പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രാചീനമലയാളം’ എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം 3

(സംഗ്രഹം) കേരളമാഹാത്മ്യം, കേരളാവകാശക്രമം, ജാതിനിര്‍ണ്ണയം മുതലായവയില്‍ മലയാളബ്രാഹ്മണരായ സകലരും അറുപത്തിനാലുഗ്രാമക്കാരില്‍ ഉള്‍പ്പെട്ടവരാണെന്നും ഈ അറുപത്തിനാലു ഗ്രാമക്കാര്‍ക്കുംകൂടിയാണ് പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടുളളതെന്നും പറഞ്ഞിരിക്കുന്നു. എല്ലാര്‍ക്കും കൊടുത്തു എന്നു പറഞ്ഞതു ശരിയാണെങ്കില്‍ ദാനസ്വീകാരംകൊണ്ട് ചിലര്‍ക്കുമാത്രം പതിത്വം വന്നതെങ്ങനെ എന്നു നോക്കുമ്പോള്‍ കൈയില്‍ വാങ്ങിയവര്‍ (പൂവും നീരും സഹിതം) പാപികള്‍, കൈയില്‍ വാങ്ങാത്തവര്‍ ഉത്തമര്‍ എന്ന് ആ പ്രമാണങ്ങളില്‍ സമാധാനം കാണുന്നു. കൈയില്‍ വാങ്ങിയില്ലെങ്കില്‍ അവകാശം എങ്ങനെ സിദ്ധിച്ചു എന്നുളള ചോദ്യത്തിന് കൈയില്‍ വാങ്ങിയവര്‍ തങ്ങള്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയുംകൂടി (കുറതീര്‍ത്ത് അല്ലെങ്കില്‍ പ്രതിനിധിസ്ഥാനം വഹിച്ച്) വാങ്ങി എന്നും അങ്ങനെ വാങ്ങിയവര്‍ക്ക് ഭൂമിയും പാപവും സിദ്ധിക്കയും മറ്റുള്ളവര്‍ക്ക് പാപം കൂടാതെ ഭൂമിമാത്രം സിദ്ധിക്കയുംചെയ്തു എന്നും മറുപടി കിട്ടുന്നു. എന്നാല്‍ ഈ അറുപത്തിനാലു ഗ്രാമക്കാരില്‍ത്തന്നെ പലര്‍ക്കും ജന്മിത്വമില്ലാതെ ഇരിക്കുന്നല്ലൊ കുറ തീര്‍ത്തു വാങ്ങിയതില്‍ ഇവരെ ഉള്‍പ്പെടുത്താത്തതെന്ത് എന്നുള്ള ചോദ്യത്തിനു സമാധാനമേ കാണുന്നില്ല.മുമ്പിലത്തെ ചോദ്യങ്ങള്‍ക്കുള്ള സമാധാനങ്ങള്‍ സ്വീകാര്യങ്ങളല്ലായ്കയാലും ഒടുവിലത്തെ ചോദ്യത്തിനു സമാധാനമില്ലായ്കയാലും അറുപത്തിനാലു ഗ്രാമക്കാരില്‍ എല്ലാര്‍ക്കും കൂടി പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തു എന്നു പറഞ്ഞിരിക്കുന്നതു സാധുവല്ല. അങ്ങനെ ഓരോ കാരണങ്ങളാല്‍ ഈ ബ്രാഹ്മണരില്‍ ഉത്തമന്മാരായ അഷ്ടഗൃഹത്തില്‍ ആഢ്യന്മാര്‍ക്കും അതുപോലെ കൈയില്‍ വാങ്ങിയവരെന്നു പറയുന്ന ഭ്രഷ്ടന്മാര്‍ക്കും, ഈ മൂന്നു സംഗതികളേയും വേറെ ചില കാരണങ്ങളേയും അടിസ്ഥാനപ്പെടുത്തി ഈ ബ്രാഹ്മണരില്‍ യാതൊരുത്തര്‍ക്കും പരശുരാമന്‍ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല.

‘അഖിലാം കേരളീം ഭൂമീം ബ്രാഹ്മണേഭ്യോ ദദൗ പ്രഭുഃ
ചതുഷ്ഷഷ്ടിതമേഭ്യസ്തു…..’ (കേ. മാ)

അര്‍ത്ഥം: ‘ഭാര്‍ഗ്ഗവന്‍ അറുപത്തിനാലു ഗ്രാമക്കാര്‍ക്കുമായിട്ടു കേരളഭൂമി മുഴുവനും ദാനംചെയ്തു’ എന്ന് അടക്കിപ്പറഞ്ഞിരിക്കകൊണ്ട് ഇവിടെയുള്ള എല്ലാ മലയാളബ്രാഹ്മണര്‍ക്കും (ഈ അറുപത്തിനാലില്‍ ഉള്‍പ്പെടാതെ ഇവിടെയില്ല) ജന്മഭൂമിയും ജന്മിത്വവും ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമല്ലാതെ എത്രയോ മലയാളബ്രാഹ്മണകുടുംബങ്ങള്‍ പാരമ്പര്യമായിട്ടേ ഈ മലയാളഭൂമിയില്‍ ഉണ്ട്. അതിനാല്‍ എല്ലാപേര്‍ക്കും കൊടുത്തു എന്നുള്ള പ്രമാണവും ജനശ്രുതിയും ധാരണയും ശരിയായിട്ടുള്ളതല്ല. എന്നാല്‍ അനേകംപേര്‍ക്കു കൊടുത്തിട്ടില്ലതന്നെ എന്നാണെങ്കില്‍ ഭാര്‍ഗ്ഗവന്‍ അന്യായക്കാരനാണെന്നും വന്നുപോകും.

എങ്ങനെയെന്നാല്‍, പരദേശങ്ങളില്‍ ചെന്ന് ഉത്തമബ്രാഹ്മണരെ സത്യംചെയ്തു ക്ഷണിച്ചുകൊണ്ടുവന്ന് ഇവിടെ സുഖമായി പാര്‍പ്പിച്ചതിന്റെശേഷം അവരില്‍ ഏതാനുംപേര്‍ സ്വദേശത്തേക്കു പൊയ്ക്കളഞ്ഞതിനാല്‍ ഭാര്‍ഗ്ഗവന്‍ വ്യസനിച്ച് ഇതുപോലെ ശേഷം ഉള്ളവരും പോകാതിരിപ്പാന്‍വേണ്ടി അവര്‍ക്കെല്ലാം പൂര്‍വ്വശിഖ (മുന്‍കുടുമ) വയ്പിക്കയും വേഷം ആചാരം വേദാദ്ധ്യയനസ്വരസമ്പ്രദായം മുതലായവയെ ഭേദപ്പെടുത്തുകയും ചെയ്തു എന്നു കാണുകയാല്‍ അവര്‍ക്ക് ഇവിടം സ്വദേശംപോലെ സുഖപ്രദമല്ലായിരുന്നു എന്നും, എങ്കിലും തിരിച്ചുപോകാതിരിപ്പാന്‍ ആയിരുന്നു പരദേശനിഷിദ്ധമായ മുന്‍പറഞ്ഞ ഏര്‍പ്പാടുകള്‍ ചെയ്തു ബലാത്കാരമായി അവരെ താമസിപ്പിച്ചതെന്നും സ്പഷ്ടമാകുന്നു. ഇപ്രകാരം ഭാര്‍ഗ്ഗവന്‍ ചെയ്തതു വാസ്തവമാണെന്നുവരികില്‍ ദാനം വാങ്ങിയവര്‍ക്കെന്നപോലെതന്നെ വാങ്ങാത്തവര്‍ക്കും ഭൂമി മുതലായവയും അതുകളുടെ ജന്മാവകാശവും ആഢ്യത്വവും അദ്ദേഹം കൊടുത്തിരിക്കണം. അല്ലാതെ കുലശത്രുത ഉണ്ടായിരുന്നിട്ടും കീഴടങ്ങിയ ക്ഷത്രിയനെ സ്വക്ഷേത്രത്തില്‍ കൊണ്ടിരുത്തി രക്ഷിച്ച ഇദ്ദേഹം തന്നാല്‍ കൊണ്ടുവരപ്പെട്ടവരും തന്റെ ആജ്ഞയ്ക്കു കീഴടങ്ങി സ്വദേശത്തേക്കു കൊള്ളരുതാത്തവിധത്തില്‍ വേഷം മുതലായവയും മാറ്റി അനന്യഗതികളായി നിന്നിരുന്നവരും ആയ എത്രയോ ബ്രാഹ്മണരെ ഒന്നും കൊടുക്കാതെ ഉപേക്ഷിച്ചു എന്നു പറയുന്നത് ഒരിക്കലും ചേരുകയില്ല. എന്നാല്‍ കൊടുക്കാതെ ഉപേക്ഷിച്ചിട്ടല്ല അവര്‍ക്കു വേണ്ടെന്ന് ഒഴിഞ്ഞിട്ടാണ് എന്നു പറകയാണെങ്കില്‍ വിദേശത്തുനിന്നുമുള്ള അവരുടെ ആഗമനത്തിന്റെ ഉദ്ദേശ്യം പിന്നെ എന്തായിരിക്കും? ഒരുവേള അബദ്ധത്തില്‍ വന്നുപോയതാണെന്നുവരികില്‍ അവര്‍ വേഷം മാറുകയും വേറെ വിധം സമ്പാദിച്ച് ഉപജീവനം കഴിച്ചുകൊണ്ടെങ്കിലും ഇവിടെത്തന്നെ സ്ഥിരമായി താമസിക്കുകയും ചെയ്യാതെ ഉടന്‍തന്നെ പൊയ്ക്കളയുമായിരുന്നു.

