ധം ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മള്‍, കര്‍ത്താ, പണിക്കര്‍, മേനോന്‍, ഇല്ലം, സ്വരൂപം, പള്ളിച്ചാന്‍ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരില്‍ ഓരോരുത്തര്‍ക്കുള്ള സ്ഥാനമാനങ്ങളെ ഭാര്‍ഗ്ഗവന്‍ അല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായിട്ടാണ് പറയുന്നത്.

നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ല

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം 5

ഇനി കഴിഞ്ഞ അദ്ധ്യായത്തില്‍ കാണിച്ചവിധം ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മള്‍, കര്‍ത്താ, പണിക്കര്‍, മേനോന്‍, ഇല്ലം, സ്വരൂപം, പള്ളിച്ചാന്‍ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരില്‍ ഓരോരുത്തര്‍ക്കുള്ള സ്ഥാനമാനങ്ങളെ ഭാര്‍ഗ്ഗവന്‍ അല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായിട്ടാണ് പറയുന്നത്. അതോടുചേര്‍ന്ന്,

‘സാമന്താനാം ദ്വിജാദീനാം നായകഃ പരിചാരകഃ’ (കേ. മാ.)

അര്‍ത്ഥം: ‘നായര്‍വര്‍ഗ്ഗം സാമന്തന്മാര്‍ക്കും ദ്വിജന്മാര്‍ക്കും പരിചാരകന്മാരാകുന്നു’ എന്നു നിയമവും ഉണ്ട്. സ്വാമിമാരായ പ്രഭുക്കള്‍ അടിമകളായ ദാസന്മാരില്‍ ചിലര്‍ക്കോ പലര്‍ക്കുമോ ആകട്ടെ പെരുമയും സ്ഥാനമാനങ്ങളും കൊടുക്കുന്നതായിരുന്നാല്‍ ആയത് എന്തിനായിരിക്കും? ആ ദാസന്മാര്‍ ആ പ്രഭുക്കന്മാരേക്കാള്‍ താഴ്ന്ന സ്ഥിതിയില്‍ ഇരിക്കുന്നതിനോ അവരോടു തുല്യന്മാരാകുന്നതിനോ അവരെക്കാള്‍ വളരെ ഉന്നതസ്ഥിതിയില്‍ ആകുന്നതിനോ?

താഴ്ന്ന സ്ഥിതിയില്‍ത്തന്നെ ഇരിക്കാനാണെങ്കില്‍ ആദ്യം തുടങ്ങി അപ്രകാരംതന്നെ ഇരുന്നുവരുന്നതിനാല്‍ അതിലേയ്ക്കായിട്ടു വിശേഷിച്ചൊന്നും പ്രവര്‍ത്തിക്കണമെന്നില്ല.

തുല്യാവസ്ഥയിലിരിക്കാനാണെങ്കില്‍ അപ്രകാരമിരുന്നിട്ടു യാതൊരു പ്രയോജനവും ഉണ്ടാവാനില്ല. അല്ലാതെയും അതിന്മണ്ണം ചെയ്യുന്നത് ആ ദാസന്മാര്‍ അപേക്ഷിച്ചിട്ടോ അപ്രകാരം ചെയ്തുകൊടുക്കാമെന്ന് പ്രഭുക്കന്മാരുടെ ഉള്ളില്‍തന്നെ തനിയെ തോന്നിയിട്ടോ? ഏതുവിധമായാലും അത് ലോകസാധാരണമല്ല. ഇങ്ങനെ സ്ഥാനമാനങ്ങളെ ദാസന്മാര്‍ ബലാല്‍ക്കാരമായിട്ട് എടുത്തുകൊണ്ടതാണെന്നു നിരൂപിക്കുന്നപക്ഷം ആയത് ശരിയാകയില്ലെന്നു മുന്നദ്ധ്യായത്തില്‍ കാണിച്ചിട്ടുണ്ട്.

