അവതാരിക – പ്രാചീനമലയാളം

ഓം

മനുഷ്യാണാം സഹസ്രേഷു
കശ്ചിത് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്വതഃ

‘അനേകായിരം മനുഷ്യരില്‍ ഒരാള്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍ അതു നേടിയെന്നുവരാം’ – എന്നുള്ള ഗീതാവചനമനുസരിച്ചു നോക്കുമ്പോള്‍ ആത്മാവ് എല്ലാവര്‍ക്കുമുണ്ടെങ്കിലും ‘ആത്മബോധമുള്ള ഒരു വ്യക്തി ഉണ്ടാവുകയെന്നത് തുലോം അപൂര്‍വ്വസംഭവമാണ്. അത്തരം ഒരു വിശിഷ്ട വ്യക്തിയാണ്, വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍. കോടിക്കണക്കിനു ജനം ജനിച്ചുവളര്‍ന്നു മണ്‍മറഞ്ഞുപോയകൂട്ടത്തില്‍, ജനിച്ചുവളര്‍ന്നു സ്വയം വികസിച്ച് ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുന്ന ഒരു യതിവര്യനത്രേ സ്വാമികള്‍.

തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ ഒരു സാധാരണ നായര്‍ തറവാട്ടില്‍ ജനിച്ചു. പാവപ്പെട്ട ചുറ്റുപാടുകളില്‍ വളര്‍ന്ന് എഴുതാനും, വായിക്കാനും, കണക്കൂകൂട്ടാനും മാത്രം കഷ്ടിച്ചു പഠിച്ചു. കൂലിവേലചെയ്തു വേണ്ടിയിരുന്നു നിത്യജീവിതം പുലര്‍ത്താന്‍. ലക്ഷ്യബോധമില്ലെന്ന് ആര്‍ക്കും തോന്നിക്കുന്ന ഒരു തകര്‍ന്ന ജീവിതത്തിന്റെ ഉടമ.

എന്നാല്‍ പൂര്‍വ്വജന്മ പുണ്യ പരിപാകമെന്നു പറയട്ടെ; സാധാരണജനം പിടിച്ചടക്കാനും, നിലനിര്‍ത്താനും പാടുപെടുന്ന ഭൗതികകാര്യങ്ങളില്‍ അദ്ദേഹം അശേഷം മനസ്സുവച്ചില്ല; നേരെമറിച്ച് ആത്മാവിന്റെ ഉദ്ഗതിക്കു മനസ്സുവയ്ക്കുകയും ചെയ്തു. ആ മണ്ഡലത്തില്‍ വിജയിക്കുകയും ആത്മാരാമനായി ജീവിക്കുകയും ചെയ്തു. ധന്യമായ ഒരു ജീവിതം! ഭഗവത്ഗീത ഉദ്‌ഘോഷിക്കുന്ന ഒരു മഹാസത്യമുണ്ട്; യഥാര്‍ത്ഥജീവിതത്തെക്കുറിച്ച്:-

യാ നിശാ സര്‍വ്വഭൂതാനാം
തസ്യാം ജാഗര്‍ത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേഃ

ജീവിതത്തിന്റെ ഗതിവിഗതികളെ നല്ലപോലെ നിരീക്ഷണം ചെയ്ത് മനഃശാന്തി നേടിയ ഒരാള്‍, സാധാരണ ജനങ്ങള്‍ അഗവണിച്ചുതള്ളിയിരിക്കുന്ന ആത്മാവിന്റെ കാര്യത്തില്‍ എപ്പോഴും ജാഗരൂകനായിരിക്കും. (അവര്‍ ഉറങ്ങുന്നിടത്ത് ഇവന്‍ ഉണര്‍ന്നിരിക്കും) എന്നാല്‍ സാധാരണ ജനം വളരെ ആര്‍ത്തിപിടിച്ച് ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുന്ന ഭൗതികകാര്യങ്ങളില്‍ ഈ തത്വജ്ഞാനി ജാഗ്രത കാണിക്കുകയില്ല. (അവര്‍ ഉണരുന്നിടത്തു ഇവന്‍ ഉറങ്ങിയിരിക്കും)

അനാസക്തിയോഗമെന്നും, നിഷ്‌കാമകര്‍മ്മയോഗമെന്നും മറ്റും പ്രഖ്യാതമായ ഈ ജീവിതമണ്ഡലത്തില്‍ സ്വയം ജ്യോതിസ്സായി പ്രകാശംചൊരിഞ്ഞ ഒരു ധന്യാത്മാവത്രേ സ്വാമിതിരുവടികള്‍. ഉല്‍കൃഷ്ഠജീവിതത്തിന്റെ ദിവ്യസന്ദേശമായ ശ്രീമദ് ഭഗവത്ഗീത ഉറക്കെ പ്രഖ്യാപിക്കുന്ന ജീവിതസത്യങ്ങള്‍ അനുഷ്ഠാനംകൊണ്ടു തെളിയിച്ച ഈ മഹാന്‍ പ്രത്യേകിച്ചും ജ്ഞാനകാണ്ഡത്തിന്റെ നിദര്‍ശനമായിരുന്നു. കര്‍മ്മയോഗവും, ഭക്തിയോഗവും, രാജയോഗവും അനുഷ്ഠിച്ചവര്‍ വളരെയുണ്ടെങ്കിലും, ജ്ഞാനയോഗമാര്‍ഗ്ഗത്തില്‍ ജയം വരിച്ചവര്‍ ആധുനികയുഗത്തില്‍ വളരെ അപൂര്‍വ്വമാണ്. ഇത്തരം നിത്യശുദ്ധബുദ്ധമുക്തയോഗികളില്‍ അഗ്രഗണ്യനായ സ്വാമിതിരുവടികളെ സമകാലികര്‍പോലും ശരിക്കു മനസ്സിലാക്കിയിട്ടില്ലെന്നുള്ള ഒരു ദുഃഖസത്യം അവശേഷിക്കുന്നു.

