മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നിട്ടില്ല

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം 2

സംഗ്രഹം: പരശുരാമനു പാപമില്ലെന്നും അതിനാല്‍ പാപപരിഹാരത്തിനായിട്ട് മലയാളഭൂമിയെ ദാനംചെയ്‌വാന്‍ കാരണമില്ലെന്നും ഒന്നാം അദ്ധ്യായത്തില്‍ സാധിച്ചു. ഈ അദ്ധ്യായത്തില്‍ ദാനംകൊടുക്കുന്നതിനായ് അദ്ദേഹം വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തിയിട്ടില്ലെന്നും തെളിയിക്കുന്നു. ഇതിലേക്കായി ഏര്‍പ്പെടുന്ന പ്രധാന വാദമുഖങ്ങളേയും അതുകളുടെ തീര്‍ച്ചകളേയും വായനക്കാരുടെ സൗകര്യത്തിനായി ഇവിടെ കാണിക്കുന്നു.

1. മറ്റുള്ള ജാതികളെന്നപോലെ മലയാളബ്രാഹ്മണരിലും അനേകം അവാന്തരവിഭാഗങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. ഇവയെ വിവരിക്കുന്ന കേരളമാഹാത്മ്യം, കേരളാവകാശക്രമം മുതലായ പ്രമാണങ്ങളില്‍ ദാനസ്വീകരണവും മറ്റുമാണ് ഈ വിഭാഗത്തിന്റെ അടിസ്ഥാനമെന്നു കാണുന്നു. അവയില്‍ ആദ്യകാരണം ദാനസ്വീകരണമായിരിക്കണമെന്നും മറ്റു കാരണങ്ങള്‍ കാലാന്തരത്തില്‍ സംഭവിച്ചവയായിരിക്കണമെന്നും ഉള്ളതിനു സംശയമില്ല. ദാനം സ്വീകരിച്ചവരെ ഭ്രഷ്ടന്മാരായിട്ടും സ്വീകരിക്കാത്തവരെ ഉത്തമന്മാരായിട്ടും അദ്യാപി* ഗണിച്ചുപോരുന്നുണ്ട്. ഈ ഫലം സംഭവ്യമാണോ എന്നു പരിശോധിക്കാം.

2. പരശുരാമനില്‍നിന്നും ദാനം വാങ്ങിയതുകൊണ്ടു ബ്രാഹ്മണര്‍ക്ക് പതിത്വം സംഭവിക്കണമെങ്കില്‍ ദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ മലയാളഭൂമിദാനത്തിനുമുമ്പുതന്നെ അനേകം മഹാദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമനു പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല. ഇതു മുന്നദ്ധ്യായത്തില്‍ സാധിക്കയും ചെയ്തിരിക്കുന്നു. ആയതിനാല്‍ ബ്രാഹ്മണര്‍ക്കു പതിത്വം വന്നു എന്നു പറയുന്നതു ശരിയല്ല.

3. ശരിയായ കര്‍മ്മാനുഷ്ഠാനങ്ങളുണ്ടെങ്കില്‍ ദാനം വാങ്ങുന്നതുകൊണ്ടു ബ്രാഹ്മണര്‍ക്കു പതിത്വം വരികയില്ല; പതിത്വം വന്നു എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ആ ബ്രാഹ്മണര്‍ക്കു കര്‍മ്മശക്തിയില്ലായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തില്‍ ഭയന്നു കയ്യില്‍ വാങ്ങാതെയിരുന്ന ഉത്തമന്മാരും കയ്യില്‍ വാങ്ങി ഭ്രഷ്ടരായിത്തീര്‍ന്ന മറ്റുള്ളവരും ആന്തരാല്‍ ഒരുപോലെതന്നെ. ആകയാല്‍ മലയാളത്തില്‍ വരുന്നതിനുമുമ്പ് ഈ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്നതായി കേരളമാഹാത്മ്യാദികളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതാംശങ്ങള്‍ ഇവരെ സംബന്ധിക്കാനിടയില്ല.

4. ദാനസ്വീകാരംനിമിത്തം പതിത്വം വന്നത് ദാനാര്‍ഹത ഇല്ലായ്മകൊണ്ടല്ല. പരശുരാമന്റെ പ്രത്യേകവിധിപ്രകാരം ആണ് എന്നുള്ള പക്ഷത്തില്‍ മറ്റു ഭൂമികളെ ദാനംചെയ്തപ്പോള്‍ ഏര്‍പ്പെടുത്താത്ത ചട്ടം മലയാളഭൂമിദാനത്തിന്റെ കാര്യത്തില്‍ മാത്രം പരശുരാമന്‍ ശ്രുതിസ്മൃത്യാദികള്‍ക്കും ലൗകികനിയമത്തിനും വിപരീതമായി ഏര്‍പ്പെടുത്താനിടയില്ല.

5. പരശുരാമന്‍ ദാനാര്‍ഹരായവര്‍ക്കേ ദാനം ചെയ്തിട്ടുള്ളു എന്നു പ്രമാണങ്ങളില്‍ കാണുന്നു. ദാനാര്‍ഹന്മാരുടെ ലക്ഷണം ദാതാവിന്റെ പാപത്തെ കര്‍മ്മശക്തികൊണ്ട് അവരിലും തങ്ങളിലും പറ്റാത്തവിധം നശിപ്പിക്കുന്നതാണ്. എന്നാല്‍ മലയാളബ്രാഹ്മണര്‍ക്കു ദാനം വാങ്ങിയതുകൊണ്ട് പതിത്വം വന്നതായി കാണുന്നതിനാല്‍ അവരെ പരശുരാമന്‍ ഇതിലേക്കായിട്ടു കേരളത്തില്‍ വരുത്തിയിട്ടില്ല.

ബ്രാഹ്മണരുടെ ജാതിവിഭാഗം

‘അഷ്ടൗ ഹി വിപ്രാ ദ്വൗ ന്യൂനൗ
ദ്വാദശൈവാന്തരാളികാഃ’ (ജാതിനിര്‍ണ്ണയം)

അര്‍ത്ഥം: ‘ബ്രാഹ്മണവര്‍ഗ്ഗത്തില്‍ ജാതി എട്ട്; ന്യൂനജാതി രണ്ട്; അന്തരാളജാതി പന്ത്രണ്ട്.’

ഈ ജാതികള്‍ എല്ലാം താഴെ പറയുന്ന വിഭാഗങ്ങളിലും അവയുടെ പിരിവുകളിലും ഉള്‍പ്പെട്ടിരിക്കുന്നു.

‘സമ്രാഡാഢ്യോ വിശിഷ്ടശ്ച
സാമാന്യോ ജാതിമാത്രകഃ
സാങ്കേതികശ്ച ശപ്തശ്ച
പാപീത്യഷ്ടവിധോ ദ്വിജഃ’ (ജാതിനിര്‍ണ്ണയം)

അര്‍ത്ഥം: ‘1-ാമത് സമ്രാട് (തമ്പ്രാക്കള്‍); 2-ാമത് ആഢ്യന്മാര്‍ (അഷ്ടഗൃഹത്തില്‍); 3-ാമത് വിശിഷ്ടബ്രാഹ്മണര്‍; 4-ാമത് സാമാന്യന്മാര്‍; 5-ാമത് ജാതിമാത്രന്മാര്‍; 6-ാമത് സാങ്കേതികന്മാര്‍: 7-ാമത് ശാപഗ്രസ്ഥന്മാര്‍: 8-ാമത് പാപികള്‍.’