ഇനി ഇവര്‍ ഭാര്‍ഗ്ഗവനാല്‍ ക്ഷണിക്കപ്പെടാതെ (തനിയെ) വന്നു വേഷംമാറി താമസിച്ചവരാകകൊണ്ടാണ് ഇവര്‍ക്ക് ഭൂമി കിട്ടാതിരുന്നതെങ്കില്‍, ഒന്നാമത് അതിലേക്ക് പ്രമാണമോ ജനശ്രുതിയോ ഒന്നുംതന്നെയില്ല; രണ്ടാമതു പരദേശത്തുള്ള ബ്രാഹ്മണരുടെ വാസസ്ഥലത്തുചെന്ന് അവരെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുവന്ന് ദാനംചെയ്ത ഭാര്‍ഗ്ഗവന്‍ ആ കാലത്തു തനിയെ വന്നവരും ജന്മം മുഴുവന്‍ ഇവിടെ താമസിക്കുന്നതിന് സന്നദ്ധരായിരുന്നവരും ആയ ഇവരെ ഒഴിക്കയില്ലായിരുന്നു. അതുകൊണ്ടും ദാനംവാങ്ങിയവര്‍ വാങ്ങാത്തവരായ മറ്റുള്ളവര്‍ക്കുവേണ്ടിച്ചെയ്ത കുറതീര്‍ച്ചയില്‍ ഇവര്‍ ഉള്‍പ്പെടാതിരുന്നതു കൊണ്ടും അറുപത്തിനാലു ഗ്രാമക്കാരില്‍ എല്ലാവര്‍ക്കും കൊടുത്തു എന്ന് പറഞ്ഞതു ശരിയാകുന്നില്ല.

ഈ മലയാളത്തിലെ ഭൂമിദാനസ്വീകരണത്തില്‍ ദത്തഭൂമി മാത്രമല്ല ഒരുനാളും മാറാത്തതായ ഭ്രംശരൂപമായ പാപവുംകൂടി സിദ്ധിക്കും എന്നാണല്ലോ പ്രമാണംകൊണ്ടും അനുഭവംകൊണ്ടും ഈ ബ്രാഹ്മണര്‍ വിശ്വസിച്ചിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. ഈവിധ ഭ്രഷ്ടരൂപപാപസഹിതദാനസ്വീകാരമാകുന്നു ഇവിടെ ഉള്ള ജന്മിത്വത്തിനും പ്രഭുത്വത്തിനും കാരണമെന്നും കാണുന്നു. ആഢ്യന്മാര്‍ക്കുള്ള അവകാശം ഭാര്‍ഗ്ഗവദാനപ്രകാരം സിദ്ധിച്ചതാണെന്നു കാണുന്നതിനാല്‍ മേല്‍പറഞ്ഞ മുറയ്ക്ക് ഇവര്‍ക്കും പാപവും തന്നിമിത്തം ഭ്രഷ്ടും സംഭവിച്ചിരിക്കേണ്ടതായിരുന്നു. അപ്രകാരം കാണുന്നില്ല. ആഢ്യന്മാര്‍ ഇന്നും ശ്രേഷ്ഠന്മാര്‍തന്നെയാണ്.

സമാധാനം: നേരിട്ടു കയ്യില്‍ വാങ്ങിച്ചെങ്കിലേ പാപമുള്ളു. ഈ ആഢ്യന്മാര്‍ അങ്ങനെ വാങ്ങിച്ചിട്ടില്ല. അതുകൊണ്ട് അവര്‍ക്കു പാപവുമില്ല.

നിഷേധം: ‘മഹാബ്രാഹ്മണര്‍ക്കു ഭ്രഷ്ടു വരുത്തേണ്ട. ദാനം മേല്‍പ്രകാരംമതി. അതുകൊണ്ടു ദാനഫലം സിദ്ധിച്ചുകൊള്ളും’ എന്നിങ്ങനെ ഭാര്‍ഗ്ഗവനു ദയവുതോന്നി ദാനം സ്വീകരിക്കാനുള്ളവരെ മാറ്റിനിറുത്തിയുംവെച്ച് ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ ദാനവസ്തു വെച്ചു കൊടുക്കുകയും അപ്രകാരം ഇവര്‍ക്കു സിദ്ധിക്കയും ചെയ്തിരിക്കയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ആ സ്ഥിതിക്ക് ഇത്ര ദയാലുവായ ഭാര്‍ഗ്ഗവന് മറ്റുള്ളവരെ (കയ്യില്‍വാങ്ങിയവരെ) സംബന്ധിച്ചും ഇതുപോലെ ചെയ്ത് ദോഷം കൂടാതെ കാര്യം സാധിക്കാമായിരുന്നു. അങ്ങനെ നടത്തിയതായിക്കാണാത്തതിനാല്‍ ഭാര്‍ഗ്ഗവന് അതു സമ്മതമല്ലെന്നും അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെന്നും തെളിയുന്നു.

വിശേഷിച്ചും ദാനവിഷയമായ പാപം ഏതുവിധത്തിലെങ്കിലും ദാനം സ്വീകരിച്ചവനോടല്ലാതെ എവിടേക്കുപോകുമെന്ന് അറിയുന്നില്ല. അതുവീണ്ടും ദാതാവില്‍തന്നെ ചേരുമെന്നോ അതല്ലാ തല്‍ക്കാലം മാറിനിന്ന് കൈയില്‍ വാങ്ങാതെയുള്ള സ്വീകാരക്രിയകൊണ്ടു നശിച്ചുപോകുമെന്നോ പറയുന്നതായാല്‍ അതു യുക്തിക്കു ചേരുന്നതല്ല.

ഒരുവന്‍ കൊടുക്കുകയും വേറൊരുവന്‍ അതിനനുകൂലമായിനിന്ന് ഏറ്റുവാങ്ങുകയും ചെയ്‌തെങ്കിലേ അതു ദാനമാകയും ഫലപ്പെടുകയും പ്രതിഗ്രഹീതാവിനു ദത്തവസ്തുവില്‍ അവകാശം സിദ്ധിക്കയും ചെയ്കയുള്ളൂ. ആ സ്ഥിതിക്ക് നേരേ ഏറ്റുവാങ്ങീട്ടില്ലാത്ത ഇവര്‍ക്കു വസ്തു അവകാശമുണ്ടെന്നു പറയുന്നതു ശരിയല്ല. അഥവാ അവകാശമുണ്ടെന്നുവരികില്‍ അതുവേറെ വല്ല മാര്‍ഗ്ഗത്തിലും സിദ്ധിച്ചിട്ടുള്ളതായിരിക്കണം.

എന്നാല്‍, ഇവര്‍ (ആഢ്യന്മാര്‍) വാങ്ങിയില്ലെങ്കിലും മറ്റുള്ളവര്‍ വാങ്ങീട്ടുണ്ടല്ലോ. ആ വാങ്ങല്‍ ഇവരുടെ അവകാശത്തിനും കാരണമായി എന്നാണെങ്കില്‍, അവര്‍ക്കു ഭാര്‍ഗ്ഗവനോടു ദാനം വാങ്ങീട്ടുള്ളതായല്ലാതെ വേറെ വസ്തുക്കളില്ലാത്തതിനാലും അവരുടെ വാങ്ങലിന്റെ ഫലസിദ്ധി ഇവര്‍ക്കാണെന്ന് ഇപ്പറഞ്ഞ ഭാഗംകൊണ്ടു വന്നുപോകുന്നതിനാലും അവരുടെ സകലവസ്തുക്കളുടെ അവകാശവും ഇവര്‍ക്കു സിദ്ധിച്ചിരിക്കേണ്ടതാകുന്നു.

സമാധാനം: മറ്റവര്‍ (കൈയില്‍ വാങ്ങിയവര്‍) അവര്‍ക്കുവേണ്ടിയും ഇവര്‍ക്കുവേണ്ടിയും ഇങ്ങനെ രണ്ടുവിധം വാങ്ങീട്ടുണ്ട്; അതിനാല്‍ ഇവര്‍ക്കുവേണ്ടി വാങ്ങിയതുമാത്രം ഇവരുടേതായിരിക്കും.