ദുഃഖിച്ചിട്ടു കാര്യമില്ല. ഏതിനുമുണ്ട് ഒരനുകൂലാവസ്ഥ. അതു വരുംവരെ ഏതു സത്യവും മങ്ങിനില്‍ക്കുകയേയുള്ളു. ആചാര്യശങ്കരന്റെ ജന്മഭൂമിയായ കാലടി അദ്ദേഹത്തിന്റെ തന്നെ ശാപമേറ്റ് ‘ആയിരത്താണ്ട് താളും തകരയും കുരുത്തു’ വികൃതഭൂമിയായികിടന്ന കഥ കേട്ടറിവുള്ളതാണല്ലോ. കൊല്ലവര്‍ഷാരംഭദശകങ്ങളില്‍ സംഭവിച്ച ഈ ശാപത്തിന്, ആയിരത്തിഒരുനൂറാമാണ്ടോടുകൂടി മോചനകാലമാരംഭിച്ചു. ഇന്ന് കാലടി ഭൗതികമായും, ആദ്ധ്യാത്മികമായും സുകൃതഭൂമിയായി ഉയര്‍ന്നുയര്‍ന്നങ്ങനെ പുരോഗമിക്കുന്ന വസ്തുത ആര്‍ക്കും അറിവുള്ളതുമാണല്ലോ.

തന്റെ ‘മാര്‍ഗ്ഗം പ്രചരിക്കുന്നതിന് സമാധിക്കുശേഷം അരനൂറ്റാണ്ടു കഴിയേണ്ടിവരു’മെന്ന് ഈ മഹാത്മാവുതന്നെ പ്രവചിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. സംഗതി ശരിയാണെന്ന് ഈ ദശകം തെളിയിച്ചുകൊണ്ടിരിക്കുന്നു. നാടെമ്പാടും വിദ്യാധിരാജ സ്മാരകങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ‘വിദ്യാധിരാജായനം’ എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ ധര്‍മ്മപ്രചരണ സംഘങ്ങളും അവിടവിടെ അനവധി എണ്ണം രൂപംപൂണ്ടുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ അതിമുഖ്യമായ ഒരു സംഘടനയാണ് ‘ശ്രീ വിദ്യാധിരാജപരിഷത്ത്.’

‘ജന്മനാജായതേശൂദ്രഃ

കര്‍മ്മണാജായതേ ദ്വിജഃ’ – എന്ന പഴയ പ്രമാണപ്രകാരംതന്നെ ഏതു മനുഷ്യനും സല്‍കര്‍മ്മാനുഷ്ഠാനം കൊണ്ട് ‘ദ്വിജത്വമുണ്ടാകുന്ന’; ബ്രാഹ്മണനായിത്തീരുന്നു. ‘വേദാധികാരം’ അങ്ങനെയുള്ളവര്‍ക്കെല്ലാം അര്‍ഹതയുള്ളതുമാണ്. അപ്രകാരം ഏതുമനുഷ്യനും വൈദികവിധികള്‍ പരിശീലിക്കാനും ‘സഹസ്രനാമാര്‍ച്ചന’ തുടങ്ങിയ കാര്യങ്ങള്‍ നടത്താനും പ്രചോദനം നല്‍കുന്ന ഏക സംഘടനയും ഇന്ന് വിദ്യാധിരാജ പരിഷത്തുതന്നെയാണ്. അനേകായിരം സാധാരണജനങ്ങള്‍ പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ ഇന്നിതു പരിശീലിച്ച് സഹസ്രാര്‍ച്ചനയും, ലക്ഷാര്‍ച്ചനയും, ദശലക്ഷാര്‍ച്ചനയും മറ്റും അനേകം കേന്ദ്രങ്ങളില്‍ ഏറ്റവും വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു.

ഇക്കഴിഞ്ഞ വൃശ്ചികമാസം ആദ്യ ഞായറാഴ്ചമുതല്‍ തുടര്‍ന്നു പത്തു ഞായറാഴ്ചകളില്‍, വിദ്യാധിരാജ സമാധിപീഠമായ പന്മന ആശ്രമത്തില്‍ ഈ മഹായജ്ഞം തുടര്‍ന്നുവന്നു. കൊച്ചുകുട്ടികളും അമ്മമാരും ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാരും ഭക്ത്യാദരപുരസ്സരം പങ്കെടുക്കുന്ന ഈ മഹായജ്ഞം ഒരു മഹാസംഭവം തന്നെയാണ്. പരിസരഗ്രാമങ്ങളെ രോമാഞ്ചമണിയിച്ചുകൊണ്ടുള്ള നാമപ്രചരണ പദയാത്രകള്‍ പ്രചണ്ഡമായ ഒരു ഭക്തിപ്രവാഹം തന്നെ സൃഷ്ടിച്ചു. രണ്ടു തിരഞ്ഞെടുപ്പു കോലാഹലങ്ങള്‍ക്കിടയിലായിരുന്നു നാമോച്ചാരണത്തിന്റെ അലയൊലി. നിറപറയും നിലവിളക്കുംവച്ച് ഗ്രാമലക്ഷ്മിമാര്‍ എവിടെയും സമാദരിച്ചു.

പരിഷത്തിന്റെ വിവിധശാഖകളില്‍നിന്നും പരിശീലനം സിദ്ധിച്ച ബാലികാബാലകര്‍ നൂറുകണക്കിന് എന്നും അര്‍ച്ചനയില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ആദ്യദിവസം ശ്രീ ചന്ദ്രദത്തന്‍ എം.എ. എഴുതിവായിച്ചു സമര്‍പ്പിച്ച ‘ശ്രീ വിദ്യാദിരാജ സുപ്രഭാതം’ അടുത്ത അര്‍ച്ചനാദിവസമായപ്പോഴേക്കും, ശ്രീ. കണ്ണകത്തു നാണുപിള്ള എന്ന സുകൃതി സ്വന്തചെലവില്‍ അച്ചടിച്ചു പ്രകാശനം ചെയ്തിരുന്നു.

സ്വാമിതിരുവടികളുടെ ഗ്രന്ഥങ്ങള്‍ വലിയതോതില്‍ പ്രചരിപ്പിക്കുക എന്നത് പരിഷത്തിന്റെ ഒരു മുഖ്യ ലക്ഷ്യമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ‘അദൈ്വത ചിന്താപദ്ധതി’ ആര്‍ക്കും വായിച്ചറിയുന്നതിന് ഇടവരുത്തുന്നത് മഹത്തായ ഒരു പുണ്യകര്‍മ്മംതന്നെ. ഈ ഗ്രന്ഥപരമ്പരയിലെ അഞ്ചാമത്തെ പുസ്തകമാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തുന്ന ‘പ്രാചീനമലയാളം.’ ഇത് തിരുവടികളുടെ ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യപ്പെട്ട ഒന്നാണ്.