ഇവരില്‍ ഒന്നാമതായ തമ്പ്രാക്കള്‍ക്ക് ഭദ്രാസനം, സാര്‍വ്വമാന്യം, ബ്രഹ്മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ്സ് ഇങ്ങനെ നാലുസ്ഥാനങ്ങള്‍ പരശുരാമന്‍ ആചന്ദ്രതാരം പുത്രപൗത്രപരമ്പരയായി കൊടുത്തിരിക്കുന്നു. ഇവരുടെ വൃത്തി മേല്പറഞ്ഞ സ്ഥാനങ്ങളെ യഥാവിധി അനുഷ്ഠിച്ചുപോരികയാകുന്നു.

രണ്ടാമത് അഷ്ടഗൃഹത്തില്‍ ആഢ്യന്മാര്‍ വളരെ യാഗം ചെയ്ത് ദേവപ്രീതി സമ്പാദിച്ചിട്ടുള്ളവരാകയാല്‍ മേലില്‍ ഇവര്‍ക്ക് യാഗം ചെയ്യാതെതന്നെ യാഗഫലത്തോടുകൂടി തപസ്സ്, വേദവേദാംഗങ്ങളുടെ അര്‍ത്ഥജ്ഞാനം, പ്രഭുത്വം, ധര്‍മ്മശീലത്വം ഇങ്ങനെ നാലുസ്ഥാനങ്ങള്‍ പരശുരാമന്‍ കൊടുത്തിരിക്കുന്നു. തദനുഷ്ഠാനംതന്നെ ഇവരുടെ വൃത്തി. ഇവരെ നമ്പൂരിപ്പാടന്മാര്‍ എന്നു പറയും.

മൂന്നാമത് വിശിഷ്ടബ്രാഹ്മണര്‍, ഇവര്‍ക്ക് അഗ്നിഹോത്രം, ഭട്ടവൃത്തി, സന്ന്യാസം, അന്യദ്വിജന്മാരെ കൊണ്ട് യാഗംചെയ്യിക്കല്‍ ഇങ്ങനെ നാലു സ്ഥാനങ്ങള്‍ കൊടുത്തിരിക്കുന്നു. തദനുഷ്ഠാനംതന്നെ ഇവരുടെ വൃത്തി. ‘ആധാനം’ എന്ന കര്‍മ്മം ചെയ്താല്‍ ഇവരെ ‘ആഹിതാഗ്നി’ അല്ലെങ്കില്‍ ‘അടിതിരി’ എന്നും സോമയാഗം ചെയ്താല്‍ ‘സോമയാജി’ അല്ലെങ്കില്‍ ‘ചോമാതിരി’ എന്നും അഗ്നിചയനം ചെയ്താല്‍ ‘അഗ്നിചിത്ത്’ അല്ലെങ്കില്‍ ‘അക്കിത്തിരി’ എന്നും ഭട്ടവൃത്തിമാത്രമുള്ളവരെ ‘ഭട്ടതിരി’മാര്‍ എന്നും പറയുന്നു.

നാലാമതു സാമാന്യബ്രാഹ്മണര്‍, ഇവര്‍ക്കു വേദാദികള്‍ അഭ്യസിക്കുക, സന്ന്യാസം, മന്ത്രവാദം, ക്ഷേത്രങ്ങളില്‍ തന്ത്രം ഇങ്ങനെ നാലു സ്ഥാനങ്ങള്‍ കൊടുത്തിരിക്കുന്നു.

അഞ്ചാമതു ജാതിമാത്രന്മാര്‍. ഇവരെ നാലുതരമായി പറഞ്ഞിരിക്കുന്നു. (1) പരശുരാമനിയോഗത്താല്‍ വൈദ്യശാസ്ത്രം അഭ്യസിച്ചു ചികിത്സിക്കുന്നവരായ അഷ്ടവൈദ്യന്മാര്‍. (2) പരശുരാമനോടു ബ്രഹ്മക്ഷത്രമായി മലയാളത്തെ രക്ഷിപ്പാന്‍ ആയുധം വാങ്ങിയവര്‍. (3)ദാരിദ്ര്യം കൊണ്ടോ മഹാരോഗംകൊണ്ടോ വേദാദ്ധ്യയനത്തെ ഉപേക്ഷിച്ച് ഏതു പ്രവൃത്തികൊണ്ടെങ്കിലും ജീവനെ രക്ഷിച്ചവരായ ബ്രാഹ്മണര്‍. (4) രാഗദ്വേഷാദികളെക്കൊണ്ടു ദുഷ്ടന്മാരായതുനിമിത്തം വേദാദ്ധ്യയനത്തെ ഉപേക്ഷിച്ചു സ്വേച്ഛയായി ഓരോ വേഷങ്ങളെ അവലംബിച്ച് ജീവനെ രക്ഷിച്ചവര്‍. ഇവര്‍ക്ക് ഉത്തമന്മാരോടുകൂടി ഒരു കടവില്‍ സ്‌നാനം, പങ്ക്തിഭോജനം, രംഗസ്ഥാനം, മഹാനസം (അരങ്ങും അടുക്കളയും) ഇങ്ങനെ നാലു സ്ഥാനങ്ങള്‍ കൊടുത്തിരിക്കുന്നു. ഇവരില്‍ മുമ്പു മുമ്പു പറഞ്ഞവര്‍ക്ക് ക്രമേണ കൂടുതല്‍ ശ്രേഷ്ഠത്വവും പിമ്പു പിമ്പു പറഞ്ഞവര്‍ക്ക് അതുപോലെ ന്യൂനതയും ഉള്ളതായി വിധിച്ചിരിക്കുന്നു. ഈ കൂട്ടരില്‍ ഒന്നാമതായി പറയപ്പെട്ട അഷ്ടവൈദ്യന്മാര്‍ക്ക് ചികിത്സാദിയും, രണ്ടാമതായുള്ളവര്‍ക്ക് നാലു സ്ഥാനങ്ങളുടെ അനുഷ്ഠാനവും മറ്റുള്ള പരിഷകള്‍ക്ക് സ്വസ്ഥതയും വൃത്തികളാകുന്നു. അഷ്ടവൈദ്യന്മാരെ സാമാന്യമായി ‘നമ്പൂരി’ എന്നും വിശേഷമായി ‘മൂസ്സ്’ എന്നും ‘നമ്പി’ എന്നും പറയുന്നു. രണ്ടാംതരക്കാരെ ‘ശാസ്ത്രനമ്പൂരിമാര്‍’ എന്നും മൂന്നും നാലും തരക്കാരെ വെറും നമ്പൂരിമാര്‍ എന്നും പറയുന്നു.