നിഷേധം: അപ്രകാരം വാങ്ങിയത് ദത്തവസ്തുസഹിതമോ അതോ പാപത്തെമാത്രമോ? ദത്തവസ്തുസഹിതമാകുന്നു എങ്കില്‍ ആര്‍ക്കുവേണ്ടി ആയാലും ശരി ദേയവസ്തുസംബന്ധമായി ദാതാവിന്നുണ്ടായിരുന്ന അവകാശം ആ ദാതാവിനോടു വേര്‍പെട്ടു പ്രതിഗ്രഹീതാവിന്റെ അധീനത്തില്‍ ആകുമാറുള്ള കൃത്യത്തിനെ ആകുന്നു സ്വീകാരം (വാങ്ങല്‍) എന്നുപറയുന്നത്. അതിനാലും,

‘സര്‍വ്വപാപവിമുക്തയേ’ (കേ. മാ. അ. 5)

അര്‍ത്ഥം: ‘എല്ലാ പാപത്തിന്റേയും വിമോചനത്തിനായിട്ട്’ എന്നതിനാലും എല്ലാ പാപത്തിന്റേയും വിമോചനമാണ് ദാനത്തിന്റെ പ്രയോജനമെന്നു സിദ്ധിക്കുന്നു. പാപത്തെ ഏറ്റുവാങ്ങിക്കൊണ്ടതിനാല്‍ ഭാര്‍ഗ്ഗവനു ദാനത്തിന്റെ പ്രയോജനമായ പാപവിമോചനത്തിനു ഹേതു കൈയില്‍ വാങ്ങല്‍ ആകുന്നു. ആകയാല്‍ സ്വാര്‍ത്ഥമായും പരാര്‍ത്ഥമായും ഉള്ള രണ്ടു വാങ്ങലില്‍ ഉള്‍പ്പെട്ട വസ്തുക്കളുടെ അവകാശങ്ങളും തുല്യബലത്തോടുകൂടി ആ കൈയില്‍ വാങ്ങിയവരില്‍തന്നെ ഇരിക്കാനേ ന്യായമുള്ളൂ. അതല്ലാ നല്ല മനസ്സോടുകൂടി പരാര്‍ത്ഥം വാങ്ങിയ വസ്തുക്കളെ വിട്ടുകൊടുക്കുന്നപക്ഷത്തിലും സ്വാര്‍ത്ഥംവാങ്ങിയ വസ്തുക്കളുടെ അവകാശം എല്ലാ കാലത്തും അവരില്‍തന്നെ ചേര്‍ന്നിരിക്കേണ്ടതാണ്. ഈ സ്ഥിതിക്ക് എല്ലാ വകക്കാരുടേയും വസ്തുക്കളുടെ അവകാശം ആദ്യം ഭാര്‍ഗ്ഗവനും രണ്ടാമത് അദ്ദേഹം കൊടുത്തിട്ട് കൈയില്‍ വാങ്ങിയവര്‍ക്കും അവര്‍ കൊടുത്തിട്ട് 3-ാമത് ഇവര്‍ക്കും (ആഢ്യന്മാര്‍ക്കും) സിദ്ധിച്ചിട്ടുള്ളതായിരിക്കണമെന്നു സ്ഥിരപ്പെടുന്നു. ഭാര്‍ഗ്ഗവദാനപ്രകാരം സിദ്ധിച്ചതു മറ്റവര്‍ക്കും അവരുടെ ദാനപ്രകാരം സിദ്ധിച്ചത് ഇവര്‍ക്കും എന്നല്ലാതെ ആഢ്യന്മാര്‍ക്കു ഭാര്‍ഗ്ഗവദാനപ്രകാരം സിദ്ധിച്ചു എന്നു പറയുന്നതിനെ ഇവരുടെ പ്രമാണംതന്നെ ഖണ്ഡിക്കുന്നു.

ഇനി കൈയില്‍ വാങ്ങിയവര്‍ അവകാശത്തെ വിട്ടു പാപത്തെ മാത്രമാണ് വാങ്ങിയതെങ്കില്‍ ഭൂമി അതില്‍ ഉള്‍പ്പെടാതിരുന്നതുകൊണ്ട് അത് ആഢ്യന്മാരുടെ ജന്മാവകാശത്തിനു കാരണമല്ലെന്നാവും. ഭാര്‍ഗ്ഗവനോടു വാങ്ങീട്ടില്ലെന്ന് ആദ്യമേതന്നെ പറഞ്ഞുപോയതിനാല്‍ ഭാര്‍ഗ്ഗവദാനമാണ് ജന്മാവകാശത്തിനു കാരണമെന്നു പറവാനും പാടില്ല. അല്ലാതെയും ആചന്ദ്രതാരം അനുഭവിപ്പാന്‍ വസ്തുവിനെ അല്ലാതെ വിഷൂചിക എന്നപോലെ ക്ഷയത്തിനു ഹേതുഭൂതമായ പാപത്തെ ആണോ പൂവും നീരും സഹിതം കൊടുക്കുന്നത്? ദാനത്തിന്റെ മുറ പ്രകാരം ആണോ? ഇതിനു വിപരീതമായി ഭാര്‍ഗ്ഗവന്‍തന്നെ ചെയ്തിട്ടുള്ള ഭൂമീദാനമര്യാദയെ നോക്കാം:

‘പുരോഹിതാന്‍ സമാഹൂയ വേദജ്ഞാന്‍ വേദപാരഗാന്‍
വസിഷ്ഠാദീന്‍ ദ്വിജാതീംശ്ച ഭൂമിദാനമകല്പയല്‍;
അസ്മല്‍ പാപവിനാശാര്‍ത്ഥം കുസുമൈസ്സഹിതോദകം
ഹസ്‌തേ ഗൃഹീത്വാ രാമസ്തു ഉവാച മുനിപുംഗവാന്‍:
പുരോഹിതശ്ശതാനന്ദസ്സമാഗത്യ സമാസ്ഥിതഃ
ഭൂദാനം ദീയതാം രാജന്‍ ഗോത്രപൂര്‍വ്വം സനാമകം
ഗൗതമസ്യ സുതേനോക്തമബ്രവീന്മന്ത്രപൂര്‍വ്വകം:
ഭൂമിം ലിഖിത്വാ പത്രേഷു ബ്രാഹ്മണേഭ്യോ ദദൗപ്രഭുഃ
സര്‍വ്വാന്‍ ഭൂമണ്ഡലാന്വാപി സര്‍വ്വപാപവിമുക്തയേ
വിപ്രേഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാഃ
ചതുസ്സാഗരമദ്ധ്യാ ച ഭൂമിസ്സാദീയതേ മയാ
നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം.’
(കേ. മാ. അ. 5)

ഇപ്രകാരം ദാനംചെയ്തിട്ടുള്ള പ്രയോജനം ദാതാവിന് പാപമോചനവും സ്വീകര്‍ത്താവിനു വസ്ത്വനുഭോഗവും ആകുന്നു. ദാതാവു വസ്തുവിനേയും പാപത്തേയുംകൂടി കൊടുത്തു എങ്കിലും വസ്തു അനുഭവിക്കപ്പെടണമെന്നും പാപം ക്ഷയിപ്പിക്കപ്പെടണമെന്നും ആകുന്നു ഉദ്ദേശ്യം. അതിനാല്‍ കുസുമോദകസമേതം ദത്തമാകേണ്ടതും ആയിട്ടുള്ളതും ‘ദേയവസ്തു’ ആകുന്നു. അല്ലാതെ ഒരിക്കലും ‘പാപമല്ലാ’ എന്നുള്ളതു മുന്‍കാണിച്ച പ്രമാണംകൊണ്ടും സിദ്ധിക്കുന്നു. അതിനാല്‍ വസ്തുവിനെ ഒഴിച്ചു ദാനം വാങ്ങി എന്നു പറഞ്ഞാല്‍ ആയതു ചേരുകയില്ലാ.

ഇനി വാങ്ങിച്ചവര്‍ വാങ്ങിക്കാത്തവരായ ഇവര്‍ക്കുവേണ്ടി കുറതീര്‍ച്ചചെയ്തപ്പോള്‍ കുറ തീര്‍ന്നുപോയതായും പാപം വസ്തുവിനേയും തദനുഭോക്താക്കളായ ഇവരേയും വിട്ടിട്ട് അവരുടെ അടുത്ത് ഉടന്‍ ചെന്നതായും പറയുന്നത് ഒട്ടും ശരിയല്ലെന്നു കാണിക്കാം.