സമാധാനം: ഓരോ മഹാജനം താഴ്ന്നനിലയിലുള്ള അനേകംപേര്‍ക്ക് സ്ഥാനമാനങ്ങള്‍ കൊടുത്തിട്ടുള്ളതായി കേള്‍വിയും അങ്ങനെ പുരാതനകാലം തുടങ്ങി നടപ്പും ഉണ്ട്.

നിഷേധം: 1. സ്ഥാനമാനസംഭാവനയും പ്രാപ്തിയും തല്‍സംബന്ധമായ ഒരുക്കങ്ങളും പ്രവൃത്തികളും പലപ്രകാരത്തിലുമുണ്ട്. ഒരു രാജകുടുംബത്തിലേക്ക് ആ കുടുംബത്തിലുള്ളതോ അല്ലാത്തപക്ഷം വേറെ ഒരു കുടുംബത്തിലുള്ളതോ ആയ ഒരാളിനെ പട്ടംകെട്ടേണ്ടതായും മറ്റും വരുമ്പോള്‍ ആയതിലേക്കു വേണ്ടുന്നവയെല്ലാം പ്രവര്‍ത്തിച്ചു കാര്യം നിറവേറ്റുന്നതിന് ഏര്‍പ്പെടുത്തപ്പെട്ട് ആദായം പറ്റി പാരമ്പര്യമായി വാണുവരുന്ന പുരോഹിതര്‍, ജനപ്രധാനികള്‍ മുതലായവര്‍ ഒന്നുചേര്‍ന്ന് ആവക ക്രിയകള്‍ ക്രമപ്രകാരം നടത്തുക. അതാതു പ്രഭുക്കന്മാരുടേയും അവരവരുടെ സ്ഥാനത്തിന്റെയും നാമം, ആചാരം ഇത്യാദികൊണ്ട് ആ ആള്‍ ഇന്ന വര്‍ഗ്ഗക്കാരനെന്ന് അറിയുക.

2. ഒരു രാജ്യത്തില്‍ത്തന്നെ വൈദികവിഷയത്തിലേക്കുള്ള ക്ഷേത്രത്തില്‍ നിദാനകൃത്യങ്ങളായ പൂജാദികളും വിശേഷകൃത്യങ്ങളായ ഉത്സവാദികളും നടക്കുമ്പോള്‍ അവിടത്തെ കാര്യവിചാരത്തിനായി നിയമിക്കപ്പെട്ട് പതിവുള്ള ആദായം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഊരാണ്മക്കാര്‍ മുതലായവരും, അപ്രകാരംതന്നെ ലൗകികവിഷയസംബന്ധമായി നിയമിക്കപ്പെട്ട കച്ചേരിമുതലായ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരും, ആ രാജ്യത്തിലെ പ്രധാനിയായ പ്രഭുവിനും അപ്രധാനികളായ തങ്ങള്‍ക്കും തമ്മിലുള്ള അവസ്ഥാതാരതമ്യം നിമിത്തം നടന്നുവരുന്നതും സേവ്യസേവകഭാവത്തെ സൂചിപ്പിക്കുന്നതും ആയ പല പ്രകാരത്തിലുള്ള കൃത്യങ്ങളെ വേണ്ടതായ സന്ദര്‍ഭങ്ങളില്‍ നടത്തുകയും പ്രഭു സ്വീകരിക്കുകയും ചെയ്യുക.

3. പ്രഭുവായുള്ളവന്‍ യോഗ്യതയ്ക്കും സര്‍വ്വീസിനും തക്കവണ്ണം ജനങ്ങളില്‍ ചിലര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും സ്ഥാനമാനങ്ങള്‍ കൊടുക്കുക.
ഇതുകളില്‍ ഒന്നും രണ്ടും സേവ്യസ്ഥാനത്തിലുള്ളവര്‍ക്ക് അവരുടെ അധീനത്തിലും രക്ഷയിലും ഇരിക്കുന്ന സേവകസ്ഥാനത്തിലുള്ളവര്‍ ചെയ്തുവരുന്ന കടമകളും മൂന്നാമതു പറയപ്പെട്ടത് സേവ്യന്മാര്‍ സേവകര്‍ക്കു കൊടുക്കുന്ന സ്ഥാനമാനവും ആകുന്നു; എങ്കിലും മുന്‍പറഞ്ഞപ്രകാരം സ്ഥാനമാനം വാങ്ങുന്നവര്‍ സാധാരണ ഉള്ളവരില്‍നിന്ന് മേലായ ഒരു വിശേഷസ്ഥാനത്തിലായി എന്നല്ലാതെ സ്ഥാനമാനം കൊടുത്ത ആളിനെക്കാള്‍ മേലായ പദവിയില്‍ ഒരിക്കലും ആകുന്നില്ല.