ആറാമത് സാങ്കേതികന്മാര്‍: ഇവര്‍ മലയാളത്തിലുള്ള ഉപദ്രവംനിമിത്തം അവിടം ഉപേക്ഷിച്ചുപോകയും പിന്നീട് ആ സ്ഥലം സ്വര്‍ഗ്ഗതുല്യമായിത്തീരുകയാല്‍ പരശുരാമനോടപേക്ഷിച്ച് വീണ്ടും വന്നു പാര്‍ക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവരെ പരശുരാമന്‍ ‘ഹേ! ബ്രാഹ്മണാഃ!’ എന്നു വിളിക്കുകയും അതിലുള്ള പകുതിഭാഗം ഇവരുടെ പേര്‍ ആയിട്ടു തീരുകയും ചെയ്തു. ആയത് ‘ഹെബ്രാ’ എന്നാകുന്നു. അതു ലോപിച്ച് എമ്പ്രാന്‍ എന്നായിത്തീര്‍ന്നു. ഇവരില്‍ ചിലര്‍ക്ക് മുഴുവനും മലയാളാചാരവും ചിലര്‍ക്ക് പരദേശാചാരവും മറ്റുചിലര്‍ക്ക് ഇതുകള്‍ ഇടകലര്‍ന്ന ഒരു രീതിയും ആകുന്നു. ഇവരെ ആറു ക്ലാസ്സാക്കി വ്യവഹരിച്ചുപോരുന്നു: (1) തിരുവല്ലാദേശി, (2) തൃപ്പൂണിത്തുറദേശി, (3) അക്കരദേശി, (4) ഇക്കരദേശി, (5) കര്‍ണ്ണാടകര്, (6) തൗളവന്മാര് ഇതില്‍ തിരുവല്ലാദേശികളെ കോലത്തിരിരാജാവു കൊണ്ടുവന്നു കോലത്തുനാട്ടില്‍ വാഴിക്കയും തൃപ്പൂണിത്തുറദേശികളെ തൃപ്പൂണിത്തുറരാജാവു കൊണ്ടുവന്ന് അവിടെ വാഴിക്കയും മൂന്നും നാലും തരക്കാരെ കുലശേഖരമഹാരാജാവു കൊണ്ടുവന്നു വാഴിക്കയും ചെയ്തു. കര്‍ണ്ണാടകന്മാരും തൗളവന്മാരും ആരും കൊണ്ടുവരാതെ തങ്ങള്‍തന്നെ ദക്ഷിണദിക്കുകളില്‍ ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്നവരാകുന്നു. ഈ ആറു ക്ലാസ്സുകാരേയും പരശുരാമന്‍ മുപ്പത്തിരണ്ടു ഗ്രാമങ്ങളില്‍ പണ്ടു വാഴിച്ചു. ഇവര്‍ക്ക് വേദാദ്ധ്യയനം, ക്ഷേത്രങ്ങളില്‍ ശാന്തി, നമസ്‌കാരഭക്ഷണം, പരികര്‍മ്മം ഇങ്ങനെ നാലു സ്ഥാനങ്ങള്‍ കൊടുത്തിരിക്കുന്നു.

ഏഴാമത് ശാപഗ്രസ്ഥന്മാര്‍: പരശുരാമന്റെ പ്രത്യക്ഷത്തെ പരീക്ഷിക്കയാല്‍ അദ്ദേഹത്തിനാലും ആചാര്യസ്വാമികളാലും ശപിക്കപ്പെട്ടവരാകുന്നു ഇവര്‍ ഇവരേയും സാമാന്യമായി ‘നമ്പൂരിമാര്‍’ എന്നു പറയും. ഇവര്‍ക്ക് അവേദപാഠവും, അനമസ്‌കാരഭക്ഷണവും, അപൂജ്യത്വവും, അസഹസ്ഥിതിയും ഇങ്ങനെ നാലു സ്ഥാനങ്ങളും തത്സംബന്ധമായ വൃത്തികളും വിധിച്ചിരിക്കുന്നു.

എട്ടാമത് പാപികള്‍: ഇവരെ അഞ്ചു ക്ലാസ്സാക്കിപ്പറഞ്ഞിരിക്കുന്നു. (1) പരശുരാമനോടു ദാനംവാങ്ങിച്ചവരായ ഊരിലെ ‘പരിഷമൂസ്സെന്മാര്‍’ (2) പെരുമാളെ നിഗ്രഹിപ്പാന്‍ അനുവാദം കൊടുത്ത ഗ്രാമണികള്‍. (3)വരാഹമൂര്‍ത്തിയെക്കളഞ്ഞ പന്നിയൂര്‍ ഗ്രാമക്കാര്‍. (4) ശൂദ്രപൗരോഹിത്യം വഹിച്ച ഇളയതന്മാര്‍. (5) ബ്രാഹ്മണരുടെ അനുവാദപ്രകാരം പെരുമാളിനെ നിഗ്രഹിച്ച നമ്പിടികള്‍. ഇവരില്‍ ഒന്നുമുതല്‍ മൂന്നുവരെ ക്ലാസ്സുകളിലുള്ളവര്‍ക്ക് പാപതാരതമ്യംപോലെ സ്ഥാനതാരതമ്യവും നാലും അഞ്ചും ക്ലാസ്സുകാര്‍ക്ക് ജാതിഭേദവും ഉണ്ട്. ഇതുകൂടാതേയും; ഏതേതു കര്‍മ്മങ്ങള്‍ ചെയ്താല്‍ ഭ്രഷ്ട് ഭവിക്കുമെന്ന് ശാസ്ത്രത്താല്‍ വിധിക്കപ്പെട്ടിരിക്കുന്നുവൊ ആ കര്‍മ്മങ്ങള്‍ ചെയ്തവരേയും പാപിഷ്ഠന്മാര്‍ എന്നു പറയുന്നു.

മേല്‍വിവരിച്ച ബ്രാഹ്മണരെ അവരുടെ വിശേഷാലുള്ള പേരുകളെക്കൊണ്ടല്ലാതെ സാമാന്യമായി ‘നമ്പൂരിമാര്‍’ എന്നും നാലും അഞ്ചും ക്ലാസ്സുകളില്‍ ചിലരെ ‘പോറ്റിമാര്‍’ എന്നും വ്യവഹരിച്ചുവരുന്നു. ഒടുവില്‍ വിവരിച്ചവരില്‍ ചില സ്ഥാനമുളളവരെ ‘നമ്പിടിമാര്‍’ (പണ്ടാരത്തില്‍) എന്നും പറയുന്നു. ആറാംക്ലാസ്സുകാരെ സാമാന്യമായി ‘എമ്പ്രാന്‍’ എന്നും ചില ദിക്കുകളില്‍ ‘പോറ്റി’ എന്നും ഏഴാംക്ലാസ്സിലുള്ളവരെ സാമാന്യമായി ‘നമ്പൂരി’ എന്നും എട്ടാംക്ലാസ്സിലുള്ളവരില്‍ മൂന്നാമന്മാരെ ‘നമ്പൂരി’ എന്നും ശിഷ്ടമുള്ളവരെ അതതു പിരിവില്‍ വിവരിച്ചിരിക്കുന്നതുപോലെയും വ്യവഹരിച്ചുപോരുന്നു. മാതൃവഴിയവകാശം സ്വീകരിച്ച പയ്യന്നൂര്‍ ഗ്രാമക്കാരായ ബ്രാഹ്മണരെ ‘അമ്മാമന്മാര്‍’ എന്നുപറയുന്നു. മേല്‍ക്കാണിച്ച വിഭാഗങ്ങളില്‍ ചിലതില്‍ ഉള്‍പ്പെട്ട ബ്രാഹ്മണദാനം വാങ്ങുക ഹേതുവായിട്ടും മറ്റും ചിലര്‍ അതില്‍ പിന്നീടു സംഭവിച്ച വേറെ കാരണങ്ങളാലും ഭ്രഷ്ടന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അവര്‍ക്കു തക്കതായ കര്‍മ്മശക്തിയില്ലായിരുന്നു എന്നും അങ്ങനെ കര്‍മ്മശക്തിയില്ലാത്തവരും അതിനാല്‍ ദാനത്തിന് അര്‍ഹതയില്ലാത്തവരും ആയ ബ്രാഹ്മണന്മാരെ പരശുരാമന്‍ ദാനത്തിനായി കൊണ്ടുവന്നിരിക്കയില്ലെന്നും വിചാരിക്കേണ്ടതാണ്.

