കു മൃഗാദികളെപ്പോലെതന്നെ മനുഷ്യരും അറികയില്ല. ഇങ്ങനെ ആ സാധനംമാത്രം ഇല്ലാത്തതുകൊണ്ട് ആത്മാവും ഇല്ലെന്നു പറയുന്നപക്ഷം, പിറവികുരുടന്മാര്‍, പിറവിചെകിടന്മാര്‍ മുതലായവര്‍ക്കും ശ്രുതി, ഗുരു ഇവ ഇല്ലാത്തവര്‍ക്കും ആത്മാവില്ലെന്നുവരും. ആകയാല്‍ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് മൃഗാദികള്‍ക്ക് ആത്മാവും ഇല്ലെന്നുള്ളതു അല്പവും യുക്തമാകയില്ല. നശിച്ചുപോകുമെങ്കില്‍ രണ്ടു വകക്കാരുടെ ആത്മാവും നശിച്ചുപോകും. ഇല്ലെങ്കില്‍ രണ്ടും ഇല്ലാ.
എന്നാല്‍ മൃഗാദികള്‍ സംസാരിക്കാത്തതുകൊണ്ട് ആത്മാവും ഇല്ലായെന്നു പറയുന്നു എങ്കില്‍ ഊമകള്‍ക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അല്ലാതെയും മൃഗാദികള്‍ സംസാരിക്കയില്ലെന്ന് എങ്ങനെ പറയാം? മേല്‍ഭാഗത്തു പരുന്ത് വട്ടമിട്ടു പറക്കുന്നതിനെക്കണ്ടു കോഴികള്‍ കൊക്കരല്‍ ഇടുമ്പോള്‍ ആ അടയാളത്തിനെ അറിഞ്ഞ് അതിന്റെ കുഞ്ഞുങ്ങളെല്ലാം ഓടിവന്ന് അതിന്റെ ചിറകിനകത്ത് ഒളിക്കുകയും ചാവല്‍ക്കോഴി പോരിനായിട്ട് അറകൂകുമ്പോള്‍ ആ ശബ്ദത്തെ കേട്ട ഉടന്‍തന്നെ പോരിനു വിളിക്കുന്നു എന്നറിഞ്ഞ് അതിലേക്കായിട്ടു വേഗം ചെല്ലുകയും ആപത്തു വരുമ്പോള്‍ തന്റെ ഇനങ്ങളെ വിളിച്ചാല്‍ ആ വിളിയെ അറിഞ്ഞ് ആ ജാതികളെല്ലാം വന്നുകൂടുകയും ഭക്ഷണത്തെ കണ്ടാല്‍ അപ്പോള്‍ത്തന്നെ ശബ്ദങ്ങളെക്കൊണ്ട് അതാതിന്റെ കൂട്ടുകാരെ അറിയിക്കയും അപ്രകാരംതന്നെ അവറ്റകള്‍ അറിഞ്ഞുവന്ന് ഒരുമിച്ചു കൂടിയിരുന്നു ഭക്ഷിക്കകയും ചെയ്യുന്നല്ലോ. ഇങ്ങനെതന്നെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അതാതിനുതക്കവയായ ഭാഷകളുണ്ട്. അവകളെ അതാതുജാതികള്‍ക്കു മാത്രമേ നല്ലവണ്ണം അറിയാവൂ. അല്ലാതെയും നമ്മുടെ ഭാഷകളെപ്പോലും കിളി, മലഞ്ചിത്തിര മുതലായ പക്ഷികള്‍ സംസാരിക്കുന്നില്ലയോ? അതുകൊണ്ട് മൃഗാദികള്‍ക്കും ഓരോ അടയാളഭാഷകളുണ്ടെന്നുള്ളതു നിശ്ചയമാകുന്നു.