പരിഷത്തിന്റെ ചുമതലയില്‍ ഈ പുസ്തകം പ്രസാധനം ചെയ്യുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കുന്നത് കുന്നത്തൂര്‍ താലൂക്കില്‍ കടമ്പനാട്ടു താമരശ്ശേരില്‍ പി.സരോജിനിയമ്മ അവര്‍കളാണ്. തന്റെ പിതാവ് പോരുവഴി കാഞ്ഞിരപ്പള്ളില്‍ പരേതനായ കെ.പി.പത്മനാഭപിള്ള അവര്‍കളുടെ സ്മരണാഞ്ജലിയായിട്ടാണ് ആ മഹതി ഈ പുണ്യകര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഇത് മറ്റു പലര്‍ക്കും മാര്‍ഗ്ഗദര്‍ശകമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ധര്‍മ്മപ്രചരണം സമ്പത്തിന്റെ അനശ്വരമായ സമ്പാദ്യമാണ് എന്ന് അറിയുന്ന സുകൃതികളാണ് സുകൃതികള്‍ – അവര്‍ക്ക് ഇഹപരങ്ങള്‍ ഒരുപോലെ സുഖപരങ്ങളാകുന്നു.

കാട്ടൂര്‍ ജി.കെ.കുറുപ്പ്
സെക്രട്ടറി, വിദ്യാധിരാജപരിഷത്ത്

അവതാരിക

‘ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നു. അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്ന് പലരും സമ്മതിച്ചുവരുന്നു. ഈ അവകാശങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ പറയുന്നതു രണ്ടു സംഗതികളെയാകുന്നു:

1. പരശുരാമന്‍ സമുദ്രനിഷ്‌കാസനംകൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്ത് വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്ക് അതിനെ ദാനംചെയ്തു എന്നുള്ളത്.

2. ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനത്തേയും അങ്ങനെ ഹിന്ദുമതാനുസാരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിത സ്ഥാനത്തേയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളത്.

പഴയ പ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടപടികള്‍ ഇവയില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളില്‍ നിന്നും മേല്പറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി1 നായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തു2മായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.’

ഇതിലേക്ക്, ഒന്നാമതായി മലയാളബ്രാഹ്മണര്‍ എന്നു പറയുന്നവര്‍ക്ക് ഇവിടെ (ഭാര്‍ഗ്ഗവദത്തം) ജന്മാവകാശമില്ലെന്നും, രണ്ടാമതായി. അവര്‍ക്കു യാതൊരു മേന്മക്കും അര്‍ഹതയില്ലെന്നും, മൂന്നാമതായി, മേല്പറഞ്ഞ രണ്ടുവക അവകാശങ്ങളും നായന്മാരില്‍ ചേര്‍ന്നവയാണെന്നും ഇവിടെ കാണിക്കുന്നു. ഇവയില്‍ ഒന്നാമത്തേതു മുഴുവനും സഹ്യാദ്രിഖണ്ഡം, കേരളമാഹാത്മ്യം, കേരളോല്പത്തികള്‍, കേരളാ വകാശക്രമം എന്നീ ബ്രാഹ്മണപരങ്ങളായ ഗ്രന്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന്റെ ഖണ്ഡനം ഈ ഗ്രന്ഥങ്ങളുടെ ഖണ്ഡനംകൊണ്ടും, മറ്റു രണ്ടിന്റെയും ഖണ്ഡനങ്ങള്‍, അനുഭവങ്ങള്‍ യുക്തിവാദങ്ങള്‍ മുതലായവയെ കൊണ്ടും സാധിക്കും. മലയാള ബ്രാഹ്മണര്‍ക്ക് ഇവിടെ ജന്മാവകാശമില്ലെന്ന് സാമാന്യമായും വിശേഷമായും ഖണ്ഡനരീത്യാ രണ്ടുവിധത്തില്‍ നിര്‍ണ്ണയിക്കാം. പ്രകൃതസംഗതികളെ മുന്‍കാണിച്ച ഗ്രന്ഥങ്ങളില്‍ പൂര്‍വ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിച്ചിരിക്കുന്നതിനെ വെളിപ്പെടുത്തി പ്രമാണഗ്രന്ഥങ്ങളുടെ അവിശ്വാസ്യതയെ കാണിക്കുന്ന സാമാന്യഖണ്ഡനം ഈ അവതാരികയിലും, അവയെ പ്രത്യേകം പ്രത്യേകം വ്യവഹരിച്ച് മറ്റു പ്രമാണങ്ങള്‍ക്കും യുക്തിക്കും ന്യായത്തിനും അവ വിപരീതങ്ങളാണെന്നു കാണിക്കുന്ന വിശേഷഖണ്ഡനം ഒന്നുമുതല്‍ നാലുവരെ (ഉള്‍പ്പെടെ)യുള്ള അദ്ധ്യായങ്ങളിലും സാധിച്ചിരിക്കുന്നു.

സാമാന്യഖണ്ഡനം

സ്‌കാന്ദപുരാണത്തില്‍ ഉള്‍പ്പെട്ട സഹ്യാദ്രിഖണ്ഡത്തിന്റെ ഉത്തരാര്‍ദ്ധം 1-ാം അദ്ധ്യായത്തില്‍ താഴെ പറയുന്ന വിധം കാണുന്നു: പരശുരാമന്‍ 21 വട്ടം ക്ഷത്രിയരെ കൊന്ന് വിധിപോലെ ഭൂമിയെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അനന്തരം വേറൊരു ഭൂമിയെ സൃഷ്ടിച്ചു. ഈ ഭൂമി3 വൈതരണി നദിക്ക്4 തെക്ക് സുബ്രഹ്മണ്യത്തിനു വടക്ക് സഹ്യപര്‍വ്വതം മുതല്‍ കടല്‍വരെ ശൂര്‍പ്പാകാരം5 ആയി 100 യോജന നീളത്തില്‍ 3 യോജന വീതിയില്‍ കിടക്കുന്നു. അവിടെ ഒരു മലയില്‍ പരശുരാമന്‍ താമസിച്ചു. ശ്രാദ്ധമൂട്ട്, യാഗം എന്നിവയ്ക്കായി ബ്രാഹ്മണരെ ക്ഷണിച്ചിട്ട് അവരാരും വരായ്കയാല്‍ കോപിച്ച് ബ്രാഹ്മണരെക്കൂടി പുതുതായി ഉണ്ടാക്കുവാന്‍ അദ്ദേഹം നിശ്ചയിച്ചു. രാവിലെ സമുദ്രസ്‌നാനത്തിനു ചെന്നപ്പോള്‍ ചിതാസ്ഥാനത്തു വന്നുനിന്ന ചില മുക്കുവരെ കണ്ട് തൃപ്തനായി അവരുടെ ചൂണ്ട മുറിച്ച് അതിന്റെ കയറുകൊണ്ട് പൂണുനൂലുണ്ടാക്കി അവര്‍ക്കിടുകയും വിശുദ്ധരാക്കി അവര്‍ക്ക് ബ്രാഹ്മണ്യം6 കൊടുക്കുകയും ചെയ്തു. 14 ഗോത്രവും കുലവും കല്പിച്ച് ചതുരംഗം എന്ന സ്ഥാനത്ത് അവരെ പാര്‍പ്പിച്ചു. അവര്‍ വിചാരിക്കുമ്പോള്‍ താന്‍ ചെന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്ത് പരശുരാമന്‍ പോയി. കുറെനാള്‍ കഴിഞ്ഞു പരീക്ഷിപ്പാനായിട്ടുമാത്രം അവര്‍ അദ്ദേഹത്തിനെ സ്മരിക്കുകയും അദ്ദേഹം താന്‍ പറഞ്ഞിരുന്നതുപോലെതന്നെ അവിടെ ചെല്ലുകയും ചെയ്തു. അപ്പോള്‍ പ്രയോജനംകൂടാതെ വരുത്തിയതാണെന്നറിഞ്ഞ് ഭാര്‍ഗ്ഗവന്‍ കോപിച്ച് ദുര്‍വ്വൈദ്യന്മാരും നിന്ദ്യന്മാരും കുത്സിതന്മാരും ദരിദ്രന്മാരും സേവാപരന്മാരും ആയിപ്പോകട്ടേ എന്ന് അവരെ ശപിച്ചു.