പരശുരാമന്‍ കൊണ്ടുവന്ന ബ്രാഹ്മണര്‍ മലയാളത്തില്‍ വരുംമുമ്പ് ഉത്തമന്മാരായിരുന്നു എന്നുള്ളതിനു പറയുന്ന പ്രമാണം:

‘കൃഷ്ണാതീരേ തു ഗത്വാഥ ചചാര ഭൃഗുനന്ദനഃ’
…………………… ഇത്യാദി.’

[അനുബന്ധം (1) നോക്കുക.]

ഇത്യാദിയായ പ്രമാണങ്ങളാലും ദാനം വാങ്ങുക മുതലായ ഭ്രഷ്ടുസംഗതികളില്‍ ഉള്‍പ്പെട്ടവരെ ഒഴിച്ചു ശേഷമുള്ള മലയാളബ്രാഹ്മണര്‍ എല്ലാവരും ഉത്തമന്മാരായിത്തന്നെ ഇരിക്കയാലും ഭാര്‍ഗ്ഗവന്‍ കൊണ്ടുവന്നപ്പോള്‍ അവരില്‍ ആരുംതന്നെ ഭ്രഷ്ടന്മാരായിരുന്നില്ലെന്നും ഇവിടെ വന്ന് മേല്പറഞ്ഞ സംഗതികളില്‍ ചേര്‍ന്ന കാരണത്താല്‍ അപ്പോള്‍മുതല്‍ക്ക് ഇപ്രകാരം പതിത്വം അവര്‍ക്കു സംഭവിച്ചതാണെന്നും ഈ വിഷയത്തില്‍ ഒരു സമാധാനം പറഞ്ഞേക്കാം.

ടി പ്രമാണം ഇവിടെ യോജിക്കുന്നില്ലാ

എന്നാല്‍ ഏതാനും പേര്‍ ഉള്‍പ്പെടുകയും അതുകൊണ്ട് ഭ്രഷ്ടന്മാരായിപ്പോകയുംചെയ്തു എന്നും മറ്റുള്ളവര്‍ ഉള്‍പ്പെടാതെ മാറിനിന്നുകളഞ്ഞതുകൊണ്ട് പൂജ്യന്മാരായി എന്നും കാണുകയാല്‍ ഈ ഒടുവില്‍ പറഞ്ഞവരും ഉള്‍പ്പെട്ടിരുന്നു എങ്കില്‍ മറ്റേവരെപ്പോലെ ഭ്രഷ്ടന്മാരാകുമായിരുന്നു എന്നും അങ്ങനെ ചെയ്യാത്തതുകൊണ്ടു മാത്രമാണ് ഭ്രഷ്ടന്മാരാകാതിരിക്കുന്നത് എന്നും തീര്‍ച്ചയാക്കാം. ഈ ഒരു സംഗതികൊണ്ടുതന്നെ ഇവര്‍ എല്ലാവരും ആന്തരാല്‍ തുല്യന്മാരാണെന്നും തന്നിമിത്തം ദാനാര്‍ഹന്മാരല്ലെന്നും പ്രസ്തുത പ്രമാണം ഇവരെ സംബന്ധിക്കയില്ലെന്നും സിദ്ധിക്കുന്നു.

ദാനം വാങ്ങിയനിമിത്തം ഭ്രഷ്ടുഭവിപ്പാന്‍ ഇടയില്ലാ

സ്വീകൃത്തുക്കള്‍ക്ക് ദാനസ്വീകാരദ്വാരാ സംക്രമിച്ച വീരഹത്യാപാപമാണ് ഈ മലയാളബ്രാഹ്മണരില്‍ ഇങ്ങനെ ഭ്രഷ്ടരൂപമായി നിലനിന്നുപോരുന്നതെന്നു കാണുന്നല്ലൊ. അങ്ങനെയാണെങ്കില്‍ ഈ പാപം നിന്നിരുന്ന സ്ഥലത്തെല്ലാം ഭ്രഷ്ടരൂപമായിത്തന്നെ ഇരുന്നിരിക്കാന്‍ ഇടയുണ്ട്. ആയതുകൊണ്ട് ദാനദ്വാരാ ഈ ദോഷം ഇവരിലാകുന്നതിനുമുമ്പ് ഭാര്‍ഗ്ഗവനില്‍ത്തന്നെ നിന്നിട്ടുള്ളതിനാല്‍ ആ കാലം മുഴുവന്‍ അദ്ദേഹത്തിനും ഈ വിധം ഭ്രഷ്ടു സംഭവിച്ചിരിക്കേണ്ടതാണെന്നും ഉത്തമവൈദികകാര്യങ്ങളില്‍ ഇവരെപ്പോലെ അദ്ദേഹം ബഹിഷ്‌കൃതനായിരുന്നിട്ടുണ്ടെന്നും വരണം. അതിനു യുക്തിയും പ്രമാണവും വിപരീതമായിരിക്കുന്നു. ആ ദോഷം ഇവരില്‍ വന്നപ്പോള്‍മാത്രം ഭ്രഷ്ട്‌രൂപമായി എങ്കില്‍ അതിലേക്കു കാരണവും വേറെ ഉണ്ടായിരുന്നിരിക്കണം. അല്ലാതെ ദാനം വാങ്ങിയ നിമിത്തം ഭ്രഷ്ടു ഭവിപ്പാന്‍ ഇടകാണുന്നില്ലാ.