ഇനിയും മൃഗാദികളെ മനുഷ്യര്‍ക്ക് ആഹാരമായിട്ടാണു സൃഷ്ടിച്ചത് എന്നു നിങ്ങള്‍ പറയുന്നുവല്ലോ. നായ, നരി, പുലി, കരടി, കാക്ക, ഈച്ച, പേന്‍, മൂട്ട മുതലായവ മനുഷ്യരാല്‍ ആഹാരമായിട്ടു സ്വീകരിക്കപ്പെടാത്തതുകൊണ്ടും പരമാണുവിനെക്കാളും ചെറുതായ ജന്തുക്കളെ ആഹാരമായിട്ടെടുപ്പാന്‍ കഴിയാത്തതുകൊണ്ടും ആയതും ചേരുന്നില്ല. എന്നാല്‍ അവകള്‍ ആഹാരമായില്ലെങ്കില്‍ മനുഷ്യര്‍ക്ക് ഉപകാരമാകുന്നു എങ്കില്‍,
സിംഹം, പുലി, ആന, കരടി, പാമ്പ്, തേള്‍, പഴുതാര മുതലായതുകള്‍ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നില്ല എന്നു മാത്രമല്ല, ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നതുകൊണ്ട്, അപകാരപ്പെടുന്നു എന്നും കൂടി പറയേണ്ടിയിരിക്കുകയാല്‍ നിങ്ങളുടെ ഈ വാക്കും ശരിയായിരുന്നില്ല.
മനുഷ്യര്‍ തെറ്റു ചെയ്തതുകൊണ്ട് അവര്‍ക്ക് മൃഗാദികള്‍ കീഴടങ്ങാതെപോകട്ടെ എന്നു യഹോവാ ശപിക്കനിമിത്തം അപ്രകാരം ആയിപ്പോയി എങ്കില്‍,
ആട്, മാട്, പോത്ത്, പന്നി, പട്ടി, കോഴി, പൂച്ച മുതലായ ജന്തുക്കള്‍ മനുഷ്യര്‍ക്കു കീഴടങ്ങിയിരിക്കകൊണ്ടു ശപിച്ചു എന്നു പറയുന്നത് കള്ളമായിപ്പോകുകയും, മനുഷ്യര്‍ക്കു പുലി മുതലായവ കീഴടങ്ങാതെ പോകുകയും മാട് മുതലായവ കീഴടങ്ങുകയും ചെയ്യട്ടെ എന്നാണ് ശപിച്ചതെങ്കില്‍ അപ്രകാരമല്ലാതെ ഓരോ സമയങ്ങളില്‍ പാമ്പ് മുതലായവ ഓരോരുത്തന് കീഴടങ്ങുകകൊണ്ടും മാട് മുതലായവ ഓരോരുത്തരെ കൊന്നിരിക്കകൊണ്ടും ആയതും ശരിയല്ല.
അതെല്ലാം ഇരിക്കട്ടെ. നിങ്ങളുടെ ബൈബിളിലെ വേദന്യായപ്രമാണമായ പത്തു കല്പനകളില്‍ ഒരു കല്പന കൊല്ലരുതെന്നുള്ളതാണല്ലോ. അതിനെയും നിങ്ങള്‍ നിഷേധിക്കുന്നവരാകുന്നുവല്ലോ. സമസൃഷ്ടങ്ങളെ, അതായത് മനുഷ്യരെ കൊല്ലരുതെന്നു മാത്രമേ ഇതിനര്‍ത്ഥമുള്ളൂ എന്നു നിങ്ങള്‍ പറയുന്നുവെങ്കില്‍, മൃഗങ്ങളെന്നോ മനുഷ്യരെന്നോ നിര്‍ദ്ദേശിക്കാതെ പൊതുവെ കൊല്ലരുതെന്നു പറഞ്ഞ ആ വാക്യത്തിന് ഇപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്യുന്നതു ശരിയാകയില്ല. ആയതിലേക്ക് അടിസ്ഥാനവുമില്ല.