ടി സഹ്യാദ്രിഖണ്ഡത്തിന്റെ ഉത്തരാര്‍ദ്ധം ആറാം അധ്യായത്തില്‍ പരശുരാമന്റെ ഭൂമിനിര്‍മ്മാണത്തിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു: മഹാവിഷ്ണു (വാമനാവതാരത്തില്‍) ബലിയോട് ലോകം വീണ്ട് ‘രജസ്വലാദിദത്തമന്നം നിനക്കു ഭവിക്കട്ടേ’ എന്നു കല്പിക്കുകയും ഭൂമി മുഴുവന്‍ കശ്യപനായിക്കൊണ്ട് ദാനം ചെയ്കയും ചെയ്തു. കശ്യപന്‍ ഗൗഡര്‍ക്കും, ദ്രാവിഡര്‍ക്കും, ആര്യാവര്‍ത്തത്തിലുള്ള പണ്ഡിതന്മാര്‍ക്കും, കര്‍മ്മികള്‍ക്കും കൂടി അതിനെ കൊടുത്തു. അനന്തരം ത്രേതായുഗത്തില്‍ കാര്‍ത്തവീര്യാദിരാജാക്കന്മാര്‍ ഭൂമിയെ അപഹരിച്ച് രക്ഷിച്ചു. പിന്നെ കശ്യപാദിബ്രാഹ്മണരുടെ പ്രാര്‍ത്ഥനപ്രകാരം വിഷ്ണുഭഗവാന്‍ ജമദഗ്നിപുത്രനായിട്ട് രേണുകയില്‍ അവതരിക്കയും തപസ്സുചെയ്ത് ശിവനെ പ്രസാദിപ്പിച്ച് വെണ്മെഴു വാങ്ങി 21 വട്ടം ക്ഷത്രിയരെ വധിച്ച് വസിഷ്ഠകശ്യപാദിമുനിമാര്‍ക്ക് ഭൂമിയെ വീണ്ടും ദാനംചെയ്കയും ചെയ്തു. പിന്നീട് ഭാര്‍ഗ്ഗവന്‍ സഹ്യാദ്രിയുടെ മുകളില്‍ കയറി സമുദ്രംകണ്ട് വിചാരം തുടങ്ങി. അപ്പോള്‍ നാരദന്‍ വന്ന് വിചാരകാരണം ചോദിച്ചു. ഭൂമി മുഴുവനും ദാനംചെയ്തുപോയതിനാല്‍ തനിക്ക് ഇരിപ്പാന്‍ ഇടമില്ലെന്ന് ഉത്തരംപറഞ്ഞു. അപ്പോള്‍ സമുദ്രത്തിനെ അകറ്റുവാന്‍ നാരദന്‍ ഉപദേശിച്ചു. പരശുരാമന്‍ ഉടനെ സഹ്യാദ്രിമേല്‍ നിന്നുകൊണ്ട് സായകമയച്ച് സമുദ്രത്തെ നീക്കി സ്ഥലമുണ്ടാക്കി. ആ സ്ഥലം രാമക്ഷേത്രം എന്നു പ്രസിദ്ധമായിത്തീര്‍ന്നു. ബാണം വീണദിക്കില്‍ ‘ബാണവല്ലി’ എന്നൊരു പുണ്യപുരവും ഉണ്ടായി.

ഇപ്രകാരം സമുദ്രനിഷ്‌കാസനം ചെയ്തുണ്ടാക്കിയ ഭൂമിയില്‍ സപ്തകൊങ്കണങ്ങള്‍ അടങ്ങിയിരിക്കുന്നു – അതാവിത്: (1) കേരളം (2) തുലംഗം (3) സൗരാഷ്ട്രം (4) കൊങ്കണം (5) കരഹാടം (6) കര്‍ണാടം (7) ബര്‍ബരം – ഈ ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണം 100 യോജന നീളവും 5 യോജന വീതിയും ആകുന്നു. ഗോകര്‍ണ്ണമെന്ന സ്ഥലത്ത് ശിവന്‍ അധിവസിക്കുന്നു. അവിടെ ശിവന് മഹാബലന്‍ എന്നു പേര്‍. അവിടെനിന്നും 10 യോജന വടക്ക് സപ്തകോടീശ്വരം എന്ന സ്ഥലത്ത് രാമന്‍ ഇരുന്നുകൊണ്ട് നാനാഭാഗങ്ങളില്‍നിന്നും ബ്രാഹ്മണരെ വരുത്തി നിര്‍ഭയരായി പാര്‍പ്പാന്‍ ആജ്ഞാപിച്ചു. അവര്‍ സ്മരിക്കുമ്പോള്‍ താന്‍ ചെന്നുകൊള്ളാമെന്നു പറഞ്ഞ് രാമന്‍ പോയി. ഒരിക്കല്‍ പൂതരായി ഗര്‍വ്വിഷ്ഠരായിത്തീര്‍ന്ന ബ്രാഹ്മണരും (ചിത്പാവന) ഇവരും ഒത്തുകൂടി പരശുരാമനെ പരീക്ഷിച്ചപ്പോള്‍ (മുന്‍പറഞ്ഞ വിധം) പരശുരാമന്‍ അവിടെ ചെല്ലുകയും കാരണമില്ലാതെ സ്മരിച്ചതിനായിട്ട് അവരെ ശപിക്കയും ചെയ്തു. ശാപവാക്കുകള്‍ (മുന്‍ പറഞ്ഞവ കൂടാതെ) താഴെ പറയുന്നവിധം ആയിരുന്നു:

‘വിദ്യകളില്‍ ഗര്‍വ്വിഷ്ഠരും, പരസ്പരം ഈര്‍ഷ്യയുള്ളവരും, മര്യാദയെ ലംഘിച്ചു കാലംകഴിക്കുന്നവരും, യാചകന്മാരും, ശൂദ്രരോടിരന്നു മേടിക്കുന്നവരും, ക്ഷത്രിയര്‍ക്കും മറ്റും ഭൃത്യപ്രായരും, അല്പജ്ഞന്മാരും, നികൃഷ്ടമായ പൂജകഴിക്കുന്നവരും, ദരിദ്രരെങ്കില്‍ ബഹുപുത്രരും, സമ്പന്നരെങ്കില്‍ സന്താനഹീനരും, കന്യാവിത്തം ഗ്രഹിക്കുന്നവരും, പുണ്യം വിലയ്ക്കു വില്‍ക്കുന്നവരും ആകട്ടെ.’ ശാപമോക്ഷം താഴെപ്പറയുന്ന വിധമായിരുന്നു:

‘ജനങ്ങള്‍ ധര്‍മ്മം വെടിഞ്ഞു നടക്കുന്നതായി ഘോരമായിരിക്കുന്ന കലിയുഗമാകുമ്പോള്‍ മാത്രം ശാപം ഫലിക്കട്ടെ.’

ടി 7-ാം അദ്ധ്യായത്തില്‍, പണ്ട് പരശുരാമന്‍ അശ്വമേധം ചെയ്യുകയും അവഭൃതസ്‌നാനാന്തരം അതില്‍ ഗുരുവായിരുന്ന കശ്യപന് സാഗരാന്തയായ ഭൂമിയെ ദാനം ചെയ്യുകയും ചെയ്തു. അതിന്റെ ശേഷം ഋത്വിക്കുകളെല്ലാരുംകൂടി രാമനോട് അദ്ദേഹത്തിനാല്‍ ദത്തയായ ഭൂമിയില്‍ ഇരിക്കരുതെന്നു പറഞ്ഞു. അതു സമ്മതിച്ച് നടന്നുപോവുകയും സഹ്യപര്‍വ്വതംകണ്ട് അതിന്മേല്‍കയറി വരുണനോട് കാര്യം പറയുകയും വരുണന്റെ അപേക്ഷപ്രകാരം പരശു എറിഞ്ഞ് രാജ്യമുണ്ടാക്കുകയും ചെയ്തു. അതിന്റെ അതിര്‍ത്തി7 സഹ്യപര്‍വ്വതം തുടങ്ങി 3 യോജന വീതിയില്‍ ‘കന്യാകുമാരി മുതല്‍ നാസികാത്ര്യംബകം’ വരെയാകുന്നു. അത് നൂറു യോജന നീളമുള്ളതും (മുന്‍പറഞ്ഞ വിധം) ഏഴുഭാഗങ്ങളോടുകൂടിയതും ആകുന്നു. ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമന്‍ ചില കൈവര്‍ത്തന്മാരെക്കണ്ട് അവരുടെ ചൂണ്ടല്‍ മുറിച്ചുകളഞ്ഞശേഷം അതിന്റെ ചരടിനെ പൂണുനൂലാക്കി കഴുത്തിലിട്ട് അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്നു വരംകൊടുത്ത് വിചാരിക്കുമ്പോള്‍ വരാമെന്നു പറഞ്ഞുപോകയും ചെയ്തു. അനന്തരം മുന്‍പറഞ്ഞ വിധം തന്നെ അവരെ ശപിച്ചു. ശാപത്തിലുള്ള വിശേഷവാക്യം താഴെ പറയുന്നു. ‘കുത്സിതാന്നഭക്ഷകന്മാരും ചൈലഖണ്ഡം (മുറിമുണ്ട്) ഉടുക്കുന്നവരും ആയിട്ട് അസിപ്രസ്താവനീസ്ഥാനത്തു ശ്ലാഘ്യരായിട്ടു ഭവിക്കട്ടെ.’

പരശുരാമന്‍ പോവുകയും ആ ബ്രാഹ്മണര്‍ ശാപപീഡിതരായിത്തീരുകയും ചെയ്തു. കുറേനാള്‍ കഴിഞ്ഞ് മയൂരവര്‍മ്മനെന്ന ആര്യകുലരാജാവ് ആ ദേശം പരിപാലിച്ചു. ശൂദ്രപ്രായരായ തന്നാട്ടിലെ ബ്രാഹ്മണരെ കണ്ടിട്ട് മയൂരവര്‍മ്മന്‍ അഹിച്ഛത്രത്തില്‍ പോയി അവിടെനിന്നും ബ്രാഹ്മണരെ കൊണ്ടുവന്ന് അവര്‍ക്കായിട്ട് 32 ഗ്രാമമുള്ള നാടു കൊടുത്തു. പരശുരാമനും മറ്റു ദിക്കില്‍നിന്നും വേറെ ബ്രാഹ്മണരെ വരുത്തി. 32 ഗ്രാമങ്ങളാക്കിച്ചമച്ചു ബ്രാഹ്മണരെ മേല്‍പ്രകാരം താമസിപ്പിച്ചു. പിന്നെ മയൂരവര്‍മ്മന്‍ കലിയുടെ ആക്രമണം കണ്ട് മന്ത്രിമാരെ രാജ്യം ഏല്‍പ്പിച്ചുംവെച്ച് കാട്ടില്‍ തപസ്സിനുപോയി. രാജകുമാരനായ ചന്ദ്രാംഗദനും മന്ത്രിമാരും രക്ഷയ്ക്കുപോരെന്നു വിചാരിച്ചു ബ്രാഹ്മണരെല്ലാവരുംകൂടി തിരിച്ചു പൊയ്ക്കളഞ്ഞു (അഹിച്ഛത്രത്തിലേക്ക്). അവിടെയുള്ളവര്‍ ഈ ചെന്നവരെ കൂട്ടിനടത്തിയില്ല. ഇവര്‍ പ്രത്യേകം പുറത്തുഭാഗത്തായി താമസിച്ചു. വളരെനാള്‍ കഴിഞ്ഞ് ചന്ദ്രാംഗദന്‍ പ്രാപ്തിയായപ്പോള്‍ ആ ബ്രാഹ്മണരെ അന്വേഷിച്ച് അഹിച്ഛത്രത്തില്‍ ചെന്ന് അവരെ പിടിച്ചുകൊണ്ടുവന്ന് പഴയപോലെ 32 ഗ്രാമങ്ങളില്‍ ഗൃഹഭേദങ്ങള്‍ ചെയ്ത് പിരിവുകള്‍ ഏര്‍പ്പെടുത്തി മുന്‍പില്‍ കുടുമയടയാളവും നിശ്ചയിച്ച് പാര്‍പ്പിച്ചു.