ദാതൃപാപത്തെ ദേയവസ്തുവില്‍ സങ്കല്പിച്ചാക്കിയും ദേയവസ്തു കയ്യില്‍ അടങ്ങാത്തതാണെങ്കില്‍ ആയതിനെ ഉദകദാനത്തില്‍ സങ്കല്പിച്ചാക്കിയും ആകുന്നു ദാനംചെയ്യുന്നത്. ദാതാവ് നീരും പൂവും കയ്യിലെടുത്ത് എന്റെ പാപം എന്നെ വിട്ട് ഈ ദാനത്തോടുകൂടി പോയൊഴിയട്ടെ എന്നിങ്ങനെ സങ്കല്പിച്ചു കൊടുക്കുകയും സ്വീകര്‍ത്താവ് ഈ ദാതാവിന്റെ പാപത്തെ ഈ ദേയവസ്തുവോടുകൂടി ഞാന്‍ ഏറ്റിരിക്കുന്നു എന്നു സങ്കല്പിച്ചു വാങ്ങിക്കുകയും ചെയ്യുമ്പോള്‍ ആ സങ്കല്പപ്രകാരം ആ പാപമാകട്ടെ ദത്തവസ്തുവിനെ തുടര്‍ന്നു സ്വീകൃത്തിനോടു ചേരുന്നു. ഈ സ്ഥിതിക്ക് ദാതൃസങ്കല്പം അവന്റെ പാപത്തെ അവന്റെ പക്കല്‍നിന്നും വേര്‍പെടുത്തി സ്വീകൃത്തിനോടു ചേരുമാറ് ദത്തവസ്തുമാര്‍ഗ്ഗമായി തളളിവിടുന്നതിനുള്ള ഒന്നാകുന്നു: ദത്തപദാര്‍ത്ഥം മേല്‍പ്രകാരം വിടപ്പെട്ട പാപത്തിനു സ്വീകൃത്തിങ്കല്‍ പാഞ്ഞു ചെല്ലുന്നതിനുള്ള മാര്‍ഗ്ഗമാകുന്നു. സ്വീകൃത്തിന്റെ സങ്കല്പം അപ്രകാരം വരുന്ന പാപത്തെ അത് ഇരുന്ന സ്ഥലത്തേയ്ക്കു (മറുപടിയും ദാതാവിങ്കല്‍ തന്നെ) ചെല്ലാത്തവിധം ഏറ്റുകൊള്ളുന്നതിനുള്ള ഒന്നാകുന്നു. ഇപ്രകാരം ദാനവും സ്വീകാരവും കഴിഞ്ഞിട്ട് ദത്തവസ്തുവില്‍ ദാതാവിനാല്‍ സങ്കല്പംകൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള പാപത്തെ സ്വീകൃത്തായവന്‍ തന്റെ തപോബലംകൊണ്ടു നശിപ്പിച്ച് ആ വസ്തുവിനെ അന്യനെ പാപത്തില്‍നിന്നും രക്ഷിച്ചതിന്റെ പ്രതിഫലമായിട്ട് അനുഭവിച്ചുകൊള്ളുന്നു.

അല്ലാതെ കയ്യില്‍ നേരിട്ടുകൊടുക്കുന്നതും വാങ്ങുന്നതും പാപത്തെ മാത്രമല്ല സങ്കല്പവിന്ന്യസ്തപാപമായിരിക്കുന്ന ദേയവസ്തുവിനേയും തദവകാശത്തേയുമാകുന്നു. ഈ അവസ്ഥയ്ക്ക് ഒരു ദാനത്തില്‍ വസ്തുവും പാപവും ഒന്നിച്ചിരിക്കവെ വസ്തു ഒരിടത്തും പാപം മറ്റൊരിടത്തും ആകുമെന്നുള്ളത് അസംഭാവ്യംതന്നെ.

സമാധാനം: കയ്യില്‍ വാങ്ങിയവര്‍ക്ക് ഇവര്‍ക്കുള്ളതുപോലെ തന്നെ ഭാര്‍ഗ്ഗവദത്തവസ്തുക്കള്‍ ഉള്ളതിനാല്‍ ഈ പാപവുംകൂടി സങ്കല്പപ്രകാരം അവയില്‍ ചേര്‍ന്നിരുന്നുകൊള്ളും.

നിഷേധം: എങ്കില്‍, ആ ദത്തവസ്തുമാര്‍ഗ്ഗം സംക്രമിച്ച പാപം എവിടെ പോകും? ഈ പാപത്തിന് ഇരിപ്പാന്‍കൂടി ആ വസ്തുക്കള്‍ മതിയാകുമെങ്കില്‍ ഇവര്‍ക്കു വേറെ കൊടുത്തിട്ടാവശ്യമില്ലാ, കൊടുത്തിരിക്കുകയും ഇല്ല.

ഇനിയും കയ്യില്‍ വാങ്ങിയവര്‍ വാങ്ങാത്തവരായ മറ്റുള്ളവരുടെ കുറതീര്‍ച്ചകൂടി ചെയ്തുവാങ്ങിച്ചു എന്നു പറയുന്നുവല്ലൊ. ആയതു സത്യമായിരുന്നുവെങ്കില്‍ തങ്ങള്‍ക്കുവേണ്ടിയും, കൈയ്യില്‍ വാങ്ങലാകുന്ന അശുദ്ധിയെ തൊടാതെ വസ്തുക്കളെമാത്രം മുറുകെപ്പിടിച്ച് അനുഭവിച്ചുംകൊണ്ട് പരിശുദ്ധമായിരിക്കുന്ന മറ്റുള്ള ജന്മികള്‍ക്കുവേണ്ടിയും ദാനത്തെ കയ്യില്‍ വാങ്ങിച്ച് കുഴങ്ങിക്കിടക്കുന്ന ആ ജന്മികളെ പിടികൂടിയ സ്വാര്‍ത്ഥപരാര്‍ത്തകൃത്യങ്ങളായിരിക്കുന്ന രണ്ടുവക ഭ്രഷ്ടുകളേയും ഭ്രഷ്ടുകൂടാതെ കാര്യം പറ്റിച്ചു സമര്‍ത്ഥന്മാരായിരിക്കുന്ന ജന്മികള്‍, ദാനദോഷപരിഹാരമാര്‍ഗ്ഗം സ്മൃതികളില്‍ വിധിക്കപ്പെട്ടിരുന്നിട്ടും, ആയതിനെ ചെയ്ത് ഉപകാരികളായ സ്വജനങ്ങളില്‍നിന്നു ദോഷം നീക്കി അവരെ തങ്ങളുടെ സമൂഹത്തില്‍ ചേര്‍ത്തുകൊള്ളാതെ എന്നന്നേക്കും ഇങ്ങനെ പുറംതള്ളി വിട്ടുകളയുകയും അവര്‍ (കയ്യില്‍വാങ്ങിയവര്‍) ആ ഉപകാരത്തെ ഓര്‍മ്മപ്പെടുത്തി മറ്റവരോട് നിര്‍ബന്ധിച്ചു പ്രതിവിധി ചെയ്യിച്ചു തങ്ങളുടെ സ്ഥിതി ശരിയാക്കിക്കൊള്ളാതെ ഉള്ള കാലമൊക്കെയും ഈ കാര്യത്തില്‍ മാത്രം ക്ഷമയോടുകൂടി ഇങ്ങനെ മൗനവ്രതം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്തുകളയുമായിരുന്നോ? ഒരിക്കലുമില്ല. അതുകൊണ്ടു വാങ്ങിയവര്‍ മറ്റുള്ളവരുടെ കുറ തീര്‍ച്ചചെയ്തു വാങ്ങീട്ടില്ലെന്നുള്ളതു നിശ്ചയമാകുന്നു.

സമാധാനം: ഇത് ഈ ഒരു ദാനത്തിനു മാത്രമായിട്ടുള്ള പുതിയ സംഭവമാണ്. ആയതിനാല്‍ ഇതിന്റെ നിവൃത്തിക്കുള്ള ഉപായം ഒരു സ്മൃതിയിലും പ്രമാണങ്ങളിലും വേദത്തിലും കാണുകയില്ല. അതുകൊണ്ടാണ് പരിഹൃതം ആകാതെ കിടക്കുന്നത്. അല്ലാതെ അവര്‍ക്കു മനസ്സില്ലാഞ്ഞിട്ടല്ല.

നിഷേധം: ഒരു ദാനത്തില്‍ വസ്തുവും പാപവും ഉള്‍പ്പെട്ടിരിക്കവെ വസ്തുമാത്രം ദാനം വാങ്ങിയവനോടു പാപം മാത്രം അതില്‍ സംബന്ധിക്കാത്ത വേറൊരുവനോടും ചെന്നുചേരുമെന്നുള്ള നിയമവും ഒന്നിലും ഒരിടത്തും ഇല്ല. അതിനാലായിരിക്കാം പരിഹാരവും കല്പിക്കപ്പെടാത്തത്.

സമാധാനം: ദാനം വാങ്ങാത്തവര്‍ മറ്റുള്ളവരുടെ കുറ തീര്‍ച്ചചെയ്തു വാങ്ങിയ നിമിത്തമാണ് അവര്‍ക്ക് അവകാശം സിദ്ധിച്ചത്.

നിഷേധം: ആയത് എല്ലാവര്‍ക്കും സിദ്ധിച്ചിരിക്കേണ്ടതായിരുന്നു. ഇവിടെ വാങ്ങാത്തവരില്‍ അനേകംപേര്‍ക്ക് ഇതു ഫലിക്കാതെ അവര്‍ കുടിയായിവന്മാരുടെ ശേഖരത്തില്‍ വേറെവിധം സമ്പാദിച്ചു കാലക്ഷേപം ചെയ്യുന്നവരായി കാണുന്നു. അതിനാല്‍ ഇതു ശരിയാകുന്നില്ല.

സമാധാനം: ചിലര്‍ക്കുവേണ്ടി മാത്രമേ വാങ്ങിയുള്ളൂ.

നിഷേധം: അപ്രകാരം പക്ഷപാതം ചെയ്‌വാന്‍ കാരണമില്ല. അവര്‍ അങ്ങനെ തുനിഞ്ഞാലും.

‘നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം'(കേ. മാ. അ. 5)

‘എല്ലാ ഗോത്രക്കാരായ ബ്രാഹ്മണര്‍ക്കും എന്നാല്‍ ഭൂമി ദാനം ചെയ്യപ്പെട്ടു. ‘

ഇങ്ങനെ എല്ലാപേര്‍ക്കും പക്ഷപാതം കൂടാതെ ദാനം ചെയ്ത ഭാര്‍ഗ്ഗവന്‍ അതിലുള്‍പ്പെട്ട ഏതാനുംപേര്‍ക്കായിട്ടു മാത്രം കൊടുക്കയില്ല. കൊടുക്കാത്ത സ്ഥിതിക്കു അവര്‍ വാങ്ങിയും ഇരിക്കയില്ലല്ലൊ.