എന്നാല്‍ അതിലേക്ക് അടിസ്ഥാനമുണ്ട്. അതായത് (അപ്പോസ്തലര്‍ പ്രവൃത്തികള്‍ 10-അ. 11-ാം വാ.) ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടി ഭൂമിയിലേക്കിറക്കിവിട്ടൊരു പാത്രം വരുന്നതും അവര്‍ കാണുന്നു. (ടി. പുസ്തകം 12-ാം വാ.) അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു. (ടി. പുസ്തകം 13-ാം വാ.) പത്രോസേ, എഴുന്നേറ്റു, അറുത്തു ഭക്ഷിക്കുക എന്ന് അവനോട് ഒരു ശബ്ദമുണ്ടായി (ടി. പുസ്തകം 14-ാം വാ.) എന്നാല്‍ പത്രോസ് പറഞ്ഞത് ഒരിക്കലും വഹിയാ കര്‍ത്താവേ. മലിനമോ അശുദ്ധമോ ആയുള്ളതൊന്നും ഞാന്‍ ഒരുനാളും ഭക്ഷിച്ചിട്ടില്ലല്ലോ. (ടി. പുസ്തകം 15-ാം വാ.) ആ ശബ്ദം പിന്നെയും രണ്ടാംപ്രാവശ്യം അവന്‍ കേട്ടു ‘ദൈവം ശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.’ (ടി. പുസ്തകം 16-ാം വാ.) ഇതു മൂന്നു പ്രാവശ്യമുണ്ടായി. ഉടനെ പാത്രം ആകാശത്തിലേക്ക് എടുത്തുകൊള്ളപ്പെട്ടു. ഇപ്രകാരം ദൈവം തന്നെ കല്പിച്ചിരിക്കുന്നതിനാല്‍ ആ വ്യാഖ്യാനം ശരിയായിട്ടുള്ളതാണ് എന്നു പറയുന്നുവെങ്കില്‍, മറ്റുള്ള കല്പനകള്‍ക്കും ഇപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ ബൈബിളില്‍നിന്നു ധാരാളം പ്രമാണങ്ങള്‍ കിട്ടും.
എങ്ങനെയെന്നാല്‍ (1 രാജാക്കന്മാര്‍, 22-ാം അ.) യഹോവാ ഒരാത്മാവിനെ അയച്ച് കള്ളം പറയിച്ച് ആകാബ് എന്നവനെയും അവന്റെ സേനകളെയും കൊന്നു. (പുറപ്പാട് പുസ്തകം. 13-ാം അ.) മിസ്രയിംദേശത്തുള്ള എല്ലാ കടിഞ്ഞൂല്‍കുട്ടികളെയും പാതിരാത്രിയില്‍ കൊന്നു. പറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തി. തന്റെ കല്പനയെ കൈക്കൊള്ളാതെ വിലക്കിക്കൊണ്ട് അവനേയും സേനകളേയും സമുദ്രത്തില്‍ മുക്കിക്കൊന്നു. (ലേവിയ പുസ്തകം 16-ാം അ. 1-ാം വാ.) തന്റെ സന്നിധിയില്‍ വന്ന അഹരോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു. (ശമുവേല്‍ 1-ാം പുസ്തകം 25-ാം അ. 38-ാം വാ) നാബാന്‍ എന്നവനെ അടിച്ചുകൊന്നു. പിന്നെയും ഇസ്രയേല്‍ ജനങ്ങളുടെയും മറ്റു പലരുടെയും ഇടയില്‍ അനേകം കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു കാണുന്നതുകൊണ്ട്, കൊല്ലരുതെന്ന കല്പനയ്ക്ക് സമസൃഷ്ടങ്ങളെ അതായത്, മനുഷ്യരെ എന്നാണെന്നുള്ള നിങ്ങളുടെ വ്യാഖ്യാനം