പരശുരാമന്റെ വിധി

മലയാളബ്രാഹ്മണപരമായുള്ള ശാങ്കരസ്മൃതി എന്ന ലഘുധര്‍മ്മപ്രകാശിക 1-ാം അദ്ധ്യായം 2-ാം പാദം 9-ഉം 10-ഉം ശ്ലോകങ്ങളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

‘സ്വക്ഷേത്രേ സംഗ്രഹംചക്രേവിഷ്ണുര്‍ദ്ധര്‍മ്മപതിര്‍ഭൃഗുഃ
ലജ്ജതേ ഭര്‍ത്സ്യതേ തേന വിപ്രഃ കാമി ശമോചിതഃ
പ്രശമപ്രതിപന്നേരിത്യുച്യതേ ഭൂപ്രതിഗ്രഹാത്
ജല്‍മേതിവര്‍ണവ്യത്യാസാത്തത്സംബന്ധേനസാചഭൂഃ
ജന്മേത്യാഖ്യായതേതസ്യസ്വാമിത്വഞ്ചതദാശ്രയം'(ശാങ്കരസ്മൃതി)

അര്‍ത്ഥം: ധര്‍മ്മപ്രതിഷ്ഠാപകനായ വിഷ്ണുവിന്റെ അവതാരമൂര്‍ത്തിയായ ഭാര്‍ഗ്ഗവന്‍ തന്റെ സ്വന്തമായ മലയാളത്തില്‍ ഭൂമിയെ ദാനം വാങ്ങുന്നത് ഉത്തമമല്ലെന്നുവെച്ച് അതിനെ ബ്രാഹ്മണധര്‍മ്മത്തില്‍ ചുരുക്കി (കുറവാക്കി) കല്പിച്ചിരിക്കുന്നു. ശമോചിതനും, കാമിയും, ഭൂമിദാനം വാങ്ങുന്നവനുമായ ബ്രാഹ്മണന്‍ ശമശീലന്മാരാല്‍ നിന്ദിക്കപ്പെടുന്നു. അവര്‍ ലജ്ജിക്കുന്നു. ‘ലജ്’ ധാതുവിന് പൃഷോദരാദിത്വാല്‍ വര്‍ണ്ണ വ്യത്യാസം വന്നിട്ടാകുന്നു ‘ജല്മി’ (ദുഷിച്ച് ജന്മി) എന്നുള്ള പേരുണ്ടായത്. തത്സംബന്ധം കൊണ്ട് ഭൂമിക്കു ‘ജല്മം’ (ജന്മം) എന്നു വ്യവഹാരമുണ്ടായി. ഇതുകൊണ്ടാണ് ദാനസ്വീകാരംനിമിത്തം ദോഷംസംഭവിച്ചത് എന്ന് ഒരു പക്ഷമുണ്ട്.

മേല്‍പ്രകാരം വിധി ഉണ്ടായിട്ടില്ലാ

ഈ മലയാളത്തില്‍മാത്രം ഭൂമിദാനസ്വീകരണം ദോഷകരമെന്നു ഭാര്‍ഗ്ഗവന്‍ കല്പിക്കാനിടയില്ല. ഈ ഭാര്‍ഗ്ഗവന്‍ മലയാളഭൂമിദാനത്തിനു മുമ്പ് ഭാരതഖണ്ഡം മുഴുവനും ബ്രാഹ്മണര്‍ക്കു ദാനംചെയ്തിട്ടുണ്ട്. അതിന്റെ വിവരം താഴെക്കാണിക്കുന്നു.

‘കുഠാരേണ ച തം ഹത്വാ വര്‍ഗ്ഗാന്‍ ക്ഷത്രിയവംശജാന്‍
ഏകവിംശതിരാവൃത്തൗ സംഭവാനഖിലാന്‍ തദാ
ഹത്വാഹത്വാ കൃതാന്‍ സര്‍വ്വാന്‍ ഉഭയോര്‍വംശജാന്‍ മുദാ'(കേ. മാ. അ.3.)

‘ധര്‍മ്മേണ പാലയന്‍ സര്‍വക്ഷത്രിയസ്യാന്തകഃ പ്രഭുഃ
വീരാന്‍ ഹത്വാ തു രക്തൈശ്ച പിതൃൂന്‍ താന്‍തര്‍പ്പയത്യഹോ
കാര്‍ത്തവീര്യാര്‍ജ്ജുനം ഹത്വാ ഏകശാസനയാ ഭുവി
രാജാഭുല്‍ പരശുരാമശ്ച സമസ്‌തേ ക്ഷിതിമണ്ഡലേ'(കേ. മാ. അ. 4.)

അര്‍ത്ഥം: ‘ഇരുപത്തിയൊന്നു പ്രാവശ്യം രണ്ടു വംശത്തിലും ഉള്ള വര്‍ഗ്ഗക്ഷത്രിയന്മാരെ ജനിക്കുന്നവരെ ജനിക്കുന്നവരെ ഒക്കെ പരശുകൊണ്ടു കൊന്നുകൊന്നൊടുക്കി. കാര്‍ത്തവീര്യാര്‍ജ്ജുനാദി സര്‍വ്വക്ഷത്രിയന്മാരെയും നിഗ്രഹിച്ച് ഏകശാസനമായിട്ട് എല്ലാ ഭൂമണ്ഡലങ്ങളും ധര്‍മ്മത്തോടുകൂടി ഭാര്‍ഗ്ഗവന്‍ പരിപാലിച്ചു. ഹനിച്ച വീരന്മാരുടെ രക്തത്തില്‍ പിതൃതര്‍പ്പണം കഴിച്ചു.’

‘അന്യോന്യം വീക്ഷിതാസര്‍വ്വേ ആലോച്യമുനിപുംഗവാഃ
നാരദന്തം സമാഹൂയ ഉവാച കുശികാത്മജഃ
ഉപായേനൈവ ഭൂദാനം വിശേഷഫലമുത്തമം
ഏവഞ്ച ബോധയസ്വാര്‍ത്ഥമാഗച്ഛ മുനിപുംഗവ!
ഏവമുക്തോ മഹാരാജോ നാരദസ്ത്വരിതം ഗതഃ
ഇംഗിതജ്ഞോ മുനിശ്രേഷ്‌ഠോ രാജാനം വാക്യമബ്രവീല്‍’
നാരദ: ‘ശ്രൂയതാം ദാനമാഹാത്മ്യം………………………………
തസ്മാത്ത്വം ഭൂമിദാനഞ്ച ത്വരിതം കുരു ഭാര്‍ഗ്ഗവ!
ഏവമുക്തസ്തു രാജര്‍ഷിഃ പ്രണമ്യ വിനയാന്വിതം
ഭൂദാനം പ്രദദാമ്യത്ര കുസുമൈസ്സഹിതോദകം
ഹസ്‌തേ ഗൃഹീത്വാ രാമസ്തു……………………………
ചതുസ്സാഗരമദ്ധ്യാ ച ഭൂമിസ്സാ ദീയതേ മയാ
നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം
ഗൃഹീത്വാ മുനയസ്സര്‍വ്വേ തോഷിതാ മുനിസത്തമാഃ
………………….ഭാര്‍ഗ്ഗവശ്ച തദാബ്രവീല്‍
അഹം കിങ്കരവാണ്യത്ര വക്തവ്യം മുനിപുംഗവാഃ
ഭാര്‍ഗ്ഗവേണൈമുക്താസ്‌തേ സര്‍വ്വേ ച ബ്രഹ്മവാദിനഃ
ത്രപാഭരാശ്ച മുനയസ്തല്‍കാലേ കൗശികോfബ്രവീല്‍
സര്‍വ്വാന്‍ ഭൂമണ്ഡലാന്‍ ദത്വാ ത്വയാ സ്ഥാതും ന ശക്യതേ
കുത്രാപി ഗച്ഛ സര്‍വ്വജ്ഞ, യഥേഷ്ടം പയസാന്നിധൗ
ഏവം പുരാ കൃതയുഗേ ശാപകാരണമത്ര തേ
ഏവമുക്തസ്തു ഭഗവാന്‍ പ്രതിജ്ഞാമകരോത്തദാ
സ്ഥീയദ്ധ്വം യൂയമേവാസ്മിന്‍ ഭൂമൗ ച ഋഷിപുംഗവാഃ
അഹന്തു ച ഗമിഷ്യാമി ആകാശേ വാരിധാവപി
ഏവമേവഞ്ച നിര്‍മ്മായ തല്‍ ഭൂമിം പാലയാമ്യഹം
ഇത്യുക്താ ഭാര്‍ഗ്ഗവഃ ശ്രീമാന്‍ ധൈര്യയുക്തഃ പരാഭവാല്‍
കൈലാസഞ്ച പ്രവിശ്യാഥ പ്രണാമമകരോച്ഛിവം.’ (കേ. മാ. അ. 5)