കേരളമാഹാത്മ്യം 4-ാം അദ്ധ്യായം (ഭൂഗോളപുരാണാന്തര്‍ഗതം)

ഇരുപത്തൊന്നു തവണ ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിച്ച് പാപശാന്തിക്കു പലവിധദാനങ്ങളും ചെയ്തുവാണ പരശുരാമനെ ഭൂദാനം ചെയ്‌വാന്‍ മുനിമാര്‍ പ്രേരിപ്പിച്ചു. അദ്ദേഹം രാജ്യം മുഴുവന്‍ ബ്രാഹ്മണര്‍ക്കു കൊടുത്തു. അനന്തരം തനിക്കിരിപ്പാന്‍ വേറെ സ്ഥലം അന്വേഷിക്കണമെന്നുള്ള അവരുടെ വാക്കുകേട്ട് വിഷാദിച്ചു. കൈലാസത്തുചെന്നു ശിവനെ സേവിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞാനുസരണം സുബ്രഹ്മണ്യനുമായി പുറപ്പെട്ട് കന്യാകുമാരിയില്‍ എത്തുകയും ചെയ്തു. അവിടെ സുബ്രഹ്മണ്യന്റെ പ്രഭാവംകൊണ്ടുണ്ടായ വിഷ്ണുമായയെ ഒരു വര്‍ഷം പരശുരാമന്‍ ഭജിച്ചു. അപ്പോള്‍ വരുണന്‍ പ്രത്യക്ഷമായി രണ്ടുപേരെയും നമസ്‌കരിച്ചു. വരുണനോടു താമസിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ‘പശ്ചിമസമുദ്രത്തില്‍ പരശുവിനെ ഇടത്തുകൈകൊണ്ടെറിഞ്ഞാല്‍ അതുചെന്നു വീഴുന്നെടത്തോളം ഭൂമിയെ പരിപാലിച്ചുകൊള്ളുകെവേണ്ടു’ എന്നു പറഞ്ഞു. ആ ഭൂമിക്കു ദശയോജന വിസ്തീര്‍ണ്ണവും ശതയോജന ദൈര്‍ഘ്യവും ഉണ്ട്.

കേരളോല്‍പത്തി

ദുഷ്ടന്മാരായ ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിപ്പാന്‍ ശ്രീപരശുരാമന്‍ അവതരിച്ച് തന്റെ കൃത്യം നിറവേറ്റി. അപ്പോളുണ്ടായ ‘വീരഹത്യാദോഷം പോക്കണമെന്നു കല്പിച്ചു കര്‍മ്മം ചെയ്‌വാന്‍ തക്കവണ്ണം ഗോകര്‍ണ്ണം പുക്ക് കന്മലയില്‍ ഇരുന്നു വരുണനെ സേവിച്ചു തപസ്സുചെയ്തു. ഭൂമിദേവിയെ വന്ദിച്ച് നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി. മലയാളഭൂമിക്കു രക്ഷവേണം എന്നുകല്പിച്ച് നൂറ്റെട്ട് ഈശ്വരപ്രതിഷ്ഠചെയ്തു. എന്നിട്ടും ഭൂമിക്ക് ഇളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീപരശുരാമന്‍ നിരൂപിച്ച് ബ്രാഹ്മണരെ ഉണ്ടാക്കി പല ദിക്കില്‍ നിന്നും കൊണ്ടുവന്നു കേരളത്തില്‍വച്ചു.’ അവര്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നാഗഭീതികൊണ്ട് ഓടിപ്പൊയ്ക്കളഞ്ഞു. പിന്നെ നാഗന്മാര്‍തന്നെ കുറേക്കാലം രാജ്യം ഭരിച്ചു. പരശുരാമന്‍ ഓടിപ്പോയവരുടെ വേഷവും ആചാരങ്ങളും ഭേദപ്പെടുത്തി അവരെ വീണ്ടും കേരളത്തില്‍ പാര്‍പ്പിച്ചു.

മുന്‍ കാണിച്ച പ്രമാണങ്ങളില്‍ കാണുന്നവിധം മലയാളബ്രാഹ്മണരുടെ ജന്മാവകാശം സംബന്ധിച്ച് നിരൂപിക്കേണ്ട പ്രധാന സംഗതികളാവിത്:

  1. മലയാളഭൂമി ഉണ്ടാക്കാനുള്ള ഹേതു.
  2. മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം.
  3. മലയാളഭൂമിയുടെ അതിര്‍ത്തിയും വിസ്തീര്‍ണ്ണവും.
  4. മലയാളഭൂമിദാനത്തിനുള്ള കാരണം.

ഈ സംഗതികളെപ്പറ്റി മേല്‍ കാണിച്ച ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങളെ അടുക്കായി താഴെ ചേര്‍ക്കുന്നു.