ചേരുന്നില്ലെന്നുതന്നെയല്ല മനുഷ്യരെ കൊല്ലാമെന്നുള്ള അര്‍ത്ഥംകൂടി സിദ്ധിക്കുന്നു. (പുറപ്പാട് പുസ്തകം 11-ാം അ.) ഇസ്രായേലന്മാരെ അയല്‍ക്കാരോട് ആഭരണങ്ങളെ വാങ്ങിച്ചുകൊണ്ട് ഒളിച്ചുപോകാന്‍ കല്പിച്ചു. ഇത്യാദി പ്രമാണങ്ങളാല്‍ അന്യന്മാരുടെ മുതലിനെ ആഗ്രഹിക്കരുത് എന്ന കല്പനയുടെ മുമ്പില്‍ വേണ്ടായെന്നു തോന്നുമ്പോളെന്നും, ഇനിയും; (പുറപ്പാടുപുസ്തകം 1-ാം അ.) വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1. രാജാക്കന്മാര്‍ 22-ാം അ.) ഒരാത്മാവിനെ അയച്ചു കള്ളം പറയിച്ചു. ഇത്യാദി പ്രമാണങ്ങളാല്‍ അസത്യം പറയരുത് എന്ന കല്പനയുടെ മുമ്പില്‍ ആവശ്യമില്ലെന്നു തോന്നുമ്പോള്‍ എന്നും ഇനിയും (2. ശമുയേല്‍ 12-ാം അ.) ദാവീദ് എന്നവന്‍ ഉറിയാവിന്റെ ഭാര്യയെ പിടിച്ച് ദാവീദിന്റെ സ്ത്രീകളെ അവന്റെ അയല്‍ക്കാരനോടു ശയിക്കാന്‍ കല്പിച്ചു. (ഹോശയാ 1-ാം അ. 2-ാം വാ.) നീ ചെന്ന് നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയെയും വേശ്യാവൃത്തികളിലെ പൈതങ്ങളെയും എടുത്തുകൊള്‍ക. ഇത്യാദി പ്രമാണങ്ങളാല്‍ വ്യഭിചരിക്കരുത് എന്ന കല്പനയുടെ മുമ്പില്‍ ധാതുപുഷ്ടിയില്ലാത്തപ്പോഴും വേണ്ടെന്നു തോന്നുമ്പോഴും എന്നും, ഇനിയും ക്രിസ്തു ഒരു ജനക്കൂട്ടത്തില്‍വെച്ച് തന്നെ അന്വേഷിച്ചു ദുഃഖിച്ചു വന്ന മാതാവിനോട് അനാദരവായി സംസാരിച്ചു; ഇത്യാദി പ്രമാണങ്ങളാല്‍ അച്ഛനമ്മമാരെ ഉപചരിക്കുക എന്ന കല്പനയുടെ മുമ്പില്‍, ‘വേണമെന്നു തോന്നുമ്പോള്‍’ എന്നും ചേര്‍ക്കേണ്ടിവരും. ആയതിനാല്‍ ഈ കല്‍പ്പനകളെ ആചരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും അവനവന്റെ മനസ്സുപോലെ, അതായത് തോന്ന്യാസമായിട്ടാകാമെന്നും സിദ്ധിക്കും. ഇങ്ങനെ തോന്ന്യാസമായിട്ടുള്ളതിലേക്ക് ഒരു കല്പനയോ നിയമമോ മതമോ ആവശ്യമില്ലാ. ആവശ്യമില്ലാത്ത സ്ഥിതിക്ക് ഈ കല്പനകള്‍ (ബൈബിള്‍) വെറുതേയുള്ളതെന്നും വെറുതേയുള്ളതിനെ, വേണമെന്നു കല്പിച്ച ആള്‍, അറിവില്ലാത്തവനെന്നും സിദ്ധിക്കും.
ഇനിയും മൃഗാദികളെ മനുഷ്യര്‍ ഭക്ഷിക്കുന്നതുകൊണ്ട് അവര്‍ക്കായിട്ടാണ് അവകളെ സൃഷ്ടിച്ചതെങ്കില്‍, മനുഷ്യരെയും നായ, പുലി, കടുവ മുതലായ ജന്തുക്കള്‍ തിന്നുന്നതുകൊണ്ട് മൃഗാദികള്‍ക്ക് ആഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നും പറയേണ്ടതാണ്.