സമാധാനം: ഈ മലയാളഭൂമിദാനത്തിനുമാത്രം ഭാര്‍ഗ്ഗവന്‍ പക്ഷപാതമാര്‍ഗ്ഗത്തെ അനുഷ്ഠിച്ചു.

നിഷേധം: ഇത് അറുപത്തിനാലു ഗ്രാമക്കാരായ ബ്രാഹ്മണര്‍ക്കുമായിട്ടു കേരളഭൂമി മുഴുവനും ഭാര്‍ഗ്ഗവന്‍ ദാനം ചെയ്തു എന്നുള്ള പ്രമാണത്തിനു വിപരീതമായിട്ടിരിക്കുന്നു.

ഇനിയും ഇവര്‍ക്കുള്ളതിനെ ഇവര്‍തന്നെ വാങ്ങാതിരിപ്പാനും ആ കുറവിനെ അന്യരുടെ വാങ്ങലില്‍ സമര്‍പ്പിച്ചുകളയാനും കാരണമെന്ത്? ദോഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടോ, അതോ ഭാര്‍ഗ്ഗവന്‍ കൊടുക്കാഞ്ഞിട്ടോ?

ദോഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടെങ്കില്‍ ഇത്ര ദൂരം വരികയും അനന്തരം അനന്യദേശശരണന്മാരായിട്ട് ഇവിടെത്തന്നെ വാഴുകയും ചെയ്കയില്ലായിരുന്നു. അല്ലാതേയും ദാനാര്‍ഹന്മാര്‍ക്ക് ഇതില്‍ ദോഷശങ്കയ്ക്ക് വകയും ഇല്ല. ഉണ്ടായിപ്പോയെങ്കില്‍ അര്‍ഹരല്ലെന്നും ജന്മിത്വകാരണം ഭാര്‍ഗ്ഗവദാന (സ്വീകരണ)മല്ലെന്നും വന്നുകൂടും. ഭാര്‍ഗ്ഗവന്‍ കൊടുക്കാതിരിക്കാന്‍ ഇടയില്ലെന്നുള്ളതു താഴെപ്പറയുന്ന പ്രമാണഭാഗത്തില്‍നിന്നും വെളിവാകുന്നു.

‘തത്രാസ്‌തേ ബ്രാഹ്മണഃ കശ്ചിദ്വേദവിദ്ഭിരലംകൃതഃ
ഷട്ക്കര്‍മ്മനിരതോ നിത്യമാചാര്യസ്തല്‍ പുരേ സുധീഃ
തസ്യ ദാരാ പതിവ്രതാ ഭര്‍തൃശുശ്രൂഷണേ രതാ
തയോരഷ്ടസുപുത്രാംശ്ച……
ഭാര്‍ഗ്ഗവേണൈവ മുക്തസ്തു ദ്വിജാതീനാം ഗുരുസ്തദാ
അഷ്ടപുത്രൈ സദാരൈശ്ച പ്രയാണമകരോദ്ദ്വിജഃ
ആഗത്യ കേരളേ സംജ്ഞേ വൃഷാദ്രിപുരസംജ്ഞികേ’
(കേ. മാ. അ. 11)

മേല്‍കാണിച്ച പ്രമാണത്തില്‍നിന്നും അഷ്ടഗ്രഹത്തില്‍ ആഢ്യന്മാര്‍ ഒരച്ഛന്റേയും അമ്മയുടേയും പുത്രന്മാരെന്നു കാണുന്നു. ഈ സ്ഥിതിക്ക് അവര്‍ ഒരു ഗോത്രക്കാരായിരിപ്പാനേ ഇടയുള്ളൂ. ഒരു ഗോത്രക്കാര്‍ക്ക് അന്യോന്യം വിവാഹബന്ധം പാടില്ല എന്ന നിയമം ഇന്നും ബ്രാഹ്മണരുടെ ഇടയില്‍ നടപ്പാണ്. ഇവര്‍ അന്യോന്യം വിവാഹം ചെയ്തുവരുന്നതുകൊണ്ട് മുന്‍പറഞ്ഞതു ശരിയല്ലെന്നും അവര്‍ വെവ്വേറെ ഗോത്രം ഉള്ളവരാണെന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു.

കയ്യില്‍ വാങ്ങിയവര്‍ എന്നു പറയപ്പെടുന്നവരായ ജന്മികള്‍ക്കും ഭാര്‍ഗ്ഗവന്‍ കൊടുത്തിട്ടില്ലാ

ഭാര്‍ഗ്ഗവന്‍ വളരെ ക്ലേശപ്പെട്ട് സമുദ്രത്തില്‍നിന്നും ഈ ഭൂമിയെ സമ്പാദിച്ചത് എന്തിനായിട്ട്? അദ്ദേഹം ആദ്യം ചെയ്ത ഷോഡശമഹാദാനം (ദശ) സര്‍വ്വഭൂമണ്ഡലദാനം ഇതുകള്‍നിമിത്തം മുമ്പില്‍ കാണിച്ചപ്രകാരം വീരഹത്യാപാപത്തിന്റെ എന്നല്ല തന്റെ സകല പാപങ്ങളുടെയും മോചനം സിദ്ധിച്ചുപോയതിനാല്‍ ആയതിലേക്ക് അല്ലെന്നുള്ളതു തീര്‍ച്ചതന്നെ. ‘പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവര്‍ത്തതേ’ പ്രയോജനത്തെ ഇച്ഛിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കയില്ലാ. ഭാര്‍ഗ്ഗവന് ഈ സന്ദര്‍ഭത്തില്‍ അത്യാവശ്യമായ പ്രയോജനമെന്തായിരുന്നിരിക്കാം എന്നു നോക്കിയാല്‍ ആയതു മുമ്പുള്ള പ്രമാണങ്ങള്‍കൊണ്ട് ഇരിപ്പാന്‍ ഇടം ഉണ്ടാവുകയാണെന്നു വെളിപ്പെടുന്നു.

അല്ലാതെ ദാനം ചെയ്യണമെന്നുള്ള ആവശ്യം അദ്ദേഹത്തിനു സ്വല്പംപോലും ഉണ്ടായിരുന്നില്ല.

അദ്ദേഹം ആവേഗത്തോടുംകൂടിവന്ന് ഭൂമിയെ ഉണ്ടാക്കി പുതുമോടിയില്‍ അപ്രകാരം യഥേച്ഛം ഇരുന്നുവെങ്കിലും കുറേക്കാലം കഴിഞ്ഞശേഷം ബ്രാഹ്മണര്‍ക്കു കൊടുത്തു എന്ന് വിചാരിക്കുന്നപക്ഷം, ഭാര്‍ഗ്ഗവന്‍ അദ്ദേഹത്തിന്റെ പുതിയ ഭൂമിയില്‍ ബ്രാഹ്മണരെ ഇരുന്നുകൊള്ളുവാന്‍ അനുവദിച്ചുംവെച്ച് പോകയും കുറഞ്ഞോരുകാലം ചെന്നശേഷം അവര്‍ അദ്ദേഹത്തെ പരീക്ഷിക്കയാല്‍ തല്‍ക്ഷണം വന്നു കോപിച്ചു ശപിച്ചിട്ട് ഭൂമി കൊടുക്കുകയില്ല, എന്നു പറകയും അവര്‍ ഭയന്നു സ്തുതിച്ചപ്പോള്‍, ശാപമോക്ഷം കൊടുത്തുംവച്ചു പോവുകയും ചെയ്തു. ഇപ്രകാരമല്ലാതെ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവദാനത്തിനേക്കുറിച്ച് ഒന്നുംതന്നെ കാണുന്നില്ല. അതുകൊണ്ട് ഭാര്‍ഗ്ഗവന്‍ ദാനംചെയ്തിട്ടില്ല. ഇനി ഉണ്ടെന്നു വയ്ക്കുന്നപക്ഷവും അത് ഇപ്പറഞ്ഞതിനിടയ്ക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലായിരിക്കാനേ പാടുള്ളു. അങ്ങനെയാണെങ്കില്‍ അത് ബ്രാഹ്മണരെ ഇരുത്തിയുംവെച്ച് സന്തോഷമായിട്ട് പോയപ്പോഴോ അതല്ല, അനന്തരം ബ്രാഹ്മണര്‍ പരീക്ഷിച്ചതിനാല്‍ രണ്ടാമതു വന്നു ശപിച്ചപ്പോഴോ? ആദ്യമാണെങ്കില്‍,

‘സര്‍വ്വാന്‍ ഭൂമണ്ഡലാന്ന്വാപി സര്‍വ്വപാപവിമുക്തയേ
വിപ്രേഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാഃ’
(കേരളമാഹാത്മ്യം)

‘എല്ലാ ഭൂമിയും സകലപാപനിവൃത്തിക്കായിട്ട് ഞാന്‍ ബ്രാഹ്മണര്‍ക്ക് ദാനംചെയ്യുന്നു.’ എന്നും മറ്റും കാണുന്നതുപോലെ, ആ വിവരവും ഈ പ്രമാണത്തില്‍ കാണിക്കാത്തതിനു കാരണമെന്ത്? പിന്നെ ഭാര്‍ഗ്ഗവന് അപ്പോള്‍ ഭൂമിദാനം ചെയ്തിട്ട് യാതൊരു കാര്യവും ഇല്ലായിരുന്നു താനും.