ഇനി ഈ മലയാളത്തില്‍ ഭാര്‍ഗ്ഗവനല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായി പറയപ്പെടുന്നവയും നായന്മാര്‍ക്കുള്ളവയുമായ ചില സ്ഥാനമാനങ്ങളെത്തന്നെ ഇവിടെ ചിന്തിച്ചുനോക്കാം.

ക്ഷേത്രങ്ങളില്‍ ഉത്സവാദി അടിയന്തിരങ്ങള്‍ക്ക് ആ സ്ഥലത്തെ നായര്‍പ്രഭുവിനെ ബ്രാഹ്മണര്‍, കൂട്ടംകൂടി നില്‍ക്കുമ്പോള്‍ തണ്ടിലെടുത്തുകൊണ്ടുവരികയും ആ പ്രഭു ആ ബ്രാഹ്മണസദസ്സിലെ പ്രധാന അഗ്രാസനത്തിലിരിക്കയും ആഢ്യര്‍, വൈദികര്‍ മുതലായവരോട് യഥാക്രമമിരുന്നുകൊള്ളുവാന്‍ ആജ്ഞാപിക്കയും അപ്രകാരമവരനുഷ്ഠിച്ചുകൊള്ളുകയും ചെയ്യുക.

ക്ഷേത്രങ്ങളില്‍ കൊടിയേറുന്ന ദിവസം നായര്‍സ്ഥാനി വാഹനാരൂഢനായിവന്നു മാന്യസ്ഥാനത്തിലിരുന്നാല്‍ അനന്തരം ബ്രാഹ്മണര്‍ നിന്നുംകൊണ്ട് പ്രഭുവിനോട് അനുവാദത്തിനപേക്ഷിക്കുകയും അനുവാദം ലഭിച്ചശേഷം ഇരിക്കുകയും ചെയ്യുക.

ക്ഷേത്രത്തില്‍ ഉത്സവത്തിന് ബ്രാഹ്മണര്‍ സാധാരണ ജനങ്ങളുടെ ശേഖരത്തില്‍ നില്‍ക്കവെ നായര്‍പ്രഭു തണ്ടില്‍ കയറി അവരുടെ മദ്ധ്യേകൂടി ക്ഷേത്രത്തിനകത്തു വന്നിറങ്ങുകയും ആദ്യം താന്‍ സോപാനത്തില്‍ കയറി തൊഴുകയും അപ്പോള്‍ അകത്തുനില്‍ക്കുന്ന നമ്പി, ദേവന്റെ പീഠത്തില്‍ മുന്‍കൂട്ടി വച്ചിരിക്കുന്ന വെറ്റില പാക്ക് പണം ഇതുകളെ എടുത്തു ദക്ഷിണപോലെ കൊടുക്കുകയും പ്രഭു ആയതിനെ വാങ്ങിക്കൊണ്ട് ഇനി ബ്രാഹ്മണര്‍ മുതലായി എല്ലാപേരും തൊഴുതുകൊള്ളട്ടെ എന്ന് ആജ്ഞാപിക്കുകയും അനന്തരം എല്ലാപേരും തൊഴുകയും ചെയ്യുക.