അര്‍ത്ഥം: ‘വളരെ വളരെ ദാനങ്ങള്‍ കഴിച്ചിരുന്നിട്ടും ഭൂദാനംകൂടി ചെയ്യണമെന്നു വിശ്വാമിത്രമഹര്‍ഷി പറഞ്ഞതനുസരിച്ച് നാരദന്‍ പരശുരാമനെ വിവരമറിയിച്ചു. ഭാര്‍ഗ്ഗവന്‍ പൂവും നീരും കൈയില്‍ എടുത്ത് നാലു സമുദ്രത്തിനകത്തുള്ള ഭൂമി മുഴുവനും ദാനംചെയ്തു. ബ്രാഹ്മണര്‍ സന്തോഷസമേതം പ്രത്യേകം പ്രത്യേകം അനുഗ്രഹിച്ചു. അനന്തരം ഭാര്‍ഗ്ഗവന്‍ ഇനി എന്തുവേണ്ടൂ എന്നു നമസ്‌കാരപൂര്‍വ്വം ചോദിച്ചപ്പോള്‍ വിശ്വാമിത്രനൊഴിച്ച് മറ്റെല്ലാവരും നാണിച്ചിരുന്നുപോയി. ഭൂമി മുഴുവനും ദത്തമായിപ്പോയതിനാല്‍ ഇനി ഇവിടെ ഇരിക്കാന്‍ പാടില്ലാ, ആകാശത്തിലോ സമുദ്രത്തിലോ പൊയ്‌ക്കൊള്ളണം എന്നു വിശ്വാമിത്രമഹര്‍ഷി പറഞ്ഞു. അപ്രകാരംതന്നെ ‘നിങ്ങള്‍ ഈ ഭൂമിയില്‍ സുഖമായിരിപ്പിന്‍’ എന്നു പറഞ്ഞുംകൊണ്ട് ഭാര്‍ഗ്ഗവന്‍ ധൈര്യസമേതം തിരിച്ച് ശ്രീകൈലാസത്തുചെന്ന് ശിവനെ നമസ്‌കരിച്ചു.’

അപ്പോള്‍ ഭഗവാന്‍ കല്പിച്ച് ഇങ്ങനെ ചോദിച്ചു:
‘രാജ്യഭാരം വിഹായ ച മുനിഭിര്‍വ്വഞ്ചിതസ്ത്വം ഹി’ (കേ. മാ. അ.6)

ഇപ്രകാരം ഭൂമിദാനം താനാലോചിക്കാതെ പ്രതിഗ്രഹീതന്മാരുടെ വഞ്ചനയില്‍ അകപ്പെട്ട് ചെയ്തുപോയിട്ടുള്ളതാണ്. ഈ സ്ഥിതിക്ക് ഭാര്‍ഗ്ഗവന്‍ ഈ കാണിച്ച ഭൂമിദാനത്തിനെയാണ് പാപകരമെന്നു കല്പിക്കാന്‍ കാര്യമുള്ളത്. എന്നിട്ടും ഇതിനെ നിന്ദ്യമെന്നോ ജാതിന്യൂനതയ്ക്ക് ഹേതുവെന്നോ ഭാര്‍ഗ്ഗവന്‍ കല്പിച്ചതായും അതുനിമിത്തം സ്വീകൃത്തുകളില്‍ ആര്‍ക്കെങ്കിലും സമമായിട്ടോ കൂടുതല്‍ കുറവായിട്ടോ ന്യൂനത സംഭവിച്ചതായും നിവര്‍ത്തിപ്പാന്‍ പാടില്ലാത്തവിധത്തില്‍ ആ ന്യൂനത ഇന്നുവരെയ്ക്കും നിലനിന്നുപോരുന്നതായും പ്രമാണങ്ങളിലും ജനശ്രുതിയിലും അനുഭവത്തിലും ഇല്ല.

ഈ മലയാളഭൂമിയാകട്ടെ മറ്റാരുടേയും കൈവശത്തിലും അനുഭവത്തിലും ഇരുന്നിട്ടുള്ളതും അവരെ ഉപദ്രവിച്ചു പിടിച്ചുപറിച്ചിട്ടുള്ളതും അല്ല.

‘രാജന്‍ തവസഹായാര്‍ത്ഥം രാജ്യം നിര്‍മ്മയിതും ഗുഹം, കുമാരം പ്രേഷയിഷ്യാമി……………………………………………….
ഭാര്‍ഗ്ഗവസ്ത്വരിതംഗച്ഛ സുബ്രഹ്മണ്യസ്സഹായകഃ

കന്യാകുമാരീം കല്യാണീം പൂജയിത്വാ………
ഗൃഹീത്വാ പരശുംഹസ്‌തേ വാരിധൗ പ്രേഷ്യതിപ്രഭോ'(കേ. മാ. അ. 6)

ഇപ്രകാരം പരശുരാമന്‍ സുബ്രഹ്മണ്യന്റെ സഹായത്തോടുകൂടി സ്വപ്രയത്‌നത്താല്‍ ഉണ്ടാക്കീട്ടുള്ളതും ബ്രഹ്മാവിഷ്ണുമഹേന്ദ്രാദി മുപ്പത്തിമുക്കോടി ദേവകളും സകല മഹര്‍ഷിമാരും അടിക്കടി വന്നുവേണ്ടുന്ന അനുഗ്രഹങ്ങളും സഹായങ്ങളും ചെയ്തു സുഖമേറ്റി വച്ചിട്ടുള്ളതും കുബേരന്റെ നിധികള്‍ ഉള്ളതും സ്വര്‍ഗ്ഗസ്ത്രീകള്‍ താമസിക്കുന്നതിനാലും മറ്റും സ്വര്‍ഗ്ഗതുല്യവും ആയ സ്ഥലമാകുന്നു ഈ കേരളം. വിശേഷിച്ചും ദാതാവും സ്വീകൃത്തുക്കളും വേണ്ട വിധം അധികാരിതയുള്ള ബ്രാഹ്മണശ്രേഷ്ഠനും ബ്രാഹ്മണശ്രേഷ്ഠന്മാരുമായിരുന്നു. ഇക്കാരണങ്ങളാല്‍ പൂര്‍വ്വകാലം തുടങ്ങി ഇന്നുവരെ നടന്നിട്ടുള്ള മറ്റെല്ലാദാനങ്ങളെക്കാളും ഈ ദാനമാകുന്നു ശരിയും അത്യുത്തമവുമായിട്ടുള്ളതെന്ന് ആരും സമ്മതിക്കുന്നതാണ്. പരശുരാമന്‍ തന്റെ ഇപ്രകാരമുള്ള ഉത്തമകൃത്യത്തെ നിന്ദ്യമെന്നു തെറ്റിദ്ധരിച്ചു ആയതിനെ തന്റെ ആജ്ഞയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്വജാതിജനത്തിനു ദോഷം സംഭവിക്കുമാറ് പ്രകടിപ്പിക്കുന്നവനായ ഒരു ഉന്മത്തനല്ല. അതിനാല്‍ ദാനസ്വീകാരം നിമിത്തമാണ് പതിത്വമുണ്ടായതെന്നു പറയുന്നത് ഒരിക്കലും ശരിയല്ല.