1. മലയാളഭൂമിയുണ്ടാക്കാനുള്ള ഹേതു: സ.ഉ. 1-ല്‍ ക്ഷത്രിയനിഗ്രഹവും ഭൂമിദാനവും കഴിഞ്ഞു വേറൊരു ഭൂമിയെ സൃഷ്ടിച്ചു എന്നും, ടി 6-ല്‍ ടി ദാനത്തിനുശേഷം ഇരിക്കാന്‍ ഭൂമിയില്ലാഞ്ഞു നാരദന്‍ പറകയാലും, ടി 7-ല്‍, ടി ദാനത്തിനുശേഷം ദത്തഭൂമിയില്‍ ഇരുന്നുകൂടെന്നു ഋത്വിക്കുകള്‍ പറകയാല്‍ ഇരിപ്പാന്‍ ഇടമന്വേഷിച്ചു വരുണന്റെ വാക്കിനാലും, കേരളമാഹാത്മ്യത്തില്‍ മേല്പറഞ്ഞവിധം ചതിപ്രയോഗത്താലുണ്ടായ ദാനത്താല്‍ രാജ്യം കൈവിട്ട് ഇരിപ്പാന്‍ സ്ഥലമില്ലാതെ കൈലാസത്തുചെന്നു സങ്കടം പറകയും ശിവന്റെ ആജ്ഞാനുസരണം സുബ്രഹ്മണ്യനുമായി കന്യാകുമാരിയില്‍ ചെന്നു സുബ്രഹ്മണ്യന്റെ പ്രാഭവംകൊണ്ടുണ്ടായ വിഷ്ണുമായയെ സേവിക്കയും ചെയ്കയാലും, ഭൂമിയുണ്ടാക്കിയെന്നും കാണുന്നു.

2. മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം: സഹ്യാദ്രി ഖണ്ഡം ഉത്തരാര്‍ദ്ധം 6-ാം അദ്ധ്യായത്തില്‍ സഹ്യാദ്രിയില്‍ നിന്നു സായകമയച്ചു സമുദ്രത്തെ നീക്കിയെന്നും, ടി 7-ാം അദ്ധ്യായത്തില്‍ പരശു എറിഞ്ഞു രാജ്യമുണ്ടാക്കിയെന്നും, കേരളമാഹാത്മ്യത്തില്‍ ഇടത്തു കൈകൊണ്ടു കന്യാകുമാരിയില്‍വച്ചു പരശു എറിഞ്ഞു അപ്രകാരം ചെയ്തു എന്നും, കേരളോല്പത്തിയില്‍ ഗോകര്‍ണ്ണത്തു കന്മലയിലിരുന്നു വരുണനെ സേവിച്ചു ഭൂമിയുണ്ടാക്കിയെന്നും കാണുന്നു.

3. മലയാളഭൂമിയുടെ അതിര്‍ത്തിയും വിസ്തീര്‍ണ്ണവും: സ.ഉ.1-ല്‍ കലിംഗത്തിലെ വൈതരണനദിക്കു തെക്ക് സുബ്രഹ്മണ്യത്തിനു വടക്ക് 100 യോജന നീളത്തില്‍ 3 യോജന വീതിയില്‍ എന്നും, ടി 6-ാം അദ്ധ്യായത്തില്‍ 100 യോജന നീളത്തില്‍ 5 യോജന വീതിയില്‍ എന്നും, കേരളമാഹാത്മ്യത്തില്‍ 100 യോജന നീളത്തില്‍ 10 യോജന വീതിയില്‍ എന്നും, കേരളോല്പത്തിയില്‍ 160 കാതം ഭൂമിയെന്നും കാണുന്നു.

4. മലയാളഭൂമിദാനത്തിനുള്ള കാരണം: പരശുരാമന്‍ മലയാളഭൂമിയെ ദാനം ചെയ്തതായിട്ടു സഹ്യാദ്രിഖണ്ഡത്തിലും കേരളമാഹാത്മ്യത്തിലും കാണുന്നില്ല. കേരളോല്പത്തിയില്‍ വീരഹത്യാപാപശാന്തിക്കായിട്ടും കേരളാവകാശക്രമത്തില്‍ വീരഹത്യാപാപാവശിഷ്ടത്തിന്റെ പരിഹാരത്തിനായിട്ടും അപ്രകാരം ചെയ്തു എന്നുകാണുന്നു.8

ഇനിയും പരശുരാമന്‍ ബ്രാഹ്മണരെ കൊണ്ടുവരിക, അവര്‍ തിരിച്ചു പൊയ്ക്കളയുക, വീണ്ടും കൊണ്ടുവന്നു പാര്‍പ്പിക്കുക മുതലായ കാര്യങ്ങള്‍, വാസ്തവസംഗതികളെ മറയ്ക്കാന്‍വേണ്ടിയുള്ള യത്‌നത്തില്‍ ഒന്നിനൊന്നു വിപരീതമായും പൊതുവെ വിശ്വാസയോഗ്യമല്ലാതേയും ഈ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഇതിന് ഒരു ഉദാഹരണം പറയാം: മലയാചലനിവാസികളും രണശൂരന്മാരുമായ നാകന്മാര്‍ സമുദ്രംവയ്പില്‍ ഉണ്ടായ ഭൂമിയെ കൈവശംവച്ച് രക്ഷിക്കുമ്പോള്‍, മറ്റുള്ളവര്‍ അതില്‍ പ്രവേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ നാകന്മാര്‍ കയര്‍ക്കുകയും, വിദേശികള്‍ ഭയപ്പെട്ട് ഓടി രക്ഷപെടുകയും ചെയ്തു. പിന്നീട് ആശ്രയിച്ച് അപേക്ഷിച്ചപ്പോള്‍ അവിടവിടെ പാര്‍ത്തുകൊള്ളുവാന്‍ അവരെ നാകന്മാര്‍ അനുവദിച്ചു9. ഇപ്രകാരം വാസ്തവസംഗതികള്‍ ഇരിക്കവെ സ്വാര്‍ത്ഥതല്പരതനിമിത്തം ‘നാകന്മാര്‍’ എന്ന വര്‍ഗ്ഗനാമത്തെ (ദ്രാവിഡഭാഷയിലുള്ള) സംസ്‌കൃതത്തിലെ നാഗന്മാര്‍’10 എന്ന പദമായിട്ടു മാറ്റിമറിക്കയും സമുദ്രം നീങ്ങി ഉണ്ടായ കേരളത്തില്‍ സര്‍പ്പങ്ങള്‍ അധികം ഉണ്ടായിരുന്നതിനാല്‍ പാര്‍പ്പാന്‍ പാടില്ലാതെ വന്നു എന്നും മറ്റും എഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നു.