ഇനിയും, ആദ്യമെ കൊടുത്തിരുന്നുവെങ്കില്‍ ഇനി തരികയില്ലെന്നു രണ്ടാമതു പറവാന്‍ ഇടയില്ലാ. അല്ലാതെയും കൊടുത്തുംവെച്ച് അപ്രകാരം പറകയെന്നുവന്നാല്‍ ഭാര്‍ഗ്ഗവന്‍ ഭോഷ്‌കുപറയുന്നവനായിപ്പോകയും അപ്പോള്‍ ‘മദ്വാക്യം സത്യമേവന്തു’ (എന്റെ വാക്ക് സത്യമായിട്ടുതന്നെ ഭവിക്കും) എന്ന് അദ്ദേഹം പലേടത്തും പറഞ്ഞിട്ടുള്ളതു വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹത്തിനു ദത്താപഹാരദോഷം ഉണ്ടെന്നും വരികയും ചെയ്യും. ഭൂമി മുഴുവനും വാങ്ങിക്കൊണ്ട് ‘ഇനി ഇതിലിരിക്കാന്‍ പാടില്ല എവിടെ എങ്കിലും പൊയ്‌ക്കൊള്ളുകേ വേണ്ടു’ എന്നു മുമ്പ് മുനിമാരും മറ്റും പറഞ്ഞപ്പോള്‍ ഇതിലധികം കോപം വരാനും ‘എന്നെ വഞ്ചിച്ചു വാങ്ങിയതാകകൊണ്ട് ഇതു ശരിയായ ഒരു ദാനമേ അല്ല, ആയതിനാല്‍ ഞാന്‍ തരുന്നതല്ല’, എന്നു പറയുവാനും തിരിയെ എടുത്തുകൊള്ളുന്നതിനുതന്നെയും ന്യായമുണ്ടായിരുന്നു. എന്നിട്ടുപോലും അപ്രകാരം ചെയ്യാതെ ക്ഷമിച്ചുപോന്ന മഹാനായ ഭാര്‍ഗ്ഗവന്‍ മുമ്പെ കൊടുത്തിരുന്നു എങ്കില്‍ പിന്നീട് ഇങ്ങനെ പറയുകയില്ലെന്നു നിശ്ചയംതന്നെ.

രണ്ടാമതു വന്നിരുന്നപ്പോള്‍ ദാനംചെയ്തുവെങ്കില്‍, അപ്പോഴുണ്ടായത് കോപിച്ചു ശപിക്കയും ഭൂമി തരികയില്ലെന്നു ശപഥംചെയ്‌തൊഴികയും ആയിരുന്നല്ലോ. അല്ലാതെയും, ബ്രാഹ്മണര്‍ ഭൂമി മുഴുവനും കൈക്കലാക്കിക്കൊണ്ട് ‘ഞങ്ങള്‍ക്കു ദത്തമായിപ്പോയി, ഇനി ഇതിലിരിക്കേണ്ട, എവിടെ എങ്കിലും പൊയ്‌ക്കൊള്ളണം’ എന്നു പറഞ്ഞുകേട്ടപ്പോള്‍ പൊടുന്നനവേ ഉണ്ടായ മനസ്താപത്താല്‍ ‘ആകട്ടെ ഇപ്രകാരം ഒരു ഭൂമി ഉണ്ടാക്കി പരിപാലിക്കാമോ എന്നു നോക്കട്ടെ’ എന്നു പ്രതിജ്ഞചെയ്തു പോയി ഭൂമി സമ്പാദിച്ച ഭാര്‍ഗ്ഗവന്‍ ‘കൊള്ളികൊണ്ടടികൊണ്ട പൂച്ചയ്ക്കു മിന്നാമിനുങ്ങിനെ ഭയം’ എന്നുള്ള പഴമൊഴിപോലെ തനിക്കുപറ്റിയ തകരാറിനെ ഓര്‍ത്ത് ഒരുകാലത്തും ഈ ഭൂമി അന്യാധീനത്തില്‍ പോകാത്തവിധം ഏര്‍പ്പാടുചെയ്കയല്ലാതെ ദാനംചെയ്‌വാന്‍ ഒരുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതുമില്ല.

ഭാര്‍ഗ്ഗവന്‍ മലയാളഭൂമിയെ ആര്‍ക്കും ദാനംചെയ്തില്ല1

‘അബ്രാഹ്മണ്യേ തദാ ദേശേ കൈവര്‍ത്താന്‍ പ്രേക്ഷ്യഭാര്‍ഗ്ഗവഃ
ഛിത്വാ തല്‍ബളിശം കണ്‌ഠേ യജ്ഞസൂത്രമകല്പയല്‍
സ്ഥാപയിത്വാ സ്വകീയേ സ്വക്ഷേത്രേ വിപ്രാന്‍ സ്വകല്പിതാന്‍
ജാമദഗ്നിസ്തതോവാച സുപ്രീതേനാന്തരാത്മനാ’
(സഹ്യാദ്രിഖണ്ഡം)

ഭാര്‍ഗ്ഗവന്‍ ഇപ്രകാരമെല്ലാം ചെയ്തത് ആലോചിക്കുമ്പോള്‍ ‘ഇനി യാതൊന്നിനും ബ്രാഹ്മണരുടെ സഹായവും ചാര്‍ച്ചയും സഹവാസവും വേണ്ട’ എന്നും നിത്യവും ജീവഹിംസചെയ്തു കഴിക്കുന്ന അതിനികൃഷ്ടജാതിക്കാരെന്നു വരികിലും ‘ഇവര്‍ അവരെക്കാള്‍ ഭേദം, അവരുടെ പൂണൂനൂലിനെക്കാളും ഇവരുടെ ഇര കോര്‍ത്തിടുന്ന ചൂണ്ടല്‍ക്കയറു ഭേദം’ എന്നും അവരെ (ബ്രാഹ്മണരെ)ക്കുറിച്ച് അദ്ദേഹത്തിന് ഒരു വെറുപ്പു തോന്നിയതായി വെളിപ്പെടുന്നു. ഈ സ്ഥിതിക്കു ഭൂമിതരികയില്ലെന്നു പറഞ്ഞിട്ടുള്ളതില്‍ നിന്ന് മുമ്പില്‍ കൊടുത്തിട്ടില്ലെന്നു വെളിവാകുന്നതുപോലെതന്നെ പിന്നെയും അതായത് ഇതുവരെയും കൊടുത്തിട്ടില്ലെന്നു നിശ്ചയിക്കാവുന്നതാണ്.

അത്രയുമല്ല ഭാര്‍ഗ്ഗവന്‍ അവരെ (ബ്രാഹ്മണരെ) ‘നിങ്ങള്‍ വളരെ പ്രകാരത്തിലുള്ള കഷ്ടാവസ്ഥകളെ പ്രാപിപ്പിന്‍’ എന്നു ശപിച്ചിട്ടാണ് ‘ഭൂമി തരികയില്ല’ എന്നു പറഞ്ഞിട്ടുളളത്. അനന്തരം ബ്രാഹ്മണര്‍ ഏറ്റവും വ്യസനത്തോടുകൂടി ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം അവരോട് കലിയുഗം വര്‍ദ്ധിച്ചുവരുന്ന കാലത്ത് എന്റെ വാക്കു ശരിയായിട്ടുവരും; എങ്കിലും നിങ്ങള്‍ ‘അസിപ്രസ്ഥം’ എന്ന ഭൂമിയില്‍ ശ്ലാഘനീയന്മാരായി ഭവിക്കും; എന്നിങ്ങനെ പറഞ്ഞ് അയച്ചതേയുള്ളു. ഭൂമി കൊടുത്തിരുന്നുവെങ്കില്‍ ഇപ്രകാരം പറകയില്ലായിരുന്നു. ഈ വാക്കുകൊണ്ട് അദ്ദേഹത്തിന്റെ ദേശത്ത് ഇവരിരിക്കുന്നതുപോലും ഇഷ്ടമല്ലെന്നും ഇരുന്നാല്‍ ഇവര്‍ക്ക് കഷ്ടത ഭവിക്കുമെന്നും എന്തെങ്കിലും നന്മവേണമെങ്കില്‍ അവിടം വിട്ട് അന്യദേശത്തു പൊയ്‌ക്കൊള്ളണമെന്നും ഉള്ള ഭാര്‍ഗ്ഗവന്റെ ആശയം വെളിപ്പെടുന്നു.