കര്‍മ്മാനുഷ്ഠാനം ദാനം നിമിത്തമുള്ള പാപത്തെ പരിഹരിക്കും

ഇനി മലയാളത്തിലെ ഭൂമിദാനസ്വീകാരത്തെ മുന്‍പില്‍ പറഞ്ഞതുപോലെ പാപകരമായിട്ടുതന്നെ സമ്മതിച്ചുനോക്കാം. എന്നാലും സ്വീകൃത്തുക്കള്‍ക്ക് പതിത്വം വന്നുകൂടാ എന്നു കാണിക്കാം.

‘അഗ്നിഗുര്‍വ്വതിഥിപ്രേഷ്ഠ ഭിക്ഷു ശിഷ്‌ടേന ഭൂസുരാഃ
ജീവിത്വാജന്മഭോഗേന ന സീദേയുഃ ക്വചിത് ധ്രുവം’

(ശാങ്കരസ്മൃതി – അ. 1, 2-ാം പാദം ശ്ലോ.11)

അര്‍ത്ഥം: ‘എന്നാല്‍ ന്യായമായി കിട്ടുന്ന ജന്മഭോഗത്തില്‍നിന്ന് അഗ്നി, ഗുരു, അതിഥി, ഇഷ്ടന്മാര്‍ (ബന്ധുക്കള്‍), ഭിക്ഷുക്കള്‍ ഇവര്‍ക്കു വേണ്ടുന്നതിനെ കൊടുത്ത് ബാക്കികൊണ്ട് ഉപജീവനം കഴിക്കുന്ന ബ്രാഹ്മണനു ദോഷം സംഭവിക്കുന്നതല്ല.’ അല്ലാതേയും,

‘സര്‍വ്വേഷാമപിദേയാനാം പ്രതിഗ്രാഹീ ദ്വിജോത്തമഃ
ബ്രഹ്മണാ കല്പിതഃ പൂര്‍വ്വം നാന്യസ്തത്രാധികാരവാന്‍
കേഷാഞ്ചിന്ന നിഷിദ്ധശ്ച വിശേഷജ്ഞൈകഃ പ്രതിഗ്രഹഃ
ആത്യന്തികപരത്വേന തന്നിഷേധസ്യ ജായതേ
തത്തദ്ദാനകഥോച്ഛിത്തിരര്‍ത്ഥാഭാവശ്ച ധര്‍മ്മതഃ
തത്തദ്ദാനവിധേരന്യഥാ പ്രമാണഞ്ച തന്മുനിഃ
ഭാര്‍ഗ്ഗവോഭഗവാന്വീക്ഷ്യദുഷ്പ്രതിഗ്രഹജൈനസാം
പ്രാഹ ദാനാനി ശാന്ത്യര്‍ത്ഥം വക്ഷ്യന്ത്യേതാന്യനുക്രമാല്‍
സ്വധര്‍മ്മസ്ഥേന സര്‍വ്വേഷാം ഗൃഹസ്ഥേനപ്രതിഗ്രഹഃ
കാര്യോനാന്യേനകേനാപിതസൈ്യതദഘമര്‍ഷണം’

(ശാങ്കരസ്മൃതി – അ. 5, നാലാംപാദം 1 – 5 ശ്ലോ.)

അര്‍ത്ഥം: ‘ഏതു ദാനവും വാങ്ങുവാന്‍ ദൈവം ബ്രാഹ്മണനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. മറ്റാര്‍ക്കും അധികാരമില്ല. അറിവുള്ളവര്‍ ചിലര്‍ക്കു ദാനം വാങ്ങുന്നതിനു വിരോധമില്ലെന്നു പറയുന്നു. ആരും ദാനം വാങ്ങിക്കയില്ലെന്നുവന്നാല്‍ ലോകത്തില്‍ ദാനകഥ തന്നെ ഇല്ലാതായിത്തീരും. എന്നാല്‍ ദുഷ്പ്രതിഗ്രഹം ദോഷമാകുന്നു.’ അവിടെ മഹര്‍ഷിയാല്‍ വിധിക്കപ്പെട്ട ശാന്തിയെ താഴെ വിവരിക്കുന്നു.

‘സ്വധര്‍മ്മത്തെ വേണ്ടപോലെ അനുഷ്ഠിക്കുന്ന ഗൃഹസ്ഥനു മാത്രമേ ദാനം വാങ്ങുവാന്‍ അധികാരമുള്ളു. അവന്റെ സ്വധര്‍മ്മാചരണം ദാനംനിമിത്തമുളള പാപത്തെ ശമിപ്പിക്കും.’

ഇതിന്റെ ശേഷം പ്രസ്തുത പ്രമാണത്തില്‍ ആ സ്വധര്‍മ്മത്തെ വിവരിച്ചു പറയുകയും അതിനെ ക്രമപ്രകാരം ആചരിച്ചാല്‍ ദുഷ്പ്രതിഗ്രഹദോഷം തീര്‍ന്ന് അഗ്നിയെപ്പോലെ ശോഭിക്കും എന്നു കല്പിക്കുകയും ചെയ്തിരിക്കുന്നു. ഈ കാരണത്താല്‍ ദാനസ്വീകാരംകൊണ്ട് ദോഷമുണ്ടെങ്കിലും അതിനെ അപ്പോള്‍തന്നെ നിവര്‍ത്തിച്ചുകൊള്ളാമെന്നുള്ളതിനാല്‍ ആയതു കുറച്ചിലിനു കാരണമായിട്ട് ചിരകാലമെന്നല്ല അല്പകാലംപോലും നിലനില്‍ക്കാനിടയില്ല. ഇനിയും ബ്രാഹ്മണരും അവരില്‍ താണ ജാതിക്കാരും പലവകയായിട്ട് എത്രയോ ദാനങ്ങള്‍ കഴിക്കയും ബ്രാഹ്മണരുതന്നെ സ്വീകരിക്കയും ചെയ്യുക പണ്ടുപണ്ടേ പതിവും നടപ്പും ആയിട്ടുള്ളതാകുന്നു. ഇവിടുള്ള ബ്രാഹ്മണര്‍ക്കല്ലാതെ ഈ പുതുമ മറ്റൊരുത്തര്‍ക്കും ഉള്ളതായോ ഉണ്ടായിരുന്നതായോ കേട്ടുകേള്‍വിപോലുമില്ല.