നടന്നതോ നടക്കുന്നതോ ആയ ഒരു സംഗതിയുടെ കാരണം അറിയുന്നതിനായി വിചാരണ ചെയ്യുമ്പോള്‍ അതുസംബന്ധമായ സാക്ഷിമൊഴിയും പ്രമാണവും പൂര്‍വ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും കാണപ്പെടുന്നു എങ്കില്‍ ആയത് അവിശ്വാസ്യവും ത്യാജ്യവും ആണെന്നും, ഒരേപ്രകാരം യുക്ത്യനുഭവങ്ങള്‍ക്കു ചേര്‍ന്നിരിക്കുന്നു എങ്കില്‍ വിശ്വാസ്യവും സ്വീകാര്യവും ആണെന്നും ഉള്ളത് സര്‍വ്വസമ്മതമാണല്ലൊ. മലയാളബ്രാഹ്മണരുടെ ജന്മാവകാശത്തെ നിര്‍ണ്ണയിക്കുന്ന അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ അതുസംബന്ധമായ വിവരങ്ങള്‍ പൂര്‍വ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവ വിശ്വാസയോഗ്യങ്ങളല്ലെന്നും അതിനാല്‍ അവര്‍ക്ക് ഇവിടെ ജന്മാവകാശമില്ലെന്നും സിദ്ധിക്കുന്നു11.

സംഗതികള്‍ അനുഭവത്തില്‍ ഇരിക്കയാല്‍ സാക്ഷിമൊഴിയും പ്രമാണവും അവിശ്വാസ്യങ്ങളായിരിക്കുന്നതുകൊണ്ട് വലിയ ദോഷമില്ലെന്നും പ്രകൃതത്തിലെ പല വിഷയങ്ങളും പ്രസ്തുത പ്രമാണഗ്രന്ഥങ്ങളില്‍ ഏറക്കുറെ സമ്മതിക്കപ്പെട്ടിരിക്കുന്നതിനാലും ഈ മലയാളത്തിലെ ഏര്‍പ്പാടും നടപ്പും ഏതാവല്‍പര്യന്തം അവയ്ക്ക് അനുസരണമായിത്തന്നെ ഇരിക്കുന്നതിനാലും അവയേയും ആവക പ്രമാണസാരങ്ങളേയും വിശ്വസിക്കേണ്ടതാണെന്നും ഒരു പക്ഷമുണ്ടാകാം. ഇതിന്‍പ്രകാരം താഴെപ്പറയുന്ന സംഗതികള്‍ അംഗീകാര്യങ്ങളായിത്തീരുന്നു: ഈ മലയാളഭൂമി പരശുരാമക്ഷേത്രമാകുന്നു. പരശുരാമന്‍ ബ്രാഹ്മണരെ വരുത്തി അവര്‍ക്കായിട്ട് അതിനെ ദാനംചെയ്തു. അങ്ങനെ ഇവിടത്തെ സകല അവകാശങ്ങളും അധികാരങ്ങളും യജമാനത്വവും ബ്രാഹ്മണര്‍ക്കും ദാസ്യവൃത്തി മുതലായ എല്ലാ ഏര്‍പ്പാടുകളും നടപടികളും മലയാളിനായന്മാര്‍ക്കും (ഇടക്കാലങ്ങളില്‍ തുടങ്ങി ഈ ബ്രാഹ്മണരാല്‍ ശൂദ്രരെന്നു വിളിക്കപ്പെട്ടുപോരുന്ന) സിദ്ധിച്ചു.

ഈ സംഗതികളെ പ്രത്യേകം പ്രത്യേകമായി തിരിച്ച് അവയുടെ അയാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നതിനുള്ള വിശേഷഖണ്ഡനം അടുത്ത അദ്ധ്യായം മുതല്‍ ആരംഭിക്കുന്നു.

അടിക്കുറിപ്പുകള്‍

1. മലൈ+അളം (പ്രദേശം) = മലൈയളം മലൈയ+അളം = മലൈയവളം

2. നമ്പൂരി, എമ്പ്രാന്‍, പോറ്റി ഈ പേരുകളെ വഹിക്കുന്നവര്‍ നായന്മാര്‍ (നാകന്മാര്‍ ആണെന്ന് ഗ്രന്ഥകര്‍ത്താവിന്റെ രണ്ടാംപുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു – പ്രസാ.

3. ‘വൈതരണ്യാ ദക്ഷിണേ തു സുബ്രഹ്മണ്യാ തഥോത്തരേ സഫ്യാല്‍ സാഗരപര്‍യ്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം ശതയോജനമായാതം വിസ്താരം ത്രാണിയോജനം.’

4. കലിംഗത്തില്‍

5. മുറത്തിന്റെ ആകൃതിയില്‍

6. ചിത്പാവനബ്രാഹ്മണര്‍

7. ‘സഹ്യപര്‍വ്വതമാരഭ്യ യോജനത്രിതയാവധി

കന്യാകുമാരീചൈകത്ര നാസികാത്ര്യംബകഃ പരം’

8. കേരളക്ഷിതിരത്‌നമാല മുതലായി ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന മറ്റു ഗ്രന്ഥങ്ങള്‍ മിക്കവാറും സംഗതികളില്‍ മേല്‍പറഞ്ഞ ഗ്രന്ഥങ്ങളോടു യോജിക്കുന്നതിനാല്‍ ഗ്രന്ഥകര്‍ത്താവ് അവയെപ്പറ്റി പ്രത്യേകം പറയാത്തതായിരിക്കണം.

9. യാത്രകളിയില്‍ വിനോദമായിപ്പറയുന്ന ഇട്ടിക്കണ്ടപ്പന്‍നായരുടെ അധികാരം ആന്തരാല്‍ വാസ്തവമായിരുന്നിരിക്കും.

10. കേരളം മാസികയില്‍ നാഗങ്ങള്‍ മനുഷ്യസ്ത്രീകളുമായി കാമക്രീഡ ചെയ്തിരുന്നതിനെ സംബന്ധിച്ചും മറ്റും ഒരു മഹാന്‍ അത്ഭുതപ്പെട്ട് എഴുതിയിരിക്കുന്നു. കേരളോല്പത്തിയില്‍ ബ്രാഹ്മണരെ ഭയപ്പെടുത്തി ഓടിച്ചശേഷം സര്‍പ്പങ്ങള്‍ കുറേക്കാലം രാജ്യം ഭരിച്ചിരുന്നതായിപ്പറയുന്നു.- പ്രസാ.

11. പക്ഷേ, ഇനി നായന്മാര്‍ക്കു കൂടുതല്‍ വസ്തുതകള്‍ വേണമെങ്കില്‍ പണം കൊടുത്തു വാങ്ങണം. സാക്ഷാല്‍ ജന്മിയുടെ സ്ഥാനം അതുകൊണ്ടും സിദ്ധിക്കുകയില്ലാ.