സമാധാനം: ഭൂമി തരികയില്ലെന്നും മറ്റുമുള്ള വാക്യങ്ങള്‍ സഹ്യാദ്രിഖണ്ഡം എന്ന ഗ്രന്ഥത്തില്‍ ഉത്തരാര്‍ദ്ധത്തില്‍ ഉള്ളവയും വേറെ ദൂരസ്ഥലത്തുവച്ച് സംഭവിച്ചിട്ടുള്ള സംഗതികളെ സംബന്ധിച്ചവയും ഈ മലയാളഭൂമിയെക്കുറിച്ചു സ്വീകരിക്കത്തക്കതല്ലാത്തവയും ആകുന്നു. ഇവിടെ വേണ്ടത് ‘കേരളമാഹാത്മ്യം’ ‘കേരളോല്പത്തി’ മുതലായവയിലുള്ള സാക്ഷ്യങ്ങളാണ്.

നിഷേധം: ഇപ്പറഞ്ഞ രണ്ടുവക പ്രമാണങ്ങളില്‍ പറയുന്ന ഭൂമികളുടെ ഉടമസ്ഥനും രണ്ടുസ്ഥലത്തെ സംഗതികളും നടത്തിയ ആളും ഭാര്‍ഗ്ഗവന്‍ ഒരാള്‍തന്നെ ആകുന്നു.

സമാധാനം: അവിടെ ബ്രാഹ്മണര്‍ക്കു ഭൂമി കൊടുക്കയില്ലെന്നു പറഞ്ഞു നിഷേധിക്കയും ഇവിടെ സല്‍ക്കാരപൂര്‍വ്വം കൊടുക്കയുമാണ് ചെയ്തിട്ടുള്ളത്.

നിഷേധം: സഹ്യാദ്രിഖണ്ഡത്തില്‍ പറയുന്ന ഭൂമി, ആള്‍, സംഗതികള്‍, നടപടികള്‍ ഇവതന്നെയാണ് ഈ കേരളമാഹാത്മ്യം മുതലായവയിലും പ്രതിപാദിച്ചിരിക്കുന്നത്. അതിനാല്‍ ഇതുകളെ ഒന്നായിട്ടല്ലാതെ വെവ്വേറെ പറവാന്‍ പാടില്ല. പറയുന്നതായിരുന്നാല്‍, ഈ രണ്ടിലേക്കും നാഥന്‍ ഒരാളായിരിക്കകൊണ്ടു പ്രസ്തുത സംഗതികള്‍ ഒരു സന്ദര്‍ഭത്തില്‍ നടത്തുന്നതിനു പാടില്ലെന്നും, രണ്ടു സന്ദര്‍ഭത്തില്‍ മുന്നും പിന്നും ആയിരിക്കാനെ പാടുള്ളൂ എന്നും വരും. ആ സ്ഥിതിക്ക് ഇവിടെ കൊടുത്തത്, അവിടെ കൊടുക്കയില്ലെന്നു നിഷേധിക്കയും ശപിക്കയും ചെയ്തതില്‍ പിന്നീടോ അതിനു മുമ്പോ? എന്ന് ആലോചിക്കാം.

പിന്നീട് ആണെങ്കില്‍, അപ്രകാരം വിരോധപ്പെട്ട് നിഷേധിക്കയും ശപിക്കയുംചെയ്ത സ്ഥിതിക്ക് അനന്തരം ഇവിടെവന്നു കൊടുപ്പാന്‍ തുനിയുകയില്ല. അതിലേക്ക് ആവശ്യവും ഇല്ല. അത്രയുമല്ല അവിടെ ബ്രാഹ്മണരെ സക്രോധം ബഹുപ്രകാരത്തില്‍ ശപിച്ചുംവച്ചു ഭാര്‍ഗ്ഗവന്‍ തപസ്സിനായി പൊയ്ക്കളഞ്ഞു എന്നും പിന്നെ തിരിഞ്ഞുനോക്കീട്ടേ ഇല്ലെന്നും അതിന്റെശേഷം ആ ബ്രാഹ്മണര്‍ ശാപഗ്രസ്തന്മാരും, ദുഃഖാര്‍ത്തന്മാരും, ശൂദ്രപ്രായന്മാരും ആയിക്കിടന്നിരുന്നുവെന്നും അനന്തരം മയൂരവര്‍മ്മന്‍ എന്ന സൂര്യകുലരാജാവും പില്‍ക്കാലം അദ്ദേഹത്തിന്റെ പുത്രനായ ചന്ദ്രാംഗദനും ആ ദിക്കിനെ പരിഷ്‌കരിച്ചു എന്നും മുന്‍പറഞ്ഞ ബ്രാഹ്മണരുടെ അനന്തരാനുഭവങ്ങള്‍ ഭാര്‍ഗ്ഗവന്‍ കൊടുത്ത ശാപമോക്ഷപ്രകാരം തന്നെ ആയിരുന്നു എന്നും കാണുന്നതല്ലാതെ ഭാര്‍ഗ്ഗവന്‍ പിന്നെ മറ്റൊരു സ്ഥലത്തു ചെന്നു മുമ്പില്‍ പറഞ്ഞിട്ടുള്ളപ്രകാരം ഒന്നുംതന്നെ നടത്തിയതായി കാണുന്നില്ല.

സമാധാനം: അവിടെ നിഷേധിക്കപ്പെട്ട ബ്രാഹ്മണര്‍ക്കല്ല, ഇതിലേക്കായിട്ടു വേറെ കൊണ്ടുവരപ്പെട്ട ബ്രാഹ്മണര്‍ക്കാണ്, ഇവിടെ ഭൂമി കൊടുത്തത്.

നിഷേധം: അപ്പോള്‍, സമുദ്രത്തെ നീക്കല്‍, ഭൂമിനിര്‍മ്മാണം, ദാനം മുതലായവ ഭാര്‍ഗ്ഗവന്‍ പലപ്പോഴും ചെയ്തിട്ടുണ്ടെന്നു വന്നുപോകും. അങ്ങനെ ആകുമ്പോള്‍, വീരഹത്യാപാപമോചനാര്‍ത്ഥം ദാനം ചെയ്‌വാനെന്നും ഭൂമി മുഴുവനും ബ്രാഹ്മണര്‍ക്കു കൊടുത്തുപോയതിനാല്‍ തനിക്കിരിപ്പാന്‍ സ്ഥലമില്ലാഞ്ഞിട്ട് അതിലേക്കുവേണ്ടി ആണെന്നും ഉള്ള സമാധാനങ്ങളും തത്സംബന്ധമായ കൃത്യങ്ങളും ഒന്നിലധികം തവണ വേണ്ടിവരും. അപ്പോള്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ നിഗ്രഹിച്ച് ഭൂമിയെ നിക്ഷത്രിയയാക്കുക, വീണ്ടും ഭൂമിയെ നിര്‍മ്മിക്കുക അതിനെ ദാനംചെയ്യുക ഇവയെല്ലാം ആദ്യം ഒരിക്കല്‍ചെയ്തിട്ട് പിന്നെയും ചെയ്യുക, അതായത് ആദ്യം കൊന്ന ക്ഷത്രിയരെ പിന്നെയും കൊല്ലുക. ആദ്യം ദാനം ചെയ്ത ഭൂമിയെ പിന്നെയും ദാനംചെയ്ക, ആദ്യം നിര്‍മ്മിച്ച ഭൂമിയെ പിന്നെയും നിര്‍മ്മിക്ക, ആദ്യം വരുത്തിയതുപോലെ പിന്നെയും ബ്രാഹ്മണരെ വരുത്തുക, മുമ്പിലത്തെപ്പോലെ ബ്രാഹ്മണരെ ഇരുത്തിയും വച്ചു വിചാരിക്കുമ്പോള്‍ വരാമെന്നും പറഞ്ഞു പിന്നെയും പോക, ആദ്യം പരീക്ഷിച്ചതുപോലെ പിന്നെയും ബ്രാഹ്മണര്‍ പരീക്ഷിക്ക, ആദ്യം വന്നപ്രകാരം പിന്നെയും വരിക, ആദ്യം കോപിച്ചപ്രകാരം പിന്നെയും കോപിക്ക, ആദ്യം ശപിച്ചപ്രകാരം പിന്നെയും ശപിക്ക എന്നിങ്ങനെ ഇതുസംബന്ധമായി പറയപ്പെടുന്ന സകലസംഗതികളേയും ഇപ്രകാരംതന്നെ ഭാര്‍ഗ്ഗവന്‍ വീണ്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വരികയും ആയതു പരിഹാസജനകമായിത്തീരുകയും ചെയ്യും.

സമാധാനം: ഭാര്‍ഗ്ഗവന്‍ ഇരുന്നുവാഴുന്നതിനും ദാനംചെയ്യുന്നതിനും ഭൂമികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ വടക്കെ ഭാഗമായ സുബ്രഹ്മണ്യംമുതല്‍ വൈതരണിവരെ തനിക്കിരിക്കുന്നതിലേക്കും കന്യാകുമാരിമുതല്‍ ഗോകര്‍ണ്ണം വരെ ദാനംചെയ്യുന്നതിലേക്കും ഭൂമി ഉണ്ടാക്കി വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്തിട്ടുള്ളതാണ്. ഈ സ്ഥിതിക്ക് അവ പ്രത്യേകം പ്രത്യേകം ആയിട്ടല്ലാതെ ഒന്നായിട്ടിരിക്കാന്‍ പാടുള്ളതല്ല.