ബ്രാഹ്മണരുടെ വിവാഹം മുതലായ അടിയന്തിരങ്ങള്‍ക്ക് ആ സ്ഥലത്തെ നായര്‍സ്ഥാനിയുടെ ഭവനത്തില്‍ അടിയന്തിരക്കാരന്‍ ബ്രാഹ്മണന്‍ വെറ്റിലക്കെട്ടു കൊണ്ടു വച്ച് ‘അടിയന്തിരസ്ഥലത്തുവന്ന് എല്ലാം ശട്ടംകെട്ടി നടത്തുന്നതിനു പിടാകക്കാര്‍ക്കും നടന്നുകൊള്ളുന്നതിന് ഞങ്ങള്‍ക്കും അനുവാദമുണ്ടാകണം’ എന്ന് അപേക്ഷിക്കുകയും അപ്രകാരം ചെയ്തതിനുശേഷം മാത്രം കാര്യം നടത്തുകയും ചെയ്യുക.

ക്ഷേത്രത്തില്‍ കൊടിയേറ്റുസമയത്ത് അവിടത്തെ നായര്‍സ്ഥാനി വല്ല കാരണത്താലും വന്നെത്താതിരുന്നുപോയാല്‍ ‘ഇവിടത്തെ നാഥന്‍ വന്നുചേര്‍ന്നോ? എന്ന് മറ്റുള്ള ക്ഷേത്രാധികാരികള്‍ ആദരവോടുകൂടി ഉച്ചത്തില്‍ വിളിച്ചുചോദിക്കുകയും വന്നതായറിഞ്ഞതിനുമേല്‍ മാത്രം കൊടിയേറ്റുകയും ചെയ്യുക.

ബ്രാഹ്മണര്‍ വേദം അഭ്യസിച്ചു പരീക്ഷകൊടുക്കാനായിട്ട് ഹാജരായാല്‍ ക്ഷേത്രഉടമസ്ഥനായ നായര്‍പ്രഭു പരീക്ഷകനായിരുന്നുകൊണ്ട് പരീക്ഷിക്കുകയും ജയിക്കുന്നപക്ഷം ആണ്ടുതോറും ആയിരപ്പറ നെല്ലും മറ്റ് ആദായങ്ങളും കൊടുത്ത് അയാളെ ആ ക്ഷേത്രത്തിലെ ഒരു ഊരാണ്മസ്ഥാനത്തിലാക്കുകയും തോറ്റുപോകുന്നെങ്കില്‍ അപമാനിച്ച് ആറ്റിനക്കരെകടത്തി ഓടിക്കുകയും ചെയ്യുക.

ഈ ഉദാഹരണങ്ങളില്‍ ബഹുമാനിക്കപ്പെടുന്നവരെല്ലാം അതാതു ദേശങ്ങളിലെ പ്രഥമസ്ഥാനികളായ നായര്‍ പ്രഭുക്കന്മാരും ബഹുമാനിക്കുന്നവരെല്ലാം അതാതു സ്ഥലങ്ങളിലെ മുന്‍പറയപ്പെട്ട പ്രഥമസ്ഥാനികളുടെ അധീനത്തിലിരിക്കുന്നവരായ മറ്റുള്ള പ്രഭുക്കന്മാരും ഊരാണ്മക്കാരായ ബ്രാഹ്മണരുമാകുന്നു.

ഇപ്രകാരം നായര്‍ ഇടപ്രഭുക്കന്മാരുടെ സ്വന്തമായും അവരുടെ രക്ഷയിലും ഇരുന്നിരുന്ന ഈ മലയാളനാട്ടില്‍ ഓരോ ദേശങ്ങളിലും മേല്‍ക്കാണിച്ചപ്രകാരം സേവ്യസേവകഭാവത്തെ അറിയിക്കുന്നവയായ ഏര്‍പ്പാടുകളും നടപടികളും സ്വല്പഭേദഗതികളോടുകൂടിയവയായിട്ടുണ്ട്. മേല്പറഞ്ഞ ഉദാഹരണങ്ങള്‍ ഏറെക്കുറെ സുപ്രസിദ്ധങ്ങളാകുന്നു. ഇങ്ങനെ ഇനിയും ഒട്ടുവളരെ പറവാനുണ്ട്; അവയെ അടുത്ത പുസ്തകത്തില്‍ വിവരിച്ചുകൊള്ളാം.