ഭ്രഷ്ടിനു കാരണം ദാനസ്വീകാരമല്ല; ആണെന്നു വാദിക്കുന്ന പക്ഷത്തില്‍ സ്വീകൃത്തുക്കള്‍ക്കു കര്‍മ്മശക്തിയില്ല. ദാനത്തിന് അര്‍ഹതയില്ലാത്തവരെ പരശുരാമന്‍ കൊണ്ടുവരികയില്ല, കൊണ്ടുവന്നിട്ടുമില്ല.

ഈ മലയാളഭൂമിദാനവും സ്വീകരണവും നിന്ദ്യമായിട്ടുള്ളതെന്നു വരുന്നപക്ഷവും സ്വീകൃത്തുകള്‍ ഇന്ന ഇന്ന പ്രകാരം സദ്‌വൃത്തിയിലിരുന്നാല്‍ അവരുടെ ദാനസ്വീകാരദോഷങ്ങളെല്ലാം നശിച്ച് അവര്‍ യശസ്വികളായിരിക്കും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഈ മലയാളബ്രാഹ്മണര്‍ അപ്രകാരമുള്ള സല്‍കൃത്യങ്ങളില്‍ അധികാരവും അനുഷ്ഠാനവും ഇല്ലാത്ത അധമന്മാരാകുന്നു എന്ന് സ്വയം സമ്മതിച്ചുകൊണ്ടാലല്ലാതെ ദാനസ്വീകാരദോഷമാണ് അവരുടെ കുറച്ചിലിനു കാരണമെന്നുള്ളതു ചേരുകയില്ല. ഭ്രഷ്ടിനു കാരണം ദാനമല്ലെന്നു സമ്മതിക്കുന്നപക്ഷം മലയാളഭൂമിയുടെ അവകാശം ഉടന്‍ ബ്രാഹ്മണരെ വിട്ടൊഴിയേണ്ടതായിവരും. ഈ വാദം അവസാനിക്കുകയും ചെയ്യും. അതല്ലാ തങ്ങള്‍ കര്‍മ്മാനുഷ്ഠാനമില്ലാത്ത അധമന്മാര്‍ തന്നെയെന്ന് അവര്‍ സമ്മതിച്ചുകളയുന്ന പക്ഷം അവര്‍ ദാനത്തിന് അര്‍ഹന്മാരല്ലെന്നും വന്നുപോകും. ‘സ്വധര്‍മ്മസ്ഥേന സര്‍വ്വേഷാം ഗൃഹസ്ഥേന പ്രതിഗ്രഹഃ കാര്യോ നാന്യേന…………………………………………….’ (ശാ. സ്മൃ. അ. 5 പാ. 4 ശ്ലോ. 5)

അര്‍ത്ഥം: ‘സ്വധര്‍മ്മത്തെ വേണ്ടുംവണ്ണം അനുഷ്ഠിക്കുന്ന ഗൃഹസ്ഥനുമാത്രമേ ദാനം വാങ്ങാന്‍ അധികാരമുള്ളൂ. അല്ലാത്തവനധികാരമില്ല. (ഈ വിഷയം മനുസ്മൃതി 4-ാം അദ്ധ്യായത്തില്‍ വിവരിച്ചുപറഞ്ഞിട്ടുണ്ട്.)

ഭാര്‍ഗ്ഗവന് ഈ വിഷയത്തെപ്പറ്റിയുള്ള അഭിപ്രായം മേല്‍പ്രകാരമാകുന്നു. ഈ അഭിപ്രായത്തില്‍ ഭാര്‍ഗ്ഗവസ്മൃതിയും ശാങ്കരസ്മൃതിയും യോജിക്കുകയും ചെയ്യുന്നു. ഭാര്‍ഗ്ഗവന്‍ മുമ്പു ദാനംചെയ്‌വാന്‍ ഇച്ഛിച്ച് ബ്രാഹ്മണരെ വരുത്താന്‍ ദൂതനെ അയച്ചപ്പോള്‍ അവനോടു പ്രത്യേകം ഇങ്ങനെ കല്പിച്ചു.

‘ദ്വിജോത്തമാനാനയസ്വ ജവാല്‍ ഗത്വാ……….
ദാനാര്‍ഹാന്‍…………………………..’ (കേ. മാ. അ. 4)
അനന്തരം ദാനംകൊടുത്തയവസരത്തില്‍ ഇങ്ങനെ പറഞ്ഞു:
‘ദദാമി ദശദാനാനി ദാനാര്‍ഹാഃ കില ഭൂസുരാഃ’ (കേ. മാ. അ. 5)

ഇങ്ങനെ പ്രത്യേകം കരുതല്‍കാണിച്ചിട്ടുള്ള മതിമാനും ദാനഫലാനുഭോക്താവുമായ ഭാര്‍ഗ്ഗവന്‍ ഈ മലയാളഭൂമിയെ ദാനം ചെയ്യുന്നതിനു താന്‍തന്നെ ആളുകളെ അന്വേഷിച്ചുപിടിക്കുമ്പോള്‍ ഈ വിഷയം അല്പംപോലും വിസ്മരിച്ചുപോകയില്ലാ. അതിനാല്‍ ആചാരഹീനന്മാര്‍ അദ്ദേഹത്താല്‍ കൊണ്ടുവരപ്പെടുകയില്ല. ഇനി മലയാളഭൂമി ദാനംവാങ്ങുന്നതിലേക്കുമാത്രം എങ്ങനെയുളളവരായാലും മതി എന്നു കരുതിയതായിട്ടു പറയുന്നു എങ്കില്‍ മുന്‍വിവരിച്ച കേരളമാഹാത്മ്യം 11-ാം അദ്ധ്യായവും മറ്റും നോക്കുക. (അനുബന്ധം1) അവിടെ ഭാര്‍ഗ്ഗവന്‍ ഇങ്ങോട്ടു കൊണ്ടുവന്നത് അത്യുത്തമന്മാരെയാണെന്ന് സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്.

ഈ ന്യായങ്ങളെക്കൊണ്ടു നോക്കുമ്പോള്‍ ദാനം കൈയില്‍ വാങ്ങിയിരുന്നു എങ്കില്‍ ദോഷവും സംഭവിക്കുമായിരുന്നു എന്നുള്ളേടത്ത് സിദ്ധിക്കുന്ന ദാനാര്‍ഹതയെ അനുവദിക്കുന്നതായ വ്യവധാനജന്യപാപാഭാവം അര്‍ത്ഥാല്‍ സിദ്ധിന്യായപ്രകാരം സമ്രാട്ടുമുതല്‍ പാപിവരെ എല്ലാവരിലും ആപതിക്കുന്നു. അപ്പോള്‍ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നപോലെ ആയിത്തീരുന്നു. ഈ കാരണങ്ങളാല്‍ ഈ മലയാളബ്രാഹ്മണര്‍ ഭാര്‍ഗ്ഗവനാല്‍ വരുത്തപ്പെട്ടവരല്ല എന്നു തെളിയുന്നു.