നിഷേധം: മുമ്പു ഭാര്‍ഗ്ഗവന്റെ അധീനത്തില്‍ ഇരുന്ന ഭൂമി മുഴുവനും ദാനംനിമിത്തം കൈവിട്ടുപോയതിനാല്‍ തനിക്കിരുന്നു വാഴുവാനായിട്ടു മാത്രമാണ് തെക്കേ ഭാഗമായ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണംവരെ ഉള്ള ഭൂമി ഉണ്ടാക്കിയതെന്ന് ഇവിടത്തേക്കുള്ള പ്രമാണങ്ങളില്‍ മുഖ്യമായി കേരളമാഹാത്മ്യത്തില്‍ പറഞ്ഞിരിക്കകൊണ്ടും കേരളോല്പത്തികളില്‍ കാണുന്നപ്രകാരം ഈ ഭൂമി പാപവിമോചനാര്‍ത്ഥം ദാനംചെയ്‌വാനായിട്ട് ഉണ്ടാക്കിയതാണെന്നുള്ള ഭാഗം ഇതിനുമുമ്പുതന്നെ ഖണ്ഡിക്കപ്പെട്ടുപോയിരിക്കകൊണ്ടും ഇതും ഭാര്‍ഗ്ഗവന് ഇരുന്നു വാഴുവാന്‍ ഉണ്ടാക്കിയതാണെന്നും (ഉണ്ടാക്കിയെങ്കില്‍) ദാനത്തിനായിട്ട് അല്ലെന്നും സ്പഷ്ടമാകുന്നു.

പിന്നെയും സുബ്രഹ്മണ്യംമുതല്‍ ഗോകര്‍ണ്ണംവരെയുള്ള സ്ഥലം സഹ്യാദ്രിഖണ്ഡപ്രകാരം ആദ്യം ഭാര്‍ഗ്ഗവന്‍ നിര്‍മ്മിച്ചതില്‍ ഉള്‍പ്പെട്ടുപോയി. അതുപോലെ ആ സ്ഥലം കേരളമാഹാത്മ്യാദിപ്രകാരം രണ്ടാമത്തെ നിര്‍മ്മാണത്തിലും ഉള്‍പ്പെട്ടിരിക്കുന്നതായി കാണുന്നു. ഇതു തീരെ യോജിക്കുന്നില്ല.

എല്ലാ കാരണങ്ങളാലും ഇതുകള്‍ രണ്ടല്ല എന്നും ഒന്നുതന്നെയാണെന്നും രണ്ടെന്നമട്ടില്‍ പറയുന്നതു ശരിയല്ലെന്നും ദൃഷ്ടാന്തപ്പെടുന്നു.

എന്നാല്‍, വാസ്തവം ഇപ്രകാരമാണെങ്കില്‍ പ്രമാണങ്ങള്‍ രണ്ടുപ്രകാരം എഴുതിവെയ്പാന്‍ കാരണമെന്തെന്ന് ഒരു വലുതായ ജിജ്ഞാസയും ശങ്കയും ഇവിടെ സംഭവിക്കാന്‍ ഇടയുണ്ട്. ഇതില്‍ത്തന്നെ ഇനിയൊരു സ്ഥലത്ത് ഓരോന്നായി ചൂണ്ടിക്കാണിച്ചു പറയേണ്ടതായിരിക്കുന്നതിനാലും ഇതുവരെ പറഞ്ഞുവന്ന സംഗതികള്‍ മേല്‍ക്കാണിച്ച ന്യായങ്ങള്‍കൊണ്ട് ഏറ്റവും സ്പഷ്ടീഭവിച്ചിരിക്കുന്നതിനാലും അവയെ ഇവിടെ വിവരിക്കുന്നില്ല.

നിഷേധിക്കയും ശപിക്കയും ചെയ്തിട്ടുള്ളതിനു മുമ്പായിരുന്നുവെങ്കില്‍, ‘സഹ്യാല്‍ സാഗരപര്യന്തം’ കിടക്കുന്ന ഭാര്‍ഗ്ഗവക്ഷേത്രത്തിന്റെ തെക്കേഭാഗമായ ഈ മലയാളഭൂമിയില്‍ മഹായോഗ്യന്മാരായ ബ്രാഹ്മണര്‍ ഭാര്‍ഗ്ഗവന്റെ സ്വാധീനത്തില്‍ ഉണ്ടായിരുന്നിരിക്കുമെന്നുള്ളത് നിശ്ചയമാകുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ സ്വന്തകാര്യങ്ങള്‍ക്കായിട്ട് അസ്വാധീനത്തില്‍ ഇരിക്കുന്നവരായ വേറെ ബ്രാഹ്മണരെപ്പോയി ക്ഷണിക്കുന്നതിന് ആവശ്യമില്ലായിരുന്നു.

സമാധാനം: അന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണര്‍ ദാനം വാങ്ങുക മുതലായ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ പലപ്രകാരം ഭ്രഷ്ടുഭവിച്ചവരായിരുന്നതുകൊണ്ട് ഉത്തമകാര്യങ്ങള്‍ക്ക് ഇനി അവരെ ക്ഷണിക്കേണ്ടെന്നു വിചാരിച്ചായിരുന്നു.

നിഷേധം: ഭ്രഷ്ടന്മാരല്ലാത്തവരായ വിശിഷ്ടര്‍ മുതലായ ബ്രാഹ്മണര്‍ എത്രയോപേര്‍ ഉണ്ടായിരുന്നല്ലോ. ആയവരെ ക്ഷണിക്കരുതായിരുന്നോ?

സമാധാനം: മറ്റുള്ള ബ്രാഹ്മണര്‍ (ഭ്രഷ്ടന്മാര്‍) വരുമെന്നു വിചാരിച്ചിരുന്നതിനാല്‍ ആണ്.

നിഷേധം: ആയവര്‍ വരികയില്ലെന്നു തീര്‍ച്ച ആയതില്‍ പിന്നെയെങ്കിലും ഇവരെ ക്ഷണിക്കാമായിരുന്നല്ലോ; ഇവര്‍ക്കു വരാതിരിപ്പാന്‍ പാടില്ലെന്നുള്ളതിലേക്കു സംശയവുമില്ലല്ലോ. എന്നിട്ട് അപ്രകാരം ചെയ്യാതെ ‘ശ്രാദ്ധാര്‍ത്ഥഞ്ചൈവയജ്ഞാര്‍ത്ഥം മന്ത്രിതാസ്സര്‍വ്വബ്രാഹ്മണാഃ നാഗതാ ഋഷയസ്സര്‍വ്വേ ക്രുദ്ധോഭൂല്‍ ഭാര്‍ഗ്ഗവോ മുനിഃ മയാ …………… ക്ഷേത്രം നൂതനനിര്‍മ്മിതം.

നാഗതാ ബ്രാഹ്മണാസ്സര്‍വ്വേ കാരണം കിം പ്രയോജനം.
ബ്രാഹ്മണാ നൂതനാ കാര്യാ ഏവം………………..’

അര്‍ത്ഥം: ‘ശ്രാദ്ധം യാഗം ഇതുകള്‍ക്കായി ബ്രാഹ്മണരെ ക്ഷണിച്ചിട്ട് ആരുംതന്നെ ചെന്നില്ല. ഭാര്‍ഗ്ഗവന്‍ കോപിച്ച് ‘ഞാന്‍ നൂതനമായി ഭൂമിയുണ്ടാക്കി; ബ്രാഹ്മണരാരും ക്ഷണിച്ചിട്ടു വന്നില്ല. ഇതിലേക്കു കാരണമെന്ത്? ഇനി ബ്രാഹ്മണരേയും നൂതനമായി ഉണ്ടാക്കുന്നുണ്ട്.’

എന്നിപ്രകാരം ചിന്തിച്ച് മറ്റാരും ലഭിക്കാത്തതുപോലെ ‘പോക്കറ്റാല്‍ (ഗതികെട്ടാല്‍) പുലി പുല്ലും തിന്നും’ എന്ന മട്ടില്‍ നികൃഷ്ടജാതിക്കാരെ, അതും നിത്യവും ജീവി ഹിംസചെയ്തു കഴിച്ചുകൂട്ടുന്ന മുക്കുവന്മാരെ പിടിച്ചു തന്റെ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുന്നവിധം ബ്രാഹ്മണരാക്കിത്തീര്‍ക്കുമായിരുന്നോ? ഒരിക്കലുമില്ലാ. അതിനാല്‍ സഹ്യാദ്രിഖണ്ഡപ്രകാരം വടക്കുഭാഗത്തെ ഏര്‍പ്പാടിനു മുമ്പിലായിരുന്നു ഇവിടത്തേത് എന്നു പറവാന്‍ അല്പംപോലും കാരണമില്ലാ.

ഇക്കാണിച്ച ന്യായങ്ങള്‍കൊണ്ട് സഹ്യാദ്രിഖണ്ഡം കേരളമാഹാത്മ്യം മുതലായവയിലെ പ്രമാണങ്ങള്‍ വേറെ ഭൂമികള്‍, സംഗതികള്‍ ഇവയെക്കുറിച്ചുള്ളവയല്ലെന്നു സ്ഥിരപ്പെടുന്നു.

സമാധാനം: സഹ്യാദ്രിഖണ്ഡപ്രമാണത്തെ വിശ്വസിപ