ആകയാല്‍ മൃഗാദികളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് ആഹാരത്തിലേക്കു വേണ്ടിയല്ലെന്നുള്ളത് നിശ്ചയമാകുന്നു. ഈ വാസ്തവത്തെ അറിഞ്ഞിരുന്നിട്ടും നമുക്ക് ആഹാരത്തിനായിട്ടാണ് മൃഗാദികളെ സൃഷ്ടിച്ചതെന്നും അവകള്‍ക്കു നിത്യാത്മാവില്ലെന്നും, അവിവേകികള്‍ കെട്ടിമെനഞ്ഞുണ്ടാക്കിയ ബൈബിളിനെ വിശ്വസിച്ചുകൊണ്ട് ഈ മഹാകഠിനതയെ ചെയ്തുപോകുന്നല്ലോ. അതിന്‍ അപ്രകാരം പറഞ്ഞിരുന്നാലും മൃഗങ്ങളെ അടിക്കയും മറ്റും ചെയ്യുമ്പോള്‍ അവകള്‍ക്കുണ്ടാകുന്ന വേദനകളെ കണ്ടുകൊണ്ട്, കാണാത്തവരെയും അറിയാത്തവരെയുംപോലെ അല്പവും കരുണ കൂടാതെ ആ മൃഗാദികളെ അടിച്ചും അറുത്തും വെള്ളത്തില്‍ മുക്കിയും, കൈകാലുകളെ കെട്ടി തീയില്‍ ഇട്ടും മറ്റും പലവിധത്തില്‍ കഷ്ടപ്പെടുത്തി കൊന്നുതിന്നുന്നത് നീതിയോ? അയ്യയ്യോ! ദയാഹീനന്മാരെ! നിങ്ങളുടെ ബൈബിള്‍ (ആദിപുസ്തകം 7-അ. 1-വാ.) ജീവശ്വാസമുള്ള മാംസജന്തുക്കള്‍ എല്ലാം നോവായുടെ അടുക്കല്‍ പെട്ടകത്തില്‍ പ്രവേശിച്ചു എന്നു കാണുന്നു. മനുഷ്യര്‍ക്കും ഈ ജീവശ്വാസത്തെത്തന്നെയല്ലെ ഊതിയത്. അതുകൊണ്ടു രണ്ടു വകക്കാര്‍ക്കും ഒരേ ജീവശ്വാസം തന്നെ എന്നു കാണുകയാല്‍, ഒരുത്തര്‍ക്ക് ആയത് ഉണ്ടെന്നും, ഒരുവകക്കാര്‍ക്ക് ആയത് ഇല്ലെന്നും എങ്ങനെ പറയാം? ദോഷമില്ലാത്ത പ്രമാണങ്ങള്‍ ഒന്നും നിങ്ങളുടെ ബുദ്ധിയില്‍ കേറുകയില്ലല്ലോ? എന്തു ചെയ്യാം, പാപശക്തിതന്നെ.
ഇപ്രകാരമുള്ള ദോഷങ്ങള്‍ നിമിത്തം വരുന്ന പാതകങ്ങള്‍ ഒഴിയുന്നത് ഏതു കാലത്തോ? അതിരിക്കട്ടെ, മേല്‍ക്കാണിച്ച ന്യായങ്ങളെക്കൊണ്ട് മൃഗാദികള്‍ മനുഷ്യര്‍ക്ക് ആഹാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ലെന്നും പൂര്‍വ്വജന്മകര്‍മ്മംനിമിത്തം അപ്രകാരം സൃഷ്ടിക്കപ്പെട്ട ജന്തുക്കളാകുന്നു എന്നും നിശ്ചയമായിട്ട് 1ഉണര്‍ന്നു കൊള്ളുവിന്‍.
ഇങ്ങനെ മൃഗാദികളെക്കുറിച്ചു വിചാരിച്ചതിലും സത്യലക്ഷണമില്ലെന്നു കാണപ്പെട്ടിരിക്കുന്നു.
കുറിപ്പുകള്‍
1. ഉണര്‍ന്നുകൊള്ളുക = അറിഞ്ഞുകൊള്ളുക